പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിന് ന്യൂഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി അധ്യക്ഷത വഹിച്ചു

प्रविष्टि तिथि: 05 AUG 2026 12:27PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേർന്നു. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ (HWC), അവ തടയുന്നതിനും ലഘൂകരിക്കുന്നതിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള ദീർഘകാല സഹവർത്തിത്വം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തി വർധൻ സിംഗ്, സമിതി അംഗങ്ങളായ പാർലമെന്റ് അംഗങ്ങൾ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി.എഫ്.മാർ (PCCF), ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

2025 ഡിസംബർ 18-ന് നടന്ന മുൻ യോഗത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർ നടപടികളെക്കുറിച്ച് സമിതി വിലയിരുത്തി. വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളിലെ പാർലമെന്റ് അംഗങ്ങളുമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തിയ കൂടിയാലോചനകൾ ഇതിൽ ഉൾപ്പെടുന്നു. സംഘർഷങ്ങളുടെ സ്വഭാവം ഓരോ പ്രദേശത്തും  വ്യത്യസ്തമാണെന്ന് മന്ത്രാലയം യോഗത്തിൽ ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും മനുഷ്യ-ആന സംഘർഷങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. എന്നാൽ കടുവ, പുള്ളിപ്പുലി, കരടി, കാണ്ടാമൃഗം, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങുകൾ, മറ്റ് ജീവിവർഗ്ഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് പ്രാദേശികാടിസ്ഥാനത്തിലുള്ള പ്രതിരോധ രീതികൾ ആവശ്യമാണ്.

ദേശീയ വന്യജീവി ബോർഡിന്റെ ഏഴാമത് യോഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 'സാലിം ആലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി' (SACON) കേന്ദ്രീകരിച്ച് 'സെന്റർ ഓഫ് എക്സലൻസ് ഓൺ ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്ലിക്റ്റ്' (CoE-HWC) സ്ഥാപിച്ചതിനെക്കുറിച്ച് സമിതിയെ അറിയിച്ചു. ശാസ്ത്രീയ ഗവേഷണം, സാങ്കേതിക നൂതനാശയങ്ങൾ , നയപരമായ പിന്തുണ, ശേഷി വികസനം , ജനകീയ പങ്കാളിത്തത്തോടുകൂടിയ സമീപനങ്ങൾ എന്നിവയിലൂടെ മനുഷ്യ-വന്യജീവി സംഘർഷം കാര്യക്ഷമമായി പരിഹരിക്കുന്നതിനുള്ള ഒരു ദേശീയ സ്ഥാപനമായാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.


മനുഷ്യ-വന്യജീവി സംഘർഷ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ഡാറ്റാ പരിപാലനത്തിനും വിജ്ഞാന വ്യാപനത്തിനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സഹായിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി 2026 ജൂലൈ 10-ന് ' മനുഷ്യ വന്യജീവി -സംഘർഷ ലഘൂകരണത്തിനായുള്ള ദേശീയ പോർട്ടൽ' ആരംഭിച്ച കാര്യവും സമിതി നിരീക്ഷിച്ചു. കൂടാതെ, ദക്ഷിണേന്ത്യയിലെ ആനസംരക്ഷണത്തിനായുള്ള ' പ്രാദേശിക കർമ്മ പദ്ധതി' (RAP) അംഗീകരിച്ചതായും യോഗത്തെ അറിയിച്ചു.


അസം, കർണാടക, കേരളം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തങ്ങളുടെ വന്യജീവി സംഘർഷ സാഹചര്യങ്ങൾ, ലഘൂകരണ നടപടികൾ, ജനപങ്കാളിത്ത സംരംഭങ്ങൾ, സാങ്കേതികവിദ്യയുടെ ഉപയോഗം, സ്ഥാപനപരമായ സംവിധാനങ്ങൾ, ദേശീയതലത്തിലുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ എന്നിവ അവതരിപ്പിച്ചു. പ്രാദേശികാടിസ്ഥാനത്തിലുള്ള ആസൂത്രണം, ദ്രുത പ്രതികരണ സംവിധാനങ്ങൾ, സ്വാഭാവിക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ, വന്യജീവി പാതകളുടെ സംരക്ഷണം, ശാസ്ത്രീയ നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, ജനപങ്കാളിത്തം, സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയുടെ പ്രാധാന്യം ഈ അവതരണങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞു.

പരിസ്ഥിതിയും മനുഷ്യ ജീവനും ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള സംയോജിത സമീപനത്തിലൂടെ മാത്രമേ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ സാധിക്കൂ എന്ന് ചർച്ചകൾ വ്യക്തമാക്കി . ജി.ഐ.എസ് (GIS), നിർമ്മിത ബുദ്ധി (AI), ഡ്രോണുകൾ, റേഡിയോ ടെലിമെട്രി, പ്രെഡിക്റ്റീവ് അനലിറ്റിക്സ് എന്നിവയുൾപ്പെടെ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്തു. ഒപ്പം വനംവകുപ്പ് ജീവനക്കാരുടെ ശേഷി വികസനം , നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കൽ, ജനങ്ങളിൽ അവബോധം വളർത്തൽ, സംരക്ഷണ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി.

 ആറ് സംസ്ഥാനങ്ങൾ നടത്തിയ അവതരണങ്ങളുടെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:


 *അസം:ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ, കാട്ടുപോത്തുകൾ, കാട്ടുപന്നികൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളുമായുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന പ്രാദേശികാടിസ്ഥാനത്തിലുള്ള  തന്ത്രങ്ങൾ അസം ഗവൺമെന്റ് അവതരിപ്പിച്ചു. സ്വാഭാവിക ആവാസവ്യവസ്ഥകളുടെ വീണ്ടെടുക്കൽ, വന്യജീവി പാതകളുടെ (Corridor) സംരക്ഷണം, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, ദ്രുത പ്രതികരണ സേന , ജനപങ്കാളിത്തം, ഉപജീവനമാർഗ്ഗങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മേഖല അടിസ്ഥാനത്തിലുള്ള കർമ്മപദ്ധതികൾ തയ്യാറാക്കുന്നതിനായി ' മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന് ഉള്ള പ്രാദേശിക കമ്മിറ്റികൾ' രൂപീകരിച്ച കാര്യം സംസ്ഥാനം ചൂണ്ടിക്കാട്ടി. ഈ പ്രാദേശിക ആസൂത്രണ രീതിയെ സമിതി പ്രശംസിക്കുകയും, സംഘർഷ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും ഇത് മാതൃകയാക്കുന്നതിനായി ഇതിന്റെ ഫലങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

 *കർണാടക:മനുഷ്യ- വന്യജീവി സംഘർഷ സാധ്യതകൾ മുൻകൂട്ടി കണ്ട് തടയൽ, എഞ്ചിനീയറിംഗ് ഇടപെടലുകൾ, എ.ഐ  സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം, കമാൻഡ് സെന്ററുകൾ, ദ്രുത പ്രതികരണ സേന, സാമൂഹ്യ സന്നദ്ധ പ്രവർത്തക ശൃംഖലകൾ, 'ഇ-പരിഹാരം' (e-Parihara) ഡിജിറ്റൽ നഷ്ടപരിഹാര സംവിധാനം എന്നിവ ഉൾപ്പെടെ ആറ് ഘടകങ്ങളുള്ള സംയോജിത മാതൃക കർണാടക അവതരിപ്പിച്ചു. കൂടാതെ ഒരു 'ദേശീയ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ മിഷൻ', ഏകീകൃത പ്രവർത്തന രീതികൾ (Common SOPs), വന്യജീവി പാതകളുടെ പുനരുദ്ധാരണം, സംസ്ഥാന അതിർത്തികൾ കടക്കുന്ന ആനകളെ പരിപാലിക്കുന്നതിനായി അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണം എന്നിവയും കർണാടക നിർദ്ദേശിച്ചു.കർണാടകയുടെ സാങ്കേതികവിദ്യയിലൂന്നിയ സമീപനത്തെ പ്രശംസിച്ച സമിതി, ഇത്തരം മികച്ച മാതൃകകൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപകമായി പ്രചരിപ്പിക്കാൻ ശുപാർശ ചെയ്തു.

 * കേരളം: മനുഷ്യ–വന്യജീവി സംഘർഷത്തെ ഒരു 'സംസ്ഥാന നിർദ്ദിഷ്ട ദുരന്തമായി' (State-Specific Disaster) പ്രഖ്യാപിച്ചത് ഉൾപ്പെടെ സ്വീകരിച്ച സംയോജിത സ്ഥാപനപരമായ ചട്ടക്കൂട് കേരളം എടുത്തുപറഞ്ഞു. ദ്രുത പ്രതികരണ സംഘങ്ങളുടെയും (RRT) പ്രാഥമിക പ്രതികരണ സംഘങ്ങളുടെയും (PRT) വിന്യാസം, സംഘർഷ ബാധിതമായ 273 പഞ്ചായത്തുകളെ തിരിച്ചറിയൽ, 'ജന ജാഗ്രത സമിതികൾ', 'സർപ്പ' (SARPA) വോളന്റിയർ പ്രോഗ്രാം തുടങ്ങിയ ജനകീയ സംരംഭങ്ങളുടെ നടപ്പാക്കൽ എന്നിവയും കേരളം വിശദീകരിച്ചു. വന്യജീവി പാതകളുടെ പുനരുദ്ധാരണം, സ്വാഭാവിക ആവാസവ്യവസ്ഥകളുടെ പരിപാലനം, ഉത്തരവാദിത്വ ടൂറിസം, സാങ്കേതികവിദ്യാധിഷ്ഠിത നിരീക്ഷണം എന്നിവയ്ക്കും സംസ്ഥാനം പ്രാധാന്യം നൽകി. കേരളത്തിന്റെ ശക്തമായ സ്ഥാപനപരവും ജനകീയവുമായ സമീപനത്തെ നിരീക്ഷിച്ച സമിതി, വിജയകരമായ ഇത്തരം ഇടപെടലുകൾ മറ്റ് സംസ്ഥാനങ്ങളുമായി തുടർന്നും പങ്കുവെക്കാൻ പ്രോത്സാഹിപ്പിച്ചു.

 * മധ്യപ്രദേശ്: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം, ജി.പി.എസ്  ട്രാക്കിംഗ്, ഡ്രോണുകൾ, ഗജരക്ഷക്, ദ്രുത പ്രതികരണ സേന, നിർദ്ദിഷ്ട ജീവിവർഗ്ഗങ്ങൾക്കായുള്ള ഏകീകൃതപ്രവർത്തനരീതികൾ, സമയബന്ധിതമായ നഷ്ടപരിഹാരം, അതുപോലെ ബാഗ് മിത്ര, ഹാത്തി മിത്ര, ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റികൾ എന്നിവയിലൂടെയുള്ള വിപുലമായ ജനപങ്കാളിത്തം എന്നിവ ഉൾപ്പെടുത്തിയ ' പ്രതിരോധം ആദ്യം (Prevention First) മാതൃക മധ്യപ്രദേശ് അവതരിപ്പിച്ചു. സ്വാഭാവിക ആവാസവ്യവസ്ഥകളുടെ പരിപാലനം, വന്യജീവികൾക്കുള്ള ആരോഗ്യ പരിചരണം, സംഘർഷമുണ്ടാക്കുന്ന ജീവികളെ മാറ്റിപ്പാർപ്പിക്കൽ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിപാലനം എന്നിവയും സംസ്ഥാനം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, ജനപങ്കാളിത്തം, കൃത്യസമയത്തുള്ള ആശ്വാസ നടപടികൾ എന്നിവയുടെ സംയോജനത്തെ സമിതി അഭിനന്ദിക്കുകയും സംഘർഷങ്ങൾ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

*ഉത്തരാഖണ്ഡ്: സംയോജിതകമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, 24×7 ഹെൽപ്പ് ലൈൻ (1926), ഇ-സർവൈലൻസ്, ജി.പി.എസ് (GPS) ട്രാക്കിംഗ്, സ്വാഭാവിക ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം, ബയോ-ഫെൻസിംഗ്, കൃത്യസമയത്തുള്ള നഷ്ടപരിഹാരം, ഗ്രാമീണ സന്നദ്ധ ശൃംഖലകൾ എന്നിവയിലൂടെ പ്രധാന പ്രദേശങ്ങളിൽ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതി ഉത്തരാഖണ്ഡ് അവതരിപ്പിച്ചു. 'ലിവിംഗ് വിത്ത് ലെപ്പേർഡ്സ്/ടൈഗേഴ്സ്' സംരംഭത്തിന് കീഴിൽ വന്യജീവി സൗഹൃദ പ്രാദേശിക ആസൂത്രണം, ജില്ലാതല നിരീക്ഷണ സമിതികൾ, സഹവർത്തിത്വ നടപടികൾ ശക്തിപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘകാല തന്ത്രവും സംസ്ഥാനം വിശദീകരിച്ചു. ഉത്തരാഖണ്ഡിന്റെ സംയോജിത സമീപനത്തെ പ്രശംസിച്ച സമിതി, സാങ്കേതികവിദ്യാധിഷ്ഠിതമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും സമൂഹത്തിന്റെ സജ്ജീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.

 * ഉത്തർപ്രദേശ്: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ കേസുകളിൽ ഭൂരിഭാഗവും പുള്ളിപ്പുലികളുമായി ബന്ധപ്പെട്ടതാണെന്നും, 'തെരായി ആർക്ക് ലാൻഡ്സ്കേപ്പ്' (Terai Arc Landscape) ആണ് ഇതിന്റെ പ്രധാന കേന്ദ്രമെന്നും ഉത്തർപ്രദേശ് വ്യക്തമാക്കി.ദ്രുത പ്രതികരണ സേന, റെസ്ക്യൂ സെന്ററുകൾ (4 എണ്ണം നിർമ്മിച്ചു), സൗര വേലി , മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, സാമൂഹ്യ പരിപാടികൾ , ശാസ്ത്രീയ നിരീക്ഷണം, സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള സംരക്ഷണ ഇടപെടലുകൾ ശക്തിപ്പെടുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങൾ സംസ്ഥാനം അവതരിപ്പിച്ചു. ശാസ്ത്രീയ രീതികൾക്ക് സംസ്ഥാനം നൽകുന്ന ശ്രദ്ധയെ പ്രശംസിച്ച സമിതി, സംഘർഷ സാധ്യത കൂടിയ പ്രദേശങ്ങളിൽ ജനകീയ പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങൾ തുടർച്ചയായി ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ യാദവ്, സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന സംരംഭങ്ങളെ അഭിനന്ദിക്കുകയും ശാസ്ത്രീയ പരിപാലനം , സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതികവിദ്യാധിഷ്ഠിത നിരീക്ഷണം, പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമീപനത്തിലൂടെ മനുഷ്യ-വന്യജീവി സംഘർഷമെന്ന വെല്ലുവിളിയെ നേരിടണമെന്ന് അഭിപ്രായപ്പെട്ടു . ഡാറ്റാധിഷ്ഠിത തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും അറിവുകൾ പങ്കുവെക്കുന്നതിനും മികച്ച മാതൃകകൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും 'മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ദേശീയ പോർട്ടലും' ' മികവ് കേന്ദ്രവും ' പ്രധാന സ്ഥാപനപരമായ അടിത്തറ നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നേരത്തെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച കേന്ദ്ര സഹമന്ത്രി (EFCC) ശ്രീ സിംഗ്, സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് വന്യജീവികളെ ഉൾക്കൊള്ളാനുള്ള ശേഷിയെക്കുറിച്ച് (Carrying Capacity) പഠനം നടത്തണമെന്നും വന്യജീവികളെ നിലനിർത്താൻ ആവശ്യമായ വിഭവങ്ങൾ ആവാസസ്ഥാനത്ത് ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. വിഭവങ്ങൾ വർദ്ധിപ്പിക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും.

ഇന്ത്യയുടെ സമൃദ്ധമായ വന്യജീവി പാരമ്പര്യത്തിന്റെ ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി ദേശീയ-സംസ്ഥാന തലങ്ങളിലെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് പാർലമെന്റ് അംഗങ്ങൾ തമ്മിൽ നടത്തിയ വിശദമായ ചർച്ചയോടെ യോഗം അവസാനിച്ചു.
 
SKY
 
******

(रिलीज़ आईडी: 2294902) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Assamese , Bengali , Bengali-TR , Gujarati , Tamil , Telugu , Kannada