ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ഇന്ത്യയുടെ കൈത്തറി മേഖലയിലെ മികച്ച നേട്ടങ്ങളെ ആദരിച്ചുകൊണ്ട്, ദേശീയ കൈത്തറി ദിനമായ ഓഗസ്റ്റ് 7-ന്, 2025-ലെ കൈത്തറി പുരസ്കാരങ്ങൾ രാഷ്‌ട്രപതി വിതരണം ചെയ്യും
प्रविष्टि तिथि:
04 AUG 2026 6:53PM by PIB Thiruvananthpuram
026 ഓഗസ്റ്റ് 7-ന് നടക്കുന്ന ദേശീയ കൈത്തറി ദിനാചരണ ചടങ്ങിൽ രാഷ്ട്രപതി അഭിമാനകരമായ കൈത്തറി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ. ഗിരിരാജ് സിംഗ്, മുതിർന്ന വിശിഷ്ട വ്യക്തികൾ, കൈത്തറി വ്യവസായ പ്രതിനിധികൾ, മാസ്റ്റർ നെയ്ത്തുകാർ, ഡിസൈനർമാർ, കയറ്റുമതിക്കാർ, കരകൗശല വിദഗ്ധർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും നൽകിയ അസാധാരണ സംഭാവനകളെ മുൻനിർത്തി, 3 സന്ത് കബീർ കൈത്തറി പുരസ്കാര ജേതാക്കളും 19 ദേശീയ കൈത്തറി പുരസ്കാര ജേതാക്കളും ഉൾപ്പെടെ ആകെ 22 പേരെ ചടങ്ങിൽ ആദരിക്കും.
(2025-ലെ സന്ത് കബീർ, ദേശീയ കൈത്തറി പുരസ്കാര ജേതാക്കളുടെ പട്ടിക)
കൈത്തറി മേഖലയിലെ മികവിനെ ആദരിക്കുന്നു
കൈത്തറി മേഖലയുമായി ബന്ധപ്പെട്ട നെയ്ത്ത്, നൂതനാശയങ്ങൾ, ഡിസൈൻ വികസനം, വിപണന സംരംഭങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, ഉൽപ്പാദക കമ്പനികൾ എന്നിവയിലെ ശ്രദ്ധേയമായ മികവിനെ അംഗീകരിച്ചുകൊണ്ട് ടെക്സ്റ്റൈൽസ് മന്ത്രാലയം 2025-ലെ സന്ത് കബീർ കൈത്തറി പുരസ്കാരങ്ങളുടെയും ദേശീയ കൈത്തറി പുരസ്കാരങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു.
ദേശീയ കൈത്തറി വികസന പരിപാടിയുടെ (NHDP) കൈത്തറി വിപണന സഹായ (HMA) ഘടകത്തിന് കീഴിലാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് കൈത്തറി മേഖലയിലെ മികവിനുള്ള രാജ്യത്തെ പരമോന്നത ദേശീയ അംഗീകാരമാണ്.
ഇന്ത്യയുടെ കൈത്തറി പാരമ്പര്യം ഗണ്യമായി ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര, അന്തർദേശീയ വിപണികളിൽ അതിൻ്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തികളെയും സംഘടനകളെയും ആദരിച്ചുകൊണ്ട് ദേശീയ കൈത്തറി ദിനാചരണ വേളയിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കും.
പാർലമെൻ്റ് അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ദ്ധർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, ഡിസൈനർമാർ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി നെയ്ത്തുകാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൈത്തറി പുരസ്കാരങ്ങൾ
കൈത്തറി മേഖലയിലെ മികവ്, നൂതനാശയങ്ങൾ, സുസ്ഥിരമായ പ്രതിബദ്ധത എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കൈത്തറി പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. പരമ്പരാഗത കഴിവുകൾ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, ഉൽപ്പന്ന വൈവിധ്യവൽക്കരണം, ഡിസൈൻ രംഗത്തെ നൂതനാശയങ്ങൾ, നെയ്ത്ത് സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായുള്ള സംഭാവനകൾ എന്നിവയ്‌ക്കൊപ്പം മികച്ച കരകൗശല വൈദഗ്ദ്ധ്യത്തെയും ഈ പുരസ്കാരങ്ങളിലൂടെ അംഗീകരിക്കുന്നു.
സന്ത് കബീർ കൈത്തറി പുരസ്കാരം
ഇന്ത്യയുടെ മഹത്തായ നെയ്ത്ത് പാരമ്പര്യം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അസാധാരണമായ കരകൗശല നൈപുണ്യവും ആജീവനാന്ത സമർപ്പണവും കാഴ്ചവെച്ച കൈത്തറി നെയ്ത്തുകാർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയാണ് സന്ത് കബീർ കൈത്തറി പുരസ്കാരം.
അസാധാരണമായ സാങ്കേതിക വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ, കൈത്തറി മേഖലയ്ക്ക് നൽകിയ ദീർഘകാല സംഭാവനകൾ, പരമ്പരാഗത നെയ്ത്ത് രീതികളുടെ പ്രോത്സാഹനം, പുതിയ കരകൗശല വിദഗ്ദ്ധർക്ക് നൽകുന്ന പരിശീലനം, സമൂഹത്തിൻ്റെ വികസനത്തിനായുള്ള ശ്രമങ്ങൾ എന്നിവ മുൻനിർത്തിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പുരസ്കാരത്തിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:-
• സ്വർണ്ണനാണയം (ഫ്രെയിമിൽ ഉറപ്പിച്ചത്)
• താമ്രപത്രം
• പൊന്നാട
• പ്രശസ്തിപത്രം
ദേശീയ കൈത്തറി പുരസ്കാരം
അതത് മേഖലകളിൽ മികച്ച സർഗ്ഗാത്മകത, ഗുണനിലവാരം, നൂതനാശയങ്ങൾ, മികവ് എന്നിവ പ്രകടിപ്പിച്ച കൈത്തറി നെയ്ത്തുകാരെയും മറ്റ് പങ്കാളികളെയുമാണ് ദേശീയ കൈത്തറി പുരസ്കാരം നൽകി ആദരിക്കുന്നത്.
ഇന്ത്യയുടെ വൈവിധ്യമാർന്ന കൈത്തറി പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം, കരകൗശല നൈപുണ്യം, ഉൽപ്പന്ന വികസനം, വിപണന സാധ്യതകൾ എന്നിവയിൽ ഉയർന്ന നിലവാരം പുലർത്താൻ കരകൗശല വിദഗ്ദ്ധർക്കും സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുക എന്നതാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പുരസ്കാരത്തിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:-
• താമ്രപത്രം
• പൊന്നാട
• പ്രശസ്തിപത്രം
തിരഞ്ഞെടുപ്പ് പ്രക്രിയ
മേഖലാ, ആസ്ഥാന, കേന്ദ്രതല തിരഞ്ഞെടുപ്പ് സമിതികൾ നടത്തുന്ന ഘട്ടംഘട്ടമായുള്ള മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് നെയ്ത്ത് വിഭാഗത്തിലെ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പരിചയസമ്പന്നരായ വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ സമിതികളാണ് നിർദ്ദിഷ്ട യോഗ്യതാ മാനദണ്ഡങ്ങൾക്കും മൂല്യനിർണ്ണയ പാരാമീറ്ററുകൾക്കും അനുസൃതമായി നാമനിർദ്ദേശങ്ങൾ വിലയിരുത്തുന്നത്.
ഡിസൈൻ വികസനം, വിപണനം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, പ്രൊഡ്യൂസർ കമ്പനികൾ എന്നീ വിഭാഗങ്ങളിലെ നാമനിർദ്ദേശങ്ങൾ ആസ്ഥാന സമിതിയും കേന്ദ്രതല സമിതിയും ചേർന്ന് ഘടനാപരമായി വിലയിരുത്തിയ ശേഷമാണ് അന്തിമ അംഗീകാരം നൽകുന്നത്.
സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്നതിനോടൊപ്പം കൈത്തറി മേഖലയിലെ എല്ലാ വിഭാഗങ്ങളിലെയും യഥാർത്ഥ മികവിനെ അംഗീകരിക്കാനും ഈ തിരഞ്ഞെടുപ്പ് രീതി സഹായിക്കുന്നു.
(2025-ലെ സന്ത് കബീർ, ദേശീയ കൈത്തറി പുരസ്കാര ജേതാക്കളുടെ പട്ടിക)
***
(रिलीज़ आईडी: 2294632)
आगंतुक पटल : 10