രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നവീനാശയക്കാരുമായി സംവദിച്ചു
प्रविष्टि तिथि:
31 JUL 2026 3:32PM by PIB Thiruvananthpuram
അടൽ ഇന്നൊവേഷൻ മിഷനിലെ അടിസ്ഥാനതല നൂതനാശയ വിദഗ്ധരുടെ സംഘം ഇന്ന് (2026 ജൂലൈ 31) രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ഇവർ സംഘടിപ്പിച്ച പ്രദർശനം സന്ദർശിച്ച രാഷ്ട്രപതി, കണ്ടുപിടുത്തങ്ങൾ വീക്ഷിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

നവീനാശയങ്ങൾ കണ്ടെത്താനുള്ള വിശാലവും വിപുലവുമായ കഴിവ് പ്രയോജനപ്പെടുത്തി ഇന്ത്യക്ക് അടിസ്ഥാന നൂതനാശയ രംഗത്ത് ഒരു ആഗോള ശക്തിയായി മാറാൻ സാധിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. പ്രാദേശിക അനുഭവങ്ങളും ശാസ്ത്രീയ ചിന്തയും വ്യക്തിഗത സർഗ്ഗാത്മകതയും സാമൂഹിക ഉത്തരവാദിത്വബോധത്തോടൊപ്പം കൂട്ടിയിണക്കുന്നതിനാൽ അടിസ്ഥാനതലത്തിലെ ഇത്തരം കണ്ടുപിടുത്തങ്ങൾ സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ രാജ്യാന്തര തലത്തിലും ശ്രദ്ധേയമായ രീതിയിൽ വികസിപ്പിച്ചെടുക്കാൻ രാജ്യത്തുടനീളമുള്ള നവീനാശയ വിദഗ്ധർക്ക് സാധിക്കുന്നുണ്ടെന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. പാഴ് വസ്തുക്കളെ സമ്പത്താക്കി മാറ്റൽ, ഊർജ്ജ സംരക്ഷണം, സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം, കൃഷി, കലാസംരക്ഷണം തുടങ്ങിയ മേഖലകളിൽ അടിസ്ഥാന നൂതനാശയക്കാർ എങ്ങനെയാണ് സംഭാവന നൽകുന്നതെന്ന് ഈ പ്രദർശനം വ്യക്തമാക്കുന്നുണ്ടെന്ന് അവർ പ്രസ്താവിച്ചു.

കേവലം ആശയങ്ങൾ കൊണ്ട് മാത്രം സാമൂഹിക മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ആശയങ്ങളെ മുന്നോട്ട് നയിക്കുന്നതിന് കഴിവുകളെ ഉപയോഗപ്പെടുത്താനും അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളും വിഭവങ്ങളും നൽകാനുമുള്ള ഒരു അന്തരീക്ഷം ആവശ്യമാണ്. അടൽ കമ്മ്യൂണിറ്റി ഇന്നൊവേഷൻ സെന്ററുകൾ (ACIC) അടിസ്ഥാന നവീനാശയക്കാർക്ക് മാർഗ്ഗനിർദ്ദേശവും സാങ്കേതിക പിന്തുണയും നൽകുന്നതിനൊപ്പം, നൂതന ആശയങ്ങളെ സുസ്ഥിര സംരംഭങ്ങളാക്കി മാറ്റാനുള്ള അവസരങ്ങളും നൽകുന്നുണ്ടെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓരോ പൗരനും നവീനാശയ ചിന്താഗതിയോടെ പ്രവർത്തിക്കുമ്പോൾ മാത്രമേ 'വികസിത ഭാരതം' എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ എന്ന് രാഷ്ട്രപതി പറഞ്ഞു. പൊതുവായ ലക്ഷ്യത്തോടെ വിവിധ സ്ഥാപനങ്ങളും പൗരന്മാരും ഒന്നിച്ചുപ്രവർത്തിക്കുന്നുണ്ടെന്നും നൂതനാശയ സംസ്കാരം കൂടുതൽ കരുത്താർജ്ജിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ സാധിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം ശ്രമങ്ങളുടെ പ്രയോജനം സമൂഹത്തിലെ വലിയ വിഭാഗങ്ങളിലേക്ക് എത്തുന്നതിൽ രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരിമിതമായ വിഭവങ്ങൾ, അനിശ്ചിതത്വങ്ങൾ, നിരന്തര വെല്ലുവിളികൾ എന്നിവ നേരിട്ടിട്ടും നിരവധി നവീനാശയ വിദഗ്ധർ അവരുടെ ശ്രമങ്ങളിൽ ഉറച്ചുനിന്നതായി രാഷ്ട്രപതി നിരീക്ഷിച്ചു. വ്യക്തികളുടെയോ കുടുംബങ്ങളുടെയോ സമൂഹത്തിന്റെയോ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ നവീനാശയങ്ങൾക്ക് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. കണ്ടുപിടുത്തങ്ങൾ നിരന്തരം മെച്ചപ്പെടുത്താനും, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, മറ്റ് നവീന ചിന്തകർ എന്നിവരുമായി സഹകരിച്ചു പ്രവർത്തിക്കാനും, ഈ കണ്ടുപിടുത്തങ്ങളെ കൂടുതൽ ബൃഹത്തായ തലത്തിലേക്ക് എത്തിക്കാൻ പരിശ്രമിക്കാനും രാഷ്ട്രപതി അവരോട് നിർദേശിച്ചു .
****
(रिलीज़ आईडी: 2292643)
आगंतुक पटल : 10