വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാഷ്ട്രപതി ഭവനിൽ അഞ്ച് സ്മരണിക പുസ്തകങ്ങൾ പ്രകാശനം ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ഔദ്യോഗിക പദവിയിലെ നാല് വർഷങ്ങൾ അടയാളപ്പെടുത്തി
प्रविष्टि तिथि:
28 JUL 2026 8:47PM by PIB Thiruvananthpuram
ഇന്ത്യൻ രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുർമു നാല് വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി തയ്യാറാക്കിയ അഞ്ച് സ്മരണിക പുസ്തകങ്ങളുടെ ആദ്യ പതിപ്പ് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുസ്തകങ്ങൾ രാഷ്ട്രപതിക്ക് സമർപ്പിച്ചു.
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിൻ്റെ പദവിയിലെ നാല് വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ രാഷ്ട്രപതി ഭവൻ: രാഷ്ട്ര കാ ഭവൻ, സേവ ഔർ സംവേദന, സമാവേശി സഹഭാഗിത, ഭാരതീയത കാ ഉത്സവ് എന്നീ നാല് പുസ്തകങ്ങൾ ഇന്ന് രാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷൻസ് ഡിവിഷനാണ് ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങൾക്ക് പുറമെ, രാഷ്ട്രപതിയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ 'അമ രാഷ്ട്രപതി അമ ഗൗരവ്' എന്ന ഒഡിയ ഭാഷയിലുള്ള മറ്റൊരു പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്യുകയുണ്ടായി.
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ-പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം നടന്നത്.
ഈ പുസ്തകങ്ങളുടെ തലക്കെട്ടുകൾ എല്ലാവരേയും ഉൾക്കൊള്ളുന്ന ജനാധിപത്യത്തിലുള്ള നമ്മുടെ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സമാഹാരങ്ങൾ രാഷ്ട്രപതി ഭവൻ്റെ പാരമ്പര്യങ്ങളും പ്രവർത്തനങ്ങളും അതിൻ്റെ വിവിധ വശങ്ങളും വായനക്കാർക്ക് പരിചയപ്പെടുത്തുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുമ്പോഴും പുരോഗതിയുടെ പാതയിലൂടെ മുന്നേറാൻ സഹപൗരന്മാരെ പ്രചോദിപ്പിക്കാനുള്ള കഴിവിലാണ് ഈ പുസ്തകങ്ങളുടെ യഥാർത്ഥ പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു.
2022 ജൂലൈ 25-ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ അതൊരു ബഹുമതി എന്നതിലുപരി വലിയൊരു ഉത്തരവാദിത്തമായാണ് തനിക്ക് തോന്നിയതെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലം ആ ഉത്തരവാദിത്തബോധത്തോടെയാണ് ചുമതലകൾ നിർവ്വഹിച്ചതെന്നും അവർ വ്യക്തമാക്കി. രാഷ്ട്രപതി ഭവനിൽ വെച്ചോ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴോ ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ കണ്ടുമുട്ടുമ്പോഴെല്ലാം, ധാർമ്മിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും രാജ്യത്തിൻ്റെയും സമൂഹത്തിൻ്റെയും പുരോഗതിക്കായി പ്രവർത്തിക്കാനും താൻ അവരെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ശ്രീമതി മുർമു പറഞ്ഞു. സ്ത്രീകൾ സ്വയംപര്യാപ്തത കൈവരിക്കണമെന്നും ആത്മവിശ്വാസത്തോടെ പുരോഗതിയുടെ പാതയിൽ മുന്നേറണമെന്നും താൻ ആഹ്വാനം ചെയ്യാറുണ്ടെന്ന് അവർ എടുത്തുപറഞ്ഞു. ഗോത്ര വിഭാഗങ്ങളിലെ അംഗങ്ങളുമായി സംവദിക്കുമ്പോൾ, അവരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും താൻ അവരോട് ആവശ്യപ്പെടാറുണ്ട്. വിദേശയാത്രകൾ നടത്തുമ്പോഴെല്ലാം അവിടുത്തെ ഇന്ത്യൻ സമൂഹത്തെ നേരിൽ കാണാറുണ്ടെന്നും, ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളികളാകാൻ അവരെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.
ജാർഖണ്ഡ് ഗവർണറായിരുന്ന കാലഘട്ടത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട്, ഈ ചടങ്ങ് തനിക്ക് വ്യക്തിപരമായി സവിശേഷ പ്രാധാന്യമുള്ള ഒന്നാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഉപരാഷ്ട്രപതി പറഞ്ഞു. ജാർഖണ്ഡിലുടനീളം താൻ നടത്തിയ യാത്രകളിൽ, സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകൾ ശ്രീമതി ദ്രൗപദി മുർമു ഗവർണറായിരുന്ന കാലഘട്ടത്തെക്കുറിച്ച് വളരെയധികം ഊഷ്മളതയോടെയും ആദരവോടെയുമാണ് സംസാരിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ അന്തസ്സോടെ നിർവ്വഹിച്ചതും, ജനങ്ങളുമായുള്ള അവരുടെ ആഴത്തിലുള്ള ആത്മബന്ധവും, ഗോത്രസമൂഹങ്ങളോടും പിന്നാക്കവിഭാഗങ്ങളോടും യുവജനങ്ങളോടുമുള്ള അവരുടെ സഹാനുഭൂതിയും ആത്മാർഥമായ കരുതലും ജനങ്ങൾ ഇന്നും സ്നേഹപൂർവ്വം ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇത്തരം ജനപ്രീതി അധികാരപദവി കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല; അത് സ്വഭാവമഹിമ, അനുകമ്പ, ജനങ്ങളോടുള്ള സമർപ്പണം എന്നിവയിലൂടെ നേടിയെടുക്കുന്നതാണ്," അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി മുർമുവിൻ്റെ ഭരണകാലത്ത് നടപ്പിലാക്കിയ നിരവധി സവിശേഷമായ സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതി തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു. ചരിത്രപ്രസിദ്ധമായ മുഗൾ ഗാർഡൻസിനെ അമൃത് ഉദ്യാനം എന്ന് പുനർനാമകരണം ചെയ്തതും, ഡെറാഡൂണിലെ രാഷ്ട്രപതി നികേതനും രാഷ്ട്രപതി തപോവനും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും, രാഷ്ട്രപതി ഭവനെ ദിവ്യാംഗ സൗഹൃദമാക്കാൻ നടത്തിയ ശ്രമങ്ങളും, സർ എഡ്വിൻ ല്യൂട്ട്യൻസിൻ്റെ പ്രതിമയ്ക്ക് പകരം ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായിരുന്ന ഭാരതരത്ന ചക്രവർത്തി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ സ്ഥാപനങ്ങളെ കൊളോണിയൽ മനോഭാവത്തിൽ നിന്ന് മോചിപ്പിക്കാനും അതോടൊപ്പം രാഷ്ട്രപതി എന്ന പദവിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഈ നടപടികളിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിദ്ധീകരണങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ശ്രീ. രാധാകൃഷ്ണൻ പറഞ്ഞു, സേവ ഔർ സംവേദന എന്ന പുസ്തകം രാഷ്ട്രപതി മുർമുവിൻ്റെ പൊതുജീവിതത്തിൻ്റെ സവിശേഷതകളായ സേവനത്തിൻ്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങളെ എടുത്തുകാണിക്കുന്നു. അതേസമയം, ഇന്ത്യയുടെ വികസനം എല്ലാവരേയും ഉൾക്കൊള്ളുന്നതും പങ്കാളിത്തത്തോടെയുള്ളതുമായിരിക്കണം എന്ന അവരുടെ ദൃഢവിശ്വാസത്തെയാണ് സമാവേശി സഹഭാഗിത പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തിൻ്റെ കാലാതീതമായ മൂല്യങ്ങളേയും അതിൻ്റെ ശ്രദ്ധേയമായ സാംസ്കാരിക വൈവിധ്യത്തെയുമാണ് ഭാരതീയത കാ ഉത്സവ് ആഘോഷമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ആഘോഷമാക്കുമ്പോൾത്തന്നെ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഇന്ത്യയുടെ സാംസ്കാരിക സമ്പന്നത, പ്രാദേശിക പാരമ്പര്യങ്ങൾ, ആത്മീയ പൈതൃകം എന്നിവയെ രാഷ്ട്രപതി മുർമു നിരന്തരം ഉയർത്തിക്കാട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൾ ചിക്കി ലിപിയിൽ സാന്താളി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് രാഷ്ട്രപതി പ്രകാശനം ചെയ്ത സംഭവം അനുസ്മരിച്ച ഉപരാഷ്ട്രപതി, ഇത് ഗോത്ര സമൂഹത്തിന് വലിയ അഭിമാനം നിറച്ച ചരിത്രപരമായ ഒരു മുഹൂർത്തമായിരുന്നുവെന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതായിരുന്നു ആ ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ സന്നിഹിതനായിരുന്നു. ഈ പുസ്തകങ്ങൾ രാജ്യത്തിൻ്റെ സാംസ്കാരിക വൈവിധ്യത്തെ ഒപ്പിയെടുക്കുന്നവയാണെന്ന് ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. വരുംതലമുറകൾക്കുള്ള റഫറൻസ് ഗ്രന്ഥങ്ങളായി ഈ പുസ്തകങ്ങൾ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ഔദ്യോഗിക പദവിയിലെ യാത്ര രേഖപ്പെടുത്തുന്നതിൽ ഇന്ന് പ്രകാശനം ചെയ്ത പ്രസിദ്ധീകരണങ്ങൾ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
****
(रिलीज़ आईडी: 2290864)
आगंतुक पटल : 5