രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂർ, പാകിസ്താൻ്റെ ഏത് പ്രതികൂല പ്രവൃത്തിക്കും ശക്തമായ മറുപടി നൽകാനുള്ള ഇന്ത്യയുടെ ശേഷിയുടെ തെളിവ്: 27-ാമത് കാർഗിൽ വിജയ് ദിവസിൽ ദ്രാസിൽ രാജ്യരക്ഷ മന്ത്രി

प्रविष्टि तिथि: 26 JUL 2026 12:25PM by PIB Thiruvananthpuram

"പാകിസ്താൻ്റെ   ഏത് പ്രതികൂല പ്രവർത്തനങ്ങൾക്കും  അവർ ചിന്തിക്കുന്നതിനും   ഉപരിയായുള്ള കടുത്ത ആഘാതത്തോടെ മറുപടി നൽകാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നതിൻ്റെ   തെളിവാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ   വിജയം," പാകിസ്താനുമായി ഒരുവിധ ചർച്ചകൾക്കുമില്ലെന്നും, ചർച്ചകൾ ഇനി ഇന്ത്യയുടെ അവിഭാജ്യ ഘടകമായ, പാകിസ്ഥാൻ നിയമ രഹിതമായ കയ്യേറിയിരിക്കുന്ന പാക് അധിനിവേശ കാശ്മീരിനെ (PoK) കുറിച്ച് മാത്രമായിരിക്കുമെന്നും  രാജ്യരക്ഷ മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 2026 ജൂലൈ 26-ന് ദ്രാസിൽ നടന്ന 27-ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള ഏത് ദുഷ്പ്രവൃത്തിക്കും, ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്കും അവരുടെ പിന്തുണക്കാർക്കും ഇന്ത്യൻ പ്രതിരോധ സേന നൽകിയ  ശക്തമായ സമാന മറുപടി തന്നെ നൽകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


പാകിസ്താനിൽ സൈന്യവും ഭീകരരും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുകയാണെന്നും, ഭീകരവാദത്തെ ഭരണകൂട നയത്തിൻ്റെ   ഭാഗമാക്കി മാറ്റിയിരിക്കുകയാണെന്നും ശ്രീ. രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. "പാകിസ്താൻ സൈന്യം ഭീകര സംഘടനകൾക്ക് അഭയം നൽകുക മാത്രമല്ല, അവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ   സമയത്ത്, ഭീകരരെയും അവരെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളെയും   ഇനി ഇന്ത്യ വ്യത്യസ്തമായി കാണില്ല എന്ന് ഞങ്ങൾ വ്യക്തമാക്കിയത്," അദ്ദേഹം പറഞ്ഞു.


കാർഗിൽ യുദ്ധം കഴിഞ്ഞ് 27 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയുടെയും പാകിസ്താൻ്റെയും വഴികൾ തികച്ചും വ്യത്യസ്തമായ ദിശകളിലേക്കാണ് നീങ്ങിയതെന്ന്  രാജ്യരക്ഷ  മന്ത്രി കൂട്ടിച്ചേർത്തു. "ഇന്ത്യ നൂതനാശയങ്ങളുടെ പുതിയ വഴികൾ തേടുമ്പോൾ, പാകിസ്താൻ പുതിയ നുഴഞ്ഞുകയറ്റ പാതകൾ തിരയുകയാണ്. ഇന്ത്യ ചിപ്പ് രൂപകല്പനയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാകിസ്താൻ ഭീകരത രൂപകൽപ്പന  ചെയ്യുന്ന തിരക്കിലാണ്. ഇന്ത്യ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നിർമ്മിക്കുമ്പോൾ പാകിസ്താൻ ഭീകരവാദത്തിൻ്റെ   അന്തരീക്ഷമാണ്  കെട്ടിപ്പടുക്കുന്നത്. ഇന്ത്യ സെമികണ്ടക്ടറുകൾ ഉത്പാദിപ്പിക്കുന്നു; പാകിസ്താൻ ചാവേറുകളെ തയ്യാറാക്കുന്നു. ഇന്ത്യ ബഹിരാകാശ ദൗത്യങ്ങൾക്ക് പ്രശസ്തമായപ്പോൾ   പാകിസ്താൻ പ്രോക്സി ദൗത്യങ്ങൾ നടത്തുന്നു. ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ അയക്കുമ്പോൾ പാകിസ്താൻ അതിർത്തി കടത്തി ഭീകരരെ അയക്കുന്നു. ഇന്ത്യ ലോകത്തിന് സോഫ്റ്റ്‌വെയറുകൾ നൽകുമ്പോൾ പാകിസ്താൻ സ്ലീപ്പർ സെല്ലുകൾ കയറ്റുമതി ചെയ്യുന്നു. ഇന്ത്യ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കുമ്പോൾ പാകിസ്താൻ തീവ്രവാദ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഇന്ത്യ യു.പി.ഐ .(UPI) വഴി ലോകത്തെ ബന്ധിപ്പിക്കുമ്പോൾ, പാകിസ്താൻ ഭീകരവാദത്തെ ഹവാല ശൃംഖലകളുമായി ബന്ധിപ്പിക്കുന്നു. ചുരുക്കത്തിൽ,  വഴികൾ തികച്ചും വ്യത്യസ്തമാണ്.  നമ്മുടെ സമൃദ്ധിയിലേക്കുള്ള പാതയെ തടസ്സപ്പെടുത്താൻ, ദുഷ്ട ലക്ഷ്യങ്ങളുമായി പാകിസ്താൻ ശ്രമിച്ചാൽ, തക്കതായ മറുപടി നൽകാൻ നമ്മുടെ പ്രതിരോധ സേന സജ്ജമാണ്," അദ്ദേഹം പ്രഖ്യാപിച്ചു.


ഭീഷണികൾക്ക് നിർണ്ണായക മറുപടി നൽകാൻ പ്രതിരോധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര ഗവൺമെൻ്റിനുണ്ടെന്ന്  ശ്രീ. രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. നമ്മുടെ സൈനികർ അതിർത്തി കാക്കുമ്പോൾ ഇന്ത്യയെ ഭീഷണിപ്പെടുത്താൻ   ഒരു ശത്രുവും ധൈര്യപ്പെടില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


1999-ലെ കാർഗിൽ യുദ്ധത്തിൽ മാതൃഭൂമിക്കായി ജീവൻ ബലിയർപ്പിച്ച വീരസൈനികർക്ക്  രാജ്യരക്ഷ മന്ത്രി പ്രണാമം അർപ്പിച്ചു. പരം വീർ ചക്ര ജേതാക്കളായ ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ എന്നിവരുൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് വീര സൈനികരെ   അദ്ദേഹം സ്മരിച്ചു. വ്യക്തിഗത വിജയവും ദേശീയ കർത്തവ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു യുവാവിനും കാർഗിൽ വിജയ് ദിവസ് പ്രചോദനത്തിൻ്റെ   ദിനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "ത്യാഗത്തിൻ്റെയും സേവനത്തിൻ്റെയും മനോഭാവമാണ് ഏതൊരു രാജ്യത്തിൻ്റെ  യും നട്ടെല്ല് എന്ന് ഈ ദിവസം നമ്മെ പഠിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു.


വീരമൃത്യു വരിച്ച ധീര സൈനികർ രാജ്യത്തിൻ്റെ   എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നതിനാൽ കാർഗിൽ യുദ്ധ സ്മാരകം ഇന്ത്യയെ ഒന്നാകെ  പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. "വൈവിധ്യങ്ങൾക്കിടയിലെ ഈ ഐക്യത്തിൻ്റെ   മതിൽ, നമ്മെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ ഉയർന്നുനിൽക്കുന്നു," അദ്ദേഹം പറഞ്ഞു.


പശ്ചിമേഷ്യയിലെയും റഷ്യ-ഉക്രെയ്ൻ സംഘർഷങ്ങളിലെയും പോരാട്ടങ്ങൾ പ്രതിരോധ സേനയുടെ ശേഷിയെ മാത്രമല്ല, രാജ്യങ്ങളുടെ പ്രതിരോധശേഷിയെയും ക്ഷമയെയും ദൃഢനിശ്ചയത്തെയും കൂടിയാണ് പരീക്ഷിച്ചതെന്ന്   രാജ്യരക്ഷ മന്ത്രി വ്യക്തമാക്കി. ഇന്ത്യക്ക് ശക്തവും പ്രാപ്തവുമായ ഒരു സൈന്യമുണ്ടെങ്കിലും, ദേശീയ സുരക്ഷ സംരക്ഷിക്കുക എന്നത് ഓരോ പൗരൻ്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തിൻ്റെയും അച്ചടക്കത്തിൻ്റെയും കർത്തവ്യബോധത്തിൻ്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓരോ ഇന്ത്യക്കാരനും ഒരു സൈനികൻ്റെ   ബോധം ഉണ്ടായിരിക്കണമെന്ന് പറഞ്ഞു. "എല്ലാ പൗരന്മാരും സൈനികരാകണമെന്ന് ഞാൻ നിർദ്ദേശിക്കുന്നില്ല, എന്നാൽ രാജ്യത്തിന് എപ്പോഴെങ്കിലും പൗരന്മാരുടെ നേരിട്ടോ അല്ലാതെയോ ഉള്ള പിന്തുണ ആവശ്യമായി വന്നാൽ, ഓരോ ഇന്ത്യക്കാരനും രാജ്യരക്ഷയ്ക്കായി മാനസികമായും ധാർമ്മികമായും ശാരീരികമായും മുന്നോട്ട് വരാൻ സജ്ജരായിരിക്കണം. ഏതൊരു സൈനികനും ആത്യന്തികമായി ഒരു ഇന്ത്യക്കാരനാണെന്നതുപോലെ, ഒരു സൈനികൻ്റെ   ധൈര്യവും അച്ചടക്കവും രാജ്യസ്നേഹവും ഓരോ ഇന്ത്യക്കാരനിലും ജീവനോടെ തുടിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

2047-ഓടെയുള്ള വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് സാമ്പത്തിക സമൃദ്ധിക്കപ്പുറം തന്ത്രപരമായ ശക്തി, സാംസ്കാരിക അന്തസ് , സാമൂഹിക ഐക്യം എന്നിവയോടുള്ള പ്രതിജ്ഞാബദ്ധതയാണെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു .
രാഷ്ട്രനിർമ്മാണത്തിൻ്റെ   എല്ലാ മേഖലകളിലും കാർഗിൽ യുദ്ധത്തിലെ വീരന്മാർ കാണിച്ച സമാന സമർപ്പണവും കർത്തവ്യബോധവും ഉൾക്കൊണ്ടുകൊണ്ട് മാത്രമേ ഈ ദർശനം യാഥാർത്ഥ്യമാക്കാൻ കഴിയൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ്    ദേശീയ സുരക്ഷയ്ക്കും സൈനികരുടെ ക്ഷേമത്തിനുമാണ് പരമോന്നത മുൻഗണന നൽകുന്നതെന്ന്   രാജ്യരക്ഷ മന്ത്രി വ്യക്തമാക്കി. "എല്ലാ കാലാവസ്ഥയിലും എല്ലാ സാഹചര്യങ്ങളിലും നമ്മുടെ അതിർത്തികളിൽ സദാ ജാഗ്രത പുലർത്തണമെന്ന് കാർഗിൽ യുദ്ധം നമ്മെ പഠിപ്പിച്ചു," എന്ന് പറഞ്ഞ അദ്ദേഹം, അതിർത്തി അടിസ്ഥാന സൗകര്യങ്ങൾ നിരന്തരം  ശക്തിപ്പെടുത്തുകയാണെന്നും, സൈനികരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മാറിയ കാലത്തിനനുസരിച്ച് സൈനിക ശേഷി ആധുനികവൽക്കരിക്കുന്നതിന് തുല്യ പ്രാധാന്യം നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

ക്യാപ്റ്റൻ വിക്രം ബത്രയുടെ പ്രശസ്തമായ 'യേ ദിൽ മാംഗേ മോർ' എന്ന വാചകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്രതിരോധ ഉൽപ്പാദനത്തിൽ  സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും ഈ പുരോഗതി വേഗത്തിലാക്കാൻ ഗവൺമെൻ്റ്   പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ. രാജ്‌നാഥ് സിംഗ് പറഞ്ഞു. "ഞങ്ങളുടെ ഗവൺമെൻ്റ്    അധികാരമേറ്റെടുക്കുമ്പോൾ, ഇന്ത്യ പ്രതിരോധ സാമഗ്രികളുടെ 65 മുതൽ 70 ശതമാനം വരെ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന്, നമ്മുടെ പ്രതിരോധ സാമഗ്രികളുടെ 65 ശതമാനവും നാം ഇന്ത്യൻ മണ്ണിൽ തന്നെയാണ് നിർമ്മിക്കുന്നത്. ഇന്ന് നമ്മുടെ സൈനികരുടെ പക്കൽ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ നിയന്ത്രണ സംവിധാനമായ  'ആകാശ്-തീർ' ഉണ്ട്. അടുത്ത തലമുറ ആകാശ് മിസൈൽ  വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 'ഐ.എൻ.എസ്. വിക്രാന്ത്', ലഘു പോർവിമാനം 'തേജസ്', ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ 'പ്രചണ്ഡ്', അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ 'ധ്രുവ്', പ്രധാന യുദ്ധ ടാങ്ക് 'അർജുൻ', 'പിനാക' മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ, 'അസ്ത്ര' വ്യോമ മിസൈൽ, ആധുനിക ഡ്രോണുകൾ,  ഡ്രോൺ പ്രത്യാക്രമണ  സംവിധാനങ്ങൾ എന്നിവ പ്രതിരോധ സേനയുടെ യുദ്ധ സജ്ജതയെ ശക്തിപ്പെടുത്തുന്നു. എന്നാൽ, 'യേ ദിൽ മാംഗേ മോർ'-കൂടുതൽ ആധുനിക ആയുധങ്ങൾ, അടുത്ത തലമുറ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈലുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ തുടർന്നും പ്രവർത്തിക്കും," അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ,   രാജ്യരക്ഷ മന്ത്രി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും 1999-ലെ ഓപ്പറേഷൻ വിജയിയുടെ സമയത്ത് പരമോന്നത ത്യാഗം വരിച്ച ധീരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. ലഡാക്ക് ലെഫ്റ്റനൻ്റ്  ഗവർണർ ശ്രീ. വിനയ് കുമാർ സക്സേന, കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, നോർത്തേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ലെഫ്റ്റനൻ്റ്  ജനറൽ പ്രതീക ശർമ്മ, 14 കോർപ്സ് ജി.ഒ.സി. ലെഫ്റ്റനൻ്റ്  ജനറൽ മദൻരാജ് പാണ്ഡെ, 8 മൗണ്ടൻ ഡിവിഷൻ ജി.ഒ.സി മേജർ ജനറൽ എ.പി. സിംഗ് എന്നിവരും കാർഗിൽ യുദ്ധ വീരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.  മുതിർന്ന സൈനിക-സിവിലിയൻ പ്രമുഖർ, കാർഗിൽ യുദ്ധ സേനാനികൾ, വീരചക്രം നേടിയവർ, വീര നാരിമാർ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ എന്നിവരും 'ശ്രദ്ധാഞ്ജലി സമാരോഹിൽ' പങ്കെടുത്തു.


 രാജ്യരക്ഷ മന്ത്രി സന്ദർശക പുസ്തകത്തിൽ  ഒപ്പുവെക്കുകയും ഓപ്പറേഷൻ വിജയ് സമയത്ത് ഇന്ത്യൻ സൈനികർ പ്രദർശിപ്പിച്ച  ധൈര്യവും നിശ്ചയദാർഢ്യവും അജയ്യമായ മനോവീര്യവും വിവരിക്കുന്ന, രണ്ട് നോൺ-കമ്മീഷൻഡ് ഓഫീസർമാർ അവതരിപ്പിച്ച 'ഗൗരവ് ഗാഥ'യ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. കാർഗിൽ യുദ്ധത്തിൻ്റെ   ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം   നൽകുന്നതിനായി രൂപകൽപ്പന ചെയ്ത വെർച്വൽ വാക്ക്ത്രൂ പോർട്ടൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം സ്മൃതി കുടീരം  സന്ദർശിക്കുകയും വീരഭൂമിയിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു.


ചടങ്ങിന് ശേഷം നടന്ന ചായ സൽക്കാരത്തിൽ   പ്രമുഖർ, സൈനികർ, അവരുടെ കുടുംബങ്ങൾ എന്നിവരുമായി   രാജ്യരക്ഷ മന്ത്രി  ആശയവിനിമയം നടത്തി. തുടർന്ന്, കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതും 2026 ജൂലൈ 14-ന് ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ  നിന്ന്  ഫ്ലാഗ് ഓഫ് ചെയ്തതുമായ 'ശൗര്യ വിജയ് യാത്ര' എന്ന മോട്ടോർ സൈക്കിൾ റാലിയ്ക്ക് അദ്ദേഹം പതാകവീശി സമാപനം കുറിച്ചു.


ദ്രാസിൽ   രാജ്യരക്ഷ മന്ത്രിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചപ്പോൾ ,   രാജ്യരക്ഷ സഹമന്ത്രി ശ്രീ. സഞ്ജയ് സേത്ത് ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ   പുഷ്പചക്രം അർപ്പിച്ച് ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. സംയുക്ത സൈനിക മേധാവി (സി.ഡി.എസ്) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, പ്രതിരോധ സെക്രട്ടറി ശ്രീ. രാജേഷ് കുമാർ സിംഗ്, കരസേന ഉപമേധാവി ലെഫ്റ്റനൻ്റ്  ജനറൽ സന്ദീപ് ജെയിൻ എന്നിവരും വീരമൃത്യു വരിച്ച ധീരന്മാർക്ക് പ്രണാമം അർപ്പിച്ചു.


**


(रिलीज़ आईडी: 2289616) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Marathi , Bengali , Gujarati , Tamil , Telugu , Kannada