വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അടിസ്ഥാനതലത്തിലുള്ള ഡിജിറ്റൽ സ്രഷ്ടാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 'ജെംസ് ഓഫ് ഇന്ത്യ' ചലഞ്ചിന്റെ പരീക്ഷണഘട്ടത്തിന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം തുടക്കം കുറിച്ചു
ചിത്രീകരിക്കൂ, അപ്ലോഡ് ചെയ്യൂ, തിളങ്ങൂ: മൈ വേവ്‌സ് പ്ലാറ്റ്‌ഫോമിൽ 'ജെംസ് ഓഫ് ഇന്ത്യ' മത്സരത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ സ്വീകരിച്ചുതുടങ്ങും.
प्रविष्टि तिथि:
21 JUL 2026 1:52PM by PIB Thiruvananthpuram
ഇന്ത്യയുടെ സർഗ്ഗാത്മക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉയർന്നുവരുന്ന ഓറഞ്ച് (സർഗാത്മക) സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്രസർക്കാറിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള അടിസ്ഥാനതല ഡിജിറ്റൽ സ്രഷ്ടാക്കളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഘടനാപരമായൊരു ദേശീയ സംരംഭമായ ജെംസ് ഓഫ് ഇന്ത്യ ചലഞ്ചി('ഇന്ത്യയുടെ രത്‌നങ്ങൾ' മത്സരം)ന്റെ പരീക്ഷണഘട്ടത്തിന് ഇന്ന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം തുടക്കമിട്ടു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ശാക്തീകരണം, ഉൾച്ചേർക്കൽ, രാഷ്ട്രനിർമ്മിതി എന്നിവയ്ക്കുള്ള ശക്തമായ ഉപകരണമായി ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിച്ചു. ഡിജിറ്റൽ ഇന്ത്യ പോലുള്ള സംരംഭങ്ങൾ സാങ്കേതികവിദ്യയിലേക്കുള്ള അഭിഗമ്യതയെ ജനാധിപത്യവത്കരിക്കുകയും അഭൂതപൂർവമായ തോതിൽ നൂതനത്വത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
'വേവ്‌സ് ഒ.ടി.ടി'യുടെ കീഴിലുള്ള പൗര സ്രഷ്ടാക്കളുടെ വേദി (സിറ്റിസൺ ക്രിയേറ്റർ പ്ലാറ്റ്ഫോം)യായ 'മൈ വേവ്‌സി'നെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത ഈ സംരംഭം കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ സൃഷ്ടിപര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അസ്സൽ ഉള്ളടക്കം സൃഷ്ടിക്കാനും അപ്ലോഡ് ചെയ്യാനും പങ്കിടാനും പൗരന്മാരെ പ്രാപ്തമാക്കുന്നതിനായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഉപയോക്തൃ-നിർമ്മിത ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ എടുത്തുകാണിക്കുന്നതിനുമുള്ള ഒരു വേദിയായി വിഭാവനം ചെയ്തിരിക്കുന്ന മൈ വേവ്‌സ്, ഇപ്പോൾ 'ഇന്ത്യയുടെ രത്‌നങ്ങൾ മത്സര'ത്തിന് അടിത്തറയിടുന്നു, ഇത് ആധികാരിക ഡിജിറ്റൽ കഥാഖ്യാനത്തിലൂടെ സ്രഷ്ടാക്കളെ അവരുടെ ജില്ലകളുടെ തനതായ കഥകൾ പറയാൻ ക്ഷണിക്കുന്നു.
''ഇന്ത്യയിലെ ഓരോ ജില്ലയിലും പറയാൻ കാത്തിരിക്കുന്ന ഒരു കഥയുണ്ട്, ഇന്ത്യയുടെ രത്‌നങ്ങൾ, നമ്മുടെ സ്രഷ്ടാക്കൾക്ക് അത് പറയാനുള്ള വേദി നൽകുന്നു. നമ്മുടെ ജില്ലകളുടെ അസാധാരണമായ വൈവിധ്യത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് നമ്മുടെ യുവജനങ്ങളുടെ സർഗ്ഗാത്മകതയെ ആഘോഷിക്കുന്നതും'' എന്ന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. ചഞ്ചൽ കുമാർ പറഞ്ഞു.
ഇന്ത്യയിലെ ഓരോ ജില്ലയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുന്നതിനൊപ്പം, ആധികാരിക ഡിജിറ്റൽ കഥാകഥനത്തിലൂടെ അവരുടെ ജില്ലകളുടെ സംസ്‌കാരം, പൈതൃകം, വിനോദസഞ്ചാരം, പാരമ്പര്യങ്ങൾ, ചരിത്രം, വ്യതിരിക്തമായ നേട്ടങ്ങൾ എന്നിവ എടുത്തുകാണിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യവ്യാപകമായി സ്രഷ്ടാക്കളുടെ ഒരു ഊർജ്ജസ്വലമായ ശൃംഖല സൃഷ്ടിക്കാൻ ഈ മത്സരം ശ്രമിക്കുന്നു.
പങ്കെടുക്കുന്ന വിധം: മത്സരത്തിൽ ചേരാൻ, സ്രഷ്ടാക്കൾക്ക് വേവ്‌സ് ഒ.ടി.ടി പ്ലാറ്റ്ഫോമിലെ മൈ വേവ്‌സ് എന്ന വിഭാഗം വഴി ഒന്ന് മുതൽ മൂന്നു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ സമർപ്പിക്കാം. പരീക്ഷണ ഘട്ടത്തിനായുള്ള സമർപ്പണ ജാലകം (സബ്മിഷൻ വിൻഡോ) 2026 ആഗസ്റ്റ് ഒന്നിന് തുറക്കുകയും 2026 ആഗസ്റ്റ് 31 വരെ തുറന്നിരിക്കുകയും ചെയ്യും.
പരീക്ഷണ ഘട്ടത്തിലെ പരിധിയും, പങ്കാളിത്തവും: ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ചണ്ഡീഗഢ്, ദാദ്ര -നാഗർ ഹവേലി, ദാമൻ- ദിയു, ഗോവ, ലഡാക്ക് എന്നിവിടങ്ങളിൽ പരീക്ഷണ ഘട്ടം ആരംഭിക്കുന്നു. ഈ ഘട്ടം പ്രസാർ ഭാരതി, മൈ ഭാരത്, അതത് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടായ പരിശ്രമമാണ്. സ്രഷ്ടാക്കളുടെ സമാഹരണവും ഉള്ളടക്ക വികസനവും സാധ്യമാക്കുന്നതിന് പ്രാദേശിക സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമായി ഇടപെടും.
ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, വ്യവസായ ഭീമന്മാരായ യൂട്യൂബും മെറ്റയുമായി കേന്ദ്രമന്ത്രാലയം സഹകരിക്കുന്നു. രണ്ട് പ്ലാറ്റ്ഫോമുകളും അവരുടെ സ്രഷ്ടാക്കളുടെ സമൂഹ (ക്രിയേറ്റർ കമ്മ്യൂണിറ്റി)ങ്ങളെ ഏകീകരിക്കാനും അവരുടെ ശൃംഖലകളിലുടനീളം ചലഞ്ചിന്റെ പ്രചാരണം വ്യാപിപ്പിക്കാനും സഹായിക്കും.
പുരസ്‌കാരങ്ങളും അംഗീകാരങ്ങളും: മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി, ഈ പരിപാടി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ പുരസ്‌കാരങ്ങൾ നൽകും:
* ജില്ലാതലം: ഒരു ജില്ലയ്ക്ക് 50,000 രൂപ വീതം നൽകുന്ന 20 പുരസ്‌കാരങ്ങൾ വരെ.
* സംസ്ഥാനതലം: ഓരോ ജില്ലയിൽ നിന്നും ഒരു മികച്ച സ്രഷ്ടാവിന് 2 ലക്ഷം രൂപയുടെ സംസ്ഥാനതല പുരസ്‌കാരം ലഭിക്കും.
* ദേശീയതലം: തുടർന്നുള്ള ദേശീയതല നിർവഹണ ഘട്ടത്തിൽ, ദേശീയ പുരസ്‌കാരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന അപേക്ഷകൾക്ക് അഞ്ച് ലക്ഷം രൂപ വീതം.
ന്യായമായ വിലയിരുത്തൽ ഉറപ്പാക്കുന്നതിന്, അതത് ഭരണകൂടം ജില്ലാ, സംസ്ഥാന ജൂറി കമ്മിറ്റികൾ രൂപവത്കരിക്കും. സംസ്‌കാരം, പൈതൃകം, വിനോദസഞ്ചാരം, മാധ്യമം, അക്കാദമികം എന്നീ മേഖലകളിലെ പ്രമുഖ വ്യക്തികൾ ഈ പാനലുകളിൽ ഉൾപ്പെടും.
ഭാവിയിലെ രാജ്യമൊട്ടാകെയുള്ള നിർവഹണം.
ഈ പരീക്ഷണ ഘട്ടത്തിൽ സ്വായത്തമാക്കിയ ഉൾക്കാഴ്ചകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, 'ജെംസ് ഓഫ് ഇന്ത്യ' ചലഞ്ച് ക്രമേണ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇന്ത്യയിലെ ഓരോ ജില്ലയുടെയും തനതായ വ്യക്തിത്വം പൈതൃകവും ആഘോഷിക്കുന്ന ഡിജിറ്റൽ സ്രഷ്ടാക്കളുടെ ഊർജ്ജസ്വലവും രാജ്യവ്യാപകവുമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
****
(रिलीज़ आईडी: 2287162)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada