ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഡെങ്കിപ്പനി പ്രതിരോധത്തിനായുള്ള ദേശീയ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകർന്നുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഡെങ്കി വാക്സിന് സി.ഡി.എസ്.സി.ഒ അംഗീകാരം നൽകി
प्रविष्टि तिथि:
21 JUL 2026 8:35AM by PIB Thiruvananthpuram
ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിർണ്ണായക ചുവടുവെപ്പെന്ന നിലയിൽ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ), ജർമ്മനിയിലെ ടകെഡ ജി.എം.ബി.എച്ച് നിർമ്മിച്ച് മെസ്സേഴ്സ് ടകെഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്യുന്ന ഡെങ്കി ടെട്രാവാലൻ്റ് വാക്സിനായ (ലൈവ്, ആറ്റിന്യൂവേറ്റഡ്) - ക്യൂഡെംഗയ്ക്ക് (Qdenga®) വിപണനാനുമതി നൽകി. ഡെങ്കിപ്പനി പ്രതിരോധത്തിനായി ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വാക്സിനാണിത്.
1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം, 1945-ലെ ഡ്രഗ്സ് റൂൾസ് എന്നിവയിലെ വ്യവസ്ഥകൾക്കനുസൃതമായി വാക്സിൻ്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
റീകോംബിനൻ്റ് ഡി.എൻ.എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഒരു ലൈവ്, ആറ്റിന്യൂവേറ്റഡ് ടെട്രാവാലൻ്റ് ഡെങ്കി വാക്സിനാണ് ക്യൂഡെംഗ (Qdenga®). ഡെങ്കി വൈറസ് ടൈപ്പ്-2 ൻ്റെ അടിസ്ഥാനഘടനയിലേക്ക് ഓരോ സെറോടൈപ്പിനും പ്രത്യേകമായ ഉപരിതല പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന ജീനുകൾ ജനിതക എഞ്ചിനീയറിംഗിലൂടെ കൂട്ടിച്ചേർത്താണ് വെറോ കോശങ്ങളിൽ ഈ വാക്സിൻ ഉത്പാദിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ജീവികൾ (GMO-കൾ) അടങ്ങിയിട്ടുള്ള ഈ ഉൽപ്പന്നം, ലായനി ചേർത്ത് ഉപയോഗിക്കാവുന്ന തരത്തിൽ ഫ്രീസ്-ഡ്രൈഡ് പൗഡർ രൂപത്തിലാണ് ലഭ്യമാകുന്നത്. ചർമ്മത്തിനടിയിലേക്കുള്ള കുത്തിവെപ്പായാണ് ഇത് നൽകുന്നത്.
4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരിൽ ഡെങ്കിപ്പനി തടയുന്നതിനാണ് ഈ വാക്സിൻ ഉപയോഗിക്കുന്നത്. 0.5 മില്ലി ലിറ്റർ വീതമുള്ള രണ്ട് ഡോസുകളാണ് പ്രതിരോധ കുത്തിവെപ്പിനായി ശുപാർശ ചെയ്തിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് (0, 3 മാസങ്ങളിൽ) രണ്ടാമത്തെ ഡോസ് നൽകേണ്ടത്.
ഡെങ്കിപ്പനി പടർന്നുപിടിക്കാൻ സാധ്യതയുള്ളതും അല്ലാത്തതുമായ മേഖലകളിൽ വാക്സിൻ്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി എന്നിവ വിലയിരുത്തുന്നതിനായി നടത്തിയ വിപുലമായ ആഗോള ക്ലിനിക്കൽ വികസന പരിപാടിയുടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്. ബ്രസീൽ, തായ്‌ലൻഡ്, ശ്രീലങ്ക എന്നിവയുൾപ്പെടെ എട്ടിലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളിലാണ് ക്ലിനിക്കൽ പഠനങ്ങൾ നടത്തിയത്. 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ഇന്ത്യൻ ജനസംഖ്യയിൽ വാക്സിൻ്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തുന്നതിനായി നടത്തിയ നിർണ്ണായകമായ മൂന്നാം ഘട്ട പഠനവും ഈ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 42 രാജ്യങ്ങളിൽ ഈ വാക്സിന് ഇതിനകം തന്നെ നിയന്ത്രണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ലോകാരോഗ്യ സംഘടനയുടെ പ്രീക്വാളിഫിക്കേഷനും ഇതിന് ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഈ വാക്സിൻ്റെ 2.4 കോടിയിലധികം ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. നിലവിൽ വാക്സിൻ ഉപയോഗത്തിലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിപണനാനന്തര നിരീക്ഷണ വിവരങ്ങൾ പ്രകാരം ആശങ്കപ്പെടേണ്ട സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വാക്സിൻ്റെ സുരക്ഷാ പ്രൊഫൈൽ തികച്ചും അനുകൂലമാണെന്നും വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണ്ണായകമായ ഒരു നാഴികക്കല്ലാണ് രാജ്യത്തെ ആദ്യത്തെ ഡെങ്കി വാക്സിന് ലഭിച്ച ഈ അംഗീകാരം. ദേശീയ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിൽ നിലവിൽ നടപ്പിലാക്കിവരുന്ന കൊതുക് നിർമ്മാർജ്ജനം, രോഗനിരീക്ഷണം, നേരത്തെയുള്ള രോഗനിർണ്ണയം, കൃത്യമായ ചികിത്സാ സംവിധാനങ്ങൾ എന്നിവയ്ക്ക് ഈ വാക്സിൻ കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തവും ശാസ്ത്രീയവുമായ നിയന്ത്രണ ചട്ടക്കൂടിലൂടെ സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ വാക്സിനുകളും മരുന്നുകളും സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
*****
(रिलीज़ आईडी: 2286972)
आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu