വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആകാശവാണി 20 കിലോവാട്ട് എഫ്എം ട്രാൻസ്മിഷൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ജയ്‌സാൽമീറിലെ രാംഗഢിൽ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 11 JUN 2026 3:57PM by PIB Thiruvananthpuram
കേന്ദ്ര റെയിൽവേ, വാർത്താവിനിമയ-പ്രക്ഷേപണ, ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യാ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ജയ്‌സാൽമീറിലെ രാംഗഢിലുള്ള 20 കിലോവാട്ട് ആകാശവാണി എഫ്എം ട്രാൻസ്മിഷൻ, ആകാശവാണി ജയ്‌പൂർ ആസ്ഥാനത്തു വെർച്വലായി ഉദ്ഘാടനം ചെയ്തു.
 
 
ഇതോടെ രാജസ്ഥാനിലെ എഫ്എം ട്രാൻസ്മിറ്ററുകളുടെ എണ്ണം 39 ആയി ഉയർന്നു. ഇത് രാംഗഢ് ട്രാൻസ്മിറ്റർ അതിർത്തി പ്രദേശത്തെ 80 കിലോമീറ്റർ ചുറ്റളവിൽ റേഡിയോ കവറേജ് ഉറപ്പാക്കും. ജയ്‌സാൽമീർ ജില്ലയിലെ ഏകദേശം 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം കവറേജിൽ ഉൾക്കൊള്ളുന്നതിലൂടെ ജനങ്ങൾക്ക് വൈവിധ്യമാർന്ന വിവരങ്ങളും വിദ്യാഭ്യാസ-വിനോദ പരിപാടികളും ലഭ്യമാക്കാൻ സഹായിക്കും.
 
 
ചടങ്ങിൽ സംസാരിച്ച ശ്രീ വൈഷ്ണവ്, പ്രസാർ ഭാരതിയുടെ പ്രവർത്തനങ്ങളിലും കാഴ്ചപ്പാടുകളിലും വലിയൊരു മാറ്റം വരണമെന്ന് ആഹ്വാനം ചെയ്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, റേഡിയോ പ്രക്ഷേപണം കൂടുതൽ പ്രസക്തവും സ്വാധീനമുള്ളതുമായി നിലനിൽക്കാൻ "ഡിജിറ്റൽ ഫസ്റ്റ്", "ഹൈപ്പർ-ലോക്കൽ" (പ്രാദേശിക കേന്ദ്രീകൃതം) എന്നീ രീതികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റത്തിനായുള്ള ഒരു റോഡ്‌മാപ്പ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ അദ്ദേഹം, പ്രാദേശിക കലാകാരന്മാരെയും കരകൗശല തൊഴിലാളികളെയും പ്രക്ഷേപണ മേഖലയുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എടുത്തുപറഞ്ഞു.

ജയ്പൂരിൽ വരാനിരിക്കുന്ന AI ഡാറ്റാ സെന്ററിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു. ഇത് ഭാവിയുടെ അടിത്തറയാണെന്നും സാങ്കേതിക പുരോഗതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
 
ആകാശവാണി, ദൂരദർശൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച പ്രസാർ ഭാരതി ചെയർമാൻ പ്രസൂൺ ജോഷി എടുത്തുപറഞ്ഞു. ഈ സ്ഥാപനങ്ങൾ സമൂഹത്തിന്റെ വേരുകളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങൾ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 
അതിർത്തി പ്രദേശങ്ങളിൽ ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്റെയും സ്വാധീനം ശക്തമാക്കുകയാണ് ഈ ട്രാൻസ്മിറ്ററിലൂടെ ലക്ഷ്യമിടുന്നത്. ഇത് ജയ്‌സാൽമീറിന് മാത്രമല്ല, ചുറ്റുമുള്ള പ്രദേശങ്ങൾക്കും പ്രയോജനം ചെയ്യും; അതിർത്തിയിലെ ആശയവിനിമയ അടിസ്ഥാന സൗകര്യ രംഗത്തെ ഒരു വലിയ ചുവടുവെപ്പാണിത്. "കാശ്മീർ മുതൽ കച്ച് വരെ" സവിശേഷമായ ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ സംരംഭം. ഇത് അതിർത്തിയിലുടനീളം പ്രക്ഷേപണ സേവനങ്ങളുടെ വ്യവസ്ഥാപിതമായ വ്യാപനം ഉറപ്പാക്കുന്നു.
 
ചടങ്ങിനിടെ ശ്രീ വൈഷ്ണവ് പ്രസാർ ഭാരതിയിലെ യുവ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ആകാശവാണി ജയ്പൂർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാജസ്ഥാൻ ഊർജ മന്ത്രി ഹീരലാൽ നഗർ, ജയ്പൂർ എം.പി മഞ്ജു ശർമ്മ, ആകാശവാണി ഡയറക്ടർ ജനറൽ രാജീവ് കുമാർ ജെയിൻ എന്നിവർ പങ്കെടുത്തു. ജയ്‌സാൽമീർ എം.പി ഉമേദാറാം ബെനിവാളും വെർച്വലായി പരിപാടിയിൽ പങ്കുചേർന്നു.
 
****
 
 

(रिलीज़ आईडी: 2271828) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Gujarati , Odia , Tamil , Telugu , Kannada