|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനം
प्रविष्टि तिथि:
04 JUN 2026 6:19PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, കൃത്യമായ വിവരങ്ങള്‍ പൗരന്മാരെ അറിയിക്കാനുള്ള ശ്രമങ്ങള്‍ ഭാരത സര്‍ക്കാര്‍ തുടരുന്നു. ഇതിന്റെ ഭാഗമായി, നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് വാര്‍ത്താസമ്മേളനം നടന്നു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്കുന്ന പിന്തുണ, പ്രധാന മേഖലകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. കൂടാതെ, വിമാന ഇന്ധന (എ.ടി.എഫ്) വില സ്ഥിരതാ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യോമയാന മന്ത്രാലയവും മാധ്യമങ്ങളുമായി പങ്കുവെച്ചു.
എ.ടി.എഫ് വില സ്ഥിരത ഉറപ്പാക്കാനുള്ള നടപടികള്‍
ഷെഡ്യൂള്‍ഡ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വിമാന ഇന്ധന (എ.ടി.എഫ്) വില സ്ഥിരതാ പിന്തുണ നല്കുന്നതിന് 10,000 കോടി രൂപ വരെയുള്ള ഒറ്റത്തവണ ബജറ്റ് പിന്തുണാ സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. വ്യോമ കണക്റ്റിവിറ്റി സംരക്ഷിക്കുന്നതിനും, വിമാന സര്‍വീസുകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും, നിലവിലെ പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം ആഗോള ഇന്ധനവിലയിലുണ്ടാകുന്ന അസാധാരണമായ ചാഞ്ചാട്ടത്തിന്റെ ആഘാതത്തില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമുള്ള പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
• അംഗീകരിക്കപ്പെട്ട ഈ സംവിധാനം താല്‍ക്കാലികവും സ്വയം തിരുത്തപ്പെടുന്നതുമായ ഒരു ക്രമീകരണമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് സര്‍ക്കാര്‍ പലിശരഹിത അഡ്വാന്‍സ് നല്കും. ഇത് ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ക്കായി മുന്‍കൂട്ടി നിശ്ചയിച്ച സ്ഥിരമായ നിരക്കില്‍ പങ്കാളികളാകുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് എ.ടി.എഫ് വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികളെ പ്രാപ്തരാക്കും. അന്താരാഷ്ട്ര എ.ടി.എഫ് വില നിശ്ചിത പരിധിയേക്കാള്‍ ഉയരുമ്പോഴെല്ലാം, ആഗോള വിപണിയിലെ വില വ്യത്യാസം മൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഈ ഫണ്ടില്‍ നിന്നും നികത്തും.
• പ്രധാനമായും, ഇന്ധനവില കുറയുമ്പോള്‍, ഈ വ്യത്യാസം വരുന്ന തുക എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിക്കുകയും സുതാര്യമായ ഒരു ക്രമീകരണ സംവിധാനത്തിലൂടെ ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്യും. അതിനാല്‍, ഈ ക്രമീകരണം ഒരു സബ്‌സിഡിയായല്ല മറിച്ച് അസാധാരണമായ ഇന്ധനവില വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഒരു താല്‍ക്കാലിക സ്ഥിരതാ നടപടിയായാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇത് ഫണ്ടിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തവും നിരീക്ഷണവും തിരിച്ചുപിടിക്കലും ഉറപ്പാക്കുന്നു.
• വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിലെ ഏറ്റവും വലിയ വിഹിതം വരുന്നത് വിമാന ഇന്ധനത്തിനാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവും പല അന്താരാഷ്ട്ര റൂട്ടുകളിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നതും വിമാന സര്‍വീസുകളുടെ നടത്തിപ്പിന് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഒരു നിശ്ചിത വില ക്രമീകരണത്തിലൂടെ ഇന്ധനച്ചെലവില്‍ കൂടുതല്‍ പ്രവചനക്ഷമത ഉറപ്പാക്കാന്‍ അംഗീകൃത സംവിധാനം സഹായിക്കും. ഇത് വിമാനക്കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും ആഭ്യന്തര, അന്തര്‍ദ്ദേശീയ ശൃംഖലകളിലുടനീളം യാത്രക്കാര്‍ക്ക് സേവനം നല്കുന്നത് തുടരാനും പ്രാപ്തമാക്കും.
• യാത്രക്കാരെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇന്ധനവിലയിലെ കുത്തനെയുള്ള വര്‍ദ്ധനവ് മൂലം വിമാനനിരക്കിലുണ്ടാകുന്ന പെട്ടെന്നുള്ള വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും എന്നതാണ്. ഇന്ധനവിലയിലെ കടുത്ത ഏറ്റക്കുറച്ചിലുകള്‍ക്ക് വിമാനക്കമ്പനികള്‍ വിധേയമാകുന്നത് കുറയ്ക്കുന്നതിലൂടെ, അത്തരം ചെലവുകള്‍ യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് കുറയ്ക്കാനും യാത്രാനിരക്കില്‍ കൂടുതല്‍ സ്ഥിരത നല്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. യാത്രകള്‍ക്കും സാമ്പത്തിക അവസരങ്ങള്‍ക്കുമായി വ്യോമഗതാഗതത്തെ ആശ്രയിക്കുന്ന കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസ്സ് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, സാധാരണ പൗരന്മാര്‍ എന്നിവര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
• വിദൂര പ്രദേശങ്ങള്‍, പ്രാദേശിക കേന്ദ്രങ്ങള്‍, ടയര്‍ II, ടയര്‍ III നഗരങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളം തടസ്സമില്ലാത്ത വ്യോമ കണക്റ്റിവിറ്റി നിലനിര്‍ത്താനും ഈ നടപടി സഹായിക്കും. പ്രാദേശിക വികസനം, വിനോദസഞ്ചാരം, വ്യാപാരം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്ക് സുഗമമായ വ്യോമ കണക്റ്റിവിറ്റി അനിവാര്യമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പൗരന്മാര്‍ക്ക് വിശ്വസനീയമായ വ്യോമഗതാഗത സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും, ഒപ്പം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സന്തുലിതമായ പ്രാദേശിക വികസനവുമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ ഇത് പിന്തുണയ്ക്കുകയും ചെയ്യും.
• വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങള്‍, പരിപാലന അറ്റകുറ്റപ്പണി സ്ഥാപനങ്ങള്‍, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് മേഖലകള്‍ എന്നിവയിലെ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുടനീളം നല്ല ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര, അന്തര്‍ദ്ദേശീയ കണക്റ്റിവിറ്റി നിലനിര്‍ത്താനും ആഗോള വിപണികളുമായുള്ള സംയോജനം ശക്തിപ്പെടുത്താനും ഉഡാന്‍ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തനസജ്ജമാക്കിയ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വികസിപ്പിച്ചെടുത്ത വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും.
• ആഗോള അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തില്‍ യാത്രക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ വ്യോമ സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനും ഇന്ത്യയുടെ വ്യോമയാന മേഖലയുടെ ദീര്‍ഘകാല വളര്‍ച്ചയേയും പ്രതിരോധശേഷിയേയും പിന്തുണയ്ക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധയില്‍പ്പെടുത്തിയത്:
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പൗര ബോധവത്കരണവും
• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാല്‍ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു.
• വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
• സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ഇതര ഇന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
• വന്‍കിട ഉപഭോക്താക്കളും വ്യാവസായിക ഉപഭോക്താക്കളും അംഗീകൃത വിതരണ സ്രോതസ്സുകളില്‍ നിന്ന് മാത്രം ഡീസല്‍ വാങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
• നിലവിലെ സാഹചര്യത്തില്‍, ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും, ഗാര്‍ഹിക എല്‍പിജി, ഗാര്‍ഹിക പിഎന്‍ജി, സിഎന്‍ജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
• വാണിജ്യ എല്‍പിജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാര്‍മ, സ്റ്റീല്‍, ഓട്ടോമൊബൈല്‍, വിത്ത്, കൃഷി തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക എന്നിവയുള്‍പ്പെടെ വിതരണ ആവശ്യകത മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
• പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955ലെ അവശ്യവസ്തു നിയമം, 2000ലെ എല്‍പിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്.
• പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
• രാജ്യത്ത് മതിയായ ഇന്ധന ലഭ്യതയുണ്ടെന്ന കാര്യം പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിനായി
സജീവമായ പൊതുജന സമ്പര്‍ക്കം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും ഭാരത സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
• വ്യവസായ വാണിജ്യ ഉപഭോക്താക്കള്‍ ചില്ലറ വില്പന കേന്ദ്രങ്ങള്‍ വഴി അനധികൃതമായി എച്ച്.എസ്.ഡി വാങ്ങുന്നത് തടയുന്നതിന്, എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് 26.05.2026ലെ കത്ത് മുഖേന ഭാരത സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലുള്ള എച്ച്.എസ്.ഡി, എം.എസ് എന്നിവയുടെ വിതരണ രീതികള്‍ കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനും സംസ്ഥാന/ജില്ലാ അധികാരികള്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ഈ കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ, പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളിലും പ്രധാന ഗതാഗത/വ്യാവസായിക ഇടനാഴികളിലും പരിശോധനകളും കര്‍ശന നടപടികളും ശക്തമാക്കാനും, നിയമലംഘകര്‍ക്കെതിരെ ഉടനടി ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കര്‍ശന പരിശോധനകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്‍പ്പെടെ രാജ്യത്തുടനീളം തുടരുകയാണ്.
• എല്‍പിജി സംബന്ധിച്ച നടപടികള്‍ — എല്‍പിജി സിലിണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3 ദിവസത്തിനിടെ 4 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
• പെട്രോള്‍, ഡീസല്‍ സംബന്ധിച്ച നടപടികള്‍ — കഴിഞ്ഞ 3 ദിവസത്തിനിടെ രാജ്യത്തുടനീളം 1,880ലധികം റെയ്ഡുകള്‍ നടത്തുകയും, 2,900 ലിറ്ററിലധികം പെട്രോളും 6,350 ലിറ്ററിലധികം ഡീസലും പിടിച്ചെടുത്തു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് 18 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
• പൊതുമേഖലാ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനകളും തുടരുകയാണ്:
എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ — കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 680 എല്‍പിജി വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ 6 എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തുകയും, 2 എല്‍പിജി വിതരണകേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
• ചില്ലറ വില്പന കേന്ദ്രങ്ങള്‍ — കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 2,500 ചില്ലറ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 19 ചില്ലറ വില്പന കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തുകയും, 457 ചില്ലറ വില്പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എല്‍പിജി വിതരണം
ഗാര്‍ഹിക എല്‍പിജി വിതരണ സ്ഥിതി:
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
• ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്കിയിട്ടുണ്ട്.
• എല്‍പിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
• ഇന്‍ഡസ്ട്രി അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇന്നലെ ഏകദേശം 99 ശതമാനമായി വര്‍ദ്ധിച്ചു.
• വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായി, ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 96 ശതമാനമായി ഉയര്‍ന്നു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.
• കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 1.50 കോടി എല്‍പിജി സിലിണ്ടറുകളുടെ ബുക്കിംഗ് നടന്നപ്പോള്‍ 1.43 കോടിയോളം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.
വാണിജ്യ എല്‍പിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
• മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിന്റെ ഏകദേശം 70 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനം പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
• കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 1.57 ലക്ഷം 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടു.
• എഫ്.ടി.എല്‍ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കഴിഞ്ഞ 3 ദിവസത്തിനിടെ സംഘടിപ്പിച്ച ഏകദേശം 520 ക്യാമ്പുകളിലൂടെ 9,200ഓളം 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിച്ചു.
• കഴിഞ്ഞ 3 ദിവസത്തിനിടെ മൊത്തം 19,372 മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി വിറ്റഴിക്കപ്പെട്ടു.
• കഴിഞ്ഞ 3 ദിവസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയുള്ള ഓട്ടോ എല്‍പിജി വില്പന ഏകദേശം 649 മെട്രിക് ടണ്‍ ആണ്.
പ്രകൃതിവാതക വിതരണവും പിഎന്‍ജി വിപുലീകരണ സംരംഭങ്ങളും
• ഗാര്‍ഹിക പിഎന്‍ജി, ഗതാഗത മേഖലയിലെ സിഎന്‍ജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.
• നിലവില്‍ പ്രവര്‍ത്തനക്ഷമമായ യൂറിയ പ്ലാന്റുകളിലേക്കുള്ള വാതക വിതരണം ഇപ്പോള്‍ അവരുടെ കഴിഞ്ഞ 6 മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 98 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു.
• കൂടാതെ, സിജിഡി ശൃംഖലകള്‍ വഴിയുള്ള വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകള്‍ക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
• വാണിജ്യ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് എല്ലാ ജിഎകളിലും പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് മുന്‍ഗണന നല്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
• എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള ദീര്‍ഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎന്‍ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ അധിക വാണിജ്യ എല്‍പിജി വിഹിതം കൈപ്പറ്റുന്നുണ്ട്.
• 1955ലെ അവശ്യവസ്തു നിയമപ്രകാരം, 2026ലെ പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂടെ) ഉത്തരവ് 24.03.2026ലെ ഗസറ്റിലൂടെ ഭാരത സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികള്‍ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎന്‍ജി ശൃംഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകള്‍ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.
• ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ പിഎന്‍ജിആര്‍ബി, സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പിഎന്‍ജി വിപുലീകരണത്തിന്റെ വേഗത നിലനിര്‍ത്തുന്നതിനായുള്ള ദേശീയ പിഎന്‍ജി യജ്ഞം 2.0 (01.01.2026–31.03.2026) 2026 ജൂണ്‍ 30 വരെ പിഎന്‍ജിആര്‍ബി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
• ശുദ്ധവും കൂടുതല്‍ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കല്‍ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, അധിക വാണിജ്യ എല്‍പിജി വിഹിതത്തിന്റെ അടുത്ത ഗഡു അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കുന്നതാണ്.
• 2026 മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 8.82 ലക്ഷം പിഎന്‍ജി കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 2.98 ലക്ഷം കണക്ഷനുകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകള്‍ 11.80 ലക്ഷമായി ഉയര്‍ന്നു. കൂടാതെ, ഏകദേശം 8.98 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
• 2026 ജൂണ്‍ മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം, 80,400ത്തിലധികം പിഎന്‍ജി ഉപഭോക്താക്കള്‍ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ എല്‍പിജി കണക്ഷനുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്
അസംസ്‌കൃത എണ്ണയുടെ ലഭ്യതയും എണ്ണശുദ്ധീകരണശാലാ പ്രവര്‍ത്തനങ്ങളും
· എല്ലാ എണ്ണശുദ്ധീകരണശാലകളും ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരത്തോടെ ഉയര്‍ന്ന ശേഷിയിലാണു പ്രവര്‍ത്തിക്കുന്നത്; ഒപ്പം പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ സ്‌റ്റോക്കും നിലനിര്‍ത്തുന്നു.
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണശുദ്ധീകരണശാലകളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
· ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കല്‍ ഫീഡ്‌സ്‌റ്റോക്കിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങള്‍ തമ്മിലുള്ള സംയുക്ത കര്‍മസമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി (CHT) നിശ്ചയിച്ചിട്ടുള്ള നിര്‍ണായക മേഖലകള്‍ക്കായി കുറഞ്ഞ അളവില്‍ C3, C4 സ്ട്രീമുകള്‍ ലഭ്യമാക്കാന്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള എണ്ണശുദ്ധീകരണ കമ്പനികള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് 01.04.2026ലെ ഉത്തരവിലൂടെ അനുമതി നല്‍കിയിട്ടുണ്ട്.
· ഔഷധനിര്‍മാണ വകുപ്പ്, രാസവസ്തു പെട്രോകെമിക്കല്‍സ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന ആഭ്യന്തര വ്യാപാര വകുപ്പ് (DPIIT) എന്നിവയില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ ഫാര്‍മ, കെമിക്കല്‍, പെയിന്റ് മേഖലകളിലെ കമ്പനികള്‍ക്കായി എല്‍പിജി പൂളില്‍ നിന്ന് പ്രതിദിനം 1120 മെട്രിക് ടണ്‍ (MT) C3-C4 മോളിക്യൂളുകള്‍ ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
· 2026 ജൂണ്‍ 1 മുതല്‍ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് എണ്ണശുദ്ധീകരണശാലകള്‍ രാസവസ്തുക്കള്‍, ഔഷധനിര്‍മാണം, പെയിന്റ് വ്യവസായ മേഖലകളിലേക്ക് ഏകദേശം 1,030 മെട്രിക് ടണ്‍ C3-C4 മോളിക്യൂളുകളും (പ്രൊപ്പിലീന്‍, ബ്യൂട്ടിലീന്‍ എന്നിവ ഉള്‍പ്പെടെ) ഏകദേശം 320 മെട്രിക് ടണ്‍ ബ്യൂട്ടൈല്‍ അക്രിലേറ്റും വിപണനം ചെയ്തിട്ടുണ്ട്.
റീട്ടെയില്‍ ഇന്ധനലഭ്യതയും വിലനിയന്ത്രണ നടപടികളും
· രാജ്യത്തുടനീളമുള്ള എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
· പശ്ചിമേഷ്യന്‍ പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയില്‍ അസാധാരണമായ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം ഇന്ത്യാ ഗവണ്മെന്റ് കുറച്ചിട്ടുണ്ട്.
· ഇന്ത്യാ ഗവണ്മെന്റ് 31.05.2026ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പെട്രോളിന്റെ കയറ്റുമതി ലെവി ലിറ്ററിന് 3 രൂപയില്‍ നിന്ന് 1.5 രൂപയായും, ഡീസലിന്റേത് ലിറ്ററിന് 16.50 രൂപയില്‍ നിന്ന് 13.50 രൂപയായും, എടിഎഫിന്റേത് (ATF) ലിറ്ററിന് 16 രൂപയില്‍ നിന്ന് 9.5 രൂപയായും കുറച്ചിട്ടുണ്ട്.
· ചില പ്രദേശങ്ങളിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ അസാധാരണമാം വിധം ഉയര്‍ന്ന വില്‍പ്പനയും കനത്ത തിരക്കും അനുഭവപ്പെടുന്നുണ്ട്.
സമുദ്രസുരക്ഷയും കപ്പല്‍ഗതാഗത പ്രവര്‍ത്തനങ്ങളും
പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലുള്ള സമുദ്രസാഹചര്യങ്ങളെക്കുറിച്ചും ഈ മേഖലയിലെ ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ കപ്പല്‍ ഗതാഗത ജലപാത മന്ത്രാലയം വിവരണം നല്‍കി. അതില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്:
· നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത കപ്പല്‍ ഗതാഗത പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനായി തുറമുഖ കപ്പല്‍ ഗതാഗതജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്രമേഖലയിലെ പങ്കാളികള്‍ എന്നിവരുമായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം തുടരുകയാണ്.
· ഈ മേഖലയിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പലുകളോ ഇന്ത്യന്‍ ജീവനക്കാരുള്ള വിദേശ കപ്പലുകളോ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
· ഡിജി ഷിപ്പിങ് കണ്‍ട്രോള്‍ റൂം വിവരങ്ങള്‍: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ 11,630 കോളുകളും 25,864ലധികം ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ നാവികരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും സമുദ്രമേഖലയിലെ പങ്കാളികളില്‍ നിന്നുമായി ആകെ 444 കോളുകളും 1,034 ഇമെയിലുകളും ലഭിച്ചു.
· നാട്ടിലെത്തിക്കല്‍ വിവരങ്ങള്‍: കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 28 വ്യക്തികള്‍ ഉള്‍പ്പെടെ, ഇതുവരെ 3,474ലധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡിജി ഷിപ്പിങ്) മുഖേന മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നു. തിരക്കുകളേതും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ
ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലകളിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇനിപ്പറയുന്ന കാര്യങ്ങള്‍ ഇതിലൂടെ അറിയിച്ചിട്ടുണ്ട്:
· വിവരങ്ങള്‍ പങ്കിടുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.
· ഈ മേഖലയിലുടനീളമുള്ള ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ജാഗ്രതയിലാണ്; ഒപ്പം ഇന്ത്യന്‍ സമൂഹത്തെ സജീവമായി സഹായിച്ചു വരുന്നുമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതിനായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ സജ്ജമാക്കിയിട്ടുണ്ട്; കൂടാതെ പ്രാദേശിക ഗവണ്മെന്റുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു.
· പ്രാദേശിക ഗവണ്മെന്റുകളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, വിമാനയാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍, ഇന്ത്യന്‍ സമൂഹത്തിനായി നടപ്പാക്കുന്ന വിവിധ ക്ഷേമ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
· ഇന്ത്യന്‍ മിഷനുകള്‍ അവിടെ താമസിക്കുന്ന ഇന്ത്യന്‍ സമൂഹവുമായി സജീവമായി ഇടപഴകുന്നുണ്ട്. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകള്‍, സംഘടനകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍ എന്നിവയുമായി അവര്‍ പതിവായി ആശയവിനിമയം നടത്തുന്നു.
· ഈ മേഖലയിലെ ഇന്ത്യന്‍ നാവികരുടെ ക്ഷേമത്തിന് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. പ്രാദേശിക അധികൃതരുമായും ഏജന്‍സികളുമായും ഏകോപനം നടത്തുക, കോണ്‍സുലാര്‍ സഹായം ലഭ്യമാക്കുക, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭ്യര്‍ത്ഥനകളില്‍ സഹായിക്കുക എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പിന്തുണയും ഇന്ത്യന്‍ മിഷനുകള്‍ അവര്‍ക്ക് നല്‍കിവരുന്നു.
വിമാന സര്‍വീസുകളുടെ സ്ഥിതിവിവരങ്ങള്‍
· ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാനയാത്രാ സാഹചര്യം മെച്ചപ്പെട്ടുവരുന്നു.
· യുഎഇ: യുഎഇ വ്യോമപാത തുറന്നിട്ടുണ്ട്. ഇന്ത്യന്‍, യുഎഇ വിമാന കമ്പനികള്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
· സൗദി അറേബ്യയും ഒമാനും: സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
· ഖത്തര്‍: ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേസ് എന്നിവ ഖത്തറില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നു.
· കുവൈറ്റ്: കുവൈറ്റ് വ്യോമപാത തുറന്നിട്ടുണ്ട്. കുവൈറ്റ് എയര്‍വേസും ജസീറ എയര്‍വേസും കുവൈറ്റില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നത് തുടരുന്നു.
· ബഹ്‌റൈന്‍: ബഹ്‌റൈന്‍ വ്യോമപാത തുറന്നിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍ എന്നിവ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
· ഇറാഖ്: ഈ മേഖലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകളോടെ ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തുടര്‍യാത്രയ്ക്കായി ഈ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
· ഇറാന്‍: ഇറാന്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്; നിലവില്‍ അവിടെയുള്ളവരോട് എംബസിയുടെ പിന്തുണയോടെ രാജ്യം വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതുവരെ 2,557 ഇന്ത്യന്‍ പൗരന്മാരെ കര അതിര്‍ത്തി മാര്‍ഗങ്ങളിലൂടെ ഇറാനില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.
· ഇസ്രയേല്‍: ഇസ്രയേല്‍ വ്യോമപാത തുറന്നിട്ടുണ്ട്; ഈ മേഖലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുമുണ്ട്. ഇന്ത്യയിലേക്കുള്ള തുടര്‍യാത്രയ്ക്കായി ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍
ഇന്നലെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് ദൗര്‍ഭാഗ്യവശാല്‍ ജീവന്‍ നഷ്ടമായി. പരേതന്റെ കുടുംബത്തെ ഗവണ്മെന്റ് അഗാധമായ അനുശോചനം അറിയിക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ മിഷന്‍ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്; ഒപ്പം പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് അടുത്ത ഏകോപനം നടത്തുകയും ചെയ്യുന്നു. ഭൗതികശരീരം നാളെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്രമണത്തില്‍ പതിമൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവര്‍ നിലവില്‍ കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്ക് ഇന്ത്യന്‍ മിഷന്‍ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്; കൂടാതെ പ്രാദേശിക അധികൃതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു.
****
(रिलीज़ आईडी: 2269119)
|