പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് മുതല്‍ കര്‍ഷക സമൃദ്ധി വരെ: രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ്-ഫ്യുവല്‍ യാത്രാവാഹനം പുറത്തിറക്കി കേന്ദ്രമന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി

प्रविष्टि तिथि: 04 JUN 2026 4:02PM by PIB Thiruvananthpuram
'ആത്മനിര്‍ഭര്‍ ഭാരത്' കാഴ്ചപ്പാടിന് കരുത്തേകി മാരുതി സുസുക്കിയുടെ രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ്-ഫ്യുവല്‍ യാത്രാവാഹനം കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി ഇന്ന് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ പങ്കെടുത്തു.   E20 മുതല്‍ E100 വരെ വിവിധ അനുപാതത്തിലുള്ള എഥനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍  ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ പ്രവര്‍ത്തിക്കും.  


യാത്രാ വാഹന വിപണിയില്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ് കേവലം ഒരു വാഹനം പുറത്തിറക്കല്‍ മാത്രമല്ലെന്നും മറിച്ച് ഇന്ത്യയുടെ ഊര്‍ജ പരിവര്‍ത്തനത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും ചടങ്ങില്‍ സംസാരിച്ച ശ്രീ. ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. മധ്യവര്‍ഗ ഇന്ത്യയുടെ അഭിലാഷങ്ങളെയും വ്യക്തിഗത യാത്രാ സൗകര്യങ്ങളുടെ ഭാവിയെയും പ്രതിനിധീകരിക്കുന്ന ഏകദേശം 37 ലക്ഷം യാത്രാവാഹനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ സാങ്കേതികവിദ്യ വിപുലമായി നടപ്പാക്കുന്നതോടെ എഥനോള്‍ അധിഷ്ഠിത വാഹനങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ധിപ്പിക്കാനാവും.  
 



 
ഫെബ്രുവരി 28-ന് പശ്ചിമേഷ്യന്‍ സൈനിക സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ ഏകദേശം 60 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ വസിക്കുന്നതും ഊര്‍ജ ആവശ്യകതയില്‍ ആഗോള ശരാശരിയേക്കാള്‍ മൂന്ന് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയതുമായ രാജ്യമെന്ന നിലയില്‍ ഇന്ത്യയിലുടനീളം പെട്രോളിയം ഉല്പന്നങ്ങളുടെ തടസരഹിത ലഭ്യത നാം ഉറപ്പാക്കി.  രാജ്യത്ത് ഒരിടത്തുപോലും ഇന്ധനക്ഷാമമുണ്ടായില്ലെന്നും ജനങ്ങള്‍ കര-വ്യോമ മാര്‍ഗങ്ങളിലൂടെ സാധാരണ നിലയില്‍ യാത്ര തുടര്‍ന്നുവെന്നും മന്ത്രി വ്യക്തമാക്കി.  ആഗോളതലത്തില്‍ തടസ്സങ്ങളുണ്ടായിട്ടും  ഇന്ത്യ ഏതാണ്ട് സാധാരണ നില തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.


തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും കൃത്രിമ ക്ഷാമം സൃഷ്ടിക്കാനും ചിലര്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്തെ നയപരമായ ഇടപെടലുകളും ഫലപ്രദമായ ദൗത്യനിര്‍വഹണവും  സ്ഥിതിഗതികള്‍ പൂര്‍ണമായി  നിയന്ത്രണവിധേയമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയുടെ ഊര്‍ജ തന്ത്രത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളായ ലഭ്യതയും മിതമായ നിരക്കും സുസ്ഥിരതയും  സന്തുലിതമാക്കി നിര്‍ത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ  ശ്രീ പുരി പ്രശംസിച്ചു.  ലഭ്യതയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ അസ്ഥിരതയുണ്ടായിട്ടും അസംസ്‌കൃത എണ്ണയുടെയും പാചകവാതകത്തിന്റെയും പ്രകൃതിവാതകത്തിന്റെയും  തടസ്സമില്ലാത്ത വിതരണം ഇന്ത്യ നിലനിര്‍ത്തിയതായി ശ്രീ പുരി എടുത്തുപറഞ്ഞു. പ്രതിസന്ധിക്ക് മുന്‍പ് പ്രതിദിനം 32 ടിഎംടി ആയിരുന്ന ആഭ്യന്തര എല്‍പിജി ഉല്പാദനം പ്രതിദിനം ഏകദേശം 52 ടിഎംടി ആയി ഇന്ത്യ വര്‍ധിപ്പിച്ചു. ഒപ്പം പൈപ്പ് വഴി വിതരണം ചെയ്യുന്ന പ്രകൃതിവാതകം (PNG), ഗതാഗത മേഖലയിലുപയോഗിക്കുന്ന സിഎന്‍ജി (CNG) എന്നിവയിലേക്കുള്ള പരിവര്‍ത്തനവും വിപുലമാക്കി.  


ഇന്ധനവിലയില്‍ ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ വര്‍ധന മാത്രം രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് രാജ്യത്തെ താങ്ങാവുന്ന ഇന്ധനനിരക്കിനെക്കുറിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാന്‍ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറയ്ക്കാന്‍ പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനവും അദ്ദേഹം ഓര്‍മിപ്പിച്ചു.  
 
 



 
ബ്രസീലിലും അമേരിക്കയിലും കരിമ്പ്, ചോളം എന്നിവയില്‍നിന്ന് ഉല്പാദിപ്പിക്കുന്ന   എഥനോള്‍ ഇന്ധന മിശ്രിതമായി ഉപയോഗിക്കുന്നതില്‍  ഇതിനകം വിജയംകണ്ട  മുന്‍കാല അനുഭവങ്ങള്‍ സുസ്ഥിരതയെക്കുറിച്ച് സംസാരിക്കവെ ശ്രീ പുരി ഓര്‍ത്തെടുത്തു.   ഇന്ത്യയുടെ എഥനോള്‍ മിശ്രണ പദ്ധതി ഇന്ന് ഏറ്റവും വിജയകരമായ ഊര്‍ജ പരിവര്‍ത്തന സംരംഭങ്ങളിലൊന്നായി മാറിയിട്ടുണ്ട്.  കര്‍ഷകര്‍, എഥനോള്‍ ഉല്പാദകര്‍, എണ്ണക്കമ്പനികള്‍,  വാഹന നിര്‍മാതാക്കള്‍, ശാസ്ത്രജ്ഞര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരടങ്ങുന്ന ശക്തമായ ആവാസവ്യവസ്ഥയുടെ രൂപീകരണത്തിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിത സമീപനത്തിലൂടെയുമാണ് ഇന്ത്യയുടെ എഥനോള്‍ വിജയഗാഥ രചിച്ചതെന്നും അദ്ദേഹം പറഞ്ഞു.  


പൊടിയരി, കാര്‍ഷിക അവശിഷ്ടങ്ങള്‍, മുള, കടല്‍ പായല്‍ തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് എഥനോള്‍ ഉല്പാദിപ്പിക്കാന്‍ നിലവില്‍ ഇന്ത്യയ്ക്ക്  ശേഷിയുണ്ട്.  

2013-14 കാലയളവില്‍ 1.5 ശതമാനത്തില്‍ താഴെയായിരുന്ന എഥനോള്‍ മിശ്രണം  2025-26-ല്‍ 20 ശതമാനമായി വര്‍ധിച്ചു. നിശ്ചിത സമയപരിധിക്ക് 5 വര്‍ഷം നേരത്തെ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്കായി.  എഥനോള്‍ സംഭരണം 2013-14 ലെ എഥനോള്‍ വിതരണ വര്‍ഷത്തിലെ  ഏകദേശം 38 കോടി ലിറ്ററില്‍ നിന്ന് ഇന്ന് 1,040 കോടിയിലധികം ലിറ്ററായി ഉയര്‍ന്നു. അതേസമയം എഥനോള്‍ ഉല്പാദന ശേഷി 2014 ലെ 421 കോടി ലിറ്ററില്‍ നിന്ന് 2026 ല്‍ ഏകദേശം അഞ്ച് മടങ്ങോളം ഉയര്‍ന്ന്  2000 കോടിയോളം ലിറ്ററിലെത്തി. ഈ മാറ്റം അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണ്യം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തു.


പുതുതായി വില്‍ക്കപ്പെടുന്ന ഇരുചക്ര, നാലുചക്ര വാഹനങ്ങളില്‍ 50%  ഫ്‌ലെക്‌സ് ഫ്യുവല്‍ അനുയോജ്യ വാഹനങ്ങളായി മാറിയാല്‍  311.8 കോടി ലിറ്റര്‍ എഥനോളിന്റെ അധിക ആവശ്യകത സൃഷ്ടിക്കപ്പെടുമെന്നും കര്‍ഷകര്‍ക്ക്  12,403 കോടി രൂപയുടെ അധിക വരുമാനം നല്‍കുമെന്നും ശ്രീ പുരി പറഞ്ഞു.   കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലില്‍ 66.4 ലക്ഷം മെട്രിക് ടണ്‍ കുറവുണ്ടാക്കാനും ഇത് സഹായിക്കും.  


E85 പോലെ ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ എഥനോള്‍ അധിഷ്ഠിത ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങളെ  ഔദ്യോഗികമായി സീറോ-എമിഷന്‍ വാഹനങ്ങളായി നിതി ആയോഗ് തരംതിരിച്ചിട്ടുണ്ട്. E85 ഇന്ധനം പുകപടലങ്ങളുടെ മലിനീകരണം ഏതാണ്ട് ഇല്ലാതാക്കുന്നതിനാല്‍ രാജ്യത്ത് കൂടിവരുന്ന വായുമലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ മികച്ച മാര്‍ഗമായി മാറുന്നു.  


രാജ്യവ്യാപക ഫ്‌ലെക്‌സ്-ഫ്യുവല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ആസൂത്രണവും  മന്ത്രി വിശദീകരിച്ചു. നിര്‍ദിഷ്ട പദ്ധതിയ്ക്ക് കീഴില്‍ ബിഐഎസ്  മാനദണ്ഡങ്ങള്‍ പ്രകാരം ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങളുടെ ഏകീകൃത ഇന്ധന നിലവാരമായി E85 നിശ്ചയിച്ചിട്ടുണ്ട്.  പദ്ധതി പ്രകാരം ഡല്‍ഹി-എന്‍സിആര്‍, മുംബൈ-പൂനെ-നാഗ്പൂര്‍ ഇടനാഴികളില്‍ ആദ്യഘട്ടമായി 50-100 ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധന ചില്ലറവില്പന കേന്ദ്രങ്ങള്‍  ആരംഭിക്കാന്‍ നിര്‍ദേശമുണ്ട്.  2026 ഡിസംബറോടെ  ഏകദേശം 500 കേന്ദ്രങ്ങളായും 2027 അവസാനത്തോടെ പ്രധാന നഗരങ്ങളിലുടനീളം ഏകദേശം 5,000 കേന്ദ്രങ്ങളായും ഇത് വിപുലീകരിക്കും.
 
****

(रिलीज़ आईडी: 2269006) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali-TR , Bengali , Gujarati , Tamil , Kannada