രാഷ്ട്രപതിയുടെ കാര്യാലയം
സിക്കിം പൊലീസിന് രാഷ്‌ട്രപതി 'പ്രസിഡൻ്റ്സ് പോലീസ് കളർ' സമ്മാനിച്ചു
പോസ്റ്റഡ് ഓണ്‍:
28 MAY 2026 12:25PM by PIB Thiruvananthpuram
ഗാങ്‌ടോക്കിൽ ഇന്ന് (2026 മേയ് 28) നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സിക്കിം പൊലീസിന് 'പ്രസിഡൻ്റ്സ് പോലീസ് കളർ' സമ്മാനിച്ചു .
ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, സിക്കിം പൊലീസുമായി മുൻകാലങ്ങളിലും ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഓഫീസർമാരേയും പോലീസ് ഉദ്യോഗസ്ഥരേയും ഈ ബഹുമതി ലഭിച്ചതിൽ അഭിനന്ദിച്ചു. 1897-ൽ സ്ഥാപിതമായതുമുതൽ, സിക്കിമിൽ സമാധാനവും സുരക്ഷയും നീതിയും ഉറപ്പാക്കാൻ ഈ സേന പ്രവർത്തിച്ചിട്ടുണ്ടെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ പോലീസ് സംവിധാനത്തിൽ ദീർഘകാലത്തെ കൊളോണിയൽ ഭരണത്തിൻ്റെ മുദ്ര പതിഞ്ഞിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കൊളോണിയൽ അടിമത്തത്തിൻ്റെ കാലഘട്ടത്തിൽ, ജനങ്ങളെ സേവിക്കുക എന്നതല്ലായിരുന്നു പോലീസിൻ്റെ പ്രാഥമിക ലക്ഷ്യം, മറിച്ച് അവരെ നിയന്ത്രിക്കുകയും ഭരണകൂടത്തിൻ്റെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുകയും ചെയ്യുക എന്നതായിരുന്നു. തൽഫലമായി, പോലീസ് സംവിധാനത്തിനുള്ളിൽ ഒരു കൊളോണിയൽ മനോഭാവം രൂപപ്പെട്ടു. ഈ മനോഭാവപ്രകാരം ജനങ്ങളുമായി സഹകരിക്കുക എന്നതിലുപരി അവരെ ഭരിക്കുക എന്ന സമീപനമായിരുന്നു പോലീസ് സ്വീകരിച്ചിരുന്നത്. എന്നാൽ ഈ മനോഭാവം ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കുന്നതിന്, ഈ കൊളോണിയൽ സമീപനം പൂർണ്ണമായും ഉപേക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു. എങ്കിൽ മാത്രമേ വികസിത ഇന്ത്യക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പൗരന്മാർക്ക് പൂർണ്ണമനസ്സോടെ സംഭാവന നല്കാൻ സാധിക്കുകയുള്ളൂ.

പോലീസ് സംവിധാനത്തിനുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും അനിവാര്യമാണെന്ന് രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. സാധാരണക്കാർക്ക് ഭയമില്ലാതെ അവരുടെ പരാതികൾ ബോധിപ്പിക്കാൻ കഴിയുന്ന തരത്തിൽ പോലീസ് സംവിധാനം കൂടുതൽ ജനസൗഹൃദമാകണമെന്ന് അവർ പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾ എന്നിവരോട് സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കുന്നതിനും മുൻഗണന നല്കണം.

പോലീസ് ജനങ്ങളുടെ പങ്കാളികളായും വഴികാട്ടികളായും മാറണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ കൂട്ടായ പങ്കാളിത്തം സ്വീകരിക്കുന്നതിലൂടെ, പൊലീസിനും ജനങ്ങൾക്കുമിടയിലുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടും. പോലീസ് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവർക്ക് സഹായം ലഭ്യമാക്കുകയും ചെയ്യുമ്പോൾ, അത് സമൂഹത്തിനുള്ളിൽ സുരക്ഷിതത്വബോധം വർദ്ധിപ്പിക്കുന്നതോടൊപ്പം നിയമവാഴ്ചയോടുള്ള ആദരവ് ആഴപ്പെടുത്തുകയും ചെയ്യും. പോലീസ് സംവിധാനത്തിൻ്റെ ലക്ഷ്യം കുറ്റവാളികളെ പിടികൂടുന്നതിൽ മാത്രം ഒതുങ്ങരുതെന്നും മറിച്ച്, സുരക്ഷിതവും സാമൂഹിക ബോധമുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്ക് വ്യാപിപ്പിക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു.
സിക്കിമിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിന് സിക്കിം പോലീസ് ഗണ്യമായ സംഭാവന നല്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ സമീപനത്തിലൂടെയും ജനങ്ങളോടുള്ള സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും സിക്കിമിലെ ജനങ്ങളുടെ സ്നേഹവും ആദരവും നേടിയെടുക്കാൻ ഈ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക -
***
( റിലീസ് ഐ.ഡി: 2266374)
സന്ദര്‍ശക കൗണ്ടര്‍ : 9