റെയില്‍വേ മന്ത്രാലയം
പരിസ്ഥിതി സൗഹൃദവും മികച്ച ഊർജ്ജ കാര്യക്ഷമതയും; ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കാൻ പൂർണ്ണസജ്ജം
പോസ്റ്റഡ് ഓണ്‍:
27 MAY 2026 2:20PM by PIB Thiruvananthpuram
ഹരിതവും സുസ്ഥിരവുമായ ഗതാഗതത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പിൽ, വടക്കൻ റെയിൽവേയിലെ ജിന്ദ്-സോണിപത് സെക്ഷനിൽ പത്ത് ബോഗികളുള്ള ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിത ട്രെയിൻ സെറ്റ് അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. ഈ ട്രെയിൻ ഉടൻ തന്നെ സർവീസ് ആരംഭിക്കാൻ പൂർണസജ്ജമാണ്. 1200 കിലോവാട്ട് ഹൈഡ്രജൻ ഇന്ധന സെൽ പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗപ്പെടുത്തി മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ പ്രവർത്തിക്കും.
ജലബാഷ്പം മാത്രം ബഹിർഗമനം ചെയ്യുന്ന ഹൈഡ്രജൻ ഉപയോഗിച്ചുള്ള ഒരു രാസപ്രവർത്തനത്തിലൂടെ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു, ഇത് പരമ്പരാഗത ഫോസിൽ ഇന്ധന അധിഷ്ഠിത ട്രാക്ഷൻ സംവിധാനങ്ങൾക്കുള്ള പരിസ്ഥിതിസൗഹൃദമായ ഒരു ശുദ്ധ ബദലായി മാറുന്നു. സുസ്ഥിരമായ ചലനാത്മകതയ്ക്കുള്ള ഒരു വാഗ്ദത്ത പരിഹാരമായി ഹൈഡ്രജൻ അധിഷ്ഠിത റെയിൽ സംവിധാനങ്ങൾ ആഗോളതലത്തിൽ കൂടുതൽ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സംരംഭത്തോടെ, പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗതത്തിനായി ഹൈഡ്രജന്റെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്ന ജർമ്മനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേരുന്നു. ഈ സാങ്കേതികവിദ്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ, പരിമിതമായ എണ്ണം രാജ്യങ്ങൾ മാത്രമേ നിലവിൽ ഇത്തരം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്നുള്ളൂ.
ഹരിയാനയിലെ ജിന്ദ്-സോണിപത് സെക്ഷനെയാണ് ഈ പ്രവർത്തനങ്ങൾക്കുള്ള പൈലറ്റ് റൂട്ട് ആയി നിർണയിച്ചിരിക്കുന്നത്. ഈ ട്രെയിൻ സെറ്റിനായി ജിന്ദിൽ ഒരു തദ്ദേശീയ ഹൈഡ്രജൻ സംഭരണ, ഇന്ധനം നിറയ്ക്കൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് കംപ്രസ്സ് ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും ആവശ്യമായ ലൈസൻസ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുവദിച്ചിട്ടുണ്ട്.
ഇന്ധനം നിറയ്ക്കൽ പ്രവർത്തനങ്ങൾക്കായി ഒരു ഹൈഡ്രജൻ കംപ്രഷൻ സംവിധാനവും, വിശ്വസനീയവും പിഴവില്ലാത്ത തരത്തിൽ സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണയും അടിയന്തരഘട്ടങ്ങളിൽ ആവശ്യമായ നിർണായക യന്ത്രഭാഗങ്ങളും നൽകിയിട്ടുണ്ട്. ഒരു സ്റ്റാൻഡ്ബൈ കംപ്രസർ യൂണിറ്റും ഉറപ്പു വരുത്തുന്നുണ്ട്. ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണ സൗകര്യം എന്നിവയിൽ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രജൻ ലീക്ക് ഡിറ്റക്ടറുകൾ, ഫ്‌ളെയിം ഡിറ്റക്ടറുകൾ എന്നിവയുൾപ്പെടെ വിവിധ സുരക്ഷാ സെൻസറുകൾ പതിവായി പരിശോധിച്ച് വൃത്തിയാക്കി പൊടി അടിഞ്ഞുകൂടുന്നത് തടയുകയും സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യും.
ഹൈഡ്രജൻ ട്രെയിൻ സെറ്റിനും ഹൈഡ്രജൻ പ്ലാന്റിനുമുള്ള, ആർ.ഡി.എസ്.ഒ അംഗീകരിച്ച പ്രവർത്തന, പരിപാലന മാനുവലുകളും ലഭ്യമാക്കുന്നു. ശകുർബസ്തിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അറ്റകുറ്റപ്പണി സംവിധാനത്തിന് ആവശ്യമായ സുരക്ഷാ വ്യവസ്ഥകൾ, പതിവ് ഓഡിറ്റുകൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്
ഹൈഡ്രജൻ ഇന്ധനം നിറയ്ക്കൽ സംവിധാനത്തിന്റെ മുഴുവൻ സമയ നിരീക്ഷണം, നിർണായക പ്രവർത്തനങ്ങൾക്കായി പരിശീലനം സിദ്ധിച്ചതും അംഗീകൃതവുമായ ഉദ്യോഗസ്ഥരെ വിന്യസിക്കൽ, പതിവ് പരിശോധന, അറ്റകുറ്റപ്പണി ഷെഡ്യൂളുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സുരക്ഷയും പ്രവർത്തന പ്രോട്ടോക്കോളുകളും അംഗീകാരം നിർബന്ധമാക്കുന്നു. പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ, സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ പരിശീലനം ലഭിച്ച സാങ്കേതിക ജീവനക്കാർ ട്രെയിനിനൊപ്പം ഉണ്ടാകും.
നൂതനാശയങ്ങൾ, ഊർജ്ജ കാര്യക്ഷമത, പരിസ്ഥിതിസൗഹൃദ സുസ്ഥിര ഗതാഗതം എന്നിവയോടുള്ള ഇന്ത്യൻ റെയിൽവേയുടെ വിശാലമായ പ്രതിബദ്ധതയെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു, കൂടാതെ ഇത് ഇന്ത്യയുടെ ദേശീയ ശുദ്ധ ഊർജ്ജ നിലപാടിനെയും, നെറ്റ്-സീറോ കാർബൺ ബഹിർഗമന ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നു.
( റിലീസ് ഐ.ഡി: 2265917)
സന്ദര്‍ശക കൗണ്ടര്‍ : 9