ആഭ്യന്തരകാര്യ മന്ത്രാലയം
ഓപ്പറേഷൻ റെയ്‌ജ്‌പിൽ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുശൃംഖലയെ തകർത്ത് എൻ.സി.ബി; പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ‘ക്യാപ്റ്റഗൺ’ എന്ന സൈക്കോട്രോപിക് പദാർഥം ഇന്ത്യയിൽ ആദ്യമായി പിടിച്ചെടുത്തു
പോസ്റ്റഡ് ഓണ്‍:
16 MAY 2026 2:06PM by PIB Thiruvananthpuram
രാജ്യാന്തര സിന്തറ്റിക് മയക്കുമരുന്ന് കടത്തുശൃംഖലകൾക്കെതിരായ വലിയ മുന്നേറ്റത്തിൽ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി), ‘ഓപ്പറേഷൻ റെയ്‌ജ്‌പില്ലി'ലൂടെ ക്യാപ്റ്റഗൺ കടത്തുന്നതിൽ ഏർപ്പെട്ടിരുന്ന അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തെ കണ്ടെത്തി. ഇതിൻ്റെ ഭാഗമായി ഏകദേശം 227.7 കിലോഗ്രാം ക്യാപ്റ്റഗൺ ഗുളികകളും/പൊടിയും പിടിച്ചെടുത്തു. ഈ സംഘത്തിലെ അംഗമായ സിറിയൻ പൗരനെ അറസ്റ്റ് ചെയ്തു. വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തങ്ങുകയായിരുന്നു ഇയാൾ. എൻഡിപിഎസ് നിയമപ്രകാരം സൈക്കോട്രോപിക് പദാർഥങ്ങളുടെ പരിധിയിൽവരുന്ന ഫെനറ്റിലൈൻ, ആംഫെറ്റാമൈൻ എന്നിവയാണു ക്യാപ്റ്റഗണിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ‘ഓപ്പറേഷൻ റെയ്‌ജ്‌പിൽ’ വിജയകരമായി നടപ്പാക്കിയ എൻ.സി.ബിയിലെ ധീരരും ജാഗരൂകരുമായ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ‘ഓപ്പറേഷൻ റെയ്‌ജ്‌പിൽ’ വഴി നമ്മുടെ ഏജൻസികൾ “ജിഹാദി ഡ്രഗ്” എന്നറിയപ്പെടുന്ന ക്യാപ്റ്റഗൺ ഇന്ത്യയിൽ ആദ്യമായി പിടിച്ചെടുക്കുന്ന നേട്ടം കൈവരിച്ചുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്‌സിൽ കുറിച്ചതിങ്ങനെ: “‘ലഹരിമുക്ത ഇന്ത്യ’ കെട്ടിപ്പടുക്കാൻ മോദി ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്. ‘ഓപ്പറേഷൻ റെയ്‌ജ്‌പിൽ’ വഴി നമ്മുടെ ഏജൻസികൾ 182 കോടി രൂപ വിലമതിക്കുന്ന, “ജിഹാദി ഡ്രഗ്” എന്നറിയപ്പെടുന്ന ക്യാപ്റ്റഗൺ ഇന്ത്യയിൽ ആദ്യമായി പിടിച്ചെടുത്തുവെന്ന വിവരം സന്തോഷപൂർവം പങ്കുവയ്ക്കുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കു കടത്താൻ ലക്ഷ്യമിട്ടിരുന്ന ലഹരിമരുന്നു ശേഖരം പിടികൂടിയതും ഒരു വിദേശ പൗരനെ അറസ്റ്റ് ചെയ്തതും ലഹരിമരുന്നിനെതിരെയുള്ള നമ്മുടെ ‘സഹിഷ്ണുതാരഹിത’ പ്രതിജ്ഞാബദ്ധതയുടെ തിളക്കമാർന്ന ഉദാഹരണങ്ങളാണ്. ഇന്ത്യയിലേക്കു എത്തുന്നതോ, നമ്മുടെ ഭൂപ്രദേശം ട്രാൻസിറ്റ് പാതയായി ഉപയോഗിച്ച് രാജ്യത്തിനു പുറത്തേക്ക് പോകുന്നതോ ആയ ഓരോ ഗ്രാം ലഹരിമരുന്നിനെയും നാം ഇല്ലാതാക്കുമെന്ന് ഞാൻ ആവർത്തിക്കുന്നു. എൻ.സി.ബിയിലെ ധീരരും ജാഗരൂകരുമായ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.”
ഇന്ത്യയെ ക്യാപ്റ്റഗൺ കടത്താനുള്ള ഇടനാഴിയായി ഉപയോഗിക്കുന്നുവെന്ന് ഒരു വിദേശ മയക്കുമരുന്ന് നിയമപാലക ഏജൻസിയിൽനിന്നു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹിയിലെ നെബ് സരായിയിലുള്ള വീട് കണ്ടെത്തുകയും 2026 മെയ് 11-ന് അവിടെ നടത്തിയ പരിശോധനയിൽ ഏകദേശം 31.5 കിലോഗ്രാം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ചപ്പാത്തി കട്ടിങ് യന്ത്രത്തിനുള്ളിൽ വളരെ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പ്രാഥമിക അന്വേഷണത്തിൽ ഇതു സൗദി അറേബ്യയിലെ ജിദ്ദയിലേക്കു കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതാണെന്ന സൂചന ലഭിച്ചു. പിടിക്കപ്പെട്ട സിറിയൻ പൗരൻ 2024 നവംബർ 15ന് വിനോദസഞ്ചാര വിസയിലാണ് ഇന്ത്യയിൽ എത്തിയതെന്നും എന്നാൽ 2025 ജനുവരി 12ന് അദ്ദേഹത്തിൻ്റെ വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഇന്ത്യയിൽ തങ്ങുകയായിരുന്നെന്നും നെബ് സരായിയിലെ ഈ വീടു വാടകയ്‌ക്കെടുത്തതാണെന്നും പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു.
പ്രതിയെ ചോദ്യം ചെയ്തതിനെത്തുടർന്ന്, 2026 മെയ് 14-ന് ഗുജറാത്തിലെ മുന്ദ്രയിലുള്ള കണ്ടെയ്നർ ഫെസിലിറ്റേഷൻ സ്റ്റേഷനിലെ കണ്ടെയ്നറിൽനിന്ന് ഏകദേശം 196.2 കിലോഗ്രാം ക്യാപ്റ്റഗൺ പൊടി കൂടി പിടിച്ചെടുത്തു. ചെമ്മരിയാടുകളുടെ രോമം അടങ്ങിയ ചരക്ക് എന്ന വ്യാജേന സിറിയയിൽനിന്നാണ് ഈ കണ്ടെയ്നർ ഇറക്കുമതി ചെയ്തത്. കണ്ടെയ്നറിൽ നടത്തിയ വിശദമായ പരിശോധനയിൽ 196.2 കിലോഗ്രാം ക്യാപ്റ്റഗൺ പൊടി അടങ്ങിയ 3 ചാക്കുകൾ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത ഈ ലഹരിമരുന്നു ശേഖരം ഗൾഫ് മേഖലയിലേക്ക്, പ്രത്യേകിച്ച് സൗദി അറേബ്യയിലേക്കും മറ്റ് സമീപ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടു. ഈ പ്രദേശങ്ങളിൽ ക്യാപ്റ്റഗണിൻ്റെ ദുരുപയോഗം നിയമപാലകർക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ആശങ്കയായി മാറിയിരിക്കുകയാണ്.
‘ഓപ്പറേഷൻ റെയ്‌ജ്‌പിൽ’ വഴി പിടിച്ചെടുത്ത മൊത്തം മയക്കുമരുന്നുശേഖരം ഏകദേശം 227.7 കിലോഗ്രാം ക്യാപ്റ്റഗൺ ഗുളികകളും/പൊടിയുമാണ്; ഇതിനു ഗൾഫ്-പശ്ചിമേഷ്യൻ വിപണികളിൽ ഏകദേശം 182 കോടി രൂപയുടെ അനധികൃത അന്താരാഷ്ട്ര വിപണി മൂല്യം കണക്കാക്കപ്പെടുന്നു.
ഇന്ത്യയിൽവച്ച് ക്യാപ്റ്റഗൺ പിടികൂടുന്ന ആദ്യത്തെ സംഭവമായി ഈ ഓപ്പറേഷൻ മാറുകയും, ഇന്ത്യയെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാൻ അന്താരാഷ്ട്ര സംഘം നടത്തുന്ന ശ്രമങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യാന്തര മയക്കുമരുന്ന് കടത്തുശൃംഖലകളെ കണ്ടെത്തുന്നതിനും തടയുന്നതിനും തകർക്കുന്നതിനും അന്താരാഷ്ട്ര രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതും നിയമപാലകരുടെ സഹകരണവും എത്രത്തോളം നിർണായക പങ്ക് വഹിക്കുന്നു എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഈ നടപടി. അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തെ തകർക്കാൻ ലോകമെമ്പാടുമുള്ള ലഹരിവിരുദ്ധ ഏജൻസികൾക്ക് എങ്ങനെ ഒന്നിച്ചു പ്രവർത്തിക്കാമെന്നും ഇതു വെളിവാക്കുന്നു.
ആഗോള സിൻഡിക്കറ്റുകൾ പ്രാദേശിക അതിർത്തികൾ ഭേദിച്ച് മയക്കുമരുന്ന് കടത്തുന്നതിനായി വാണിജ്യ ചരക്കുകളെയും കണ്ടെയ്നർ വ്യാപാരപാതകളെയും ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നു എന്നതിലേക്കാണ് ഈ പിടിച്ചെടുക്കൽ വിരൽ ചൂണ്ടുന്നത്. ഇക്വഡോറിൽനിന്നു വന്ന കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിൽ 349 കിലോഗ്രാം കൊക്കെയ്ൻ മുംബൈയിൽ എൻ.സി.ബി അടുത്തിടെ പിടികൂടിയ മറ്റൊരു പ്രധാന നടപടിയുടെ പശ്ചാത്തലത്തിൽ, ഇപ്പോഴുണ്ടായ ഈ ക്യാപ്റ്റഗൺ വേട്ടയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇതുമായി ബന്ധപ്പെട്ട മയക്കുമരുന്നിൻ്റെ ഉറവിടം, സാമ്പത്തിക-ഹവാല ഇടപാടുകൾ, ലോജിസ്റ്റിക്സ് സഹായികൾ, അന്താരാഷ്ട്രതലത്തിലുള്ള സ്വീകർത്താക്കൾ, വിപുലമായ രാജ്യാന്തര ശൃംഖല എന്നിവ കണ്ടെത്താനായി എൻ.സി.ബി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ലഹരി ദുരുപയോഗം എന്നീ ആഗോള പ്രശ്നങ്ങൾക്കെതിരെ കൂട്ടായ പ്രതിരോധം ഉറപ്പാക്കുന്നതിനായി, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, മയക്കുമരുന്ന് മാഫിയ തലവന്മാരെ നാടുകടത്തൽ, ലഹരിമരുന്ന് -ഭീകരതയ്ക്കും മയക്കുമരുന്നു മാഫിയകൾക്കും എതിരായ ഏകോപിത നടപടികൾ എന്നിവയിലൂടെ അന്താരാഷ്ട്ര സഹകരണം ശക്തമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ നിർദേശത്തിലും, ലഹരി ദുരുപയോഗത്തിനെതിരെയുള്ള ‘സഹിഷ്ണുതാരഹിത’ നയത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എൻ.സി.ബി ആവർത്തിച്ചു വ്യക്തമാക്കുന്നു. അതിർത്തികൾക്കതീതമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു സംഘങ്ങളെ തകർക്കുന്നതിനായി ദേശീയ-അന്തർദേശീയ ഏജൻസികളുമായി ചേർന്ന് എൻ.സി.ബി തുടർച്ചയായി പ്രവർത്തിക്കുകയാണ്. ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘മാനസ്’ (MANAS) ഹെൽപ്പ്‌ലൈൻ (ടോൾ ഫ്രീ നമ്പർ: 1933) വഴി അറിയിക്കാൻ എൻ.സി.ബി പൗരന്മാരോട് അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
***
( റിലീസ് ഐ.ഡി: 2261761)
സന്ദര്‍ശക കൗണ്ടര്‍ : 15