|
ഗ്രാമീണ വികസന മന്ത്രാലയം
'തൊഴിലാളികളുടെ ജീവിതത്തിൽ ഒരു പുതിയ പുലരി' - ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
പോസ്റ്റഡ് ഓണ്‍:
11 MAY 2026 3:00PM by PIB Thiruvananthpuram
ഇന്ത്യയുടെ ഗ്രാമവികസന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കേന്ദ്ര ഗവണ്മെന്റ് ഇന്ന് (2026 മെയ് 11- ന്) വി.ബി-ജി റാം ജി നിയമം എന്ന് അറിയപ്പെടുന്ന 'വികസിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 2026 ജൂലൈ 01 മുതൽ രാജ്യമെമ്പാടും ഈ നിയമം പ്രാബല്യത്തിൽ വരും. നിർധന ഗ്രാമീണർ, തൊഴിലാളി കുടുംബങ്ങൾ, വനിതകൾ, സ്വയം സഹായ സംഘങ്ങൾ, കർഷകർ എന്നിവർക്ക് ഗ്രാമങ്ങളിൽ പുതിയ പ്രതീക്ഷകൾ, മെച്ചപ്പെട്ട വരുമാന സുരക്ഷ, വലിയ തോതിലുള്ള സുസ്ഥിര വികസന സംരംഭങ്ങൾ എന്നിവയ്ക്ക് ഈ നിയമനിർമ്മാണം വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാൻ പ്രസ്താവിച്ചു.
'വിക്‌സിത് ഭാരത് ജി-റാം ജി നിയമത്തിന്റെ' വിജ്ഞാപനം പുറപ്പെടുവിച്ചതായി ഇന്ന് ഭോപ്പാലിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കേന്ദ്ര മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചു. ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, തൊഴിലന്വേഷകരായ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് പ്രതിവർഷം 125 ദിവസത്തെ തൊഴിൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 100 ദിവസമെന്ന മുൻ വ്യവസ്ഥയിൽ നിന്ന് വർദ്ധനവുണ്ടായി. ഈ ഇടക്കാല കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (MGNREGA) എല്ലാ വ്യവസ്ഥകളും പ്രാബല്യത്തിൽ തുടരുമെന്നും, MGNREGA ചട്ടക്കൂടിന് കീഴിൽ തീർപ്പാക്കാത്ത പ്രവൃത്തികളെല്ലാം ജൂലൈ 1-ന് മുമ്പ് പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് ശേഷം പുതിയ നിയമത്തിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഈ പരിവർത്തന ഘട്ടത്തിൽ ഒരു തൊഴിലാളിക്കും തൊഴിൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇത് ഉറപ്പാക്കുന്നതിന് സമഗ്രമായ ക്രമീകരണങ്ങൾ ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.
വിക്‌സിത് ഭാരത് ജി-റാം ജി സംരംഭത്തിന് കീഴിൽ, മിക്ക സംസ്ഥാനങ്ങൾക്കും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ പരമാവധി ആറ് മാസത്തെ സമയം ലഭിക്കുമെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ജൂലൈ ഒന്നിനകം ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിൽ ഏതെങ്കിലും സംസ്ഥാനം പരാജയപ്പെട്ടാൽ, ജൂലൈ ഒന്നിന് ശേഷം ഏറ്റെടുക്കുന്ന പ്രവൃത്തികൾക്കുള്ള ധനസഹായ രീതി 'വികസിത ഭാരതം ജി-റാം ജി' പദ്ധതി നിയന്ത്രിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഈ പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ബജറ്റിൽ 95,000 കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ശ്രീ ശിവരാജ് സിംഗ് ചൂണ്ടിക്കാട്ടി. ഇതിന്റെ നിർവഹണത്തിനായി സംസ്ഥാനങ്ങൾ അതത് ബജറ്റുകളിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും, കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംയോജിത വിഹിതം 1,51,000 കോടി രൂപ കവിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികൾക്കുള്ള വേതനം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ-DBT) വഴി അവരുടെ ബാങ്കിലെയോ പോസ്റ്റ് ഓഫീസിലെയോ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ പണവിനിമയം കൈകാര്യം ചെയ്യുകയെന്നതാണ് ലക്ഷ്യമെങ്കിലും, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പരമാവധി 15 ദിവസത്തിനുള്ളിൽ ഫണ്ടുകൾ അവരുടെ അക്കൗണ്ടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. 15 ദിവസത്തിനുള്ളിൽ ഫണ്ട് ലഭിച്ചില്ലെങ്കിൽ, തൊഴിലാളികൾക്ക് വേതന കാലതാമസത്തിനുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നും, വേതന വിതരണത്തിൽ കാലതാമസം ഉണ്ടായാൽ അധിക തുക നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിനനുസരിച്ച് തൊഴിൽ ലഭ്യമായില്ലെങ്കിൽ തൊഴിലില്ലായ്മ വേതനവും ലഭ്യമാക്കണമെന്ന് ശ്രീ. ശിവരാജ് സിംഗ് പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത സമഗ്ര പദ്ധതിയെന്ന് ഇതിനെ വിശേഷിപ്പിക്കവെ, 151,000 കോടിയിലധികം രൂപയുടെ വാർഷിക ബജറ്റ് വിഹിതത്തിന്റെ പിന്തുണയോടെ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വൻതോതിൽ ഏറ്റെടുക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലസംരക്ഷണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, വിദ്യാലയങ്ങൾ, അങ്കണവാടി കെട്ടിടങ്ങൾ തുടങ്ങിയ അവശ്യ പ്രവർത്തനങ്ങൾക്ക് ഈ സംരംഭം സഹായകമാകുമെന്ന് അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു. ഉപജീവനമാർഗം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളുടെ പരിധിയിൽ, സ്വയം സഹായ സംഘങ്ങളിലെയും കർഷക ഉൽപ്പാദക സംഘടനകളിലെയും വനിതാ അംഗങ്ങൾക്കായി വർക്കിങ് ഷെഡുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിന്, നദീതീര ഗ്രാമങ്ങളിലോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലോ സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നത് പോലുള്ള ജോലികളും ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാവുന്നതാണ്. ഈ പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പര്യാപ്തവും സമയബന്ധിതവുമായ വേതനം ഉറപ്പാക്കുന്നതിന്, ഭരണനിർവഹണപരമായ ചെലവ് വിഹിതം 6 ശതമാനത്തിൽ നിന്ന് 9 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയമാതെന്നും, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായുള്ള അടിത്തറയായി 'വികസിത ഗ്രാമങ്ങൾ' കെട്ടിപ്പടുക്കുകയെന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ പദ്ധതി ഒരു നാഴികക്കല്ലായിരിക്കുമെന്നും കേന്ദ്രമന്ത്രി ശ്രീ. ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
*****
( റിലീസ് ഐ.ഡി: 2259870)
|