പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 21 APR 2026 6:09PM by PIB Thiruvananthpuram



പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖകപ്പല്‍ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്ന സഹായങ്ങള്‍, പ്രധാന മേഖലകളില്‍ സ്ഥിരത നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും വാര്‍ത്താസമ്മേളനത്തില്‍ ഈ മേഖലയിലെ പുതിയ വിവരങ്ങള്‍ നല്‍കി.

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ വിവരങ്ങള്‍

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ക്ഷീര മൂല്യശൃംഖലയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായും മറ്റ് അനുബന്ധ മന്ത്രാലയങ്ങളുമായും ഏകോപനത്തോടെ നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും രാജ്യത്തുടനീളം പാല്‍ സംഭരണവും സംസ്‌കരണവും വിതരണവും തടസരഹിതമായി തുടരുന്നു. പാലിന്റെയും പാലുല്പന്നങ്ങളുടെയും വില മാറ്റമില്ലാതെ നിലനിര്‍ത്താനായി. വിപണിയില്‍ വിതരണ തടസ്സങ്ങളൊന്നും സംഭവിച്ചിട്ടില്ല. കൂടാതെ പ്രതിസന്ധി ഘട്ടത്തിലുടനീളം ക്ഷീരകര്‍ഷകരുടെ പ്രതിഫലം മുടങ്ങാതെ നല്‍കിവരുന്നുണ്ട്.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സ്വീകരിച്ച നടപടികള്‍:

നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് മൃഗസംരക്ഷണവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പങ്കാളികളുമായി പതിവുയോഗങ്ങള്‍ ചേരുന്നു.

ഇന്ധന ലഭ്യത:

ഇന്ധന വിതരണത്തെ (ഗ്യാസ്) സംബന്ധിച്ചിടത്തോളം 2026 ഏപ്രില്‍ 8ലെ പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ക്ഷീരസംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക വ്യവസായങ്ങള്‍ക്ക് 2026 മാര്‍ച്ചിന് മുന്‍പത്തെ ഗാര്‍ഹികേതര എല്‍.പി.ജി വിതരണത്തിന്റെ 70 ശതമാനം ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇത് ക്ഷീരരംഗത്തെ പ്രവര്‍ത്തനങ്ങളിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നു. തുടര്‍ന്ന്, എല്‍.പി.ജി ആശ്രിതത്വം കുറയ്ക്കാന്‍ സാധ്യമായ ഇടങ്ങളിലെല്ലാം എല്‍.പി.ജിയില്‍ നിന്ന് പൈപ്പ് ലൈന്‍ പ്രകൃതി വാതകത്തിലേക്ക് മാറാന്‍ എല്ലാ ക്ഷീരസംസ്‌കരണ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാക്കേജിങ് സാമഗ്രികള്‍:

പെട്രോളിയം മന്ത്രാലയം രൂപീകരിച്ച പെട്രോകെമിക്കല്‍സ് സംയുക്ത പ്രവര്‍ത്തക സമിതിയിലെ അംഗമെന്ന നിലയില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മുന്നോട്ടുവെച്ച ക്ഷീരമേഖലയിലെ പാക്കേജിങ് ആവശ്യകതകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ സമിതി പരിഹരിച്ചു. ക്ഷീരവ്യവസായത്തിലെ പ്ലാസ്റ്റിക് പാക്കേജിങ്ങിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ LDPEയുടെ 0.23 TMT പെട്രോളിയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ക്ഷീരോല്പന്നങ്ങളുടെ പാക്കേജിങ്ങിലെ പ്ലാസ്റ്റിക് കപ്പുകള്‍ക്ക് അനിവാര്യമായ പ്രൊപ്പിലീന്‍, പോളിസ്‌റ്റെറീന്‍ എന്നിവയുടെ തുടര്‍ച്ചയായ വിതരണവും ഉറപ്പാക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം പാക്കേജിങ് വസ്തുക്കളുടെ സുഗമമായ വിതരണത്തിന് വകുപ്പ് ഇത്തരം വസ്തുക്കളുടെ വിതരണക്കാരുമായി അടുത്ത ഏകോപനം നടത്തുന്നുണ്ട്.

പാല്‍ സാഹചര്യം വിലയിരുത്താനും പശ്ചിമേഷ്യന്‍ പ്രതിസന്ധി ക്ഷീരമേഖലയില്‍ ഉണ്ടാക്കുന്ന ആഘാതം നിരീക്ഷിക്കാനും 2026 ഏപ്രില്‍ 20ന് രാജ്യത്തെ എല്ലാ സംസ്ഥാന പാല്‍ ഫെഡറേഷനുകളുടെയും പാല്‍ യൂണിയനുകളുടെയും യോഗം ചേര്‍ന്നു. ക്ഷീര മേഖലയിലേക്ക് ഇന്ധനവും (ഗ്യാസ്) പ്ലാസ്റ്റിക് പാക്കേജിങ് വസ്തുക്കളും വിതരണം ചെയ്യുന്നതില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

ക്ഷീര വിതരണ ശൃംഖലയും പാല്‍, ഇന്ധനം, പാക്കേജിങ് സാമഗ്രികള്‍ എന്നിവയുടെ ലഭ്യതയും ദിവസേന നിരീക്ഷിക്കുന്നതിന് എല്ലാ സംസ്ഥാന ഫെഡറേഷനുകളെയും പാല്‍ യൂണിയനുകളെയും ഉള്‍പ്പെടുത്തി 2026 മാര്‍ച്ച് 30ന് പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു.

കയറ്റുമതി:

കയറ്റുമതി ചെയ്ത ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് തിരികെയെത്തിക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് 2026 മാര്‍ച്ച് 25 മുതല്‍ മൃഗങ്ങളുടെ ലളിതവല്‍ക്കരിച്ച ക്വാറന്റൈന്‍ അനുമതി സംബന്ധിച്ച നടപടിക്രമം വിജ്ഞാപനം ചെയ്തു.

ഊര്‍ജ വിതരണവും ഇന്ധന ലഭ്യതയും

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തുടനീളം പെട്രോളിയം ഉല്പന്നങ്ങളുടെയും എല്‍.പി.ജിയുടെയും തടസരഹിതമായ ലഭ്യത ഉറപ്പാക്കാന്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നടപടികള്‍ സ്വീകരിച്ചുവരുന്നു. മന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍:

പൊതു നിര്‍ദേശങ്ങളും പൗര ബോധവല്‍ക്കരണവും:

പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരായി ഇവ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

കിംവദന്തികളില്‍ വിശ്വസിക്കാതിരിക്കുകയും കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയും ചെയ്യണം.

എല്‍.പി.ജി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണക്കാരെ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

പൈപ്പ് ലൈന്‍ പ്രകൃതിവാതകമോ ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ പാചക അടുപ്പുകളോ തുടങ്ങി ബദല്‍ ഇന്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജസംരക്ഷണത്തിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സര്‍ക്കാര്‍ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിലും ഗാര്‍ഹിക എല്‍.പി.ജി, ഗാര്‍ഹിക പി.എന്‍.ജി, ഗതാഗത മേഖലയില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി എന്നിവയുടെ 100 ശതമാനം വിതരണവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

വാണിജ്യ എല്‍.പി.ജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ ഔഷധനിര്‍മാണം, സ്റ്റീല്‍, വാഹന നിര്‍മാണം, വിത്ത്, കൃഷി തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കൂടാതെ, അതിഥി തൊഴിലാളികളുടെ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തില്‍ ഇരട്ടിയാക്കി.

എണ്ണ സംസ്‌കരണശാലകളിലെ ഉല്പാദനത്തിലെ വര്‍ധന, സിലിണ്ടര്‍ ബുക്കിങുകള്‍ തമ്മിലെ ഇടവേള നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തല്‍, വിതരണത്തിന് വിവിധ മേഖലകളുടെ മുന്‍ഗണനാക്രമം എന്നിങ്ങനെ വിതരണ ആവശ്യകതാ മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം യുക്തിസഹമായ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

എല്‍.പി.ജി ആവശ്യകതയുടെ സമ്മര്‍ദം കുറയ്ക്കുന്നതിന് മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ബദല്‍ ഇന്ധനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധിക കല്‍ക്കരി നല്‍കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗരേണി കോളിയറീസിനും നിര്‍ദേശം നല്‍കി.

ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പി.എന്‍.ജി കണക്ഷനുകള്‍ നല്‍കുന്ന നടപടി സുഗമമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത ശ്രമങ്ങളും സ്ഥാപന സംവിധാനങ്ങളും
എല്‍.പി.ജി വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും അവശ്യസാധന നിയമം1955, എല്‍.പി.ജി നിയന്ത്രണ ഉത്തരവ്- 2000 എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്.

പെട്രോള്‍, ഡീസല്‍, എല്‍.പി.ജി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രാഥമിക പങ്കുണ്ട്. ഇക്കാര്യം നിരവധി കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്.

മതിയായ ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നതിന് ജനങ്ങളുമായി കാര്യക്ഷമമായ ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത 2026 മാര്‍ച്ച് 27ലെയും ഏപ്രില്‍ 2ലെയും കത്തുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവ് അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2026 ഏപ്രില്‍ 2ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും ഏപ്രില്‍ 6ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി, ഉപഭോക്തൃകാര്യ മന്ത്രാലയ സെക്രട്ടറി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങള്‍ ചേര്‍ന്നു. ഈ യോഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച പ്രധാന കാര്യങ്ങള്‍:

ദിവസേന വാര്‍ത്താക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങള്‍ക്കായി കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുക.

സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രതിദിന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപനത്തോടെ പരിശോധനാ നടപടികള്‍ തുടരുകയും ചെയ്യുക.

അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാണിജ്യ എല്‍.പി.ജി വിഹിതം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

സംസ്ഥാനങ്ങള്‍ക്ക് അധികമായി അനുവദിച്ച മണ്ണെണ്ണയുടെ വിതരണ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

പി.എന്‍.ജി ഉപയോഗവും ബദല്‍ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

എല്‍.പി.ജി വിതരണത്തില്‍ പ്രത്യേകിച്ച് ഗാര്‍ഹിക പാചകവാതകത്തിന് മുന്‍ഗണന നല്‍കുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ വിതരണം ലക്ഷ്യമിട്ട രീതിയില്‍ നടപ്പാക്കുകയും ചെയ്യുക.

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാര്‍ത്താക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

നിയമനിര്‍വഹണവും നിരീക്ഷണ നടപടികളും

എല്‍.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ രാജ്യത്തുടനീളം നിയമനിര്‍വഹണ നടപടികള്‍ തുടരുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് ഇത്തരം 2200ലധികം പരിശോധനകള്‍ നടത്തി.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുകയും ഇന്നലെ വരെ 274 എല്‍.പി.ജി വിതരണ ഏജന്‍സികള്‍ക്ക് പിഴ ചുമത്തുകയും 67 എല്‍.പി.ജി വിതരണ ഏജന്‍സികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എല്‍പിജി വിതരണം:

ആഭ്യന്തര എല്‍പിജി വിതരണ നില:

•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
• വീടുകളിലേക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
•എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

• വ്യവസായ അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ എല്‍പിജി ബുക്കിംഗുകള്‍ ഇന്നലെ ഏകദേശം 98% ആയി വര്‍ദ്ധിച്ചു.

•വഴിതിരിച്ചുവിടല്‍ തടയുന്നതിനായി ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 92% ആയി വര്‍ദ്ധിച്ചു.
ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഡിഎസി ലഭിക്കും.


വാണിജ്യ എല്‍പിജി വിതരണവും വിഹിത വിതരണ നടപടികളും:

•മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിന്റെ ഏകദേശം 70% ആയി വര്‍ദ്ധിപ്പിച്ചു. ഇതില്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട 10% വിഹിതവും ഉള്‍പ്പെടുന്നു.

•കുടിയേറ്റ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തിനും ദൈനംദിന അടിസ്ഥാനത്തില്‍ നല്‍കുന്ന 5 കിലോഗ്രാം FTL സിലിണ്ടറുകളുടെ എണ്ണം 2026 മാര്‍ച്ച് 2 മുതല്‍ 3 വരെയുള്ള കാലയളവിലെ പ്രതിദിന ശരാശരി വിതരണത്തിന്റെ( സിലിണ്ടറുകളുടെ എണ്ണം ) ഇരട്ടിയാക്കുന്നതായി 06.04.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. 21.03.2026 ലെ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന 20% പരിധിക്ക് മുകളിലാണിത്. എണ്ണ വിപണന കമ്പനികളുടെ (OMC) സഹായത്തോടെ അതാത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രം വിതരണം ചെയ്യുന്നതിനായി ഈ 5 കിലോഗ്രാം FTL സിലിണ്ടറുകള്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ കൈവശം ലഭ്യമാക്കും

•2026 ഏപ്രില്‍ 3 മുതല്‍, 5 കിലോഗ്രാം FTL സിലിണ്ടറുകള്‍ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ 7400ലധികം ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 1,07,000 എണ്ണത്തില്‍ കൂടുതല്‍ 5 കിലോഗ്രാം FTL സിലിണ്ടറുകള്‍ വിറ്റു. ഇന്നലെ, ഏകദേശം 410 ക്യാമ്പുകളിലൂടെ 5 കിലോഗ്രാം FTL-കള്‍ 5891 എണ്ണം വിറ്റു.

•അടുത്തിടെ, 2026 ഏപ്രില്‍ 20 ന് (മഹാരാഷ്ട്ര) താരാപൂരില്‍ ഐഒസിഎല്‍ സംഘടിപ്പിച്ച 5 കിലോഗ്രാം എഫ്ടിഎല്‍ ബോധവല്‍ക്കരണ ക്യാമ്പുകളിലൊന്നില്‍, മികച്ച പ്രതികരണം ദൃശ്യമായി. 550 ഓളം 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകള്‍ വിറ്റു.

•2026 മാര്‍ച്ച് 23 മുതല്‍, 19.28 ലക്ഷത്തിലധികം 5 കിലോ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകള്‍ വിറ്റു.

•സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാണിജ്യ എല്‍പിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അംഗങ്ങളായ മൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.

•2026 ഏപ്രില്‍ മാസത്തില്‍ (20.04.26 വരെ), ആകെ 1,23,680 മെട്രിക് ടണ്‍ (19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ 65 ലക്ഷത്തിലധികം എല്‍പിജി സിലിണ്ടറുകള്‍ക്ക് തുല്യം) വാണിജ്യ എല്‍പിജി വിറ്റു.
• 20.04.2026 ന്, 8822 മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി (4.64 ലക്ഷത്തില്‍ കൂടുതല്‍ 19 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് തുല്യം) വിറ്റു.

പ്രകൃതിവാതക വിതരണവും PNG ഗതാഗതവും വിപുലീകരിക്കുന്നതിനുള്ള സംരംഭങ്ങള്‍

•D-PNG, CNG ഗതാഗതം എന്നിവ ഉള്‍പ്പെടെ 100% വിതരണത്തിന് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്

•വളം പ്ലാന്റുകള്‍ക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95% ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

•കൂടാതെ, CGD ശൃംഖലകള്‍ വഴിയുള്ള വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

•വാണിജ്യ LPG യുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന്, എല്ലാ സി ജി ഡി സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് PNG കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

• IGL, MGL, GAIL , BPCL എന്നിവയുള്‍പ്പെടെയുള്ള CGD കമ്പനികള്‍ ഗാര്‍ഹിക, വാണിജ്യ PNG കണക്ഷനുകള്‍ക്ക് ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു.

• CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി നടപടികള്‍ വേഗത്തില്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

• LPG-യില്‍ നിന്ന് PNG-യിലേക്കുള്ള ദീര്‍ഘകാല പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്ന പക്ഷം , എല്ലാ സംസ്ഥാനങ്ങള്‍ക്കും/UTകള്‍ക്കും വാണിജ്യ LPG യുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

•PNG വിപുലീകരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധിക വാണിജ്യ LPG വിഹിതം ലഭിക്കുന്നു.

•CGD അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നതിനായി 3 മാസത്തേക്ക് 'കുറഞ്ഞ സമയപരിധികളോടെ CGD അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ദ്രുത അംഗീകാര ചട്ടക്കൂട്' എന്ന ഒരു പ്രത്യേക പദ്ധതി ആരംഭിച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 24.03.26 ലെ കത്തിലൂടെ അറിയിച്ചു.

•1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026, ഇന്ത്യാ ഗവണ്‍മെന്റ് 24.03.2026 ലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും, അനുമതി, ഭൂമി ലഭ്യത എന്നിവയിലെ കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഈ ഉത്തരവ് കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് നല്‍കുന്നു. PNG ശൃംഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.അതുവഴി ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

•ഡിപിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് പിഎന്‍ജിആര്‍ബി നിര്‍ദ്ദേശം നല്‍കി. കൂടാതെ, പിഎന്‍ജി വിപുലീകരണത്തില്‍ ആക്കം നിലനിര്‍ത്തുന്നതിനായി ദേശീയ പിഎന്‍ജി യജ്ഞം 2.0 പരിപാടി 30.06.2026 വരെ നീട്ടിയിട്ടുണ്ട്.

• കൂടുതല്‍ ശുദ്ധവും സുരക്ഷിതവും സ്വാശ്രയവുമായ ഊര്‍ജ്ജ ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവണ്‍മെന്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപകര്‍ക്ക് അനുയോജ്യമായതും നിര്‍വഹണ സജ്ജവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഈ മാതൃകാ നയത്തിന്റെ ലക്ഷ്യം. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, വാണിജ്യ എല്‍പിജിയുടെ അധിക വിഹിതത്തിന്റെ അടുത്ത ഘട്ടത്തിന് മുന്‍ഗണന നല്‍കും.

•സിജിഡി ശൃംഖലകള്‍ / അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ 15 ദിവസത്തിനുള്ളില്‍ സ്ഥാപിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ അനുമതി നല്‍കുന്നതിന് എസ്പിസിബി/പിസിസികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ 07.04.2026 ലെ ഉത്തരവ് പ്രകാരം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സിപിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

•2026 മാര്‍ച്ച് മുതല്‍ ഏകദേശം 5.01 ലക്ഷം PNG കണക്ഷനുകള്‍ നല്‍കി. കൂടാതെ, ഏകദേശം 5.68 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

•19.04.2026 വരെ, ഏകദേശം 39,400 PNG ഉപഭോക്താക്കള്‍ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ LPG കണക്ഷനുകള്‍ ഉപേക്ഷിച്ചു.

അസംസ്‌കൃത ഇന്ധനത്തിന്റെ തല്‍സ്ഥിതിയും റിഫൈനറി പ്രവര്‍ത്തനങ്ങളും

· മതിയായ അസംസ്‌കൃത ഇന്ധന ലഭ്യതയോടെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിനുള്ള സംഭരണമുണ്ട്.

· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

·ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കല്‍ ഫീഡ് സ്‌റ്റോക്ക് വിതരണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തര്‍ മന്ത്രാലയ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് (ജെഡബ്ല്യുജി) രൂപീകരിച്ചു. 01.04.2026 ലെ ഉത്തരവ് പ്രകാരം, സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി (CHT) നിര്‍ണ്ണയിക്കുന്ന പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്, കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പ് തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും മിനിമം ആവശ്യമായ C3 & C4 സംയുക്തങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള റിഫൈനിംഗ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

• ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാരം (DPIIT) എന്നിവയില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍, ഫാര്‍മ, കെമിക്കല്‍ മേഖലയിലെ കമ്പനികള്‍ക്കായി LPG പൂളില്‍ നിന്ന് പ്രതിദിനം 1000 MT എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

• 2026 ഏപ്രില്‍ 9 മുതല്‍, 4400 MTല്‍ അധികമായി പ്രൊപിലീന്‍ വിറ്റഴിക്കപ്പെട്ടു.

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

• രാജ്യത്തുടനീളമുള്ള ചില്ലറ വില്പനശാലകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

• മിഡില്‍ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയില്‍ അസാധാരണമായ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• ആഭ്യന്തര വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രില്‍ 11ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭാരത സര്‍ക്കാര്‍ ഡീസലിന്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിന്റേത് ലിറ്ററിന് 42 രൂപയായും വര്‍ദ്ധിപ്പിച്ചു.

• പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറ വില്പന വിലകളില്‍ മാറ്റമില്ല. കൂടാതെ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വില്പന കേന്ദ്രങ്ങളിലും വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.


മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

• പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ചിട്ടുണ്ട്.

• 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഹിമാചല്‍ പ്രദേശും ലഡാക്കും തങ്ങള്‍ക്ക് വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും

പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങള്‍ താഴെ പറയുന്നവയാണ്:

• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്, തുറമുഖങ്ങളില്‍ തിരക്കോ തടസ്സങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍, ചരക്ക് നീക്കം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നേരത്തെ അറിയിച്ചതുപോലെ, തിരികെ കൊണ്ടുപോകേണ്ടിയിരുന്ന കണ്ടെയ്‌നറുകളില്‍ ഏകദേശം 97 ശതമാനവും പ്രധാന പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു.

• തുറമുഖങ്ങളിലെ ശരാശരി യാര്‍ഡ് ഉപയോഗം സംഘര്‍ഷം രൂക്ഷമായിരുന്ന സമയത്തെ 80 ശതമാനത്തില്‍ നിന്നും ഏകദേശം 60 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ സമ്മര്‍ദ്ദം കുറയുന്നതിനെ സൂചിപ്പിക്കുന്നു.

• 2026 ഫെബ്രുവരി 28 മുതല്‍, മൊത്തം 9 എല്‍പിജി കപ്പലുകളും ഒരു ക്രൂഡ് ഓയില്‍ കപ്പലും ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയി. ഇത് മേഖലയിലെ സമുദ്ര ഗതാഗതം ക്രമേണ സുസ്ഥിരമാകുന്നതിനെ പ്രതിഫലിപ്പിക്കുന്നു.

• കപ്പല്‍ ജീവനക്കാരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന്, വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്രമേഖലയിലെ മറ്റ് പങ്കാളികള്‍ എന്നിവയുമായി ഏകോപിപ്പിച്ച് പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.

• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

• ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 7,086 കോളുകളു 14,975ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 168 കോളുകളും 370 ഇമെയിലുകളും ലഭിച്ചു.

• ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇതുവരെ 2,590ലധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മടങ്ങിയെത്തിയ 27 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ

ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. കൂടാതെ, ഈ മേഖലയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് മന്ത്രാലയം പ്രത്യേക ഊന്നല്‍ നല്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ നല്കുന്നു:

• പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഗള്‍ഫ് രാജ്യങ്ങളുമായി പ്രത്യേക ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലുകള്‍ നടത്തിവരുന്നു.

• ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 2026 ഏപ്രില്‍ 19ന് സൗദി അറേബ്യ സന്ദര്‍ശിച്ചു.

• നേരത്തെ, വിദേശകാര്യ മന്ത്രി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു, പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഖത്തറും സന്ദര്‍ശിച്ചു.

• കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ഗള്‍ഫ് മേഖലയിലെ വാണിജ്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തി.

• വിദേശകാര്യ മന്ത്രാലയത്തില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമാണ്, ഇവ ഇന്ത്യന്‍ മിഷനുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.

• വിവരങ്ങള്‍ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

• മേഖലയിലുടനീളമുള്ള ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവര്‍ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

• പ്രാദേശിക സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിമാന സര്‍വീസുകള്‍, യാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍, ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികള്‍ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായ ഇടവേളകളില്‍ പുറപ്പെടുവിക്കുന്നുണ്ട്.

• മേഖലയിലുള്ള പ്രവാസി സമൂഹവുമായി ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ബന്ധപ്പെടുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, സംഘടനകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍ എന്നിവരുമായി അംബാസഡര്‍മാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.

• ഈ മേഖലയിലുള്ള ഇന്ത്യന്‍ നാവികരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണനയാണ് നല്കുന്നത്. പ്രാദേശിക അധികാരികളുമായും ഏജന്‍സികളുമായുള്ള ഏകോപനം, കോണ്‍സുലാര്‍ സഹായം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകള്‍ സുഗമമാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പിന്തുണയും ഇന്ത്യന്‍ മിഷനുകള്‍ മേഖലയിലെ കപ്പലുകളിലുള്ള ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നല്കിവരുന്നു.

• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതല്‍ ഏകദേശം 11,61,000 യാത്രക്കാര്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇയില്‍, സുരക്ഷാപ്രവര്‍ത്തന കാരണങ്ങള്‍ മുന്‍നിര്‍ത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയില്‍ പരിമിതമായ രീതിയില്‍ ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത് തുടരുന്നത്. ഇന്ന് ഏകദേശം 110 വിമാന സര്‍വീസുകളാണ് പ്രതീക്ഷിക്കുന്നത്.

• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരുന്നു.

• ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തില്‍, ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നു.

• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. കുവൈറ്റിലെ ജസീറ എയര്‍വേയ്‌സും കുവൈറ്റ് എയര്‍വേയ്‌സും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാന സര്‍വീസുകള്‍ നടത്തുന്നു.

• ബഹ്‌റൈന്‍ വ്യോമപാത തുറന്നിട്ടുണ്ട്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗള്‍ഫ് എയര്‍ പ്രഖ്യാപിച്ചു.

• മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകളോടെ ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്; ഇന്ത്യയിലേക്കുള്ള തുടര്‍ന്നുള്ള യാത്രയ്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്.

• ചരക്ക് വിമാനങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുമായി ഇറാന്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തുടര്‍യാത്രയ്ക്കായി അര്‍മേനിയ, അസര്‍ബൈജാന്‍ വഴിയുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്രയ്ക്ക് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കുന്നത് തുടരുന്നു

• ഇസ്രായേല്‍: ഇസ്രായേല്‍ വ്യോമപാത തുറന്നിട്ടുണ്ട്. മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തുടര്‍യാത്രയ്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര ജോര്‍ദ്ദാന്‍, ഈജിപ്ത് വഴി സുഗമമാക്കുന്നത് തുടരുന്നു.

ഇറാഖില്‍ നിന്നുള്ള ഇന്ത്യന്‍ നാവികരുടെ മടങ്ങിവരവ് സംബന്ധിച്ച പുതിയ വിവരം:

• ഇറാഖ് വ്യോമാതിര്‍ത്തി തുറന്നതിനെത്തുടര്‍ന്ന്, അവിടെ കുടുങ്ങിക്കിടന്നിരുന്ന 12 ഇന്ത്യന്‍ നാവികര്‍ ഇന്നലെ മുംബൈയില്‍ തിരിച്ചെത്തി. ബാഗ്ദാദിലെ ഇന്ത്യന്‍ മിഷന്‍ ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കുകയും ഇന്ത്യയിലേക്കുള്ള അവരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുകയും ചെയ്തു.

*****

 


( റിലീസ് ഐ.ഡി: 2254327) സന്ദര്‍ശക കൗണ്ടര്‍ : 9