പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
19 APR 2026 5:35PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന ഭൗമ-രാഷ്ട്രീയ സാഹചര്യത്തിൽ, ഏകോപിത പ്രതികരണ നടപടികളിലൂടെ പ്രധാന മേഖലകളിലെ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റ് സജീവമായി തയ്യാറെടുപ്പ് നടത്തി വരുന്നു. ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന നടപടികൾ ഇപ്രകാരമാണ്.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്കിലെ നിലവിലെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നു. മന്ത്രാലയം ഇപ്രകാരം അറിയിച്ചു :
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര അവബോധവും
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത സംബന്ധിച്ച് പരിഭ്രാന്തി ഒഴിവാക്കണമെന്ന് പൗരന്മാരോട് അറിയിക്കുന്നു.
കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
•എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
•പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
•നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
ഗവൺമെന്റ് തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും
നിലവിൽ ഭൗമ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധി നേരിടുന്നെങ്കിലും , ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കാൻ ഗവൺമെന്റ് ശ്രമിച്ചിട്ടുണ്ട്.
•വാണിജ്യ എൽപിജി വിതരണത്തിൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി മുതലായ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 2026 മാർച്ച് 2, 3 തീയതികളിൽ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ വിതരണം ഇരട്ടിയാക്കുന്നു.
ശുദ്ധീകരണശാലകളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണത്തിന്റെയും ആവശ്യകതയുടെയും കാര്യത്തിൽ ഗവൺമെന്റ് ഇതിനകം നിരവധി യുക്തിസഹ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും നിർദ്ദേശിച്ചു.
ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾക്ക് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി നടത്തുന്ന ഏകോപിത ശ്രമങ്ങൾ.
1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരമുണ്ട്.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെന്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവൺമെന്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പൗരന്മാർക്ക് മതിയായ ഇന്ധന ലഭ്യത സംബന്ധിച്ച് ഉറപ്പുനൽകുന്നതിന് മുൻകൈയെടുത്ത് പൊതുജനങ്ങളെ അറിയിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഗവൺമെന്റ് 27.03.2026 ലും 02.04.2026 ലുമുള്ള കത്തുകളിലൂടെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, 02.04.2026 (MoPNG സെക്രട്ടറി അധ്യക്ഷത വഹിച്ചു ) നും 06.04.2026 (MoPNG സെക്രട്ടറിയും I&B, ഉപഭോക്തൃ കാര്യ സെക്രട്ടറിമാരും അധ്യക്ഷത വഹിച്ചു) യോഗങ്ങൾ വിളിച്ചുചേർത്തു, അതിൽ താഴെപ്പറയുന്ന കാര്യങ്ങൾ ഊന്നിപ്പറഞ്ഞു:
ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും പതിവായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുക
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
ജില്ലാ ഭരണകൂടങ്ങളുടെ ദിവസേനയുള്ള പരിശോധന നടപടികൾ ശക്തമാക്കുകയും OMC കളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വാണിജ്യ എൽപിജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവദിച്ചിട്ടുള്ള അധിക എസ്‌കെഒകൾക്കായി എസ്‌കെഒ വിഹിത അനുമതി ഉത്തരവുകൾ പുറപ്പെടുവിക്കുക.
പിഎൻജിയും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
എൽപിജി വിതരണത്തിൽ, പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും യുടികളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.
പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പത്രക്കുറിപ്പുകൾ പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു
പരിശോധന, നിരീക്ഷണ നടപടികൾ:
എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം പരിശോധന നടപടികൾ തുടരുന്നു. 18.04.2026 ന് 2400 ൽ അധികം റെയ്ഡുകൾ നടത്തി.
പിഎസ്‌യു എണ്ണ വിപണന കമ്പനികൾ അപ്രതീക്ഷിത പരിശോധനകൾ ശക്തമാക്കുകയും 264 എൽപിജി വിതരണക്കാർക്ക് പിഴ ചുമത്തുകയും ഇന്നലെ വരെ 67 എൽപിജി വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു..
എൽപിജി വിതരണം:
ആഭ്യന്തര എൽപിജി വിതരണ നില:
നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
• വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
•എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.
•ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഇന്നലെ ഏകദേശം 98% ആയി വർദ്ധിച്ചു.
•വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 93% ആയി വർദ്ധിച്ചു.
ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
•ബുക്കിംഗുകൾ പ്രകാരമുള്ള ഗാർഹിക എൽപിജി സിലിണ്ടർ വിതരണം സാധാരണമായി തുടരുന്നു.
•18.04.26 ന്, 53.5 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.
വാണിജ്യ എൽപിജി വിതരണവും വിഹിത വിതരണ നടപടികളും:
•മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിന്റെ ഏകദേശം 70% ആയി വർദ്ധിപ്പിച്ചു. ഇതിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട 10% വിഹിതവും ഉൾപ്പെടുന്നു.
•കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തിനും നൽകുന്ന 5 കിലോഗ്രാം FTL സിലിണ്ടറുകളുടെ ദൈനംദിന അളവ് 2026 മാർച്ച് 2 മുതൽ 3 വരെയുള്ള കാലയളവിലെ പ്രതിദിന ശരാശരി വിതരണത്തിന്റെ( സിലിണ്ടറുകളുടെ എണ്ണം ) ഇരട്ടിയാക്കുന്നതായി 06.04.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്. 21.03.2026 ലെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന 20% പരിധിക്ക് മുകളിലാണിത്. എണ്ണ വിപണന കമ്പനികളുടെ (OMC) സഹായത്തോടെ അതാത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി ഈ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംസ്ഥാന ഗവൺമെന്റുകളുടെ കൈവശം ലഭ്യമാക്കും
•2026 ഏപ്രിൽ 3 മുതൽ, 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ 6700-ലധികം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 96,000- എണ്ണത്തിൽ കൂടുതൽ 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു. ഇന്നലെ, ഏകദേശം 230 ക്യാമ്പുകളിലൂടെ 5 കിലോഗ്രാം FTL-കൾ 5233 എണ്ണം വിറ്റു.
•അടുത്തിടെ, ബിപിസിഎൽ 2026 ഏപ്രിൽ 18-ന് താനെയിലെ റബാലെയിലെ എംഐഡിസിയിൽ സംഘടിപ്പിച്ച 5 കിലോഗ്രാം എഫ്‌ടിഎൽ ബോധവൽക്കരണ ക്യാമ്പുകളിൽ ഒന്നിൽ, മികച്ച പ്രതികരണം ദൃശ്യമായി. ക്യാമ്പിൽ 300 - 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റു.
•2026 മാർച്ച് 23 മുതൽ, 18.33 ലക്ഷത്തിലധികം എണ്ണം 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റു.
•സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎൽ, എച്ച്‌പിസിഎൽ, ബിപിസിഎൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അംഗങ്ങളായ മൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
•18.04.2026 ന്, 9192 മെട്രിക് ടൺ വാണിജ്യ എൽപിജി (4.83 ലക്ഷത്തിൽ കൂടുതൽ - 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു.
•2026 മാർച്ച് 14 മുതൽ ആകെ 1,67,775 മെട്രിക് ടൺ (19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ 88.3 ലക്ഷത്തിലധികം എണ്ണം ) വാണിജ്യ എൽപിജി വിറ്റഴിച്ചു. ഇതിൽ 9600 മെട്രിക് ടണ്ണിലധികം ഓട്ടോ എൽപിജിയും ഉൾപ്പെടുന്നു.
°ഏപ്രിൽ മാസത്തിൽ (17.04.26 വരെ) പൊതുമേഖലാ കമ്പനികളുടെ പ്രതിദിന ശരാശരി ഓട്ടോ എൽപിജി വിൽപ്പന ഏകദേശം 305 മെട്രിക് ടൺ ആണ്. 2026 ഫെബ്രുവരി മാസത്തിൽ ഇത് ശരാശരി 177 മെട്രിക് ടൺ/ദിവസം എന്ന നിരക്കിൽ ആയിരുന്നു.
•സ്വകാര്യ കമ്പനികളിൽ നിന്ന് പൊതുമേഖലാ കമ്പനികളിലേക്ക് ഓട്ടോ എൽപിജി വിൽപ്പന വിതരണം മാറിയതായി നിരീക്ഷിക്കപ്പെട്ടു. വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി, പൊതുമേഖലാ കമ്പനികളുടെ ഓട്ടോ എൽപിജി വിൽപ്പന 72% വർദ്ധിച്ചു. കർണാടക, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.
പ്രകൃതിവാതക വിതരണവും PNG-ഗതാഗതവും വിപുലീകരിക്കുന്നതിനുള്ള സംരംഭങ്ങൾ
•D-PNG, CNG-ഗതാഗതം എന്നിവ ഉൾപ്പെടെ 100% വിതരണത്തിന് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
•വളം പ്ലാന്റുകൾക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95% ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
•കൂടാതെ, CGD ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
•വാണിജ്യ LPG യുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്, എല്ലാ സി ജി ഡി സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
•IGL, MGL, GAIL , BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ PNG കണക്ഷനുകൾക്ക് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു.
•CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
•LPG-യിൽ നിന്ന് PNG-യിലേക്കുള്ള ദീർഘകാല പരിവർത്തനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന പക്ഷം , എല്ലാ സംസ്ഥാനങ്ങൾക്കും/UT-കൾക്കും വാണിജ്യ LPG യുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
• പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് അധിക വാണിജ്യ എൽപിജി വിഹിതം ലഭിക്കുന്നുണ്ട്.
• സിജിഡി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനായി, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2026 മാർച്ച് 24-ലെ കത്തിലൂടെ സമയപരിധി കുറച്ചുകൊണ്ടുള്ള ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പിലാക്കിയിട്ടുണ്ട്.
• 1955-ലെ അവശ്യവസ്തു നിയമപ്രകാരം, 2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യ ഗവണ്മെന്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
• ഗാർഹിക പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കി. പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി ഡ്രൈവ് 2.0, 2026 ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
• ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഗവണ്മെന്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.
• കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രിൽ 7-ലെ ഉത്തരവിലൂടെ സിജിഡി ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യമായ സ്ഥാപനാനുമതി അല്ലെങ്കിൽ പ്രവർത്തനാനുമതി 15 ദിവസത്തിനുള്ളിൽ നല്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും മലിനീകരണ നിയന്ത്രണ സമിതികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിച്ചു.
• കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശപ്രകാരം ചില എണ്ണ-വാതക വിതരണ പൈപ്പ് ലൈനുകളെ 'ഗ്രീൻ' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
• വാഹന സർവീസിംഗ്, റിപ്പയറിംഗ്, പെയിൻ്റിംഗ് എന്നിവയില്ലാത്ത ഇന്ധന വിതരണ യൂണിറ്റുകളെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇതിനോടകം തന്നെ 'വൈറ്റ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, അനുബന്ധ നിയമങ്ങൾ പ്രകാരം ഇവയെ സ്ഥാപനാനുമതി അല്ലെങ്കിൽ പ്രവർത്തനാനുമതി എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
• 2026 മാർച്ച് മുതൽ ഏകദേശം 4.85 ലക്ഷം പിഎൻജി കണക്ഷനുകളിൽ വാതക വിതരണം ആരംഭിച്ചു. കൂടാതെ 5.43 ലക്ഷത്തിലധികം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
• 2026 ഏപ്രിൽ 18 വരെയുള്ള കണക്കുകൾ പ്രകാരം, 39,000-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.
• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
• ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയതല ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യ ഗവണ്മെന്റ് അനുമതി നല്കി.
• ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ-കെമിക്കൽ മേഖലയിലെ കമ്പനികൾക്കായി എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ അനുവദിച്ചിട്ടുണ്ട്.
• 2026 ഏപ്രിൽ 9 മുതൽ ഏകദേശം 3700 മെട്രിക് ടൺ പ്രൊപ്പിലീൻ വിറ്റഴിക്കപ്പെട്ടു.
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
• രാജ്യത്തുടനീളമുള്ള ചില്ലറ വില്പന കേന്ദ്രങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
• മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യ ഗവണ്മെന്റ് പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
• ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രിൽ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യ ഗവണ്മെന്റ് ഡീസലിൻ്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിൻ്റേത് ലിറ്ററിന് 42 രൂപയായും വർദ്ധിപ്പിച്ചു.
• പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വില്പന ശാലകളിലും വില വർദ്ധനവ് ഉണ്ടായിട്ടില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
• പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുണ്ട്.
• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് അധിക വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
കപ്പൽ ജീവനക്കാരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്രമേഖലയിലെ മറ്റ് പങ്കാളികൾ എന്നിവയുമായി ചേർന്ന് തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം ഏകോപന പ്രവർത്തനങ്ങൾ നടത്തിവരുന്നു. മന്ത്രാലയം പറയുന്നതനുസരിച്ച് :
• ദേശ് ഗരിമ എന്ന ഇന്ത്യൻ ക്രൂഡ് ഓയിൽ ടാങ്കർ 2026 ഏപ്രിൽ 18-ന് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. 31 ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന ഈ കപ്പൽ 2026 ഏപ്രിൽ 22-ന് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
• കഴിഞ്ഞ 24 മണിക്കൂറിനിടെ , വിഎൽസിസി സാംനർ ഹെറാഡ്, ബൾക്ക് കാരിയർ ജഗ് അർണവ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന് ഈ കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് മടങ്ങി. കപ്പലിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
• ന്യൂഡൽഹിയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം ഇന്നലെ വിളിപ്പിക്കുകയും വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹോർമുസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇന്നലെയുണ്ടായ വെടിവയ്പ്പ് സംഭവത്തിൽ ഇന്ത്യയുടെ കടുത്ത ആശങ്ക വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ചയിൽ അറിയിച്ചു. ചരക്ക് കപ്പലുകളുടേയും നാവികരുടടേയും സുരക്ഷയ്ക്ക് ഇന്ത്യ നല്കുന്ന പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
• ചരക്ക് കപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഈ ഗുരുതരമായ സംഭവത്തിലുള്ള തൻ്റെ ആശങ്ക ആവർത്തിച്ച വിദേശകാര്യ സെക്രട്ടറി, ഇന്ത്യയുടെ നിലപാട് ഇറാനിലെ അധികൃതരെ അറിയിക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുഗമമായ സഞ്ചാരം എത്രയും വേഗം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അംബാസഡറോട് അഭ്യർത്ഥിച്ചു.
• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട മറ്റ് പങ്കാളികളുമായും ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 6,893 കോളുകളും 14,470-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66 കോളുകളും 204 ഇമെയിലുകളും ലഭിച്ചു.
• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി മന്ത്രാലയം ഇതുവരെ 2,538-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 51 പേരും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഗൾഫ്, പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. കൂടാതെ, ഈ മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് മന്ത്രാലയം പ്രത്യേക ഊന്നൽ നല്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ നല്കുന്നു:
• വിവരങ്ങൾ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
• മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവർ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
• പ്രാദേശിക ഗവണ്മെന്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്നുണ്ട്.
• മേഖലയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുൾപ്പെടെ ഈ മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.
• മേഖലയിലെ കപ്പലുകളിലുള്ള ഇന്ത്യൻ ജീവനക്കാർക്ക് പ്രാദേശിക അധികാരികളുമായും ഏജൻസികളുമായുള്ള ഏകോപനം, കോൺസുലാർ സഹായം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകൾ സുഗമമാക്കൽ എന്നിവയിൽ മിഷനുകൾ സഹായം നല്കിവരുന്നു.
• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 10,97,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
• യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഏകദേശം 110 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.
• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.
• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് 10-11 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നു.
• ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്.
• മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകളോടെ ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്; ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്.
• ചരക്ക് വിമാനങ്ങൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കുമായി ഇറാൻ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ തുടർയാത്രയ്ക്കായി, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,378 ഇന്ത്യൻ പൗരന്മാരെ അർമേനിയയിലേക്കും അസർബൈജാനിലേക്കും കൊണ്ടുപോകാൻ സൗകര്യമൊരുക്കി, ഇതിൽ 1,046 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
• ഇസ്രായേൽ വ്യോമപാത തുറന്നിട്ടുണ്ട്. മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തുടർയാത്രയ്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇന്ത്യൻ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര ജോർദ്ദാൻ, ഈജിപ്ത് വഴി സുഗമമാക്കുന്നു.
( റിലീസ് ഐ.ഡി: 2253606)
സന്ദര്‍ശക കൗണ്ടര്‍ : 5