|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയതല പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
13 APR 2026 6:08PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ഭാരത സര്‍ക്കാര്‍ ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്കുന്ന പിന്തുണ എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങളും പ്രധാന മേഖലകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ, ഘന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഘന വ്യവസായ മന്ത്രാലയം പങ്കുവെച്ചു.
ഘന വ്യവസായ മേഖല
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇലക്ട്രിക് മൊബിലിറ്റിയും നിര്‍ണ്ണായക ധാതുക്കളുടെ ഉത്പാദനവും മെച്ചപ്പെടുത്തുന്നതിനായി ഘന വ്യവസായ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ താഴെ പറയുന്നവയാണ്:
• പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, ആഗോള ഊര്‍ജ്ജ വിപണികള്‍ ഉയര്‍ന്ന ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് ഇന്ധനവിലയിലെ സ്ഥിരതയെക്കുറിച്ചും വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.
• ഈ സംഭവവികാസങ്ങള്‍, ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതിന്റേയും ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കാവശ്യമായ നിര്‍ണ്ണായക ധാതുക്കളുടെ ആഭ്യന്തര ഉത്പാദന ശേഷി ശക്തിപ്പെടുത്തേണ്ടതിന്റേയും ആവശ്യകത അടിവരയിടുന്നു.
• പ്രതിസന്ധി ആരംഭിച്ചതു മുതല്‍, ഇലക്ട്രിക് മൊബിലിറ്റി വളര്‍ച്ച നിലനിര്‍ത്തുന്നതിനും ഇലക്ട്രിക് വാഹന (EV) ഘടകങ്ങളുടെ വിതരണ ശൃംഖലയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി മന്ത്രാലയം ഏകോപിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
• ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയും അവയുടെ നിര്‍മ്മാണ വേഗതയും നിലനിര്‍ത്തുന്നതിനായി 10,900 കോടി രൂപയുടെ പിഎം ഇ-െ്രെഡവ് പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് മന്ത്രാലയം അംഗീകാരം നല്കി.
• ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിനുള്ള കാലാവധി 2026 ജൂലൈ 31 വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
• ഇ-റിക്ഷകളും ഇ-കാര്‍ട്ടുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രിക് മുച്ചക്ര വാഹന വിഭാഗത്തിനുള്ള കാലാവധി 2028 മാര്‍ച്ച് 31 വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
• ആനുകൂല്യങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും, ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും, ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി പിഎം ഇ-െ്രെഡവ് പദ്ധതിക്ക് കീഴിലുള്ള നയ പിന്തുണ കാര്യക്ഷമമാക്കിയിട്ടുണ്ട്.
• സിന്റേര്‍ഡ് റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്‌നെറ്റുകളുടെ (REPM) നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7,280 കോടി രൂപയുടെ പദ്ധതിക്ക് 2025 നവംബര്‍ 26ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
• ഇന്ത്യയില്‍ 6,000 MTPA സംയോജിത REPM ഉത്പാദന ശേഷി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി, സിന്റേര്‍ഡ് REPMന്റെ ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധം, എയ്‌റോസ്‌പേസ് മേഖലകളിലെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും, അതോടൊപ്പം ആത്മനിര്‍ഭര്‍ ഭാരത്, നെറ്റ് സീറോ 2070 ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും വിഭാവനം ചെയ്യുന്നു.
• ഇവി ഘടകങ്ങളുടെ പ്രാദേശികവല്‍ക്കരണം ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കുന്നതിനായി REPM പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
• വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി OEMകള്‍, ഘടക നിര്‍മ്മാതാക്കള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
• നടപ്പിലാക്കുന്നതിന്റെ ഭാഗമായി, 25 പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ 2026 ഏപ്രില്‍ 7ന് ഒരു പ്രീ -ബിഡ് കോണ്‍ഫറന്‍സ് നടത്തുകയും 2026 മാര്‍ച്ച് 20ന് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (RFP) പുറപ്പെടുവിക്കുകയും ചെയ്തു.
• CPP പോര്‍ട്ടല്‍ വഴി സുതാര്യമായ ടു-കവര്‍ ലീസ്റ്റ് കോസ്റ്റ് സെലക്ഷന്‍ (LCS) സംവിധാനത്തിലൂടെയാണ് ലേല നടപടികള്‍ നടക്കുന്നത്.
• ഇവി നിര്‍മ്മാണത്തില്‍ ആഭ്യന്തര മൂല്യവര്‍ദ്ധനവ് ഉയര്‍ത്തുന്നതിനായി നിലവിലുള്ള ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാമിന്റെ (PMP) പിന്തുണ ഈ നടപടികള്‍ക്കുണ്ട്.
• പിഎം ഇ-െ്രെഡവ്, REPM, PMP എന്നീ പദ്ധതികളുടെ സംയോജിത നടപ്പാക്കല്‍ മുഴുവന്‍ ഇലക്ട്രിക് വാഹന മൂല്യശൃംഖലയേയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
• ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്നതിനുമായി OEMകള്‍ക്ക് ഡിമാന്‍ഡ് സൈഡ് പിന്തുണയും നയപരമായ ഉറപ്പും പിഎം ഇ-ഡ്രൈവ് നല്കുന്നു.
• നിര്‍ണ്ണായക റെയര്‍ എര്‍ത്ത് ധാതുക്കള്‍ അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളുടെ ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിതരണ ഭാഗത്തെ പരിമിതികള്‍ REPM പദ്ധതി പരിഹരിക്കുന്നു.
• PMP ഘട്ടം ഘട്ടമായുള്ള പ്രാദേശികവല്‍ക്കരണം സാധ്യമാക്കുകയും ഇവി സബ് സിസ്റ്റങ്ങളിലുടനീളം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
• വര്‍ദ്ധിച്ച ആഭ്യന്തര മൂല്യവര്‍ദ്ധനവ്, വിതരണ ശൃംഖലയിലെ സ്ഥിരത, നിക്ഷേപ അവസരങ്ങള്‍ എന്നിവയിലൂടെ ഈ സംരംഭങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും, എംഎസ്എംഇകള്‍ക്കും, ഘടക വിതരണക്കാര്‍ക്കും ഗുണകരമാകും.
• പൗരന്മാരെ സംബന്ധിച്ചിടത്തോളം, ഈ നടപടികള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിലക്കുറവും ലഭ്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കും. അതേസമയം ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളേയും ഘടകങ്ങളേയും ആശ്രയിക്കുന്നത് കുറയുന്നത് ആഗോള വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്കാന്‍ സഹായിക്കും.
• ഈ സംരംഭങ്ങള്‍ വായു മലിനീകരണം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സംഭാവന നല്കും. കൂടാതെ ഇ-റിക്ഷാ, അവസാന മൈല്‍ ഡെലിവറി മേഖലകളില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യും.
• ഈ നടപടികള്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും ശുദ്ധമായ ഗതാഗത സംവിധാനങ്ങളിലും ആധുനിക നിര്‍മ്മാണ മേഖലയിലും ഇന്ത്യയുടെ സ്ഥാനം ഒരു ആഗോള നേതാവെന്ന നിലയില്‍ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോര്‍മുസ് കടലിടുക്കിനെ ബാധിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ഭാരത സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങള്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി:
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും
• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു.
• കിംവദന്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
• എല്‍പിജി ഉപഭോക്താക്കള്‍ ബുക്കിംഗിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
• സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ഇതര ഇന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
• നിലവിലെ സാഹചര്യത്തില്‍, ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
• നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും, ഗാര്‍ഹിക എല്‍പിജി, ഗാര്‍ഹിക പിഎന്‍ജി, സിഎന്‍ജി (ഗതാഗതം) എന്നിവയുടെ നൂറു ശതമാനം വിതരണവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
• വാണിജ്യ എല്‍പിജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാര്‍മ, സ്റ്റീല്‍, ഓട്ടോമൊബൈല്‍, വിത്ത്, കൃഷി തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്കിവരുന്നു. കൂടാതെ, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക എന്നിവയുള്‍പ്പെടെ വിതരണ ആവശ്യകത മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
• എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
• ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗരേണി കല്‍ക്കരി ഖനികള്‍ക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
• ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പിഎന്‍ജി കണക്ഷനുകള്‍ സുഗമമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
• പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955ലെ അവശ്യവസ്തു നിയമം, 2000ലെ എല്‍പിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്.
• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാര്‍ക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാര്‍ച്ച് 27ലേയും 2026 ഏപ്രില്‍ 2ലേയും കത്തുകളിലൂടെ ഭാരത സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി, 2026 ഏപ്രില്‍ 2നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍), 2026 ഏപ്രില്‍ 6നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍) യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. ഈ യോഗങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്കി:
• ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുകയും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുക.
• സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
• ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ദൈനംദിന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണ വിതരണ കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
• അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എല്‍പിജി വിതരണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
• സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
• പിഎന്‍ജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.
• എല്‍പിജി വിതരണത്തില്‍ പ്രത്യേകിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുക, വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.
• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
• നിലവില്‍ 24 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ പതിവായി പത്രസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
• എല്‍പിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികള്‍ രാജ്യത്തുടനീളം തുടരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 2250ലധികം റെയ്ഡുകള്‍ നടത്തി.
• ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തുടനീളം 1.28 ലക്ഷത്തിലധികം റെയ്ഡുകള്‍ നടത്തുകയും 59,000ത്തിലധികം എല്‍പിജി സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, 1000ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 238 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
• പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുകയും 219 എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തുകയും 56 വിതരണകേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
എല്‍പിജി വിതരണം
ഗാര്‍ഹിക എല്‍പിജി വിതരണ സ്ഥിതി:
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.
• എല്‍പിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
• ഓണ്‍ലൈന്‍ എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇന്‍ഡസ്ട്രി അടിസ്ഥാനത്തില്‍ 99 ശതമാനമായി വര്‍ദ്ധിച്ചു.
• വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായി, ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 92 ശതമാനമായി വര്‍ദ്ധിച്ചു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഡിഎസി ലഭിക്കും.
• ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.
• വീടുകളില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുന്നതിനായി ഭൂരിഭാഗം എല്‍പിജി വിതരണ ഏജന്‍സികളും ഞായറാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു.
വാണിജ്യ എല്‍പിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
• മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിന്റെ ഏകദേശം 70 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതില്‍ 10 ശതമാനം പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
• കുടിയേറ്റ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രില്‍ 6ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 23 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിന്റെ അടിസ്ഥാനത്തിണ് ഈ വര്‍ദ്ധനവ്. 2026 മാര്‍ച്ച് 21ലെ കത്തില്‍ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുനല്കും.
• 2026 ഏപ്രില്‍ 3 മുതല്‍,പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ 5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 3450 ലധികം ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്ന് 40,800ത്തിലധികം 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.
• 2026 മാര്‍ച്ച് 23 മുതല്‍ ഇതുവരെ ഏകദേശം 13.3 ലക്ഷത്തിലധികം 5 കിലോഗ്രാം ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടു.
• ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സമിതി വാണിജ്യ എല്‍പിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു.
• 2026 മാര്‍ച്ച് 14 മുതല്‍ മൊത്തം 1,22,984 മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി (ഇത് 64.72 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് തുല്യമാണ്) വിറ്റഴിക്കപ്പെട്ടു.
പ്രകൃതിവാതക വിതരണവും പിഎന്‍ജി വിപുലീകരണ സംരംഭങ്ങളും
• ഗാര്‍ഹിക പിഎന്‍ജി, ഗതാഗത മേഖലയിലെ സിഎന്‍ജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.
• നിലവിലെ ഇന്ധന ശേഖരത്തിന്റേയും എത്തിച്ചേരാനിരിക്കുന്ന എല്‍എന്‍ജി ചരക്കുകള്‍ സംബന്ധിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തില്‍, വളം നിര്‍മ്മാണ ശാലകള്‍ക്കുള്ള മൊത്തം ഗ്യാസ് വിഹിതം അഞ്ച് ശതമാനം കൂടി വര്‍ദ്ധിപ്പിച്ചു. ഇതോടെ 2026 ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം, ഈ ശാലകള്‍ക്ക് അവരുടെ കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95 ശതമാനം ഗ്യാസ് ലഭ്യമാകും.
• വാണിജ്യ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് മുന്‍ഗണന നല്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
• ഐജിഎല്‍, എംജിഎല്‍, ഗെയില്‍ ഗ്യാസ്, ബിപിസിഎല്‍ എന്നിവയുള്‍പ്പെടെയുള്ള സിജിഡി കമ്പനികള്‍ ഗാര്‍ഹിക, വാണിജ്യ പിഎന്‍ജി കണക്ഷനുകള്‍ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
• എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള ദീര്‍ഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
• പിഎന്‍ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇതിനകം തന്നെ അധിക വാണിജ്യ എല്‍പിജി വിഹിതം കൈപ്പറ്റുന്നുണ്ട്.
• സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനായി റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് നടപ്പിലാക്കിയിട്ടുണ്ട്.
• 1955ലെ അവശ്യവസ്തു നിയമപ്രകാരം, 2026ലെ പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂടെ) ഉത്തരവ് 24.03.2026ലെ ഗസറ്റിലൂടെ ഭാരത സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
• രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികള്‍ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎന്‍ജി ശൃംഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകള്‍ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
• ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ പിഎന്‍ജിആര്‍ബി സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കൂടാതെ, പിഎന്‍ജി വിപുലീകരണത്തിന്റെ വേഗത നിലനിര്‍ത്തുന്നതിനായി ദേശീയ പിഎന്‍ജി െ്രെഡവ് 2.0, 2026 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
• ശുദ്ധവും കൂടുതല്‍ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കല്‍ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, അധിക വാണിജ്യ എല്‍പിജി വിഹിതത്തിന്റെ അടുത്ത ഗഡു അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കുന്നതാണ്.
• 2026 മാര്‍ച്ച് മുതല്‍ ഏകദേശം 4.32 ലക്ഷം പിഎന്‍ജി കണക്ഷനുകളില്‍ വാതക വിതരണം ആരംഭിച്ചു. കൂടാതെ ഏകദേശം 4.75 ലക്ഷം പുതിയ ഉപഭോക്താക്കള്‍ കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
• 2026 ഏപ്രില്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം, 31,700ത്തിലധികം പിഎന്‍ജി ഉപഭോക്താക്കള്‍ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി അവരുടെ എല്‍പിജി കണക്ഷനുകള്‍ തിരിച്ചേല്‍പ്പിച്ചു.
അസംസ്‌കൃത ഇന്ധനത്തിന്റെ തല്‍സ്ഥിതിയും റിഫൈനറി പ്രവര്‍ത്തനങ്ങളും
· മതിയായ അസംസ്‌കൃത ഇന്ധന ലഭ്യതയോടെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിനുള്ള സംഭരണമുണ്ട് .
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
· 01.04.2026 ലെ ഉത്തരവ് പ്രകാരം, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്, കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പ് തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മിനിമം ആവശ്യമായ C3 & C4 സംയുക്തങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള റിഫൈനിംഗ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് പ്രതിദിനം 800 മെട്രിക് ടണ്‍ എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ധനത്തിന്റെ ചില്ലറ ലഭ്യതയും വിലനിര്‍ണ്ണയ നടപടികളും
· രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വില്‍പ്പന ശാലകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
· പശ്ചിമേഷ്യന്‍ പ്രതിസന്ധി അസംസ്‌കൃത എണ്ണ വിലയില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്‍മെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.
· ഇന്ത്യാ ഗവണ്‍മെന്റ് 11.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും എടിഎഫിന് 42 രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ നടപടി ഈ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കുന്നു.
· പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന ശാലകളില്‍ വില്‍പ്പന വിലയില്‍ മാറ്റമില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
· 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ SKO വിഹിത ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചല്‍ പ്രദേശും ലഡാക്കും ആവശ്യകത അറിയിച്ചിട്ടില്ല.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും
പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സമുദ്ര സ്ഥിതിയും ഇന്ത്യന്‍ കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളും വിശദീകരിച്ചു. ഇതില്‍ ഇപ്രകാരം പറഞ്ഞു:
· വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ മിഷനുകളുടെയും ഏകോപനത്തോടെ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം സജീവമായി നിരീക്ഷിക്കുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
· ഇന്ത്യന്‍ പതാക വാഹക എല്‍പിജി കപ്പല്‍ ജഗ് വിക്രം 2026 ഏപ്രില്‍ 11 ന് ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു.
· കപ്പലില്‍ ഏകദേശം 20,400 മെട്രിക് ടണ്‍ എല്‍പിജി ചരക്കുകളും 24 നാവികരും ഉണ്ട്. 2026 ഏപ്രില്‍ 14 ന് ഇത് കണ്ട്‌ല തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
· സജീവമാക്കിയതിനുശേഷം ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 6,073 കോളുകളും 12,867 ഇ-മെയിലുകളും കൈകാര്യം ചെയ്തു. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20 കോളുകളും 80 ഇമെയിലുകളും ഉള്‍പ്പെടുന്നു.
· ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93 പേര്‍ ഉള്‍പ്പെടെ ഇതുവരെ 2,177 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ തുടരുന്നു. എവിടെയും തിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
· ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള തുറമുഖങ്ങള്‍ പശ്ചിമേഷ്യയിലേക്കുള്ള (ബാക്ക്-ടു-ടൗണ്‍) മൊത്തം 3,383 ടിഇയു കണ്ടെയ്‌നറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതില്‍ 3,228 ടിഇയുകള്‍ തിരികെ അയക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്
· 155 ടിഇയുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഷിപ്പിംഗ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം, ഒരു തുറമുഖത്തും തിരക്കില്ല.
· ഇന്ത്യന്‍ നാവികരുടെ ക്ഷേമവും സുഗമമായ സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്ര പങ്കാളികള്‍ എന്നിവരുമായി മന്ത്രാലയം അടുത്ത ഏകോപനം തുടരുന്നു.
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ
മേഖലയിലുടനീളം, ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അതേസമയം അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ സഹായം നല്‍കുകയും മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്.
· വിദേശകാര്യ മന്ത്രി 2026 ഏപ്രില്‍ 11 മുതല്‍ 12 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സസിലെ അബുദാബി സന്ദര്‍ശിച്ചു.
· ഇന്നലെ വിദേശകാര്യ മന്ത്രി അബുദാബിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദിനെ സന്ദര്‍ശിച്ചു, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് പ്രധാനമന്ത്രിയുടെ ഊഷ്മളമായ ആശംസകളും ഇന്ത്യയുടെ നന്ദിയും അറിയിച്ചു. ഇന്ത്യ-യുഎഇ തന്ത്രപരമായ സമഗ്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തിന് മന്ത്രി അദ്ദേഹത്തോട് നന്ദി അറിയിച്ചു .
· ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ എച്ച്.എച്ച്. ഹംദാന്‍ ബിന്‍ മുഹമ്മദുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ദുബായിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് ഇന്ത്യന്‍ ഗവണ്മെന്റിന്റെ നന്ദി അദ്ദേഹം അറിയിച്ചു.
· 2026 ഏപ്രില്‍ 11 ന് വിദേശകാര്യ മന്ത്രി അബുദാബിയില്‍ യുഎഇ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ അബ്ദുള്ള ബിന്‍ സായിദിനെ സന്ദര്‍ശിച്ചു. മാറുന്ന പ്രാദേശിക സാഹചര്യത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചാണ് സംഭാഷണത്തില്‍ ഊന്നല്‍ നല്‍കിയത്. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതില്‍ മന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ഇന്ത്യ-യുഎഇ തന്ത്രപരമായ സമഗ്ര പങ്കാളിത്തം കൂടുതല്‍ മുന്നേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
· ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചുകൊണ്ടാണ് വിദേശകാര്യ മന്ത്രി യുഎഇ സന്ദര്‍ശനം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ പ്രാദേശിക സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി കഴിഞ്ഞ ആഴ്ച ഖത്തര്‍ സന്ദര്‍ശിച്ചു. വാണിജ്യ മന്ത്രി ഗള്‍ഫിലെ നിരവധി സഹമന്ത്രിമാരുമായി ഫോണില്‍ സംവദിച്ചു.
· ഗള്‍ഫിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങള്‍ ഗവണ്മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
· മികച്ച രീതിയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
· മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
· ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യന്‍ പൗരന്മാരെ സജീവമായി സഹായിക്കുന്നു.
· പ്രാദേശിക ഭരണകൂടങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിമാന, യാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം പുറപ്പെടുവിക്കുന്നു.
· ഇന്ത്യന്‍ സമൂഹങ്ങളുടെ അസോസിയേഷനുകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍, മേഖലയിലെ മറ്റ് പങ്കാളികള്‍ എന്നിവരുമായി ഞങ്ങളുടെ മിഷനുകള്‍ സജീവമായി ഇടപഴകുന്നു.
· പ്രാദേശിക അധികൃതരുമായും ഏജന്‍സികളുമായും ഏകോപനം, കോണ്‍സുലാര്‍ സഹായം നല്‍കല്‍, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭ്യര്‍ത്ഥനകള്‍ക്ക് സഹായം എന്നിവയുള്‍പ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ഞങ്ങളുടെ മിഷനുകള്‍ എല്ലാ സഹായവും നല്‍കുന്നു.
· വ്യോമാതിര്‍ത്തി തുറന്നിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തുടരുന്നു. ഫെബ്രുവരി 28 മുതല്‍, ഏകദേശം 9,27,000 യാത്രക്കാര്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
· യുഎഇയില്‍, പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാന സര്‍വീസുകള്‍, വിമാനക്കമ്പനികള്‍ പരിമിതമായ എണ്ണത്തില്‍ തുടര്‍ന്നും നടത്തുന്നു. ഇന്ന് ഏകദേശം 100 വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നു.
· സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങള്‍ തുടര്‍ന്നും സര്‍വീസ് നടത്തും.
· ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാല്‍, ഖത്തര്‍ എയര്‍വേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8–10 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
· കുവൈറ്റ് വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നു. കുവൈറ്റിലെ ജസീറ എയര്‍വേയ്‌സും കുവൈറ്റ് എയര്‍വേയ്‌സും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. കുവൈത്തില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമായി തുടരുന്നു.
· ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. ഗള്‍ഫ് എയര്‍ ഉടന്‍ തന്നെ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യ വഴി ഇന്ത്യയിലേക്കുള്ള യാത്ര തുടര്‍ന്നും സാധ്യമാക്കും.
· ഇറാനില്‍ നിന്ന് അര്‍മേനിയ അല്ലെങ്കില്‍ അസര്‍ബൈജാന്‍ വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വേണ്ട സഹായം 2,230 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടെഹ്‌റാനിലെ എംബസി നല്‍കി. ഇതില്‍ 987 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 657 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു.
· ഇസ്രായേല്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു. വിമാന സര്‍വീസുകള്‍ നിയന്ത്രിത രീതിയില്‍ നടക്കുന്നു. ഇസ്രായേല്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നു.
· ഇറാഖ് വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. ഇറാഖി എയര്‍വേയ്‌സ് ഇന്നലെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇന്ത്യയിലേക്ക് ഇറാഖില്‍ നിന്ന്, ജോര്‍ദാന്‍, സൗദി അറേബ്യ വഴി ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സുഗമമായി തുടരുന്നു.
****
( റിലീസ് ഐ.ഡി: 2251723)
|