പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയതല പത്ര സമ്മേളനം

പോസ്റ്റഡ് ഓണ്‍: 10 APR 2026 6:25PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഭാരത സര്‍ക്കാര്‍ ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്കുന്ന പിന്തുണ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പ്രധാന  മേഖലകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനായി സ്വീകരിച്ച നടപടികളും പങ്കുവെച്ചു. ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഊര്‍ജ്ജ മന്ത്രാലയവും പങ്കുവെച്ചു.


ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ വൈദ്യുതി സംവിധാനം ശക്തവും വൈവിധ്യപൂര്‍ണ്ണവും ഹ്രസ്വകാല, ദീര്‍ഘകാല ആവശ്യകതകള്‍ നിറവേറ്റുന്നതിന് പര്യാപ്തവുമാണെന്ന്  ഊര്‍ജ്ജ മന്ത്രാലയം എടുത്തുപറഞ്ഞു.

• നിലവില്‍ 531 ജിഗാവാട്ടിലധികം വരുന്ന ഇന്ത്യയുടെ സ്ഥാപിത ഉത്പാദന ശേഷി, രാജ്യത്തിന്റെ  വൈവിധ്യമാര്‍ന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഫലനമാണ്. കല്‍ക്കരി, പുനരുപയോഗ ഊര്‍ജ്ജം, ജലവൈദ്യുതി, ആണവോര്‍ജ്ജം എന്നിവ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇതില്‍ ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നുള്ള ഉത്പാദനം 50 ശതമാനത്തിലധികമാണ്.

• ഏകദേശം 5 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്റര്‍ നീളമുള്ള ശക്തമായ ഒരു പ്രസരണ ശൃംഖലയും 120 ജിഗാവാട്ടിലധികം വരുന്ന അന്തര്‍മേഖലാ കൈമാറ്റ ശേഷിയും ഈ ഉത്പാദന ശേഷിക്ക് പിന്തുണ നല്കുന്നു. ഇതിലൂടെ വിവിധ മേഖലകളിലുടനീളം വിശ്വസനീയമായ വൈദ്യുതി പ്രവാഹം ഉറപ്പാക്കുന്നു.


 ഹ്രസ്വകാല തയ്യാറെടുപ്പുകള്‍: മതിയായ വിതരണം ഉറപ്പാക്കുന്നു

•  സമീപകാല വിതരണ വെല്ലുവിളികള്‍ നേരിടുന്നതിനായി താപവൈദ്യുത നിലയങ്ങളില്‍ മതിയായ കല്‍ക്കരി ശേഖരം ഉറപ്പാക്കുന്നു.

• നിലവിലുള്ള ഉത്പാദന ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന (ICB) നിലയങ്ങള്‍ പൂര്‍ണ്ണതോതില്‍  പ്രവര്‍ത്തനക്ഷമമാക്കുന്നു.

• വേനല്‍ക്കാലത്ത് ഏകദേശം 10,000 മെഗാവാട്ട് അധിക ഉത്പാദന ശേഷി ഉറപ്പാക്കുന്നതിനായി താപവൈദ്യുത നിലയങ്ങളിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ മാറ്റിവെയ്ക്കുന്നു.

• നിര്‍മ്മാണത്തിലിരിക്കുന്ന താപവൈദ്യുത നിലയങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍, പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍, BESS, PSP എന്നിവയുടെ കമ്മീഷനിംഗ് 2026 ഏപ്രില്‍–ജൂണ്‍ കാലയളവില്‍ വേഗത്തിലാക്കുന്നു.


ദീര്‍ഘകാല തന്ത്രം: ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള മാറ്റം

• ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്കുന്നു.

• കഴിഞ്ഞ ദശകത്തില്‍, ഗ്യാസ് അധിഷ്ഠിതമോ ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്നതോ ആയ പുതിയ വൈദ്യുതി നിലയങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. അതേസമയം, നിലവിലുള്ള സംവിധാനങ്ങളെ ആഭ്യന്തര ഇന്ധന സ്രോതസ്സുകളുമായി യോജിപ്പിച്ചു വരുന്നു.

ദേശീയ വൈദ്യുതി പദ്ധതി പ്രകാരം, 2031–32 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം സ്ഥാപിത ഉത്പാദന ശേഷി ഏകദേശം 874 ജിഗാവാട്ട് ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഫോസില്‍ ഇതര സ്രോതസ്സുകളിലേക്കുള്ള ഗണ്യമായ മാറ്റം പ്രകടമാകും:

• ഫോസില്‍ ഇതര സ്രോതസ്സുകളുടെ പങ്ക് 67 ശതമാനത്തിലധികം ആകുമെന്ന് പ്രതീക്ഷിക്കുന്നു.

• ഊര്‍ജ്ജ സംഭരണ ശേഷി: 300 ജിഗാവാട്ട് അവര്‍ (GWh) വരെ വികസിപ്പിക്കും.

• പ്രസരണ ശൃംഖലയുടെ വിപുലീകരണം: 167 ജിഗാവാട്ട് അന്തര്‍മേഖല കൈമാറ്റ ശേഷിയോടു കൂടിയ ഏകദേശം 6.5 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്റര്‍ ശൃംഖല.


മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നയ ഇടപെടലുകള്‍: ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ താഴെ പറയുന്ന നയപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്:


• വരും വര്‍ഷങ്ങളിലെ വൈദ്യുതി ആവശ്യം മുന്‍കൂട്ടി കണ്ട് അത് നിറവേറ്റുന്നതിനായി പത്ത് വര്‍ഷത്തേക്കുള്ള വിഭവ പര്യാപ്തതാ പദ്ധതികള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കി വരുന്നു.

• ദേശീയ-പ്രാദേശിക തലങ്ങളില്‍ ഉത്പാദനത്തിനനുസരിച്ചുള്ള പ്രസരണ ശൃംഖലകളുടെ വികസനം.

•  ISTS ചാര്‍ജ്ജ്  ഇളവുകള്‍, ഹരിത ഊര്‍ജ്ജ ഇടനാഴികളുടെ വികസനം, പിഎം-കുസും, പിഎംസൂര്യ ഘര്‍, ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം തുടങ്ങിയ മുന്‍നിര പദ്ധതികളും.


ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും

ഹോര്‍മുസ് കടലിടുക്കിനെ ബാധിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ഭാരത സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങള്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി:

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും

• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു.

•  എല്‍പിജി ഉപഭോക്താക്കള്‍ ബുക്കിംഗിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങള്‍  നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

•  സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ഇതര ഇന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

• നിലവിലെ സാഹചര്യത്തില്‍, ഊര്‍ജ്ജം സംരക്ഷിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.

സര്‍ക്കാര്‍ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഗാര്‍ഹിക എല്‍.പി.ജി, പി.എന്‍.ജി എന്നിവയുടെ വിതരണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്; പ്രത്യേകിച്ച് ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും.

വിതരണവുമായും ആവശ്യകതയുമായും ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതിനകം നിരവധി ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എണ്ണ സംസ്‌കരണശാലകളിലെ ഉല്പാദന വര്‍ധന, എല്‍.പി.ജി ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തല്‍, വിവിധ മേഖലകള്‍ക്ക് വിതരണ മുന്‍ഗണന നിശ്ചയിക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

എല്‍.പി.ജി ആവശ്യകതയുടെ സമ്മര്‍ദം കുറയ്ക്കാന്‍ മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ചെറുകിട-ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അധിക കല്‍ക്കരി നല്‍കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും  സിംഗരേണി കോളിയറീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പി.എന്‍.ജി കണക്ഷനുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത പരിശ്രമങ്ങളും ഭരണസംവിധാനങ്ങളും

പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും 1955ലെ അവശ്യസാധന നിയമം, 2000ത്തിലെ എല്‍.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകളെ അധികാരപ്പെടുത്തിയിട്ടുണ്ട്.

ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ജനങ്ങളുമായി സജീവ ആശയവിനിമയ സംവിധാനം  അനിവാര്യമാണെന്ന് 2026 മാര്‍ച്ച് 27, ഏപ്രില്‍ 02 തീയതികളിലെ കത്തുകളിലൂടെ കേന്ദ്ര  സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവ് അവലോകന യോഗങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി 2026 ഏപ്രില്‍ രണ്ടിന്  പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും ഏപ്രില്‍ ആറിന്   പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി, ഉപഭോക്തൃകാര്യ സെക്രട്ടറി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങള്‍ ചേര്‍ന്നു. ഈ യോഗങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്:

പ്രതിദിന വാര്‍ത്താ സമ്മേളനങ്ങളും പൊതുജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും പുറപ്പെടുവിക്കുക.

സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ദിവസേന നടത്തിവരുന്ന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ചേര്‍ന്ന് പരിശോധനാ നടപടികള്‍ തുടരുകയും ചെയ്യുക.

സംസ്ഥാനങ്ങള്‍ക്കകത്ത്   വാണിജ്യ എല്‍.പി.ജി വിഹിതം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

സംസ്ഥാനങ്ങള്‍ക്ക് അധികമായി അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

പി.എന്‍.ജി കണക്ഷനുകളും ബദല്‍ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി എല്‍.പി.ജി വിതരണത്തിന് മുന്‍ഗണന നല്‍കുക. വിതരണത്തിലെ സ്ഥിരത ഉറപ്പാക്കാന്‍ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ലക്ഷ്യാധിഷ്ഠിത വിതരണം ഉറപ്പാക്കുക. .

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

നിലവില്‍ 24 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ പതിവ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നു.  

പരിശോധനകളും നിരീക്ഷണ നടപടികളും

എല്‍.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ രാജ്യത്തുടനീളം കര്‍ശന നടപടികള്‍ തുടരുന്നു. 2026 ഏപ്രില്‍ 9ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,800ലധികം പരിശോധനകള്‍ നടത്തുകയും ഏകദേശം 450 സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇതുവരെ രാജ്യത്തുടനീളം ഏകദേശം 1.2 ലക്ഷം പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 57,000ത്തിലേറെ സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും 950ലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 229 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2,100ലധികം കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുകയും 204 എല്‍.പി.ജി വിതരണ ഏജന്‍സികള്‍ക്ക് പിഴ ചുമത്തുകയും 53 ഏജന്‍സികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എല്‍.പി.ജി വിതരണം

ഗാര്‍ഹിക എല്‍.പി.ജി വിതരണം:

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.  

എല്‍.പി.ജി വിതരണ ഏജന്‍സികളിലൊന്നും ഇന്ധനം തീര്‍ന്നുപോയതായി  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എല്‍.പി.ജി ഓണ്‍ലൈന്‍ ബുക്കിങ് രാജ്യത്തുടനീളം ഏകദേശം 98 ശതമാനമായി വര്‍ധിച്ചു.  

വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായി ഏര്‍പ്പെടുത്തിയ ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് അധിഷ്ഠിത വിതരണം ഏകദേശം 92 ശതമാനമായി ഉയര്‍ന്നു.

ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയില്‍ തുടരുന്നു.

വാണിജ്യ എല്‍.പി.ജി വിതരണവും വിഹിതവും:

ആകെ വാണിജ്യ എല്‍.പി.ജി വിഹിതം പ്രതിസന്ധിക്ക് മുന്‍പത്തേതിന്റെ 70 ശതമാനമായി വര്‍ധിപ്പിച്ചു. പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട 10 ശതമാനം വിഹിതവും ഇതിലുള്‍പ്പെടുന്നു.

മരുന്ന്, ഭക്ഷണം, പോളിമര്‍, കൃഷി, പാക്കേജിങ്, പെയിന്റ്, യുറേനിയം, ഘനജലം. സ്റ്റീല്‍, വിത്ത്, ലോഹം, സെറാമിക്, ഫൗണ്ടറി, ഫോര്‍ജിങ്, ഗ്ലാസ്, എയറോസോള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട  വ്യവസായ യൂണിറ്റുകള്‍ക്ക് 2026 മാര്‍ച്ചിന്  മുന്‍പത്തെ ഉപഭോഗത്തിന്റെ 70 ശതമാനം ബള്‍ക് എല്‍.പി.ജി ലഭ്യമാക്കുമെന്ന് 2026 ഏപ്രില്‍ 8ലെ കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത് പ്രതിദിനം പരമാവധി 0.2 ടി.എം.ടി  എന്ന മേഖലാതല പരിധിക്ക് വിധേയമായിരിക്കും.

ഈ വിഹിതം ലഭിക്കുന്നതിന് 2026 മാര്‍ച്ച് 21ലെ കത്തിലെ നിബന്ധനകള്‍ പ്രകാരം എണ്ണക്കമ്പനികളില്‍  രജിസ്റ്റര്‍ ചെയ്യുകയും പി.എന്‍.ജി  കണക്ഷനുവേണ്ടി  അപേക്ഷിക്കുകയും ചെയ്യണം.  എന്നാല്‍, മേല്‍പ്പറഞ്ഞ വ്യവസായങ്ങളില്‍ എല്‍.പി.ജി ഒഴിച്ചുകൂടാനാവാത്ത അസംസ്‌കൃത വസ്തുവാണെങ്കിലും  പ്രകൃതിവാതകം പകരം ഉപയോഗിക്കാനാവാത്ത പ്രത്യേക ആവശ്യങ്ങളുണ്ടെങ്കിലും  പി.എന്‍.ജി അപേക്ഷ നല്‍കണമെന്ന നിബന്ധനയില്‍ ഇളവ് ലഭിക്കും.  

വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കാനും ആഗോള പ്രതിസന്ധികള്‍ക്കിടയിലും വ്യാവസായിക മേഖലയുടെ  പ്രവര്‍ത്തനം തടസരഹിതമായി തുടരാനും ഈ നടപടികള്‍ സഹായിക്കും.

അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന അഞ്ചുകിലോ എഫ്.ടി.എല്‍  സിലിണ്ടറുകളുടെ പ്രതിദിന അളവ് ഇരട്ടിയാക്കിയതായി 2026 ഏപ്രില്‍  6ലെ കത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. ഈ സിലിണ്ടറുകള്‍ എണ്ണക്കമ്പനികളുടെ സഹായത്തോടെ അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുമായി ബന്ധപ്പെട്ട്  2,400 ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ 25,000ത്തിലധികം സിലിണ്ടറുകള്‍ വില്‍ക്കുകയും ചെയ്തു.

2026 ഏപ്രില്‍ 9ന് രാജ്യത്തുടനീളം 1.1 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റു. 2026 ഫെബ്രുവരിയിലെ പ്രതിദിന ശരാശരി 77,000 ആയിരുന്നു.

2026 മാര്‍ച്ച് 23 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി അഞ്ച് കിലോയുടെ  11 ലക്ഷത്തോളം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റു.

ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതി വാണിജ്യ എല്‍.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നതിന് സംസ്ഥാന അധികാരികളുമായും വ്യവസായ സംഘടനകളുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു.

2026 മാര്‍ച്ച് 14 മുതല്‍ ഏകദേശം 1,06,093 മെട്രിക് ടണ്‍ വാണിജ്യ എല്‍.പി.ജി (19 കിലോയുടെ 55.8 ലക്ഷത്തിലധികം സിലിണ്ടറുകള്‍ക്ക് തുല്യം) വിറ്റു.

ഇന്നലെ മാത്രം 6,297 മെട്രിക് ടണ്‍ വാണിജ്യ എല്‍.പി.ജി (19 കിലോയുടെ 3.3 ലക്ഷത്തിലധികം  സിലിണ്ടറുകള്‍ക്ക് തുല്യം) വില്‍പന നടത്തി.

പ്രകൃതിവാതക വിതരണവും പി.എന്‍.ജി വിപുലീകരണ നടപടികളും

ഗാര്‍ഹിക പി.എന്‍.ജി, ഗതാഗത മേഖലയിലെ സി.എന്‍.ജി  എന്നിവയുള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് 100% വിതരണം ഉറപ്പാക്കുന്നത് തുടരുന്നു.

നിലവിലെ  ശേഖരവും വരാനിരിക്കുന്ന എല്‍.എന്‍.ജി കാര്‍ഗോകളും കണക്കിലെടുത്ത് വളം നിര്‍മാണശാലകളുടെ ഗ്യാസ് വിഹിതം 2026 ഏപ്രില്‍  9 മുതല്‍ 5% കൂടി വര്‍ധിപ്പിച്ചു. ഇതോടെ ഈ മേഖലയുടെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95% വിതരണം ഉറപ്പാക്കി.

സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ ഉള്‍പ്പെടെ മറ്റ് വ്യാവസായിക വാണിജ്യ മേഖലകളുടെ ഗ്യാസ് വിതരണം 2026 ഏപ്രില്‍  6 മുതല്‍ 10% കൂടി വര്‍ധിപ്പിച്ചു.

വാണിജ്യ എല്‍.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പി.എന്‍.ജി കണക്ഷന്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഐ.ജി.എല്‍, എം.ജി.എല്‍, ഗെയില്‍ ഗ്യാസ്, ബി.പി.സി.എല്‍  തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ ഗാര്‍ഹികവാണിജ്യ പി.എന്‍.ജി കണക്ഷനുകള്‍ക്ക് വിവിധ പ്രോത്സാഹനങ്ങള്‍ നല്‍കിവരുന്നു.

സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ വിപുലീകരണത്തിനാവശ്യമായ അനുമതികള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു.

എല്‍.പി.ജിയില്‍ നിന്ന് പി.എന്‍.ജിയിലേക്കുള്ള ദീര്‍ഘകാല പരിവര്‍ത്തനത്തിന് സഹായിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 10% അധിക വാണിജ്യ എല്‍.പി.ജി വിഹിതം നല്‍കാമെന്ന് 2026 മാര്‍ച്ച് 18ലെ കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഈ അധിക വിഹിതം കൈപ്പറ്റുന്നുണ്ട്.

പൈപ്പ് ലൈനുകള്‍ ലഭ്യമായ ഇടങ്ങളില്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, സമൂഹ അടുക്കളകള്‍,  അങ്കണവാടികള്‍ എന്നിവയ്ക്ക് 5 ദിവസത്തിനകം പി.എന്‍.ജി കണക്ഷന്‍ നല്‍കാന്‍ പി.എന്‍.ജി.ആര്‍.ബി  നിര്‍ദേശം  നല്‍കി.

സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് പ്രത്യേക അനുമതി ചട്ടക്കൂട്  നടപ്പാക്കി.

2026 മാര്‍ച്ച് 24ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍  1955ലെ അവശ്യസാധന നിയമപ്രകാരം 'പ്രകൃതിവാതകപെട്രോളിയം ഉല്പന്ന വിതരണ (പൈപ്പ് ലൈനുകളും മറ്റ് സൗകര്യങ്ങളും സ്ഥാപിക്കല്‍, നിര്‍മാണം, പ്രവര്‍ത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ്, 2026' വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനും വിപുലീകരിക്കാനും ഈ ഉത്തരവ് ലളിതവും സമയബന്ധിതവുമായ  ചട്ടക്കൂട് നല്‍കുന്നു; ഇത് അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസവും ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങളും പരിഹരിച്ച് പാര്‍പ്പിട മേഖലകളിലടക്കം പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ദ്രുതഗതിയില്‍ സാധ്യമാക്കുന്നു.  പി.എന്‍.ജി  ശൃംഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഈ നടപടി അവസാന തലം വരെ സേവനലഭ്യത മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ സംശുദ്ധ ഇന്ധനങ്ങളിലേക്ക് രാജ്യത്തെ പരിവര്‍ത്തനം ചെയ്യുന്നതിന്  പിന്തുണ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കാനും ഇതിലൂടെ സാധിക്കും.

'ദേശീയ പി.എന്‍.ജി യജ്ഞം 2.0'  2026 ജൂണ്‍ 30 വരെ നീട്ടാന്‍ പി.എന്‍.ജി.ആര്‍.ബി തീരുമാനിച്ചു.

ഊര്‍ജ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്കായി ഒരു 'മാതൃകാ കംപ്രസ്ഡ് ബയോഗ്യാസ് നയരേഖ' കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ നിക്ഷേപ സൗഹൃദ നയം നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാണിജ്യ എല്‍.പി.ജിയുടെ അടുത്ത വിഹിതത്തില്‍ മുന്‍ഗണന ലഭിക്കും.

2026 മാര്‍ച്ച് മുതല്‍ ഏകദേശം 4.05 ലക്ഷം പി.എന്‍.ജി കണക്ഷനുകള്‍ ലഭ്യമാക്കുകയും 4.41 ലക്ഷം പുതിയ ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അസംസ്‌കൃത എണ്ണയുടെ സാഹചര്യവും  എണ്ണ സംസ്‌കരണശാലകളുടെ പ്രവര്‍ത്തനങ്ങളും

രാജ്യത്തെ എല്ലാ എണ്ണ സംസ്‌കരണശാലകളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിന് അസംസ്‌കൃത എണ്ണയുടെ ശേഖരവും ഒപ്പം പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ ശേഖരവും ഉറപ്പാക്കിയിട്ടുണ്ട്.  

ഗാര്‍ഹിക ഉപഭോഗത്തിന് പിന്തുണ നല്‍കുന്നതിന് എണ്ണ സംസ്‌കരണശാലകളിലെ  ആഭ്യന്തര എല്‍.പി.ജി ഉല്പാദനം വര്‍ധിപ്പിച്ചു.

സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി  നിശ്ചയിക്കുന്നതനുസരിച്ച് ഔഷധനിര്‍മാണം,  ഭക്ഷ്യപൊതുവിതരണം, രാസവസ്തു പെട്രോകെമിക്കല്‍സ്  തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് നിശ്ചിത അളവില്‍ C3, C4 വാതകങ്ങള്‍  ലഭ്യമാക്കാന്‍ പെട്രോ കെമിക്കല്‍ സമുച്ചയങ്ങളടക്കം എണ്ണ സംസ്‌കരണ കമ്പനികള്‍ക്ക് 2026 ഏപ്രില്‍ 1ലെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

മേല്‍പ്പറഞ്ഞ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് പ്രതിദിനം 800 മെട്രിക് ടണ്‍ വീതം നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ ഔഷധനിര്‍മാണ വകുപ്പിന് ബി.പി.സി.എല്‍  കൊച്ചി, മുംബൈ സംസ്‌കരണശാലകളില്‍ നിന്ന് പ്രതിദിനം 400 മെട്രിക് ടണ്‍ അനുവദിക്കുകയും വിതരണം ആരംഭിക്കുകയും ചെയ്തു.

വിതരണകേന്ദ്രങ്ങളിലെ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

രാജ്യത്തുടനീളം വിതരണ കേന്ദ്രങ്ങള്‍  സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വിലയില്‍ അസ്വാഭാവിക വര്‍ധനയുണ്ടായി. എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചു.

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് ഡീസല്‍ ലിറ്ററിന് 21.5 രൂപയും വ്യോമയാന ഇന്ധനം  29.5 രൂപയും കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പന വിലയില്‍  വര്‍ധനയില്ല. നിരക്ക് മാറ്റമില്ലാതെ തുടരുന്നു.

കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ത്താ സമ്മേളനങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

സാധാരണ വിഹിതത്തിന് പുറമെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും  48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചു.

മണ്ണെണ്ണ മുക്ത സംസ്ഥാനങ്ങളിലും  പാചകത്തിനും വെളിച്ചത്തിനും മാത്രമായി പി.ഡി.എസ് മണ്ണെണ്ണ വിതരണം ചെയ്യാന്‍ 2026 മാര്‍ച്ച് 29ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സൗകര്യമൊരുക്കി:

ഒരു ജില്ലയില്‍ പരമാവധി രണ്ട് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സര്‍വീസ് സ്‌റ്റേഷനുകളില്‍ (കമ്പനി നേരിട്ട് നടത്തുന്ന) 5,000 ലിറ്റര്‍ വരെ പി.ഡി.എസ് മണ്ണെണ്ണ സംഭരിക്കാന്‍ അനുമതിയുണ്ട്.

ഈ സ്‌റ്റേഷനുകള്‍ അതത് സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളോ നിശ്ചയിക്കും.

18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ മണ്ണെണ്ണ വിഹിതത്തിന് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഹിമാചല്‍ പ്രദേശ്, ലഡാക് എന്നിവിടങ്ങളില്‍ നിലവില്‍ മണ്ണെണ്ണ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും


പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ നിലവിലെ സമുദ്ര സ്ഥിതിയും ഇന്ത്യന്‍ കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളും വിശദീകരിച്ചു. ഇപ്രകാരം പ്രസ്താവിച്ചു:

•FIEO, CSLA, EEPC, SEPC, APEDA തുടങ്ങിയ പങ്കാളികള്‍ നേരിടുന്ന നിലവിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി തുറമുഖ, ഷിപ്പിംഗ് & ജലപാത മന്ത്രാലയം, വാണിജ്യ വകുപ്പ്, CBIC, DGFT എന്നിവയുമായി ഇന്നലെ ഒരു യോഗം ചേര്‍ന്നു.

•കയറ്റുമതിക്കാരോടും അവരുടെ സംഘടനകളോടും അത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന തുറമുഖങ്ങളുടെ വിശദാംശങ്ങളും പ്രശ്‌നങ്ങളും പങ്കിടാന്‍ അഭ്യര്‍ത്ഥിച്ചു.

• തുറമുഖങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസ നടപടികള്‍ റീഇംബേഴ്‌സ്‌മെന്റ് അടിസ്ഥാനത്തില്‍ അല്ല, മറിച്ച് മുന്‍കൂട്ടി നല്‍കാന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

•സുതാര്യതയും വിശാലമായ പ്രചാരണവും ഉറപ്പാക്കാന്‍ ചരക്കുകള്‍ക്കും കപ്പലുകള്‍ക്കും നല്‍കിയിട്ടുള്ള എല്ലാ ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ അതത് വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാന്‍ തുറമുഖങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

•എണ്ണക്കമ്പനികളുമായും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായും ഏകോപിപ്പിച്ച് എല്ലാ തുറമുഖങ്ങളിലും മതിയായ ബങ്കര്‍ സൗകര്യങ്ങള്‍ ലഭ്യമാണ്, ഇന്ധനത്തിന് ക്ഷാമമില്ല .

 •തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകളുടെ തിരക്കില്ല. തുറമുഖ പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നു.

• 2026 മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 10 വരെ കാണ്ട്‌ലയിലും ജെഎന്‍പിടിയിലും കണ്ടെയ്‌നറുകളുടെ തിരക്ക് കുറയ്ക്കുന്നതിനായി ഷിപ്പിംഗ് കമ്പനികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:

കാണ്ട്‌ല 1575 ല്‍ നിന്ന് 44 ആയി കുറച്ചു (97% കുറവ്)

ജെഎന്‍പിടി  4500 ല്‍ നിന്ന് 394 ആയി കുറച്ചു (92% കുറവ്)

റീഫര്‍ കണ്ടെയ്‌നറുകള്‍  1200 ല്‍ നിന്ന് 8 ആയി കുറച്ചു (99% കുറവ്)

•കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & ജലപാത മന്ത്രി എല്ലാ തുറമുഖങ്ങളുമായും, ഡിജി ഷിപ്പിംഗുമായും മറ്റ് പങ്കാളികളുമായും നിലവിലെ സാഹചര്യം അവലോകനം ചെയ്യുകയും ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

•മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാകവഹിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു അനിഷ്ടസംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

• കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 198 കോളുകളും 319 ഇമെയിലുകളും കൈകാര്യം ചെയ്തു.

•ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 124 പേര്‍ ഉള്‍പ്പെടെ ഇതുവരെ 1,927 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്

•ഇന്ത്യന്‍ നാവികരുടെ ക്ഷേമവും തടസ്സരഹിതമായ സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്ര പങ്കാളികള്‍ എന്നിവരുമായി മന്ത്രാലയം ഏകോപനം തുടരുന്നു.

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ

•ഇന്ത്യന്‍ മിഷനുകള്‍ വഴിയുള്ള സഹായം ഉള്‍പ്പെടെയുള്ള മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കുവെച്ചു. ഇപ്രകാരം അറിയിച്ചു:

•ഗള്‍ഫിലെയും പശ്ചിമേഷ്യയിലെയും സംഭവ വികാസങ്ങള്‍ ഗവണ്‍മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

• പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം, ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു.

•വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയശങ്കര്‍ നിലവില്‍ മൗറീഷ്യസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ്. 2026 ഏപ്രില്‍ 11–12 തീയതികളില്‍ അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശന വേളയില്‍, ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും.

•ഇന്ത്യ സ്വന്തം ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നു. അതിനിടയിലും അയല്‍ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം, അവരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പിന്തുണ നല്‍കുകയും ചെയ്യുന്നു

•രണ്ടാഴ്ച മുമ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് 38 മെട്രിക് ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കി.

•മൗറീഷ്യസിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുന്ന എണ്ണയും വാതകവും വിതരണം ചെയ്യുന്നതിനുള്ള ഒരു അന്തര്‍ ഗവണ്‍മെന്റ് കരാര്‍ അന്തിമമായിക്കൊണ്ടിരിക്കുകയാണ്.

• പശ്ചിമേഷ്യയിലെ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ പിന്തുണയ്ക്ക് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ നന്ദി അറിയിച്ചു.

•ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ വിതരണ രാജ്യമായ ഖത്തര്‍, പെട്രോളിയം& പ്രകൃതിവാതക മന്ത്രി 2026 ഏപ്രില്‍ 9 മുതല്‍ 10 വരെ സന്ദര്‍ശിക്കുന്നു.

•ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ പേരില്‍ ആശംസകളും ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശവും അദ്ദേഹം കൈമാറി.

•വിശ്വസനീയമായ ഊര്‍ജ്ജ വിതരണരാജ്യമായി തുടരാനുള്ള  ഖത്തറിന്റെ പ്രതിജ്ഞാബദ്ധത ഖത്തര്‍ ഊര്‍ജ്ജ മന്ത്രി അറിയിച്ചു. ഇന്ത്യയുമായുള്ള ഊര്‍ജ്ജ ബന്ധങ്ങളും സഹകരണവും തുടരാനും ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

•മന്ത്രാലയത്തിന്റെ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമായി തുടരുന്നു. കൂടാതെ സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തര ബന്ധം നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ മിഷനുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു.

 •മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

•ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും 24x7 അടിസ്ഥാനത്തില്‍ ഹെല്‍പ്പ്‌ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുകയും ഇന്ത്യന്‍ പൗരന്മാരെ സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.

 •പ്രാദേശിക ഗവണ്‍മെന്റുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍, വിമാന, യാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടെ നിരന്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്.

•ഇന്ത്യന്‍ സമൂഹങ്ങളുടെ അസോസിയേഷനുകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍, മേഖലയിലെ മറ്റ് പങ്കാളികള്‍ എന്നിവരുമായി ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ആശയവിനിമയം നടത്തുന്നു.

• വ്യോമാതിര്‍ത്തി തുറന്നിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് തുടരുന്നു. ഫെബ്രുവരി 28 മുതല്‍ ഏകദേശം 8,43,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

•യുഎഇയില്‍, പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ വിമാന കമ്പനികള്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങള്‍ പരിമിതമായി  സര്‍വീസ് നടത്തുന്നു. ഇന്ന് ഏകദേശം 95 വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നു.

•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് തുടരും.

•ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിനാല്‍, ഖത്തര്‍ എയര്‍വേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8–10 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

•കുവൈറ്റ് വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ജസീറ എയര്‍വേയ്‌സും കുവൈറ്റ് എയര്‍വേയ്‌സും ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാന സര്‍വീസുകള്‍ നടത്തുന്നു. വ്യോമമേഖല അടച്ചതിനാല്‍, കുവൈത്തില്‍ നിന്ന് സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക്, ഇന്ത്യന്‍ പൗരന്മാരുടെ യാത്ര ഞങ്ങള്‍ തുടര്‍ന്നും സുഗമമാക്കും.

•ബഹ്‌റൈന്‍ വ്യോമമേഖല തുറന്നിരിക്കുന്നു. ഗള്‍ഫ് എയര്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ ആസൂത്രണം ചെയ്യുന്നു. നിലവില്‍ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബഹ്‌റൈനില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമാക്കുന്നത് തുടരുന്നു.

• 981 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 657 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 2,180 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാനില്‍ നിന്ന് അര്‍മേനിയ അല്ലെങ്കില്‍ അസര്‍ബൈജാന്‍ വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതുവരെ സൗകര്യമൊരുക്കിയിട്ടുണ്ട്.

• ഇസ്രായേല്‍ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുന്നു. നിയന്ത്രിതമായി വിമാന സര്‍വീസുകള്‍ നടത്തുന്നു. ജോര്‍ദാന്‍, ഈജിപ്ത് വഴി ഇന്ത്യയിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര തുടര്‍ന്നും സുഗമമാക്കുന്നു.

• ഇറാഖ് വ്യോമമേഖല തുറന്നിരിക്കുന്നു. നിയന്ത്രിതമായി വിമാന സര്‍വീസുകള്‍ നടത്തുന്നു. ജോര്‍ദാന്‍, സൗദി അറേബ്യ വഴി ഇന്ത്യയിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര തുടര്‍ന്നും സുഗമമാക്കുന്നു.

 ലെബനനിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രസ്താവന:

ലെബനനില്‍ നിരവധി സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്.

ലെബനന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുന്ന UNIFILലേക്ക് സംഭാവന നല്‍കുന്ന ഒരു രാജ്യം എന്ന നിലയില്‍, നടന്ന സംഭവങ്ങള്‍ വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്.

ഇന്ത്യ എപ്പോഴും സിവിലിയന്മാരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമം പാലിക്കുകയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ലെബനനിലെ ഞങ്ങളുടെ എംബസി ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
 

*******

 

 


( റിലീസ് ഐ.ഡി: 2251026) സന്ദര്‍ശക കൗണ്ടര്‍ : 13