വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരതീയ സാംസ്കാരിക ഉള്ളടക്കത്തിൻ്റെ ആഗോള വ്യാപനം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ദൂരദർശനും ഐ.സി.സി.ആറും (ICCR) തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
പോസ്റ്റഡ് ഓണ്‍:
09 APR 2026 6:51PM by PIB Thiruvananthpuram
ഇന്ത്യയുടെ സാംസ്‌കാരിക നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും ഭാരതീയ കലകളെ ആഗോളതലത്തിൽ എത്തിക്കുന്നതിനുമായി പ്രസാർ ഭാരതിയും (ദൂരദർശൻ) ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും (ICCR) തമ്മിൽ 2026 ഏപ്രിൽ 7-ന് ന്യൂഡൽഹിയിലെ ദൂരദർശൻ ഭവനിൽ ധാരണാപത്രം ഒപ്പിട്ടു.
ദൂരദർശൻ ഡയറക്ടർ ജനറൽ ശ്രീ കെ. സതീഷ് നമ്പൂതിരിപ്പാടും ഐ.സി.സി.ആർ ഡയറക്ടർ ജനറൽ ശ്രീമതി കെ. നന്ദിനി സിംഗ്ലയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഐ.സി.സി.ആർ ലഭ്യമാക്കുന്ന സാംസ്‌കാരിക പരിപാടികൾക്ക് ദൂരദർശ ൻ്റെ വിപുലമായ ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കൂടുതൽ പ്രചാരണം നൽകുകയാണ് ഈ പങ്കാളിത്തത്തിൻ്റെ പ്രധാന ലക്ഷ്യം.വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, കോൺസുലേറ്റുകൾ, ഇന്ത്യൻ കൾച്ചറൽ സെൻ്ററുകൾ എന്നിവ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളും ഐ.സി.സി.ആർ ആസ്ഥാനത്തിന് പുറമെ ഇന്ത്യയിലുടനീളമുള്ള സോണൽ, റീജിയണൽ ഓഫീസുകൾ വഴി നടത്തുന്ന സാംസ്‌കാരിക പരിപാടികളും ഇതിലൂടെ ലോകമെമ്പാടും സംപ്രേഷണം ചെയ്യും.
ധാരണാപത്ര പ്രകാരം, ഐ.സി.സി.ആർ ലഭ്യമാക്കുന്ന സാംസ്‌കാരിക ഉള്ളടക്കങ്ങളും കലാപ്രകടനങ്ങളും ദൂരദർശൻ ഏറ്റെടുത്ത് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങളിലെത്തിക്കും. ടെലിവിഷൻ ചാനലുകൾ, റേഡിയോ നെറ്റ്‌വർക്കുകൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി ഈ പരിപാടികൾ തത്സമയമായും അല്ലാതെയും സംപ്രേഷണം ചെയ്യും.ഈ ക്രമീകരണം വിദേശങ്ങളിലുള്ള ഇന്ത്യൻ മിഷനുകളിൽ നിന്ന് ലഭിക്കുന്ന റെക്കോർഡ് ചെയ്ത സാംസ്കാരിക ഉള്ളടക്കങ്ങളുടെ സംപ്രേഷണത്തിനും സൗകര്യമൊരുക്കുന്നു. ഇതിലൂടെ ഇന്ത്യയുടെ സാംസ്കാരിക അവതരണങ്ങൾ ഭൂഖണ്ഡങ്ങൾക്കതീതമായ പ്രചാരം ഉറപ്പാക്കാൻ ഈ സംയുക്ത നീക്കം സഹായിക്കും.
ഡിജിറ്റൽ അവകാശങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്ക അവകാശങ്ങളുടെ സംയുക്ത ഉടമസ്ഥാവകാശം ശാശ്വതമായി നിലനിർത്തുന്നതിനുള്ള വ്യവസ്ഥയാണ് കരാറിൻ്റെ ഒരു പ്രധാന സവിശേഷത.ഇതിലൂടെ ഇരുസ്ഥാപനങ്ങൾക്കും ദീർഘകാല ഉപയോഗത്തിനായി ഉള്ളടക്കങ്ങൾ ശേഖരിച്ച് പ്രചരിപ്പിക്കുന്നതിന് സാധ്യമാകും.പ്രേക്ഷക പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്നതിനായി സാധ്യമായ എല്ലാ മാധ്യമ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ദൂരദർശന് കരാറിൽ വ്യവസ്ഥയുണ്ട്.

ഈ സഹകരണത്തിലൂടെ നിർമ്മിക്കപ്പെടുന്ന സാംസ്‌കാരിക ഉള്ളടക്കങ്ങളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള സാധ്യതകളും പ്രസാർ ഭാരതി തേടും. സാംസ്‌കാരിക പ്രക്ഷേപണ സംരംഭങ്ങൾ കൂടുതൽ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കും.
മൂന്ന് വർഷത്തേക്കാണ് കരാറിൻ്റെ കാലാവധി. ഇരു വിഭാഗങ്ങളുടെയും താൽപ്പര്യപ്രകാരം ഭാവിയിൽ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. ആധുനിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈൃതകം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ പങ്കാളിത്തം വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
****
( റിലീസ് ഐ.ഡി: 2250612)
സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Telugu
,
Kannada