സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
അരുണാചൽ പ്രദേശിലെ കാംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി 1720 മെഗാവാട്ട് ശേഷിയിൽ കമല ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനുള്ള 26,069.50 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പോസ്റ്റഡ് ഓണ്‍:
08 APR 2026 4:26PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, അരുണാചൽ പ്രദേശിലെ കംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി നിർമ്മിക്കുന്ന കമല ജലവൈദ്യുത പദ്ധതിയ്ക്ക് (HEP) 26,069.50 കോടി രൂപയുടെ നിക്ഷേപം അംഗീകരിച്ചു. പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 96 മാസമെടുക്കുമെന്നാണ് കണക്കാക്കുന്നത്.
1720 മെഗാവാട്ട് (8 x 210 MW & 1 x 40 MW) സ്ഥാപിത ശേഷിയുള്ള ഈ പദ്ധതിയിൽ നിന്നും 6870 മില്യൺ യൂണിറ്റ് (MU) ഊർജ്ജം ഉൽപ്പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി അരുണാചൽ പ്രദേശിലെ വൈദ്യുതി വിതരണ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, വൈദ്യുതിയുടെ വർദ്ധിച്ച ആവശ്യം കൈകാര്യം ചെയ്യുന്നതിനും, ദേശീയ ഗ്രിഡ് ബാലൻസിംഗിനും സഹായിക്കും. കൂടാതെ, ബ്രഹ്മപുത്ര താഴ്‌വരയിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഇത് ഗുണകരമാകും.
കമല ജലവൈദ്യുത പദ്ധതിയ്ക്ക് (HEP) പുറമെ, സുബൻസിരി ലോവർ (2000 MW), ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് (2880 MW) എന്നീ മറ്റ് ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. കൂടാതെ എറ്റാലിൻ (Etalin - 3097 MW) പദ്ധതി എൻ.എച്ച്.പി.സി ലിമിറ്റഡിന്റെ നേതൃത്വത്തിൽ അരുണാചൽ പ്രദേശിൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.
എൻ.എച്ച്.പി.സി ലിമിറ്റഡും അരുണാചൽ പ്രദേശ് ഗവൺമെന്റും ചേർന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് കമല ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗത്തിനായി 4743.98 കോടി രൂപയും, അടിസ്ഥാന സൗകര്യ വികസനത്തിന് (റോഡുകൾ, പാലങ്ങൾ, അനുബന്ധ ട്രാൻസ്മിഷൻ സംവിധാനം എന്നിവയുടെ നിർമ്മാണം) 1340 കോടി രൂപയും ബജറ്റ് സഹായമായി ഇന്ത്യാ ഗവൺമെൻറ് നൽകും. കൂടാതെ, സംസ്ഥാനത്തിന്റെ ഓഹരി പങ്കാളിത്തത്തിനായി 750 കോടി രൂപ കേന്ദ്ര സാമ്പത്തിക സഹായമായും നൽകുന്നതാണ്.
പദ്ധതിയിൽ നിന്നുള്ള വൈദ്യുതിയുടെ 12 ശതമാനം സംസ്ഥാനത്തിന് സൗജന്യമായി ലഭിക്കും. കൂടാതെ, പ്രാദേശിക വികസന ഫണ്ടിനായി (LADF) ഒരു ശതമാനം കൂടി നീക്കിവെക്കും. ഇതോടൊപ്പം ഈ മേഖലയിൽ ഗണ്യമായ അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക-സാമ്പത്തിക നേട്ടങ്ങളും പദ്ധതിയിലൂടെ കൈവരും.
അരുണാചൽ പ്രദേശിലെ കംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഈ പദ്ധതിയിലൂടെ കാര്യമായ പുരോഗതിയുണ്ടാകും. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഏകദേശം 196 കിലോമീറ്റർ റോഡുകളും പാലങ്ങളും ഭൂരിഭാഗവും പ്രാദേശിക ഉപയോഗത്തിനായി ലഭ്യമാകും. പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ള 8 കോടി രൂപയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആശുപത്രികൾ, സ്കൂളുകൾ, ചന്തകൾ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ നിർമ്മിക്കുന്നതിന്റെ ഗുണഫലങ്ങളും ഈ ജില്ലകൾക്ക് ലഭിക്കും. കൂടാതെ, നഷ്ടപരിഹാരം, തൊഴിലവസരങ്ങൾ, സി.എസ്.ആർ (CSR) പ്രവർത്തനങ്ങൾ എന്നിവയിലൂടെയും പ്രദേശവാസികൾക്ക് പ്രയോജനം ലഭിക്കും.
കമല ജലവൈദ്യുത പദ്ധതിയ്ക്ക് പുറമെ, അരുണാചൽ പ്രദേശിലും അസമിലുമായി സുബൻസിരി ലോവർ (2000 MW), ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് (2880 MW), എറ്റാലിൻ (3097 MW) എന്നീ മൂന്ന് പ്രധാന ജലവൈദ്യുത പദ്ധതികൾ എൻ.എച്ച്.പി.സി ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സുബൻസിരി ലോവർ എച്ച്.ഇ.പി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്; ഇതിനോടകം 750 മെഗാവാട്ട് കമ്മീഷൻ ചെയ്തുകഴിഞ്ഞു, ബാക്കിയുള്ള ശേഷി 2026 ഡിസംബറോടെ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതികളെല്ലാം തന്നെ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് 12 ശതമാനം സൗജന്യ വൈദ്യുതി നൽകുകയും, പദ്ധതി വരുമാനത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ പ്രാദേശിക വികസന ഫണ്ട് (LADF) വഴി പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും.
-NK-
( റിലീസ് ഐ.ഡി: 2250144)
സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada