പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ മന്ത്രാലയതല പത്ര സമ്മേളനം

ഗാർഹിക എൽപിജി സിലിണ്ടർ വിതരണം സാധാരണ നിലയിൽ തുടരുന്നു

ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ ഇന്ത്യൻ പൗരന്മാർക്ക് സമഗ്രമായ പിന്തുണാ ചട്ടക്കൂട് ഗവൺമെൻറ് ഉറപ്പാക്കുന്നു

പോസ്റ്റഡ് ഓണ്‍: 07 APR 2026 5:41PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പതിവ് ശ്രമങ്ങളുടെ ഭാഗമായി, കേന്ദ്ര ഗവൺമെൻറ് ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ ഒരു വാര്‍ത്താ സമ്മേളനം നടത്തി. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും വിവിധ മേഖലകളിൽ സ്ഥിരത ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികളും പങ്കുവെച്ചു. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ സിവിൽ വ്യോമയാന മന്ത്രാലയം പങ്കുവെച്ചു.

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ
 
വിമാന സർവീസുകളുടെ തുടർച്ച ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപനം നിലനിർത്തുന്നതിനുമായി സ്വീകരിച്ച നടപടികൾ സിവിൽ വ്യോമയാന മന്ത്രാലയം എടുത്തുപറഞ്ഞു. മന്ത്രാലയം അറിയിച്ച വിവരങ്ങൾ പ്രകാരം:


•   ഫെബ്രുവരി അവസാന വാരത്തിൽ ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഗുരുതരമായ പ്രവർത്തന-സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഇന്ത്യൻ വ്യോമയാന മേഖല ഇപ്പോൾ  കടന്നുപോകുന്നത്. വ്യവസായത്തിൻ്റെ സ്ഥിരത നിലനിർത്താൻ ശ്രമിക്കുന്നതോടൊപ്പം യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സിവിൽ വ്യോമയാന മന്ത്രാലയം വിവിധ തലങ്ങളിലായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

•  പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷത്തിൻ്റെ  ഫലമായി രൂപപ്പെടുന്ന മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ സിവിൽ വ്യോമയാന മന്ത്രാലയം സൂക്ഷ്മമായും നിരന്തരമായും നിരീക്ഷിച്ചുവരികയാണ്. ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, ലെബനൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ വ്യോമപാത അടയ്ക്കുകയോ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത് ആഗോള വ്യോമയാന ശൃംഖലകളിലും അന്താരാഷ്ട്ര  കണക്റ്റിവിറ്റിയിലും അഭൂതപൂർവമായ തടസ്സങ്ങൾക്ക് കാരണമായി.

•  വെല്ലുവിളികൾ നിറഞ്ഞതും പരിമിതവുമായ സാഹചര്യങ്ങൾക്കിടയിലും, ഈ മേഖലയിൽ നിന്നുള്ള സർവീസുകൾ നിലനിർത്തുന്നതിൽ ഇന്ത്യൻ വിമാനക്കമ്പനികൾ അസാധാരണമായ പ്രതിരോധശേഷിയും പ്രവർത്തനക്ഷമതയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വ്യോമയാന മേഖലയുടെ കരുത്തും പ്രതികരണശേഷിയും അടിവരയിടുന്നു.

•  എന്നിരുന്നാലും, വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വിമാനക്കമ്പനികളുടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള വിമാനങ്ങൾക്ക് ദൈർഘ്യമേറിയ പാതകൾ സ്വീകരിക്കേണ്ടി വരുന്നു, ഇത് യാത്രാസമയം വർദ്ധിപ്പിച്ചു.

•   എ.ടി.എഫ് വില നിർണ്ണയം: വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിൻ്റെ  ഏകദേശം 40 ശതമാനം  വരുന്ന വിമാന ഇന്ധനത്തിൻ്റെ ( എ.ടി.എഫ്) വില നിർണ്ണയത്തിൽ ഗവൺമെൻറ് സമയബന്ധിതമായി ഇടപെട്ടതിനാൽ, ആഭ്യന്തര വിമാന നിരക്കുകൾ സ്ഥിരതയോടെ തുടരുന്നു.

•  കൂടാതെ, മറ്റ് പങ്കാളികളുമായി ഏകോപിപ്പിച്ച്, വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന നടപടികളിൽ മന്ത്രാലയം സജീവമായി ഏർപ്പെട്ടിരിക്കുകയാണ്.

•  പ്രവർത്തനപരമായ ഇളവുകളും നീട്ടിനല്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദൈർഘ്യമേറിയ റൂട്ടുകൾ മൂലമുണ്ടാകുന്ന സമ്മർദ്ദം പരിഹരിക്കുന്നതിനായി, പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച നിയന്ത്രണങ്ങളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ താൽക്കാലിക ഇളവുകൾ അനുവദിച്ചിട്ടുണ്ട്, വിമാന ജീവനക്കാരുടെ  ലഭ്യതക്കുറവ് ഒഴിവാക്കാനാണ് ഈ നടപടി.

•  അവശ്യ വിതരണ ശൃംഖലകൾ നിലനിർത്തുന്നതിനായി എമിറേറ്റ്‌സ്, കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ്  തുടങ്ങിയ വിദേശ വിമാനക്കമ്പനികൾക്ക് യാത്രാ വിമാനങ്ങൾ കാർഗോ സർവീസുകൾക്കായി  ഉപയോഗിക്കാൻ പ്രത്യേക അനുമതി നല്കിയിട്ടുണ്ട്. നിലവിലെ തടസ്സങ്ങൾക്കിടയിലും നിർണ്ണായകമായ ചരക്ക് നീക്കത്തിൻ്റെ സുഗമമായ തുടർച്ച ഇതിലൂടെ ഉറപ്പാക്കുന്നു.

• സാഹചര്യം മാറ്റങ്ങൾക്ക് വിധേയമായി തുടരുമ്പോഴും, യാത്രക്കാരുടെ സുരക്ഷയും സൗകര്യവും, തടസ്സമില്ലാത്ത ചരക്ക് നീക്കവും, മേഖലയുടെ മൊത്തത്തിലുള്ള സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഗവൺമെൻറ് ദൃഢനിശ്ചയത്തോടെ ഉറച്ചുനിൽക്കുന്നു. ഈ കാലയളവിൽ ഫലപ്രദവും സന്തുലിതവും പ്രതികരണാത്മകവുമായ സമീപനം ഉറപ്പാക്കുന്നതിനായി സിവിൽ വ്യോമയാന മന്ത്രാലയം ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സൂക്ഷ്മവും നിരന്തരവുമായ ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.

 

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ഇന്ത്യ ഗവൺമെൻറ് സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങൾ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി:

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണവും

• പെട്രോൾ, ഡീസൽ, എൽപിജി എന്നിവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാർക്ക് നിർദ്ദേശം നല്കുന്നു.

•  എൽപിജി ഉപഭോക്താക്കൾ ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങൾ  നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

•  സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.

• നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.


വൺമെന്റിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ തന്നെ, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കുന്നതിനോടൊപ്പം, ഗാർഹിക എൽപിജി, പിഎൻജി എന്നിവയ്ക്കും ഗവൺമെൻറ് ഉയർന്ന മുൻഗണന നല്കിയിട്ടുണ്ട്.

•  റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ ഗവൺമെൻറ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

• എൽ‌പി‌ജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

• പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.

• ഇന്ധനത്തിൻ്റെ മതിയായ ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ പൊതുജന സമ്പർക്കം ആവശ്യമാണെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യ ഗവൺമെൻറ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, 2026 ഏപ്രിൽ 2-നും (MoPNG സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (MoPNG സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവർ ചേർന്ന്) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നല്കി:

Ø ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുക.

Ø സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

Ø ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലുള്ള ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണ വിതരണ കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.

Ø അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

Ø സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ  വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

Ø പി.എൻ.ജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.

Ø എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക, വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.

• പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

• നിലവിൽ 24 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നുണ്ട്.


പരിശോധനയും നിരീക്ഷണ നടപടികളും

• എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികൾ രാജ്യത്തുടനീളം തുടരുന്നു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 4300-ലധികം റെയ്ഡുകൾ നടത്തുകയും 1200-ലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.

•  പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ  മിന്നൽ പരിശോധനകൾ ശക്തമാക്കുകയും 1700-ലധികം കാരണം കാണിക്കൽ നോട്ടീസുകൾ അയക്കുകയും ചെയ്തു. കൂടാതെ 168 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും 45 വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

എൽപിജി വിതരണം

 ഗാർഹിക എൽപിജി വിതരണ സ്ഥിതി:

•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.

•  എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

•  ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇൻഡസ്ട്രി അടിസ്ഥാനത്തിൽ 96 ശതമാനമായി വർദ്ധിച്ചു.

•  വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 90 ശതമാനമായി ഉയർന്നു.

• ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.


വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:

•  സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിശ്ചയിച്ചിട്ടുള്ള നിശ്ചിത അളവിൻ്റേയും റിഫൈനറി സ്രോതസ്സിൻ്റേയും അടിസ്ഥാനത്തിൽ, ഫാർമസ്യൂട്ടിക്കൽ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കെമിക്കൽസ്-പെട്രോകെമിക്കൽസ് വകുപ്പ് തുടങ്ങിയ നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യ ഗവൺമെൻറ് പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് അനുമതി നല്കിയിട്ടുണ്ട്.

•  മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി  വർദ്ധിപ്പിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.

•  കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ്, 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ച 20 ശതമാനം  എന്ന പരിധിക്ക് പുറമെ ഇരട്ടിയാക്കിയതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഗവൺമെൻറ് അറിയിച്ചു. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ അടിസ്ഥാനത്തിലാണിത്. ഈ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി സംസ്ഥാന ഗവൺമെന്റുകൾക്ക് വിട്ടുനല്കും.

•   2026 മാർച്ച് 23 മുതൽ ഏകദേശം 7.8 ലക്ഷം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ  വിറ്റഴിക്കപ്പെട്ടു.

•  കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 1300 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതേത്തുടർന്ന് 10,000-ത്തിലധികം സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.

•  2026 ഏപ്രിൽ 6-ന് രാജ്യത്തുടനീളം 1.06 ലക്ഷത്തിലധികം 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. 2026 ഫെബ്രുവരിയിലെ പ്രതിദിന ശരാശരി 77,000 ആയിരുന്നു.

•  ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ മൂന്നംഗ സമിതി വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന അധികാരികളുമായും വ്യവസായ  സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു.

•  2026 മാർച്ച് 14 മുതൽ ഏകദേശം 86,439 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 45.5 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിക്കപ്പെട്ടു. ഇന്നലെ മാത്രം 6530 മെട്രിക് ടൺ വാണിജ്യ എൽ.പി.ജിയാണ്  (3.4 ലക്ഷത്തിലധികം 19 കിലോ സിലിണ്ടറുകൾക്ക് തുല്യം) വിറ്റഴിക്കപ്പെട്ടത്.

 

പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും

· മുൻഗണനാ മേഖലകൾക്ക്  വിതരണ സുരക്ഷിതത്വം തുടർന്നും ഉറപ്പാക്കുന്നു, ഇതിൽ ആഭ്യന്തര PNG, CNG ഗതാഗത മേഖലയ്ക്കുള്ള 100% വിതരണവും ഉൾപ്പെടുന്നു.

·യൂറിയ പ്ലാന്റുകളിലേക്കുള്ള വാതക വിതരണം നിലവിൽ അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനമാണ്. 2026 ഏപ്രിൽ 6 മുതൽ വളം പ്ലാന്റുകൾക്കുള്ള മൊത്തത്തിലുള്ള വിഹിതം മേഖലയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 90 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

· സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലകൾ  ഉൾപ്പെടെയുള്ള മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണവും 06.04.2026 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ 10% കൂടി വർദ്ധിപ്പിച്ചു.

· ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

· IGL, MGL, GAIL, BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ PNG കണക്ഷനുകൾ എടുക്കുന്നതിനു ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

· CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 · എൽ‌പി‌ജിയിൽ നിന്ന് പി‌എൻ‌ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ സഹായിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

· പി‌എൻ‌ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എൽ‌പി‌ജി വിഹിതം 18 സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതിനകം ലഭിക്കുന്നുണ്ട്.

·  പൈപ്പ്‌ലൈനുകൾ ലഭ്യമാകുന്നയിടങ്ങളിലെ സ്കൂളുകൾ, ഹോസ്റ്റലുകൾ, സമൂഹ അടുക്കളകൾ, അങ്കണവാടി അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങളെ  അഞ്ച് ദിവസത്തിനുള്ളിൽ പി‌എൻ‌ജി വഴി ബന്ധിപ്പിക്കാൻ  സി‌ജി‌ഡി സ്ഥാപനങ്ങൾക്ക് പി‌എൻ‌ജി‌ആർ‌ബി നിർദ്ദേശം നൽകി.

· അപേക്ഷകൾ മുൻ‌ഗണനാക്രമത്തിൽ പരിഗണിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് സി‌ജി‌ഡി അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ദ്രുത അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.

 •1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ് 2026,  ഇന്ത്യാ ഗവൺമെന്റ് 2026 മാർച്ച് 24 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു. അനുമതി, ഭൂമിലഭ്യത എന്നിവയിലേക്കുള്ള  കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിലുൾപ്പെടെ  പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് PNG ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലായിടത്തും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ അതുവഴി ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

· പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള താമസസൗകര്യ പ്രദേശങ്ങളിൽ, PNG അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ പ്രതിരോധ മന്ത്രാലയം 2026 ജൂൺ 30 വരെ ഒരു ഹ്രസ്വകാല നയ പരിഷ്കരണം പുറപ്പെടുവിച്ചു.

· PNG വിപുലീകരണത്തിന്റെ ആക്കം നിലനിർത്താൻ  ദേശീയ പിഎൻജി  യജ്ഞം   2.0, PNGRB 2026 ജൂൺ 30 വരെ നീട്ടി.

 · കൂടുതൽ വൃത്തിയുള്ളതും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ്,  സംസ്ഥാന സിബിജി കരട് മാതൃകാനയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദപരവും നിർവഹണ -അധിഷ്ഠിതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു  മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയത്തിന്റെ ലക്ഷ്യം. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.

· 2026 മാർച്ച് മുതൽ, ഏകദേശം 3.76 ലക്ഷം പിഎൻജി കണക്ഷനുകൾ ലഭ്യമാക്കി.കൂടാതെ ഏകദേശം 4.1 ലക്ഷം അധിക ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

· 16,500-ലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.

 

 അസംസ്കൃത എണ്ണയുടെ നിലവിലെ സ്ഥിതിയും എണ്ണ ശുദ്ധീകരണ ശാലയുടെ  പ്രവർത്തനങ്ങളും

· എല്ലാ എണ്ണ ശുദ്ധീകരണശാലകളും  മതിയായ അസംസ്കൃത എണ്ണ സംഭരണത്തോടെ   ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും മതിയായ സംഭരണം നിലനിർത്തുന്നു.

· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ ശുദ്ധീകരണശാലകളിൽ  നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

 

ചില്ലറ ഇന്ധന ലഭ്യതയും വിലനിർണ്ണയ നടപടികളും

· രാജ്യത്തുടനീളമുള്ള ചില്ലറ വില്പനകേന്ദ്രങ്ങൾ സാധാരണയായി പ്രവർത്തിക്കുന്നു.

 · പശ്ചിമേഷ്യയിലെ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, കേന്ദ്രഗവൺമെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.

· ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ ഡീസലിന് ₹21.5 ഉം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (ATF) ലിറ്ററിന് ₹29.5 ഉം കയറ്റുമതി തീരുവ ചുമത്തി.

· ചില്ലറ വിൽപ്പന ശാലകളിൽ  പെട്രോളിന്റെയും ഡീസലിന്റെയും  വിൽപ്പന വിലയിൽ മാറ്റമില്ല.

· കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൗരന്മാർക്ക് ഗവൺമെന്റ് അറിയിപ്പ് നൽകുന്നു. പത്രസമ്മേളനങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സംസ്ഥാന ഗവൺമെന്റുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

· സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമേ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

· 29.03.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യാ ഗവൺമെന്റ്, പാചകത്തിനും, വിളക്ക്/പ്രകാശ സംവിധാന ആവശ്യങ്ങൾക്കും മാത്രമായി പിഡിഎസ് എസ്‌കെഒ ഇല്ലാത്ത സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലും പിഡിഎസ് സുപ്പീരിയർ മണ്ണെണ്ണ (എസ്‌കെഒ) വിതരണം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട് –

Ø ഒരു ജില്ലയിൽ പരമാവധി രണ്ട് പി‌എസ്‌യു ഒ‌എം‌സി സർവീസ് സ്റ്റേഷനുകൾ (കമ്പനി ഉടമസ്ഥതയിലുള്ള, കമ്പനി പ്രവർത്തിപ്പിക്കുന്നത് അഭികാമ്യം) 5,000 ലിറ്റർ വരെ പി‌ഡി‌എസ് എസ്‌കെഒ സംഭരിക്കാൻ അനുവാദമുണ്ട്.

Ø ഈ പൊതുമേഖലാ ഒ‌എം‌സി സർവീസ് സ്റ്റേഷനുകളെ നിയോഗിക്കുന്നത് ഓരോ ജില്ലയിലും സംസ്ഥാന ഗവൺമെന്റ് അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശ ഭരണകൂടം aആയിരിക്കും.

· 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എസ്‌കെഒ വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും  ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

പേർഷ്യൻ ഗൾഫിലെ നിലവിലെ സമുദ്ര സ്ഥിതിയും ഇന്ത്യൻ കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളും വിശദീകരിച്ചു. അതിൽ ഇപ്രകാരം പ്രസ്താവിച്ചു:

· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട  സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

· നിലവിൽ, 433 ഇന്ത്യൻ നാവികരുള്ള 16 ഇന്ത്യൻ പതാകവാഹക കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുന്നു. കപ്പൽ ഉടമകൾ, ആർ‌പി‌എസ്‌എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

· ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 229 കോളുകളും 406 ഇമെയിലുകളും ഉൾപ്പെടെ 5,342 കോളുകളും 11,053 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

· വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലുടനീളമുള്ള വിവിധ പ്രാദേശിക സ്ഥലങ്ങളിൽ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പേർ ഉൾപ്പെടെ ഇതുവരെ 1,691-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി സ്വദേശത്തേക്ക് എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.

· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.  ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മാരിടൈം ബോർഡുകൾ സുഗമമായ പ്രവർത്തനം സ്ഥിരീകരിച്ചു.

· ഇന്ത്യൻ നാവികരുടെ ക്ഷേമവും തടസ്സരഹിത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി മന്ത്രാലയം തുടർന്നും ഏകോപനത്തോടെ പ്രവർത്തിക്കുന്നു

 

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

ഇന്ത്യൻ മിഷനുകൾ വഴിയുള്ള സഹായം ഉൾപ്പെടെയുള്ള മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ പത്രസമ്മേളനത്തിൽ  പങ്കുവെച്ചു. ഇനിപ്പറയുന്നവ അറിയിച്ചു:

· ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു.

· മാർഗ്ഗനിർദ്ദേശങ്ങൾ  പ്രചരിപ്പിക്കുന്നതിനും ഇന്ത്യൻ മിഷനുകളുമായും കോൺസുലേറ്റുകളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനും സംസ്ഥാന ഗവൺമെന്റുകളുമായും   കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നു.

· ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി മേഖലയിലുടനീളമുള്ള മിഷനുകളുമായും പോസ്റ്റുകളുമായും ചേർന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക കൺട്രോൾ റൂം നിരന്തരം പ്രവർത്തിക്കുന്നു.

· മിഷനുകളും പോസ്റ്റുകളും 24×7 അടിസ്ഥാനത്തിൽ  ഹെൽപ്പ്‌ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇമെയിൽ, സമൂഹമാധ്യമ  ചാനലുകൾ വഴിയുള്ള സംശയങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. സുരക്ഷ, പ്രാദേശിക ഭരണകൂടങ്ങളുടെ  മാർഗ്ഗനിർദ്ദേശങ്ങൾ, വിമാനങ്ങൾ , യാത്രാ സൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന പതിവ് മാർഗ്ഗനിർദ്ദേശങ്ങളും  അവർ നൽകുന്നു.

· ഇന്ത്യൻ സമൂഹ അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ത്യൻ അംബാസഡർമാർ പതിവായി ആശയവിനിമയം നടത്തുന്നു.  വിസ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ ബാധകമായ അയൽ രാജ്യങ്ങളിലൂടെയുള്ള യാത്ര, ആവശ്യാനുസരണം ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ മിഷനുകൾ സുഗമമാക്കുന്നു.

· ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമം  മുൻ‌ഗണനയായി തുടരുന്നു. അക്കാദമിക് ആശങ്കകൾ പരിഹരിക്കുന്നതിന് പ്രാദേശിക ഭരണകൂട സ്ഥാപനങ്ങൾ, ഇന്ത്യൻ സ്കൂളുകൾ, വിദ്യാഭ്യാസ ബോർഡുകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നിവയുമായി മിഷനുകൾ ഏകോപിപ്പിക്കുന്നു.

· പ്രാദേശിക അധികൃതരുമായുള്ള  ഏകോപനം, കോൺസുലാർ സഹായം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭ്യർത്ഥനകൾ സുഗമമാക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ ഇന്ത്യൻ നാവികർക്ക് മിഷനുകൾ പിന്തുണ നൽകുന്നു.

· ഫെബ്രുവരി 28 മുതൽ, ഏകദേശം 7,60,000 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

· യുഎഇയിൽ, പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളെ അടിസ്ഥാനമാക്കി വിമാന കമ്പനികൾ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ പരിമിതമായ എണ്ണം സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 90 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

· സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് തുടരുന്നു.

· ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8-10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 · കുവൈറ്റ് വ്യോമാതിർത്തി അടച്ചിരിക്കുന്നു, ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ സർവീസ് നടത്തുന്നു.

· ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചിരിക്കുന്നു. ഗൾഫ് എയർ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ സർവീസ് നടത്തുന്നു.

· ഇറാനിൽ നിന്ന് അർമേനിയ, അല്ലെങ്കിൽ അസർബൈജാൻ വഴി 935 വിദ്യാർത്ഥികളും 472  മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 1,862 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.

· വിമാന നിയന്ത്രണങ്ങളും വ്യോമാതിർത്തി അടച്ചിടലും കാരണം, ഇതര ഗതാഗത മാർഗങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരുടെ യാത്ര ഇപ്രകാരം തുടർന്നും സുഗമമാക്കുന്നു:

Ø ഇസ്രായേലിൽ നിന്ന് ഈജിപ്ത്, ജോർദാൻ വഴി.

Ø ഇറാഖിൽ നിന്ന് ജോർദാൻ, സൗദി അറേബ്യ വഴി.

Ø കുവൈറ്റിൽ നിന്നും ബഹ്‌റൈനിൽ നിന്നും സൗദി അറേബ്യ വഴി.

*****

 


( റിലീസ് ഐ.ഡി: 2249872) സന്ദര്‍ശക കൗണ്ടര്‍ : 11