|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയതല പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
06 APR 2026 6:03PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തി. പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം, തുറമുഖ- ഷിപ്പിംഗ് ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്കുന്ന പിന്തുണ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും വിവിധ മേഖലകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികളും പങ്കുവെച്ചു. ഉപഭോക്തൃ കാര്യ, ഭക്ഷ്യപൊതുവിതരണ മന്ത്രാലയം ഭക്ഷ്യസുരക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചും അവശ്യവസ്തുക്കളുടെ വിലയും സംബന്ധിച്ച പുതിയ വിവരങ്ങള്‍ നല്കി.
ഭക്ഷ്യ സുരക്ഷയും വിലസ്ഥിതിയും സംബന്ധിച്ച പുതിയ വിവരങ്ങള്‍
അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ചും നിലവിലുള്ള വിലസ്ഥിതിയെക്കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍ ഉപഭോക്തൃ കാര്യ, ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പങ്കുവെച്ചു. മതിയായ വിതരണം ഉറപ്പാക്കുന്നതിനും വിപണിയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും മന്ത്രാലയം എടുത്തുപറഞ്ഞു. മന്ത്രാലയം അറിയിച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ഭക്ഷ്യസുരക്ഷാ തയ്യാറെടുപ്പ്
• പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
• പൊതുവിതരണ സംവിധാനത്തിന് ആവശ്യമായ വിതരണം ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി അരി, ഗോതമ്പ് എന്നിവയുടെ മതിയായ കരുതല്‍ ശേഖരം ലഭ്യമാണ്.
• ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വഴി ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് തുടരുന്നു.
വിപണി ഇടപെടല്‍- ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ആഭ്യന്തരം)
• ഭക്ഷ്യധാന്യങ്ങളുടെ വില സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരികയും ആവശ്യമുള്ളപ്പോഴെല്ലാം ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ആഭ്യന്തരം) (OMSS-D) വഴി വിപണി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു.
• വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും വില സ്ഥിരപ്പെടുത്തുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി, എഫ്.സി.ഐ അധികമുള്ള ഗോതമ്പും അരിയും ഒ.എം.എസ്.എസ് (ഡി) പ്രകാരം പൊതു വിപണിയില്‍ ലഭ്യമാക്കുന്നു.
• ഇത്തരം വിപണി ഇടപെടലുകള്‍ നടത്തുന്നതിന് ആവശ്യമായ മതിയായ ശേഖരം എഫ്.സി.ഐയുടെ പക്കലുണ്ട്.
• അധിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ നിശ്ചിത വിലയ്ക്ക് അരി വില്‍ക്കാനും ഈ പദ്ധതി വഴി സാധിക്കുന്നു.
സംഭരണം ആര്‍.എം.എസ് 2026–27
• 2026–27 ലെ റാബി മാര്‍ക്കറ്റിംഗ് സീസണിലേക്കുള്ള (ആര്‍.എം.എസ്) ഗോതമ്പ് സംഭരണം താങ്ങുവില അടിസ്ഥാനമാക്കിയുള്ള നടപടികളിലൂടെ ആരംഭിച്ചു, ഇത് പ്രധാനമായും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് നടക്കുന്നത്.
• സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് വകുപ്പ് തയ്യാറെടുപ്പുകള്‍ പതിവായി അവലോകനം ചെയ്യുന്നുണ്ട്.
• സംഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി മതിയായ പാക്കേജിംഗ് സാമഗ്രികള്‍ ഉറപ്പാക്കുന്നു.
ഭക്ഷ്യധാന്യ പാക്കേജിംഗ്
• 2026–27 ലെ റാബി മാര്‍ക്കറ്റിംഗ് സീസണില്‍ പാക്കേജിംഗ് സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
• പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, കെമിക്കല്‍സ്- പെട്രോ കെമിക്കല്‍സ് വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ച്, പാക്കേജിംഗ് സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും ഏതെങ്കിലും തരത്തിലുള്ള കുറവ് ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ നിലനിര്‍ത്താനും വകുപ്പ് ശ്രമിക്കുന്നുണ്ട്.
ഭക്ഷ്യ എണ്ണ സാഹചര്യം
• ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യത്തിനകത്തുള്ള ഭക്ഷ്യ എണ്ണയുടെ ലഭ്യത തൃപ്തികരമായി തുടരുന്നു.
• ഇന്തോനേഷ്യ, മലേഷ്യ, അര്‍ജന്റീന, ബ്രസീല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി സ്ഥിരതയോടെ തുടരുന്നു.
• കടുക് ഉത്പാദനത്തിലുണ്ടായ വര്‍ദ്ധനവ് ആഭ്യന്തര വിതരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തി.
• ഭക്ഷ്യ എണ്ണയുടെ മൊത്തത്തിലുള്ള വിതരണം സ്ഥിരതയോടെ തുടരുന്നു. സര്‍ക്കാര്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും ആവശ്യമെങ്കില്‍ ഇടപെടലുകള്‍ നടത്തുന്നതിന് സജ്ജമാകുകയും ചെയ്തിട്ടുണ്ട്.
പഞ്ചസാര മേഖല
• പഞ്ചസാരയുടെ മതിയായ കരുതല്‍ ശേഖരം ലഭ്യമാണ്. 2025–26 വര്‍ഷത്തെ പഞ്ചസാര ഉത്പാദനം ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിരിക്കുമെന്ന് കരുതുന്നു.
• ഏകദേശം 15.80 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്കിയിട്ടുണ്ട്, ഇതില്‍ 3.73 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര ഇതിനകം കയറ്റുമതി ചെയ്തുകഴിഞ്ഞു.
• ശ്രീലങ്ക, പശ്ചിമേഷ്യ, കിഴക്കന്‍ ആഫ്രിക്ക എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങള്‍.
• കഴിഞ്ഞ മൂന്ന് വര്‍ഷമായി പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നതിനാല്‍ പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില സ്ഥിരമായി തുടരുന്നു.
അവശ്യവസ്തുക്കളുടെ വില
• രാജ്യത്തുടനീളമുള്ള 578 കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 40 ഭക്ഷ്യവസ്തുക്കളുടെ ദൈനംദിന വില ഉപഭോക്തൃ കാര്യ വകുപ്പ് നിരീക്ഷിക്കുന്നു.
• പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വില പ്രവണതകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
• ഇതുവരെ അസാധാരണമായ വില വ്യതിയാനങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഭൂരിഭാഗം സാധനങ്ങളുടേയും വില സ്ഥിരമായി തുടരുന്നു, ഇത് മതിയായ ലഭ്യതയെ സൂചിപ്പിക്കുന്നു.
• അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തില്‍ തടസ്സങ്ങളോ അവ പൊതുവായ വിലക്കയറ്റത്തിന് കാരണമാകുന്നതോ ആയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പയര്‍വര്‍ഗ്ഗങ്ങളുടെ ലഭ്യത
• പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ 257 ലക്ഷം മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏകദേശം 266 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു.
• സര്‍ക്കാരിന്റെ പക്കല്‍ ഏകദേശം 28 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങളുടെ ശേഖരമുണ്ട്. കൂടാതെ, താങ്ങുവില പദ്ധതി പ്രകാരം തുവരപ്പരിപ്പിന്റേയും റാബി പയര്‍ വര്‍ഗ്ഗങ്ങളുടേയും സംഭരണം നടന്നുകൊണ്ടിരിക്കുകയാണ്.
• ഇതുവരെ ഏകദേശം 3.21 ലക്ഷം മെട്രിക് ടണ്‍ തുവരപ്പരിപ്പും 5.71 ലക്ഷം മെട്രിക് ടണ്‍ കടലയും സംഭരിച്ചിട്ടുണ്ട്.
• വിതരണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യവും സ്ഥിരമായ ലഭ്യതയും ഉറപ്പാക്കുന്നതിനായി 2026–27 കാലയളവിലെ പയര്‍ വര്‍ഗ്ഗങ്ങളുടെ ഇറക്കുമതി നയം 2025-26 ലെ നിലവിലുള്ള രീതിയില്‍ തന്നെ തുടരുന്നു.
• തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയുടെ ഇറക്കുമതി 2027 മാര്‍ച്ച് 31 വരെ 'സൗജന്യ' വിഭാഗത്തിന് കീഴില്‍ അനുവദനീയമാണ്. എന്നാല്‍ കടല, മസൂര്‍ പരിപ്പ് എന്നിവയുടെ ഇറക്കുമതിക്ക് 10 ശതമാനം തീരുവയും വന്‍പയറിന് 30 ശതമാനം തീരുവയും ഈടാക്കുന്നു.
തോട്ടവിളകളുടെ ലഭ്യത
• ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ പ്രധാന തോട്ടവിളകളുടെ ഉത്പാദനം ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്.
• ഉരുളക്കിഴങ്ങ് ഉത്പാദനം ഏകദേശം 584 ലക്ഷം മെട്രിക് ടണ്‍ ആയി കണക്കാക്കപ്പെടുന്നു (കഴിഞ്ഞ വര്‍ഷം ഇത് 586 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു). തക്കാളി ഏകദേശം 227 ലക്ഷം മെട്രിക് ടണ്ണായും, ഉള്ളി ഏകദേശം 273 ലക്ഷം മെട്രിക് ടണ്ണായും കണക്കാക്കപ്പെടുന്നു.
• 2026–27 വര്‍ഷത്തില്‍ ഉള്ളിയുടെ വില നിയന്ത്രിക്കുന്നതിനായി 2 ലക്ഷം മെട്രിക് ടണ്‍ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ഇതിനായുള്ള സംഭരണ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
• കരുതല്‍ ശേഖരത്തിനായി 2026ലെ റാബി ഉള്ളി സംഭരിക്കുന്നത് വിപണിയിലെ വിലയ്ക്ക് പിന്തുണ നല്കാനും വിലയിലെ അമിതമായ വ്യതിയാനങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിരീക്ഷണവും നടപ്പിലാക്കലും
• ഭക്ഷ്യവസ്തുക്കളുടെ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരമായ ആശയവിനിമയവും വിവര കൈമാറ്റവും സുഗമമാക്കുന്നതിന് ഉപഭോക്തൃ കാര്യ വകുപ്പ് ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്.
• അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനെതിരെയുള്ള നടപടികള്‍ ഉള്‍പ്പെടെ 1955 ലെ അവശ്യവസ്തു നിയമം നടപ്പിലാക്കുന്നതും ഈ കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുന്നു.
• രാജ്യത്തുടനീളം 17 ഭാഷകളില്‍ ലഭ്യമായ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ലൈന്‍ 1915 വഴി ലഭിക്കുന്ന പരാതികളും വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് , ഇന്‍ഗ്രാം പോര്‍ട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലും ഈ ഹെല്‍പ്പ്‌ലൈന്‍ ലഭ്യമാണ്.
ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ഭാരത സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എടുത്തുപറഞ്ഞുകൊണ്ട് നിലവിലുള്ള ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി:
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും
• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു.
• എല്‍പിജി ഉപഭോക്താക്കള്‍ ബുക്കിംഗിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
• സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ബദല്‍ ഇന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
• നിലവിലെ സാഹചര്യത്തില്‍, ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ തന്നെ, ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്കുന്നതിനോടൊപ്പം, ഗാര്‍ഹിക എല്‍പിജി, പിഎന്‍ജി എന്നിവയ്ക്കും സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണന നല്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക എന്നിവയുള്‍പ്പെടെ വിതരണ ആവശ്യകത മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
• എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
• ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗരേണി കല്‍ക്കരി ഖനികള്‍ക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
• ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പിഎന്‍ജി കണക്ഷനുകള്‍ സുഗമമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
• പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍, മതിയായ എല്‍പിജി വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും, പൂഴ്ത്തിവെപ്പ്, തിരിമറി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം ഗാര്‍ഹിക അവശ്യ ആവശ്യങ്ങള്‍ക്കായി എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള എഫ്.ടി.എല്‍ എല്‍പിജി വിതരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍, കുടിയേറ്റക്കാരെ ബാധിക്കുന്ന തരത്തിലുള്ള തടസ്സങ്ങളൊന്നും വിതരണത്തിലില്ലെന്നും വിതരണം സ്ഥിരതയോടെ തുടരുന്നുണ്ടെന്നും സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി ചേര്‍ന്ന് 5 കിലോഗ്രാം എഫ്.ടി.എല്‍ എല്‍പിജി സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണം കൈകാര്യം ചെയ്യുന്നത് സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, സ്ഥാപന സംവിധാനങ്ങള്‍ എന്നിവയുമായി ഏകോപിപ്പിച്ചുള്ള ശ്രമങ്ങള്‍
· 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എല്‍പിജി നിയന്ത്രണ ഉത്തരവും പ്രകാരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധികാരമുണ്ട്.
· എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍, എസിഎസ്/പ്രിന്‍സിപ്പല്‍ സെക്രട്ടറി/ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരോട് ഇപ്രകാരം അഭ്യര്‍ത്ഥിക്കുന്നു
Ø ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക.
Ø സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍/തെറ്റായ വിവരങ്ങള്‍ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
Ø ജില്ലാ അഡ്മിനിസ്‌ട്രേറ്ററുടെ ദൈനംദിന എന്‍ഫോഴ്‌സ്‌മെന്റ് പരിപാടികള്‍ ശക്തമാക്കുക. ഒഎംസികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുക.
Ø സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുള്ളില്‍ വാണിജ്യ എല്‍പിജി അനുവദിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുക
Ø സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അധിക എസ്‌കെഒകള്‍ക്കായി എസ്‌കെഒ അനുവദിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
Ø പിഎന്‍ജി ഇന്ധനത്തിലേക്ക് മാറലും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
· പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.
· വ്യാജ വിവരങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നതിനും എല്‍പിജിയുടെ മതിയായ ലഭ്യതയും സുഗമമായ വിതരണവും സംബന്ധിച്ച് പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നതിനും, മുന്‍കൂട്ടി പൊതു ആശയവിനിമയം ശക്തമാക്കുക, മുതിര്‍ന്ന തലത്തില്‍ ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുക , സാമൂഹിക, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി കൃത്യമായ വിവരങ്ങള്‍ സമയബന്ധിതമായി പ്രചരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് , 27.03.2026 ലും 02.04.2026 ലും കത്ത് മുഖേന ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
· നിലവില്‍, 23 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും പതിവായി പത്രസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ്, നിരീക്ഷണ നടപടികള്‍
•എല്‍പിജിയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തുടരുന്നു.
· ഒരു ലക്ഷത്തിലധികം റെയ്ഡുകള്‍ നടത്തുകയും 52,000ത്തിലധികം സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
· 850ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഏകദേശം 220 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
· പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുകയും 1,500ലധികം കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. 118 എല്‍പിജി വിതരണക്കാര്‍ക്ക് പിഴ ചുമത്തുകയും 41 വിതരണക്കരാര്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു.
എല്‍പിജി വിതരണം
ആഭ്യന്തര എല്‍പിജി വിതരണ നില:
· നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
· എല്‍പിജി വിതരണകേന്ദ്രങ്ങളില്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
· ഓണ്‍ലൈന്‍ എല്‍പിജി ബുക്കിംഗുകള്‍ ഏകദേശം 97% ആയി വര്‍ദ്ധിച്ചു.
· വഴിമാറ്റിവിടല്‍ തടയുന്നതിനായി ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണ സംവിധാനം ഏകദേശം 90% ആയി വര്‍ദ്ധിച്ചു.
· ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്. 2026 മാര്‍ച്ച് 1 മുതലുള്ള കാലയളവില്‍ 18 കോടിയിലധികം സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ചു.
വാണിജ്യ എല്‍പിജി വിതരണവും വിഹിതം അനുവദിക്കല്‍ നടപടികളും:
•ഫാര്‍മസ്യൂട്ടിക്കല്‍സ്, മൃഗസംരക്ഷണം, കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് വകുപ്പ്, ഡിപിഐഐടി മുതലായ വകുപ്പുകള്‍ക്ക് പ്രൊപിലീന്‍, പോളിപ്രൊഫൈലിന്‍, ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍, ബ്യൂട്ടാഡൈഈന്‍, ബ്യൂട്ടൈല്‍ അക്രിലേറ്റ് തുടങ്ങിയ പെട്രോകെമിക്കലുകളുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി, ഒരു സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ഈ മേഖലകള്‍ക്കായി റിഫൈനറി & പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ വഴി നിശ്ചിത അളവിലുള്ള C3 -C4 സംയുക്തങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എല്‍ഡിപിഇ, എല്‍എല്‍ഡിപിഇ, എച്ച്ഡിപിഇ തുടങ്ങിയ C2 അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഫീഡ് സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും ആശ്രിത വ്യവസായ യൂണിറ്റുകള്‍ക്കുള്ള അവയുടെ വിതരണത്തിനും ഈ സമിതി ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.
• മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിന്റെ ഏകദേശം 70% ആയി ഉയര്‍ത്തി. ഇതില്‍ 10% പരിഷ്‌കരണ ബന്ധിത വിഹിതം ഉള്‍പ്പെടുന്നു
•2026 മാര്‍ച്ച് 23 മുതല്‍ 5 കിലോ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകള്‍ ഏകദേശം 6.75 ലക്ഷം എണ്ണം വിറ്റഴിക്കപ്പെട്ടു.
· ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഛണ്ഡീഗഡ്, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 5 കിലോ എഫ്ടിഎല്‍ സിലിണ്ടറുകള്‍ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏകദേശം 550 അവബോധ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
· ഈ ക്യാമ്പുകളിലായി 5 കിലോഗ്രാമിന്റെ 6,700 എണ്ണം എഫ്ടിഎല്‍ സിലിണ്ടറുകള്‍ വിറ്റു.
· വാണിജ്യ എല്‍പിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ മൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.
· 2026 മാര്‍ച്ച് 14 മുതല്‍ ഏകദേശം 79,909 മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി (42 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് തുല്യം) വിറ്റഴിച്ചു.
പ്രകൃതി വാതക വിതരണവും പിഎന്‍ജി വിപുലീകരണ സംരംഭങ്ങളും
· ആഭ്യന്തര പിഎന്‍ജി, സിഎന്‍ജി ഗതാഗത മേഖലയ്ക്കുള്ള 100% വിതരണം ഉള്‍പ്പെടെ, മുന്‍ഗണനാ മേഖലകള്‍ക്ക് തുടര്‍ന്നും സംരക്ഷിത വിതരണം നടത്തുന്നു .
· യൂറിയ പ്ലാന്റുകളിലേക്കുള്ള വാതക വിതരണം നിലവില്‍ അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 70–75% ആണ്. കൂടാതെ 2026 ഏപ്രില്‍ 6 (ഇന്ന്) മുതല്‍ ഇത് ഏകദേശം 90% ആയി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
· സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) ശൃംഖലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 2026 ഏപ്രില്‍ 6 (ഇന്ന്) മുതല്‍ 10% കൂടി വര്‍ദ്ധിപ്പിക്കും.
· ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഎന്‍ജി കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
· ഐജിഎല്‍, എംജിഎല്‍, ഗെയ്ല്‍ ഗ്യാസ്, ബിപിസിഎല്‍ എന്നിവയുള്‍പ്പെടെയുള്ള സിജിഡി കമ്പനികള്‍ ഗാര്‍ഹിക, വാണിജ്യ പിഎന്‍ജി കണക്ഷനുകള്‍ എടുക്കുന്നതിനു ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
· സിജിഡി ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍/യുടികള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
· എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറാന്‍ ശ്രമിക്കുമെങ്കില്‍ , എല്ലാ സംസ്ഥാനങ്ങള്‍ക്കും/യുടികള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10% അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ കേന്ദ്രഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
· 17 സംസ്ഥാനങ്ങള്‍ക്കും/യുടികള്‍ക്കും പിഎന്‍ജി വിപുലീകരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എല്‍പിജി വിഹിതം ഇതിനകം ലഭിക്കുന്നുണ്ട്.
· സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി അടുക്കളകള്‍, അങ്കണവാടി അടുക്കളകള്‍ തുടങ്ങി സമീപത്തായി പൈപ്പ്‌ലൈനുകള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളെ അഞ്ച് ദിവസത്തിനുള്ളില്‍ പിഎന്‍ജി വഴി ബന്ധിപ്പിക്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് പിഎന്‍ജിആര്‍ബി നിര്‍ദ്ദേശം നല്‍കി.
· അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് സിജിഡി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരു ദ്രുത അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.
· 1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്ന വിതരണം (പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026, ഇന്ത്യാ ഗവണ്‍മെന്റ് 2026 മാര്‍ച്ച് 24 ലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
· രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും, അനുമതി, ഭൂമിലഭ്യത എന്നിവയിലെ കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഈ ഉത്തരവ് കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് നല്‍കുന്നു.
• PNG ശൃംഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, എല്ലാ മേഖലകളിലും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും, ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കാനും, അതുവഴി ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
· പ്രതിരോധ വകുപ്പിന്റെ ജനവാസ മേഖലകളില്‍ PNG അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രതിരോധ മന്ത്രാലയം 2026 ജൂണ്‍ 30 വരെ ഒരു ഹ്രസ്വകാല നയ പരിഷ്‌കരണം പുറപ്പെടുവിച്ചു.
· PNG വിപുലീകരണത്തില്‍ ആക്കം നിലനിര്‍ത്താന്‍ ദേശീയ പിഎന്‍ജി യജ്ഞം 2.0,PNGRB2026 ജൂണ്‍ 30 വരെ നീട്ടി.
· 2026 മാര്‍ച്ച് മുതല്‍, ഏകദേശം 3.67 ലക്ഷം PNG കണക്ഷനുകള്‍ നല്‍കി. കൂടാതെ ഏകദേശം 4 ലക്ഷം പുതിയ ഉപഭോക്താക്കള്‍ കണക്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ക്രൂഡ് സ്ഥിതിയും എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തനങ്ങളും
· എല്ലാ റിഫൈനറികളും മതിയായ അസംസ്‌കൃത എണ്ണ സംഭരണത്തോടെ ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും മതിയായ സംഭരണം നിലനിര്‍ത്തുന്നു.
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ധന ലഭ്യതയും വിലനിര്‍ണ്ണയ നടപടികളും
· രാജ്യത്തുടനീളമുള്ള ഇന്ധന ചില്ലറ വില്പന ശാലകള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നു.
· പശ്ചിമേഷ്യയിലെ പ്രതിസന്ധി അസംസ്‌കൃത എണ്ണ വിലയില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്‍മെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.
· മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കാന്‍ ഡീസലിന് 21.5 രൂപയും എടിഎഫിന് 29.5 രൂപയും കയറ്റുമതി തീരുവ ചുമത്തി.
· പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമില്ല. ചില്ലറ വില്‍പ്പന ശാലകളിലും വിലയില്‍ വര്‍ദ്ധനയില്ല
· കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് ഗവണ്മെന്റ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പത്രസമ്മേളനങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങള്‍ക്കും/യുടികള്‍ക്കും 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
· നിയുക്ത പൊതുമേഖലാ സ്ഥാപനമായ ഒഎംസി സര്‍വീസ് സ്‌റ്റേഷനുകള്‍ വഴി പാചകത്തിനും വിളക്കിനുമുള്ള ആവശ്യങ്ങള്‍ക്കായി എസ്‌കെഒ ഇല്ലാത്ത സംസ്ഥാനങ്ങളിലും/യുടികളിലും പിഡിഎസ് സുപ്പീരിയര്‍ മണ്ണെണ്ണ (എസ്‌കെഒ) വിതരണം ചെയ്യാന്‍ 2026 മാര്‍ച്ച് 29 ലെ ഗസറ്റ് വിജ്ഞാപനം, അനുവദിക്കുന്നു.
· 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ SKO വിഹിതം അനുവദിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചല്‍ പ്രദേശും ലഡാക്കും ആവശ്യമില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും
പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ നിലവിലെ സമുദ്ര സ്ഥിതിയും ഇന്ത്യന്‍ കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളും വിശദീകരിച്ചു. ഇതില്‍ ഇങ്ങനെ പറഞ്ഞു:
· തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം സമുദ്ര വ്യാപാരത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം ഷിപ്പിംഗ് നീക്കങ്ങള്‍, തുറമുഖ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ നാവികരുടെ സുരക്ഷ എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാകവഹിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
· കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍,എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ പതാകവാഹക കപ്പലുകളായ ഗ്രീന്‍ സാന്‍വി, ഗ്രീന്‍ ആശ എന്നിവ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. 25 നാവികരുള്ള ഗ്രീന്‍ സാന്‍വി ഏകദേശം 46,650 മെട്രിക് ടണ്‍ എല്‍പിജിയും 26 നാവികരുള്ള ഗ്രീന്‍ ആശ ഏകദേശം 15,405 മെട്രിക് ടണ്‍ എല്‍പിജിയും വഹിക്കുന്നു
· നിലവില്‍, 433 ഇന്ത്യന്‍ നാവികരുമായി 16 ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ പടിഞ്ഞാറന്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ തുടരുന്നു. കപ്പല്‍ ഉടമകള്‍, ആര്‍പിഎസ്എല്‍ ഏജന്‍സികള്‍, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സൂക്ഷ്മ നിരീക്ഷണം തുടരുന്നു.
· ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24×7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 കോളുകളും 100 ഇമെയിലുകളും ഉള്‍പ്പെടെ 5,113 കോളുകളും 10,647 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്.
· ഗള്‍ഫിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ നിന്നും വിവിധ പ്രാദേശിക സ്ഥലങ്ങളില്‍ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 പേര്‍ ഉള്‍പ്പെടെ ഇതുവരെ 1,599 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സഹായിച്ചിട്ടുണ്ട്.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്. എവിടെയും തിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാന മാരിടൈം ബോര്‍ഡുകള്‍ സുഗമമായ പ്രവര്‍ത്തനം സ്ഥിരീകരിച്ചു.
· ഇന്ത്യന്‍ നാവികരുടെ ക്ഷേമവും സുഗമമായ സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്ര പങ്കാളികള്‍ എന്നിവരുമായി കേന്ദ്ര ഷിപ്പിംഗ്& ജലപാത മന്ത്രാലയം ഏകോപനം തുടരുന്നു.
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ
÷ഇന്ത്യന്‍ മിഷനുകള്‍ വഴിയുള്ള സഹായം ഉള്‍പ്പെടെ മേഖലയിലെ സമീപകാല സംഭവ വികാസങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കുവെച്ചു. ഇപ്രകാരം അറിയിച്ചു:
· ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രിമാരുമായി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ടെലിഫോണില്‍ സംസാരിക്കുകയും പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
· ഇറാന്‍ വിദേശകാര്യ മന്ത്രിയില്‍ നിന്നും വിദേശകാര്യ മന്ത്രിക്ക് ടെലിഫോണ്‍ കോള്‍ ലഭിച്ചു, ഈ സമയത്ത് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറി.
· ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതുവരെ 1,777 ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി ഇറാനില്‍ നിന്ന് അര്‍മേനിയയിലേക്കും അസര്‍ബൈജാനിലേക്കും എത്തിച്ചിട്ടുണ്ട്. ഇതില്‍ 895 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു. മത്സ്യത്തൊഴിലാളികള്‍ 2026 ഏപ്രില്‍ 4 ന് അര്‍മേനിയയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ചു . രണ്ട് വിദേശ പൗരന്മാരെ ഒരാള്‍ ബംഗ്ലാദേശില്‍ നിന്നും ഒരാള്‍ ശ്രീലങ്കയില്‍ നിന്നും തിരികെ എത്തിക്കാനും എംബസി സൗകര്യമൊരുക്കി.
· മടങ്ങുന്ന പൗരന്മാരില്‍ 1,545 പേര്‍ അര്‍മേനിയയും 234 പേര്‍ അസര്‍ബൈജാനും കടന്നു. ഇറാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലെ അധികൃതര്‍ നല്‍കിയ പിന്തുണയ്ക്ക് ഇന്ത്യ നന്ദി അറിയിച്ചു.
· ഗള്‍ഫ്, പശ്ചിമേഷ്യ മേഖലയിലെ സ്ഥിതിഗതികള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം , ക്ഷേമം എന്നിവയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു.
· ഇന്ത്യന്‍ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു, സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും അടുത്ത ഏകോപനം തുടരുന്നു.
· മേഖലയിലുടനീളമുള്ള ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും 24×7 അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ലൈനുകള്‍ നടത്തുകയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇന്ത്യന്‍ സമൂഹങ്ങളുടെ അസോസിയേഷനുകള്‍, സംഘടനകള്‍, കമ്പനികള്‍ എന്നിവരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.
· വിസ സൗകര്യം, കോണ്‍സുലാര്‍ സേവനങ്ങള്‍, ലോജിസ്റ്റിക്കല്‍ പിന്തുണ, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ബാധകമാകുന്ന അയല്‍ രാജ്യങ്ങളിലൂടെയുള്ള ഗതാഗതം സുഗമമാക്കല്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്മാരെ, മിഷനുകള്‍ തുടര്‍ന്നും സഹായിക്കുന്നു. ഇന്ത്യന്‍ മിഷനുകള്‍, പ്രാദേശിക ഗവണ്‍മെന്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
· ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം മുന്‍ഗണനാ വിഷയമായി തുടരുന്നു. ജെഇഇ, നീറ്റ് പോലുള്ള പരീക്ഷകളെയും അക്കാദമിക ഷെഡ്യൂളുകളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, വിദ്യാഭ്യാസ ബോര്‍ഡുകള്‍, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്നിവയുമായി ഏകോപിപ്പിച്ച് മിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.
· പ്രാദേശിക അധികൃതരുമായുള്ള ഏകോപനം, കോണ്‍സുലാര്‍ സഹായം, കുടുംബങ്ങളുമായി ആശയവിനിമയം സാധ്യമാക്കല്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്പര്യപ്പെടുന്നവരെ സഹായിക്കല്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ ഇന്ത്യന്‍ നാവികര്‍ക്ക് മിഷനുകള്‍ പിന്തുണ നല്‍കുന്നു.
· ഫെബ്രുവരി 28 മുതല്‍ ഏകദേശം 7,30,000 യാത്രക്കാര്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
· യുഎഇയില്‍, പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികള്‍ ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ പരിമിതമായ എണ്ണം സര്‍വീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 90 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
· സൗദി അറേബ്യയില്‍ നിന്നും ഒമാനില്‍ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് തുടരുന്നു.
· ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു, ഖത്തര്‍ എയര്‍വേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8–10 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
· കുവൈറ്റ് വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നു. ജസീറ എയര്‍വേയ്‌സും കുവൈറ്റ് എയര്‍വേയ്‌സും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.
· ബഹ്‌റൈന്‍ വ്യോമാതിര്‍ത്തിയും അടച്ചിരിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഗള്‍ഫ് എയര്‍ ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.
· വിമാന നിയന്ത്രണങ്ങളും വ്യോമാതിര്‍ത്തി അടച്ചിടലും കാരണം, ഇന്ത്യന്‍ പൗരന്മാരുടെ യാത്ര ബദല്‍ ഗതാഗത മാര്‍ഗങ്ങളിലൂടെ ഇപ്രകാരം സുഗമമാക്കുന്നു.
Ø ഇസ്രായേലില്‍ നിന്ന് ഈജിപ്ത്, ജോര്‍ദാന്‍ വഴി.
Ø ഇറാനില്‍ നിന്ന് അര്‍മേനിയ, അസര്‍ബൈജാന്‍ വഴി.
Ø ഇറാഖില്‍ നിന്ന് ജോര്‍ദാന്‍, സൗദി അറേബ്യ വഴി.
Ø കുവൈറ്റില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും സൗദി അറേബ്യ വഴി.
****
( റിലീസ് ഐ.ഡി: 2249505)
|