രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്താന്‍ രാജ്യരക്ഷാ മന്ത്രിയുടെ നേതൃത്വത്തിൽ അനൗദ്യോഗിക മന്ത്രിതല സമിതിയുടെ രണ്ടാമത് യോഗം ന്യൂഡൽഹിയിൽ ചേർന്നു

പോസ്റ്റഡ് ഓണ്‍: 02 APR 2026 9:32PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ നിരീക്ഷിക്കാനും രാജ്യത്ത് അതിന്റെ ആഘാതം കുറയ്ക്കുന്നതിന് മുൻകരുതൽ നടപടികൾ നിർദേശിക്കാനും വേണ്ടി രൂപീകരിച്ച അനൗദ്യോഗിക മന്ത്രിതല സമിതിയുടെ രണ്ടാമത് യോഗം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ 2026 ഏപ്രിൽ 2-ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2ൽ ചേർന്നു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും നിലവിലെ സംഘർഷം മൂലമുണ്ടാകാവുന്ന ദോഷഫലങ്ങൾ ലഘൂകരിക്കാന്‍ സർക്കാർ സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചും സമിതി വിശദമായി ചർച്ച ചെയ്തു.

 

 

കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ; പെട്രോളിയം-പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി; ഊർജ മന്ത്രി ശ്രീ മനോഹർ ലാൽ; രാസവസ്തു-വളം മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ; വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ; ഉപഭോക്തൃ കാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി; ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിങ്; റെയിൽവേ-വാർത്താവിതരണ പ്രക്ഷേപണ-ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

നിലവിലെ ‘അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തിൽ’ സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഏത് സാഹചര്യത്തെയും നേരിടാൻ കൃത്യമായ രീതിയിൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യരക്ഷാ മന്ത്രി എടുത്തുപറഞ്ഞു. സംഘർഷത്തിന്റെ ആഘാതം രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ രീതിയിൽ മാത്രമാണ് അനുഭവപ്പെടുന്നതെന്ന്  ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

സാഹചര്യം കൈകാര്യം ചെയ്യാന്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് ഏഴ് സെക്രട്ടറിതല ശാക്തീകരണ സമിതികള്‍ യോഗത്തിൽ വിശദീകരിച്ചു. ആഗോള വ്യാപാര തടസ്സങ്ങൾ മൂലം രൂപപ്പെട്ട ആശങ്കകൾ പരിഹരിക്കാനും നിർമാണ മേഖലയുള്‍പ്പെടെ വ്യാവസായിക മേഖലയ്ക്ക് ആശ്വാസവും പിന്തുണയും നൽകാനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് ധനമന്ത്രാലയം സമിതിയെ അറിയിച്ചു. താഴെ നല്‍കിയിരിക്കുന്ന നടപടികള്‍ ഇതിലുള്‍പ്പെടുന്നു: 

 

  • 40 സുപ്രധാന പെട്രോകെമിക്കൽ ഉല്പന്നങ്ങൾക്ക് 2026 ജൂൺ 30 വരെ സമ്പൂർണ കസ്റ്റംസ് തീരുവ ഇളവ് നൽകി 2026 ഏപ്രിൽ  1-ന് വിജ്ഞാപനം പുറപ്പെടുവിച്ചു.
  • പ്രത്യേക സാമ്പത്തിക മേഖലകളിലെ അർഹരായ യൂണിറ്റുകൾക്ക് നിർമിത ഉല്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ  കുറഞ്ഞ കസ്റ്റംസ് തീരുവ നിരക്കിൽ വിൽക്കാന്‍  2026 ഏപ്രിൽ  1 മുതൽ 2027 മാർച്ച് 31 വരെ പ്രാബല്യത്തില്‍  പ്രത്യേക ഒറ്റത്തവണ ആശ്വാസ നടപടി പ്രഖ്യാപിച്ചു.  
  • 2017 ഏപ്രിൽ  1-ന് മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ പൊതു നികുതി വെട്ടിപ്പ് വിരുദ്ധ ചട്ടത്തിന്റെ (GAAR) വ്യവസ്ഥകൾ ബാധകമാകില്ലെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് 2026 മാർച്ച് 31-ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

 

വസ്ത്രനിർമാണം, പാക്കേജിങ്, ഔഷധ നിർമാണം എന്നിവയുൾപ്പെടെ അനുബന്ധ മേഖലകളിലെ ചെലവ് ഭാരം കുറയ്ക്കുന്ന ഈ നടപടികൾ വിതരണ സ്ഥിരത സുഗമമാക്കി രാജ്യത്ത്  നിക്ഷേപം നടത്താനാഗ്രഹിക്കുന്ന നിക്ഷേപകർക്ക് ആവശ്യമായ വ്യക്തത നൽകുന്നു. 

 

 

ആഭ്യന്തര വിമാന സർവീസുകൾക്ക് വ്യോമയാന ഇന്ധനത്തിന്റെ  പ്രതിമാസ വിലവർധനയില്‍  2026 ഏപ്രിൽ  1 മുതൽ 25 ശതമാനം പരിധി ഏർപ്പെടുത്താന്‍ സർക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ശ്രീ രാജ്‌നാഥ് സിങ് പ്രശംസിച്ചു.  വിമാനയാത്രാ നിരക്കില്‍ പെട്ടെന്നുണ്ടാകുന്ന വർധനയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഗാർഹിക എൽ.പി.ജി വിതരണത്തിന് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ടെന്നും ഉപഭോഗ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നതിന് എണ്ണ സംസ്കരണ ശാലകളിലെ ഉല്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. എൽ.പി.ജി വിതരണ ഏജൻസികളിൽ ഇന്ധനശേഖരം തീർന്നുപോയ സാഹചര്യം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗാർഹിക സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും യോഗത്തിൽ അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും  മൂലം ചിലയിടങ്ങളിലുണ്ടായ പരിഭ്രാന്തി കാരണം ജനങ്ങള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടിയത്  താല്‍ക്കാലിക വിതരണ ആശങ്കകൾക്ക് കാരണമായെന്നും യോഗം വിലയിരുത്തി.  

 

എൽ.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധനകള്‍ ഉൾപ്പെടെ കർശന  നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് യോഗം മന്ത്രിമാരെ അറിയിച്ചു. ക്രമക്കേടുകളിൽ ഏർപ്പെട്ട ചില എൽ.പി.ജി വിതരണക്കാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.  

അതിഥി തൊഴിലാളികളെയും ഉപഭോഗം കുറഞ്ഞ കുടുംബങ്ങളെയും സഹായിക്കാന്‍ അഞ്ചുകിലോ എഫ്ടിഎല്‍ സിലിണ്ടറുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കുന്നുണ്ട്. 2026 മാർച്ച് 23 മുതൽ ഇതുവരെ 4.3 ലക്ഷത്തിലധികം എഫ്ടിഎല്‍ സിലിണ്ടറുകൾ വിറ്റഴിച്ചു. ആവശ്യകയയേറിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.

 

വാണിജ്യ എൽ.പി.ജി ആശ്രയിക്കുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും പ്രവർത്തനങ്ങൾ തടസരഹിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രതിസന്ധിക്ക് മുൻപത്തെ വിതരണത്തിന്റെ 80 ശതമാനത്തിലധികം  നിലനിർത്തുന്നുണ്ടെന്നും യോഗത്തിൽ വിശദീകരിച്ചു. വിവിധ വ്യവസായങ്ങളുടെ ആവശ്യകതകള്‍  മനസ്സിലാക്കുന്നതിന് മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ടവരുമായും പ്രത്യേക യോഗങ്ങൾ ചേർന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ രാജ്യത്തുടനീളം ഓട്ടോ എൽ.പി.ജി വിതരണം ഉറപ്പാക്കുന്നുണ്ട്. എന്നാൽ സ്വകാര്യ വിതരണക്കാര്‍ക്ക് അവരുടെ സംഭരണ വെല്ലുവിളികൾ കാരണം വിതരണത്തില്‍ ചില പരിമിതികൾ നേരിടുന്നുണ്ട്. ഇതുമൂലം പൊതുമേഖലാ ഓട്ടോ എൽ.പി.ജി പമ്പുകളിൽ തിരക്കനുഭവപ്പെടുന്നു.  ഇന്ധനമായി പെട്രോളും ഉപയോഗിക്കാവുന്ന ഓട്ടോറിക്ഷകളെ  പെട്രോൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

 

അനാവശ്യമായി പാചകവാതകം വാങ്ങിക്കൂട്ടുന്നതുമൂലം വർധിച്ച ആവശ്യകത കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് ഇന്ധനക്ഷാമമുണ്ടാകാതിരിക്കാൻ പ്രതിദിന എൽ.പി.ജി വിതരണത്തിന്റെ തോത് ഗണ്യമായി വർധിപ്പിച്ചതായി യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്ക് വിശ്വസനീയമായ ബദൽ മാർഗമെന്ന നിലയിൽ പൈപ്പ്‌ലൈൻ പ്രകൃതിവാതകം  സജീവമായി പ്രോത്സാഹിപ്പിക്കുന്നു. നിലവിൽ  പി.എൻ.ജി ഉപയോഗിക്കുന്ന മേഖലകളിൽ അതിന്റെ വിതരണം ഉറപ്പാക്കുകയും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയും ചെയ്യുന്നുണ്ട്.

 

സമൂഹമാധ്യമങ്ങളിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളും തെറ്റായ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച് ചില സാമൂഹ്യവിരുദ്ധർ മനഃപൂർവം പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി യോഗം വിലയിരുത്തി. ഇത്തരം പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങള്‍ക്ക് കർശന നിർദേശം നൽകി.

 

അനൗദ്യോഗിക മന്ത്രിതല സമിതിയുടെ പ്രഥമ യോഗം 2026 മാർച്ച് 28-ന് ചേർന്നിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും ഇടക്കാല-ദീർഘകാലാടിസ്ഥാന  തയ്യാറെടുപ്പുകള്‍ കൈക്കൊള്ളാനും  ഉന്നതതല ഏകോപനത്തിലൂടെ ദ്രുതഗതിയില്‍ തീരുമാനങ്ങള്‍ ഉറപ്പാക്കാനും  പ്രസ്തുത യോഗത്തില്‍  രാജ്യരക്ഷാ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

****


( റിലീസ് ഐ.ഡി: 2248743) സന്ദര്‍ശക കൗണ്ടര്‍ : 10