പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 30 MAR 2026 5:27PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു.  ഇന്ധനലഭ്യത, സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പിന്തുണ, വിവിധ മേഖലകളില്‍ സ്ഥിരത ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖകപ്പല്‍ ഗതാഗതജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു. രാസവസ്തുവളം മന്ത്രാലയത്തിന് കീഴില്‍ വളംവകുപ്പിലെ ഉദ്യോഗസ്ഥനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്ത് വളത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

വളം ലഭ്യതയും വിതരണ നടപടികളും

രാജ്യത്തെ വളം ലഭ്യതയെക്കുറിച്ചും വളത്തിന്റെ സുഗമമായ വിതരണത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  പ്രധാന വിവരങ്ങള്‍ താഴെ:

നിലവിലെ സാഹചര്യം

വളം ഇറക്കുമതിയുടെ പ്രധാന സ്രോതസ്സാണ് ഗള്‍ഫ് മേഖല. ഇന്ത്യയുടെ യൂറിയ ഇറക്കുമതിയുടെ 20 മുതല്‍ 30  ശതമാനവും ഡൈഅമോണിയം ഫോസ്‌ഫേറ്റ്  ഇറക്കുമതിയുടെ 30 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. കൂടാതെ യൂറിയ ഉല്പാദനത്തിലെ പ്രധാന ഘടകമായ എല്‍.എന്‍.ജി ഇറക്കുമതിയുടെ 50 ശതമാനവും ഗള്‍ഫ് മേഖലയില്‍നിന്നാണ്.  ഫോസ്‌ഫേറ്റിക്  പൊട്ടാസിക് വളങ്ങളുടെ ആഭ്യന്തര ഉല്പാദനത്തിന് ആവശ്യമായ അമോണിയ, സള്‍ഫര്‍, സള്‍ഫ്യൂരിക് ആസിഡ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെയും നിലവിലെ സാഹചര്യം ബാധിച്ചിട്ടുണ്ട്.

ആഗോള വളം വിപണിയില്‍ എല്‍.എന്‍.ജി, അമോണിയ, സള്‍ഫര്‍ എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടായി.  കൂടാതെ കപ്പല്‍ വാടകയും ചരക്കുനീക്ക ചെലവുകളും ഉയര്‍ന്നു.

നിലവിലെ സാഹചര്യം യൂറിയയുടെ ആഭ്യന്തര ഉല്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ ആഘാതം കുറയ്ക്കാന്‍ വളം വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നു.  

ലഭ്യത

വരാനിരിക്കുന്ന 2026ലെ ഖാരിഫ് കാലയളവിലെ ആകെ വളം ആവശ്യകത ഏകദേശം 390 ലക്ഷം ടണ്ണായി കണക്കാക്കുന്നു. 2025ലെ ഖാരിഫ് കാലയളവില്‍ 361 ലക്ഷം ടണ്ണായിരുന്നു ആകെ വില്പന.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മതിയായ ശേഖരം നിലവില്‍ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം 147 ലക്ഷം ടണ്‍ സ്‌റ്റോക്കുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം നിലവില്‍ 180 ലക്ഷം ടണ്‍ സ്‌റ്റോക്കുണ്ട്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കുറവായതിനാല്‍ ഖാരിഫ് കാലയളവിന് മുന്നോടിയായി വളത്തിന്റെ ശേഖരം വര്‍ധിപ്പിക്കാന്‍ ഈ സമയം പ്രയോജനപ്പെടുത്തുന്നു.

ആഭ്യന്തര ഉല്പാദനം

യൂറിയ പ്ലാന്റുകളിലേക്ക് ലഭ്യമായ ഗ്യാസ് വിതരണം തുടക്കത്തില്‍ 60 ശതമാനമായി കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് 65 ശതമാനമായും ബദല്‍ ക്രമീകരണങ്ങളിലൂടെ 75 മുതല്‍ 80  ശതമാനമായും വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.  ഇത് പ്രതിദിന യൂറിയ ഉല്പാദനം 12,000 മുതല്‍ 15,000  ടണ്‍ വരെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കി. പ്രതിമാസ ഉല്പാദന നഷ്ടം 9 മുതല്‍ 10 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 6 മുതല്‍ 7 ലക്ഷം മെട്രിക് ടണ്ണാക്കി കുറയ്ക്കാനും ഇതിലൂടെ സാധിച്ചു.  

യൂറിയ യൂണിറ്റുകളിലേക്ക് തടസരഹിതമായ ഗ്യാസ് വിതരണം ഉറപ്പാക്കിയ ഈ നടപടികള്‍ ഉചിതമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സമയം നല്‍കി.

2025 മാര്‍ച്ചില്‍ 24.78 ലക്ഷം മെട്രിക് ടണ്‍ യൂറിയയും 11.90 ലക്ഷം മെട്രിക് ടണ്‍  ഫോസ്‌ഫേറ്റിക്  പൊട്ടാസിക് വളങ്ങളും ഉല്പാദിപ്പിച്ച സ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ചില്‍ യഥാക്രമം 18 ലക്ഷം ടണ്‍, 9 മുതല്‍ 10 ലക്ഷം ടണ്‍ എന്നിങ്ങനെയാണ് ഉല്പാദനം.  

ആഭ്യന്തര ഉല്പാദനത്തിന് വളം കമ്പനികള്‍ക്ക് ആവശ്യമായ സള്‍ഫര്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ എണ്ണ സംസ്‌കരണ ശാലകള്‍ക്ക് വളം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വളം ഇറക്കുമതിയും ഉറവിട വൈവിധ്യവല്‍ക്കരണവും

യൂറിയയുടെ ആഗോള ലഭ്യത വിലയിരുത്താനും പുതിയ വിതരണ സ്രോതസ്സുകള്‍ കണ്ടെത്താനും ഇറക്കുമതി ആസൂത്രണം ചെയ്യാനും  പ്രത്യേക ദൗത്യസംഘം  രൂപീകരിച്ചു.  

13.07 ലക്ഷം ടണ്‍ യൂറിയ ഇറക്കുമതി ചെയ്യുന്നതിന് ആഗോള ടെന്‍ഡര്‍ ഫെബ്രുവരി പകുതിയോടെ  പുറപ്പെടുവിച്ചിരുന്നു.

വിതരണ ക്രമീകരണങ്ങളുടെ ഭാഗമായി ഏകദേശം 28 ലക്ഷം ടണ്‍ വളം റഷ്യയില്‍ നിന്ന് 'കേപ്പ് ഓഫ് ഗുഡ് ഹോപ്പ്' പാത വഴി എത്തിക്കും.

സൗദി അറേബ്യയില്‍ നിന്ന് ഡൈഅമോണിയം ഫോസ്‌ഫേറ്റ് വിതരണത്തിന് ദീര്‍ഘകാല കരാറുകള്‍ രൂപീകരിച്ചു (അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 31.10 ലക്ഷം ടണ്‍).

ഇതിനുപുറമെ 2026 ഒക്ടോബര്‍ വരെ ഒമാനിലെ ഒമിഫ്‌കോയില്‍നിന്ന് പ്രതിവര്‍ഷം 10 ലക്ഷം ടണ്ണും സൗദിയിലെ സാബിക്കില്‍  നിന്ന് 7 ലക്ഷം ടണ്ണും യൂറിയ ലഭ്യമാക്കും.

സള്‍ഫര്‍, എല്‍.എന്‍.ജി തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിതരണം സുസ്ഥിരമാക്കാനും ശ്രമങ്ങള്‍ നടത്തിവരുന്നു.  

റഷ്യ, മൊറോക്കോ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ, ജോര്‍ദാന്‍, കാനഡ, അള്‍ജീരിയ, ഈജിപ്ത്, ഫിന്‍ലാന്‍ഡ്, ടോഗോ തുടങ്ങി നിരവധി രാജ്യങ്ങളിലായി വിതരണ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നു.  

ബദല്‍ വിതരണ സ്രോതസ്സുകള്‍ കണ്ടെത്താന്‍ വിദേശത്തെ 16 ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനങ്ങളുമായി ഏകോപനം

വളം ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര രാസവസ്തു-വളം മന്ത്രി 2026 മാര്‍ച്ച് 26ന് 10 മുഖ്യമന്ത്രിമാരുമായും 12 സംസ്ഥാന കൃഷിമന്ത്രിമാരുമായും സംസാരിച്ചു.

കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പിന്റെയും വളം വകുപ്പിന്റെയും  സംയുക്ത നീക്കത്തിലൂടെ ചീഫ് സെക്രട്ടറിമാരെയും കാര്‍ഷിക സെക്രട്ടറിമാരെയും സാഹചര്യം ധരിപ്പിച്ചു.

1955ലെ അവശ്യവസ്തു നിയമപ്രകാരം വളം വകമാറ്റല്‍, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയാന്‍ സംസ്ഥാന കൃഷി വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.

വിതരണക്ഷമത വര്‍ധിപ്പിക്കുന്നതിന് നൂതന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

അമോണിയം സള്‍ഫേറ്റ്, ടി.എസ്.പി, എസ്.എസ്.പി, എഫ്.ഒ.എം/എല്‍.എഫ്.ഒ.എം,  നാനോ വളങ്ങള്‍ തുടങ്ങിയ ബദല്‍ വളങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

സമഗ്ര പ്രവര്‍ത്തനങ്ങള്‍

വളം വകുപ്പ് ആഗോള വിലനിലവാരം സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.  വരാനിരിക്കുന്ന ഖാരിഫ് കാലയളവിലെ പോഷണാധിഷ്ഠിത സബ്‌സിഡി  നിരക്കുകളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.

നിലവില്‍ രാജ്യത്ത് എല്ലാത്തരം വളങ്ങളുടെയും മതിയായ ശേഖരമുണ്ട്. അടുത്ത 2.5 മാസത്തേക്ക് വളത്തിന്റെ വലിയ ആവശ്യകതയില്ല.

നിലവിലെ സാഹചര്യത്തിന് മുന്‍പത്തെ അതേ വിലയ്ക്ക് തന്നെ കര്‍ഷകര്‍ക്ക് വളം ലഭ്യമാക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ ആവശ്യാനുസരണം മതിയായ അളവില്‍ വളം നല്‍കാന്‍ വളം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. വളം ഉല്പാദകര്‍, ഇറക്കുമതിക്കാര്‍, തുറമുഖ അധികൃതര്‍, ഇന്ത്യന്‍ റെയില്‍വേ, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി ഏകോപനത്തോടെ വളംവകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

വളത്തിന്റെ ലഭ്യത, ഉല്പാദനം, ഇറക്കുമതി, നീക്കം എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍   അടിയന്തര സാഹചര്യ നിരീക്ഷണ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്.  മതിയായ വിതരണം നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. കര്‍ഷകര്‍ക്കിടയില്‍ യാതൊരുവിധ പരിഭ്രാന്തിയുടെയും ആവശ്യമില്ല.

ഊര്‍ജ വിതരണവും ഇന്ധന ലഭ്യതയും

ഹോര്‍മുസ് കടലിടുക്ക്  അടച്ച സാഹചര്യത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും തടസരഹിത ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങള്‍ താഴെ:

അസംസ്‌കൃത എണ്ണയും സംസ്‌കരണശാലകളും

എല്ലാ എണ്ണ സംസ്‌കരണശാലകളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. അസംസ്‌കൃത എണ്ണയുടെ ശേഖരം ആവശ്യത്തിന് ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ സ്‌റ്റോക്ക് നിലനിര്‍ത്തുന്നുണ്ട്.

ആഭ്യന്തര ഉപഭോഗം മുന്‍നിര്‍ത്തി എണ്ണ സംസ്‌കരണ ശാലകളിലെ  എല്‍.പി.ജി. ഉല്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.  

ചില്ലറ വില്പന കേന്ദ്രങ്ങള്‍

രാജ്യത്തുടനീളം എല്ലാ ചില്ലറ വില്പന കേന്ദ്രങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ കുറച്ചു.

ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കാന്‍ ഡീസല്‍ കയറ്റുമതിക്ക് ലിറ്ററിന് 21.5 രൂപയും വ്യോമയാന ഇന്ധനത്തിന്റെ കയറ്റുമതിക്ക് ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ  ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഭ്യൂഹങ്ങള്‍ മൂലം ചിലയിടങ്ങളില്‍ ജനങ്ങള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുന്ന പ്രവണതയും പമ്പുകളില്‍ തിരക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് ഇന്ധനശേഖരം ലഭ്യമാണ്.

ഇത്തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വീണ്ടും നിര്‍ദേശിച്ചു. വാര്‍ത്താസമ്മേളനങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രകൃതിവാതകം

ഗാര്‍ഹിക പി.എന്‍.ജി, ഗതാഗതത്തിനുപയോഗിക്കുന്ന സി.എന്‍.ജി എന്നിവയ്ക്ക് 100% വിതരണമെന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ച വ്യാവസായിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് ശരാശരി ഉപഭോഗത്തിന്റെ 80% വിതരണം നിലനിര്‍ത്തുന്നു.

വാണിജ്യ എല്‍.പി.ജി ലഭ്യതയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പി.എന്‍.ജി കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സിറ്റി ഗ്യാസ് വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ഐ.ജി.എല്‍, എം.ജി.എല്‍, ഗെയില്‍ ഗ്യാസ്, ബി.പി.സി.എല്‍ തുടങ്ങിയ കമ്പനികള്‍ പി.എന്‍.ജി കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു.  

സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനാവശ്യമായ അനുമതികള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങളോടും  മന്ത്രാലയങ്ങളോടും  കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

എല്‍.പി.ജിയില്‍ നിന്ന് പി.എന്‍.ജിയിലേക്ക് നടത്തുന്ന ദീര്‍ഘകാല മാറ്റത്തെ പിന്തുണയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 10% അധിക വാണിജ്യ എല്‍.പി.ജി വിഹിതം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഹിതം അനുവദിക്കും.

പൈപ്പ്‌ലൈന്‍ ലഭ്യമായ ഇടങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, സമൂഹ അടുക്കളകള്‍,  അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ അഞ്ച് ദിവസത്തിനകം പി.എന്‍.ജി കണക്ഷനുകള്‍ നല്‍കാന്‍ പി.എന്‍.ജി.ആര്‍.ബി  നിര്‍ദേശിച്ചു.  

റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അതിവേഗ അനുമതി ചട്ടക്കൂടിന് മൂന്ന് മാസത്തേക്ക്  അംഗീകാരം നല്‍കി.  

പൈപ്പ്‌ലൈന്‍ ശൃംഖല വിപുലീകരിക്കാനും ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും '2026ലെ പ്രകൃതിവാതക പെട്രോളിയം ഉല്പന്ന  വിതരണ ഉത്തരവ്' സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

പ്രതിരോധ സേനാ സമുച്ചയങ്ങളില്‍ പി.എന്‍.ജി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന്  രാജ്യരക്ഷാ മന്ത്രാലയം 2026 ജൂണ്‍ വരെ നയപരമായ ഹ്രസ്വകാല മാറ്റങ്ങള്‍ നടപ്പാക്കി.  

മാര്‍ച്ച് മാസം മാത്രം ഗാര്‍ഹിക വാണിജ്യ വിഭാഗങ്ങളിലായി 3 ലക്ഷത്തിലധികം പുതിയ പി.എന്‍.ജി കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചു.

എല്‍.പി.ജി  

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം മൂലം എല്‍.പി.ജി വിതരണത്തില്‍ തടസ്സങ്ങള്‍ തുടരുന്നുണ്ട്.

എല്‍.പി.ജി വിതരണ ഏജന്‍സികളില്‍ ഒരിടത്തും സ്‌റ്റോക്ക് തീര്‍ന്നുപോയ സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എല്‍.പി.ജി ബുക്കിങ്ങില്‍ 95 ശതമാനവും ഓണ്‍ലൈന്‍ വഴി നടക്കുന്നു.  

വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് അധിഷ്ഠിത സിലിണ്ടര്‍ വിതരണം ഫെബ്രുവരിയിലെ 53 ശതമാനത്തില്‍ നിന്ന് 82 ശതമാനമായി ഉയര്‍ന്നു.  

തടസരഹിത ഗാര്‍ഹിക എല്‍.പി.ജി വിതരണം ഉറപ്പാക്കാന്‍ മിക്ക പാചകവാതക ഏജന്‍സികളും ഞായറാഴ്ചയും പ്രവര്‍ത്തിച്ചു.

വാണിജ്യ എല്‍.പി.ജി  വിതരണം നേരത്തെ തന്നെ ഭാഗികമായി (20%) പുനഃസ്ഥാപിച്ചിരുന്നു. പുതിയ അനുമതികള്‍ വന്നതോടെ ആകെ വിതരണം പ്രതിസന്ധിക്ക് മുന്‍പത്തെ കാലയളവിലെ 50 ശതമാനമായും പിന്നീട് 70 ശതമാനമായും ഉയര്‍ന്നു.

സ്റ്റീല്‍, വാഹനനിര്‍മാണം,  വസ്ത്രനിര്‍മാണം,  രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായങ്ങള്‍ക്കാണ് പുതിയ അനുമതികളില്‍ മുന്‍ഗണന നല്‍കുന്നത്. പ്രകൃതിവാതകം പകരമായി ഉപയോഗിക്കാനാവാത്ത പ്രത്യേക താപ ആവശ്യകതകള്‍ ബാധകമായ വ്യവസായങ്ങള്‍ക്കും ഇതില്‍ മുന്‍ഗണനയുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2.6 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എല്‍  സിലിണ്ടറുകള്‍ വിറ്റഴിച്ചു. അതിഥി തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിതരണം ചെയ്ത 88,000 സിലിണ്ടറുകള്‍ ഇതിലുള്‍പ്പെടുന്നു.

ഗാര്‍ഹികേതര എല്‍.പി.ജി വിതരണത്തിന് ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉത്തരവുകള്‍ പുറപ്പെടുവിച്ചു. 2026 മാര്‍ച്ച് 14 മുതല്‍ ഏകദേശം 41,503 മെട്രിക് ടണ്‍ എല്‍.പി.ജി വിതരണം ചെയ്തു.

മണ്ണെണ്ണ

സാധാരണ വിഹിതത്തിന് പുറമെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി  48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ  അധികം അനുവദിച്ചു.

മണ്ണെണ്ണ മുക്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുവിതരണ സമ്പ്രദായം വഴി മണ്ണെണ്ണ വിതരണം സുഗമമാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രത്യേക സേവന കേന്ദ്രങ്ങള്‍ വഴി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

17 സംസ്ഥാനങ്ങള്‍ മണ്ണെണ്ണ വിതരണ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഹിമാചല്‍ പ്രദേശും ലഡാക്കും നിലവില്‍ അധിക വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്ക്

1955ലെ അവശ്യവസ്തു നിയമം, 2000ത്തിലെ പാചകവാതക നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ വിതരണം നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു.  

എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോടും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരോടും/പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരോടും ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറിമാരോടും താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ അഭ്യര്‍ത്ഥിച്ചു:

സംസ്ഥാന/ജില്ലാ തലങ്ങളില്‍ ദിവസേന വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.

പ്രത്യേക കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ലൈനുകളും സജ്ജീകരിക്കുക.  

സമൂഹമാധ്യമങ്ങളിലെ  വ്യാജവാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളും നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

ജില്ലാ ഭരണകൂടങ്ങള്‍ വഴി പ്രതിദിന പരിശോധനകള്‍ കര്‍ശനമാക്കുകയും എണ്ണക്കമ്പനികളുമായി ചേര്‍ന്ന് പരിശോധനാ നടപടികള്‍ തുടരുകയും ചെയ്യുക.

സംസ്ഥാനത്തെ വാണിജ്യ എല്‍.പി.ജി വിതരണ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

സംസ്ഥാനങ്ങള്‍ക്ക് അധികമായി അനുവദിച്ച മണ്ണെണ്ണയുടെ  വിതരണ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

സിറ്റി ഗ്യാസ് വിതരണത്തിന്റെ വ്യാപനം ത്വരിതപ്പെടുത്താനാവശ്യമായ 'റൈറ്റ് ഓഫ് വേ'/'റൈറ്റ് ഓഫ് യൂസ്' അനുമതികളും 24 മണിക്കൂര്‍ പ്രവൃത്തി അനുമതിയും നല്‍കുക.

പി.എന്‍.ജി ഉപയോഗവും ബദല്‍ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍  മുതിര്‍ന്ന നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുക.

കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും പ്രതിദിന വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെയും   ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും പുതിയ വിവരങ്ങള്‍ പങ്കിടുകയും ചെയ്യണമെന്ന് 27.03.2026ലെ കത്തില്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് വീണ്ടും അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ് എന്നീ 16 സംസ്ഥാനങ്ങളാണ് ദിവസേന വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത്.

നിയമനിര്‍വഹണ നടപടികള്‍  

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2,500ലധികം പരിശോധനകള്‍ നടത്തുകയും 2,000ലേറെ സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ബിഹാര്‍, ഝാര്‍ഖണ്ഡ്, കേരളം, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിയമനിര്‍വഹണ നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

സുഗമമായ വിതരണം ഉറപ്പാക്കാനുംം പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയാനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളിലും എല്‍.പി.ജി ഏജന്‍സികളിലും ദിവസേന മിന്നല്‍ പരിശോധനകള്‍ നടത്തിവരുന്നു.

ചട്ടലംഘനം കണ്ടെത്തിയ എല്‍.പി.ജി വിതരണ ഏജന്‍സികള്‍ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇതുവരെ 500ലേറെ കാരണം കാണിക്കല്‍ നോട്ടീസുകള്‍  നല്‍കിയിട്ടുണ്ട്.

ഡല്‍ഹി ഒഴികെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  

സര്‍ക്കാരിന്റെ മറ്റ് നടപടികള്‍

നിലവിലെ പ്രതിസന്ധി ഘട്ടത്തിലും വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക്  എല്‍.പി.ജിയും  പി.എന്‍.ജിയും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് തുടരുന്നു.

ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ഉല്പാദനവിതരണ മേഖലകളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എണ്ണ സംസ്‌കരണശാലകളിലെ ഉല്പാദനം വര്‍ധിപ്പിക്കുക, നഗരപ്രദേശങ്ങളില്‍ സിലിണ്ടര്‍ ബുക്കിങ് ഇടവേള 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തുക,  മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ക്രമീകരിക്കുക തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

എല്‍.പി.ജി ആവശ്യകത കുറയ്ക്കുന്നതിന്  മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ബദല്‍ ഇന്ധന മാര്‍ഗങ്ങളും  ലഭ്യമാക്കിയിട്ടുണ്ട്.

ചെറുകിട ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കല്‍ക്കരിയുടെ വിഹിതം ഉയര്‍ത്താന്‍ കോള്‍ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും കല്‍ക്കരി മന്ത്രാലയം ആവശ്യപ്പെട്ടു.  

ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പി.എന്‍.ജി കണക്ഷനുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നു. അതിനാല്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതും അനാവശ്യമായി പാചകവാതകം ബുക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.

എല്‍.പി.ജി ബുക്കിങ്ങിന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാനും നേരിട്ട് ഏജന്‍സികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.

പി.എന്‍.ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ബദല്‍ പാചക മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദൈനംദിന ജീവിതത്തില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും എല്ലാ ജനങ്ങളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു.

സമുദ്ര സുരക്ഷയും കപ്പല്‍ ഗതാഗത പ്രവര്‍ത്തനങ്ങളും

പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ കപ്പല്‍ ഗതാഗത ജലപാത മന്ത്രാലയം വിശദീകരിച്ചു.

പ്രധാന വിവരങ്ങള്‍ താഴെ:

ഇന്ത്യന്‍ നാവികരുടെ സുരക്ഷ, കപ്പലുകളുടെ നീക്കം, തുറമുഖ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങള്‍  മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.  

നിലവില്‍ ഈ മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 72 മണിക്കൂറില്‍ സാഹചര്യം സുസ്ഥിരമായി തുടരുന്നു.

പടിഞ്ഞാറന്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ നിലവില്‍ 485ഓളം ഇന്ത്യന്‍ നാവികരുമായി 18 ഇന്ത്യന്‍ കപ്പലുകളുണ്ട്.  72 മണിക്കൂര്‍ മുന്‍പ്  ഈ മേഖലയില്‍ 20 കപ്പലുകളിലായി 540 നാവികരുണ്ടായിരുന്നു.  കപ്പലുടമകള്‍, ആര്‍.പി.എസ്.എല്‍  ഏജന്‍സികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവയുമായി ഏകോപനത്തോടെ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍  സാഹചര്യം നിരീക്ഷിക്കുന്നത് തുടരുന്നു.

ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ 4,555 ഫോണ്‍ കോളുകളും 9,074 ഇമെയിലുകളും കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച 32 കോളുകളും 89 ഇമെയിലുകളും ഇതിലുള്‍പ്പെടുന്നു.

ഇതുവരെ 950ലേറെ ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേരെയും 72 മണിക്കൂറിനിടെ 12 പേരെയും ഇത്തരത്തില്‍ നാട്ടിലെത്തിച്ചു.

ഏകദേശം 94,114 മെട്രിക് ടണ്‍ എല്‍.പി.ജി ശേഖരവുമായി 'ബി.ഡബ്ല്യു ടിവൈആര്‍', 'ബി.ഡബ്ല്യു ഇഎല്‍എം' എന്നീ രണ്ട് കപ്പലുകള്‍ 2026 മാര്‍ച്ച് 28ന് ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇതില്‍ 47,115 മെട്രിക് ടണ്‍ എല്‍.എന്‍.ജിയുമായി ബി.ഡബ്ല്യു ടിവൈആര്‍ നാളെ (31.03.2026) ഉച്ചകഴിഞ്ഞ് മുംബൈയിലെത്തും. 46,999 മെട്രിക് ടണ്‍ എല്‍.പി.ജി വഹിക്കുന്ന ബി.ഡബ്ല്യു ഇഎല്‍എം ഏപ്രില്‍ ഒന്നിന് ഉച്ച കഴിഞ്ഞ്  ന്യൂ മംഗലാപുരത്ത് എത്തിച്ചേരും.  

ഇന്ത്യയിലെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ മാരിടൈം ബോര്‍ഡുകള്‍ നല്‍കുന്ന വിവരമനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെയോ 72 മണിക്കൂറിനിടെയോ തുറമുഖങ്ങളില്‍ ഗതാഗതക്കുരുക്കോ മറ്റ് തടസ്സങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യന്‍ നാവികരുടെ സുരക്ഷയും തടസരഹിത സമുദ്ര ഗതാഗതവും ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍, മറ്റ് സമുദ്ര സുരക്ഷാ ഏജന്‍സികള്‍ എന്നിവയുമായി മന്ത്രാലയം നിരന്തരം ഏകോപനം നടത്തിവരുന്നു.  

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ

പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വഴി നല്‍കിവരുന്ന സഹായങ്ങള്‍ സംബന്ധിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. പ്രധാന വിവരങ്ങള്‍ താഴെ:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാര്‍ച്ച് 28ന് സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിക്കുകയും പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

മേഖലയില്‍ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

സമുദ്രയാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും കപ്പല്‍ ഗതാഗത പാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകത  ഇരുനേതാക്കളും അംഗീകരിച്ചു.  

സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന്  നല്‍കിവരുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി  നന്ദി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ച കൂടുതല്‍ വിവരങ്ങള്‍:

ഗള്‍ഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും മാറിവരുന്ന സാഹചര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നു.  ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം പരമപ്രധാന മുന്‍ഗണന നല്‍കുന്നത്.

ഇന്ത്യന്‍ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍  പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമാണ്. സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് ഇതിന്റെ ഏകോപനം ഉറപ്പാക്കുന്നു.

മേഖലയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.  ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ സജ്ജീകരിക്കുകയും കൃത്യമായ ഇടവേളകളില്‍ നിര്‍ദേശങ്ങള്‍  പുറപ്പെടുവിക്കുകയും ചെയ്യുന്നു. പ്രാദേശിക സര്‍ക്കാരുകള്‍, ഇന്ത്യന്‍ സാമുദായിക സംഘടനകള്‍, അസോസിയേഷനുകള്‍, കമ്പനികള്‍ എന്നിവയുമായി നയതന്ത്ര കാര്യാലയങ്ങള്‍ നിരന്തര  സമ്പര്‍ക്കം പുലര്‍ത്തുന്നു.

വിസ സേവനങ്ങള്‍, കോണ്‍സുലര്‍ സഹായങ്ങള്‍ എന്നിവയ്ക്ക് പുറമെ വ്യോമപാത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  അയല്‍രാജ്യങ്ങള്‍ വഴി യാത്ര സുഗമമാക്കാനും നയതന്ത്ര കാര്യാലയങ്ങള്‍ പൗരന്മാരെ സഹായിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് രാജ്യം ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു. അവരുടെ അധ്യയന വര്‍ഷത്തെ ബാധിക്കാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

വിദ്യാഭ്യാസ സംബന്ധമായ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രാദേശിക അധികൃതര്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, വിദ്യാഭ്യാസ ബോര്‍ഡുകള്‍, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്നിവയുമായി നയതന്ത്ര കാര്യാലയങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു.  

മേഖലയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലപ്രഖ്യാപനത്തിന് സി.ബി.എസ്.ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.എസ്.ഇ, കേരള ബോര്‍ഡ് പരീക്ഷകള്‍, ജെ.ഇ.ഇ, നീറ്റ്  തുടങ്ങിയ മത്സര പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി പരിഹരിച്ചു വരുന്നു.

ഇന്ത്യന്‍ നാവികരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു.  നയതന്ത്ര കാര്യാലയങ്ങള്‍ കപ്പല്‍ ജീവനക്കാരുമായി നിരന്തരം ബന്ധപ്പെടുകയും കോണ്‍സുലര്‍ സഹായവും കുടുംബങ്ങളുമായി ആശയവിനിമയത്തിന് സൗകര്യവും നാട്ടിലേക്ക് മടങ്ങാന്‍ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.

വിമാന സര്‍വീസുകളുടെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. ഫെബ്രുവരി 28 മുതല്‍ ഏകദേശം 5,50,000 യാത്രക്കാര്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

യു.എ.ഇയില്‍ നിന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് 85 ഓളം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസുകള്‍ തുടരുന്നു.

ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തര്‍ എയര്‍വേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് പത്തോളം സര്‍വീസുകള്‍ നടത്തും.

കുവൈറ്റ്, ബഹ്‌റൈന്‍ വ്യോമപാതകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ജസീറ എയര്‍വേയ്‌സും ഗള്‍ഫ് എയറും സൗദിയിലെ ദമാം വിമാനത്താവളം വഴിയാണ് സര്‍വീസ് നടത്തുന്നത്.

വ്യോമപാതാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചില ബദല്‍ റൂട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്:

ഇറാനില്‍ നിന്ന്  അര്‍മേനിയ, അസര്‍ബൈജാന്‍ വഴി  

ഇസ്രായേലില്‍ നിന്ന്  ഈജിപ്ത്, ജോര്‍ദാന്‍ വഴി

ഇറാഖില്‍ നിന്ന്  ജോര്‍ദാന്‍, സൗദി അറേബ്യ വഴി

കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന്  സൗദി അറേബ്യ വഴി

കുവൈറ്റിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി. ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ പ്രാദേശിക അധികൃതരുമായി നയതന്ത്ര കാര്യാലയങ്ങള്‍ ഏകോപനം നടത്തിവരുന്നു.  

വിവിധ സംഭവങ്ങളിലായി ഇതുവരെ 8 ഇന്ത്യന്‍ പൗരന്മാര്‍ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തിയെ കണ്ടെത്താനും  കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും നയതന്ത്ര കാര്യാലയങ്ങളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്.
 
****
 
 

( റിലീസ് ഐ.ഡി: 2247123) സന്ദര്‍ശക കൗണ്ടര്‍ : 6