പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
29 MAR 2026 3:10PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യാ ഗവണ്മെൻ്റ് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും പ്രധാന മേഖലകളിലുടനീളം സ്ഥിരത ഉറപ്പാക്കുന്നതിനായി ഉചിതമായ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും നടപ്പിലാക്കുകയും ചെയ്യുന്നു. തടസ്സമില്ലാത്ത ഊർജ്ജ വിതരണം നിലനിർത്തുന്നതിനും, സമുദ്ര പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിനും, മേഖലയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം നല്കുന്നതിനും ഊന്നൽ നല്കിക്കൊണ്ടുള്ള ശ്രമങ്ങൾ തുടരുകയാണ്. 2026 മാർച്ച് 29 വരെ ഈ മേഖലകളിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ചുവടെ നല്കുന്നു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് തുടർച്ചയായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത വിതരണം നിലനിർത്തുന്നതിനായി ഇന്ത്യാ ഗവണ്മെൻ്റ് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിലെ സാഹചര്യം താഴെ പറയുന്ന പ്രകാരമാണ്:
ക്രൂഡ് ഓയിൽ/റിഫൈനറികൾ
• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും രാജ്യം നിലനിർത്തുന്നുണ്ട്.
• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
ചില്ലറ വില്പനശാലകൾ
• രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
• ഇന്ത്യാ ഗവണ്മെൻ്റ് പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
• കൂടാതെ, ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനത്തിന് (ATF) ലിറ്ററിന് 29.5 രൂപയും കയറ്റുമതി ലെവി ഇന്ത്യാ ഗവണ്മെൻ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
• ചിലയിടങ്ങളിൽ പരിഭ്രാന്തി മൂലമുള്ള വാങ്ങലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചില കിംവദന്തികൾ ചില സംസ്ഥാനങ്ങളിലെ ചില്ലറ വില്പനശാലകളിൽ പരിഭ്രാന്തി മൂലമുള്ള വാങ്ങലുകൾക്ക് കാരണമായിട്ടുണ്ട്. ഇത് അസാധാരണമാംവിധം ഉയർന്ന വിൽപ്പനയ്ക്കും ചില്ലറ വിൽപ്പനശാലകളിൽ വൻ തിരക്കിനും ഇടയാക്കി. , എന്നിരുന്നാലും, രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരം ലഭ്യമാണെന്ന് ഇതിനാൽ അറിയിക്കുന്നു.
• കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് ഗവണ്മെൻ്റ് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.
പ്രകൃതിവാതകം
• ഡി-പിഎൻജി, സിഎൻജി-ഗതാഗതം എന്നിവയ്ക്കുള്ള നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.
• ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം അവരുടെ ശരാശരി ഉപഭോഗത്തിൻ്റെ 80 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
• വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി, എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നല്കണമെന്ന് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങൾക്ക് ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശം നല്കിയിട്ടുണ്ട്.
• പ്രവർത്തനക്ഷമമായ യൂറിയ പ്ലാൻ്റുകളിലേക്കുള്ള വിതരണം ഇപ്പോൾ അവരുടെ കഴിഞ്ഞ 6 മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ 70-75 ശതമാനമെന്ന നിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. വിതരണവും പൈപ്പ്‌ലൈൻ ഹൈഡ്രോളിക്സും നിലനിർത്തുന്നതിനായി അധിക എൽഎൻജി കാർഗോകളും റീഗ്യാസിഫൈഡ് എൽഎൻജിയും (RLNG) സമാഹരിച്ചുവരുന്നു.
• വളം പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാവസായിക ഉപഭോക്താക്കളോടും അവരുടെ അധിക ആവശ്യകതകൾ സ്പോട്ട് അടിസ്ഥാനത്തിൽ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്, ഇത് ഗ്യാസ് മാർക്കറ്റിംഗ് കമ്പനികൾ വഴി ക്രമീകരിക്കാവുന്നതാണ്.
• ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ തുടങ്ങിയ സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അംഗീകാരം നല്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റു കളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ഇന്ത്യാ ഗവണ്മെൻ്റ് അഭ്യർത്ഥിച്ചു.
• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടർന്ന്, സിജിഡി ശൃംഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾക്കായി നടപടികൾ സ്വീകരിച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് (MoPNG) അപേക്ഷകൾ ലഭിച്ചു. ഇതനുസരിച്ച്, ചില സംസ്ഥാനങ്ങൾക്ക് അധിക വിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.
• പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ സ്ഥലങ്ങളിൽ റെസിഡൻഷ്യൽ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അങ്കണവാടികൾ തുടങ്ങിയവയെ പിഎൻജി വഴി
ബന്ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് എല്ലാ സിജിഡി സ്ഥാപനങ്ങൾക്കും 23.03.2026-ലെ ഉത്തരവിലൂടെ പിഎൻജിആർബി നിർദ്ദേശം നല്കി.
• 24.03.2026-ലെ കത്തിലൂടെ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം ഒരു സുപ്രധാന തീരുമാനം അറിയിച്ചു. സിജിഡി അടിസ്ഥാന സൗകര്യങ്ങൾക്കായി സമയപരിധി കുറച്ചുകൊണ്ടുള്ള "ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട്" മൂന്ന് മാസക്കാലത്തേക്ക് ഒരു പ്രത്യേക നടപടിയായി മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവിൽ സിജിഡി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും മുൻഗണനാടിസ്ഥാനത്തിൽ വേഗത്തിൽ തീർപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
• 1955-ലെ അവശ്യവസ്തു നിയമപ്രകാരം, 2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് നല്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ മെച്ചപ്പെടുത്തുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
• പ്രതിരോധ മന്ത്രാലയം 27.03.2026-ലെ കത്തിലൂടെ, പ്രതിരോധ മേഖലയിലെ എല്ലാ ജനവാസ മേഖലകളിലും യൂണിറ്റ് ലൈനുകളിലും പിഎൻജി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കുന്നതിനായി 2026 ജൂൺ 30 വരെ പ്രാബല്യത്തിലുള്ള ഒരു ഹ്രസ്വകാല നയ പരിഷ്കരണം പുറപ്പെടുവിച്ചു.
• മാർച്ച് മാസത്തിൽ മാത്രം ഗാർഹികം, വാണിജ്യം, ഹോസ്റ്റൽ, മെസ്, കാൻ്റീൻ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ 2.9 ലക്ഷത്തിലധികം കണക്ഷനുകളിൽ ഗ്യാസ് ലഭ്യമാക്കി.
എൽപിജി
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചിട്ടുണ്ട്.
ഗാർഹിക എൽപിജി വിതരണം:
• എൽപിജി വിതരണ ഏജൻസികളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇന്നലത്തെ കണക്കനുസരിച്ച് ഇൻഡസ്ട്രി അടിസ്ഥാനത്തിൽ 94 ശതമാനമായി വർദ്ധിച്ചു.
• വിതരണക്കാരുടെ തലത്തിലുള്ള വകമാറ്റൽ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം 2026 ഫെബ്രുവരിയിലെ 53 ശതമാനത്തിൽ നിന്ന് ഇന്നലെ 84 ശതമാനമായി വർദ്ധിപ്പിച്ചു.
• ഇന്നലെ മാത്രം 55 ലക്ഷത്തിലധികം എൽപിജി റീഫില്ലുകൾ വിതരണം ചെയ്തു.
• ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.
വാണിജ്യ എൽപിജി വിതരണം:
• ഉപഭോക്താക്കൾക്കുള്ള വാണിജ്യ എൽപിജി വിതരണം ഭാഗികമായി (20 ശതമാനം) സർക്കാർ ഇതിനകം പുനഃസ്ഥാപിച്ചു. കൂടാതെ, പിഎൻജി വിപുലീകരണത്തിനായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽപിജി കൂടി അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശിച്ചിരുന്നു.
• 21.03.2026-ലെ കത്തിലൂടെ വാണിജ്യ എൽപിജിയുടെ മറ്റൊരു 20 ശതമാനം വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് ഇന്ത്യാ ഗവണ്മെൻ്റ് അനുവദിച്ചിട്ടുണ്ട്. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയരും (പിഎൻജി വിപുലീകരണത്തിനായുള്ള പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള 10 ശതമാനം വിഹിതം ഉൾപ്പെടെ). ഈ അധിക 20 ശതമാനം വിഹിതം റെസ്റ്റോറൻ്റുകൾ, ധാബകൾ, ഹോട്ടലുകൾ, ഇൻഡസ്ട്രിയൽ കാൻ്റീനുകൾ, ഭക്ഷ്യ സംസ്കരണം/ക്ഷീര യൂണിറ്റുകൾ, സംസ്ഥാന ഗവണ്മെൻ്റോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി നിരക്കിലുള്ള കാൻ്റീനുകൾ/ഔട്ട്‌ലെറ്റുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോ എഫ്‌ടിഎൽ തുടങ്ങിയ മേഖലകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നല്കും.
• 27.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാണിജ്യ എൽപിജിക്ക് 20 ശതമാനം കൂടി അധിക വിഹിതം അനുവദിക്കാൻ തീരുമാനിച്ചു (ഇതോടെ ആകെ വാണിജ്യ വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള കാലയളവിലെ 70 ശതമാനമായി മാറും). ഈ അധിക 20 ശതമാനം വിഹിതം സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ, ഡൈ, കെമിക്കൽസ്, പ്ലാസ്റ്റിക് എന്നീ വ്യവസായങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നല്കും. ഇതിൽ തന്നെ പ്രോസസ്സ് ഇൻഡസ്ട്രികൾക്കും, പ്രകൃതിവാതകം പകരം ഉപയോഗിക്കാൻ കഴിയാത്ത പ്രത്യേക ഹീറ്റിംഗ് ആവശ്യങ്ങൾക്കായി എൽപിജി ആവശ്യമായവർക്കും മുൻഗണന നല്കുന്നതാണ്.
• ഇന്നലെ മാത്രം ഏകദേശം 64,000- 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
• ഇന്ത്യാ ഗവണ്മെൻ്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വാണിജ്യ എൽപിജി വിതരണം ചെയ്യുന്നതിനായി 28 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഉത്തരവുകൾ പുറപ്പെടുവിച്ചു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട് വാണിജ്യ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. 2026 മാർച്ച് 14 മുതൽ മൊത്തം 39,368 മെട്രിക് ടൺ വാണിജ്യ എൽപിജി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാണിജ്യ സ്ഥാപനങ്ങൾ കൈപ്പറ്റിയിട്ടുണ്ട്.
മണ്ണെണ്ണ
• എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
• മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി ജില്ലകളിലെ സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
• 17 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ (SKO) വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു. കൂടാതെ, ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ പങ്ക്
• 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാൻ സംസ്ഥാന ഗവണ്മെൻ്റുൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. ഒന്നിലധികം കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
• എല്ലാ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറിമാർ എന്നിവരോട് താഴെ പറയുന്നവ അഭ്യർത്ഥിക്കുന്നു:
◦ സംസ്ഥാന/ജില്ലാ തലങ്ങളിൽ ദിവസേനയുള്ള പത്രസമ്മേളനങ്ങൾ ഔദ്യോഗികമാക്കുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക.
◦ ഇതിനായി മാത്രമുള്ള പ്രത്യേക കൺട്രോൾ റൂമുകൾ/ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കുക
◦ സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക.
◦ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ദിവസേനയുള്ള പരിശോധനകൾ കർശനമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ചുകൊണ്ട് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
◦ അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ച മണ്ണെണ്ണ (SKO) വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ RoW/RoU അനുമതികൾ വേഗത്തിലാക്കുക, 24 മണിക്കൂർ പ്രവൃത്തി അനുമതി നല്കുക തുടങ്ങിയവയിലൂടെ സിജിഡി വിപുലീകരണം വേഗത്തിലാക്കുക.
◦ പിഎൻജി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ബദൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
◦ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായുള്ള (MoPNG) ഏകോപനത്തിനായി മുതിർന്ന നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്യുക.
• ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും കിംവദന്തികൾ ഇല്ലാതാക്കുന്നതിനുമായി ദിവസേന പത്രസമ്മേളനങ്ങൾ നടത്താനും സമൂഹ മാധ്യമങ്ങൾ/ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയിലൂടെ പുതിയ വിവരങ്ങൾ നല്കാനും 27.03.2026-ലെ കത്തിലൂടെ എല്ലാ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരോട് ഇന്ത്യാ ഗവണ്മെൻ്റ് വീണ്ടും അഭ്യർത്ഥിച്ചു. നിലവിൽ 14 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ദിവസേന പത്രസമ്മേളനം നടത്തുന്നുണ്ട്.
പരിശോധനാ നടപടികൾ
• എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും പരിശോധിക്കുന്നതിനായി പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെയ്ഡുകൾ തുടരുന്നു. ഇന്നലെ മാത്രം ഏകദേശം 2900 റെയ്ഡുകൾ നടത്തുകയും ആയിരത്തോളം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
• സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്/കരിഞ്ചന്ത കേസുകൾ പരിശോധിക്കുന്നതിനുമായി പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 1,200-ലധികം ചില്ലറ വില്പനശാലകളിലും എൽപിജി വിതരണ കേന്ദ്രങ്ങളിലും മിന്നൽ പരിശോധന നടത്തി.
• പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഇതുവരെ എൽപിജി വിതരണ ഏജൻസികൾക്ക് ഏകദേശം 480 കാരണം കാണിക്കൽ നോട്ടീസുകൾ നല്കിയിട്ടുണ്ട്.
മറ്റ് ഗവണ്മെൻ്റ് നടപടികൾ
• യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന മുൻഗണന നല്കുന്നതിനൊപ്പം, ഗാർഹിക എൽപിജി, പിഎൻജി എന്നിവയ്ക്കും ഗവണ്മെൻ്റ് ഉയർന്ന മുൻഗണന നല്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മുൻഗണനാ മേഖലകൾ നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ ഗവണ്മെൻ്റ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
• എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്കും മറ്റുള്ളവർക്കും വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
• പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. പരിഭ്രാന്തരായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതും എൽപിജി ബുക്ക് ചെയ്യുന്നതും ഒഴിവാക്കുക.
• കിംവദന്തികളിൽ ജാഗ്രത പാലിക്കണമെന്നും കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാരോട് നിർദ്ദേശിക്കുന്നു.
• എൽപിജി സംബന്ധിച്ച് പൗരന്മാരോട് താഴെ പറയുന്നവ അഭ്യർത്ഥിക്കുന്നു:
◦ എൽപിജി ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുക.
◦ എൽപിജി വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കുക.
• സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക്/ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ തുടങ്ങിയ ബദൽ ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
• നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പറയുന്നതനുസരിച്ച്:
• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
• ഏകദേശം 94,000 മെട്രിക് ടൺ എൽപിജി ചരക്ക് വഹിച്ചുകൊണ്ട് BW TYR, BW ELM എന്നീ രണ്ട് എൽപിജി വാഹിനി കപ്പലുകൾ മേഖല സുരക്ഷിതമായി പിന്നിട്ട് ഇന്ത്യൻ തീരങ്ങളിലേക്ക് നീങ്ങുകയാണ്. BW TYR മാർച്ച് 31-ന് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം BW ELM ഏപ്രിൽ ഒന്നിന് ന്യൂ മംഗലാപുരത്ത് എത്തുമെന്നാണ് കണക്കാക്കുന്നത്.
• 485 ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന 18 ഇന്ത്യൻ കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. കപ്പൽ ഉടമകൾ, ആർപിഎസ്എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡിജി ഷിപ്പിംഗ് സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതുവരെ 4,523 കോളുകളും 8,985 ഇമെയിലുകളും ഈ കേന്ദ്രം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 കോളുകളും 120 ഇമെയിലുകളും ലഭിച്ചു.
• കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലു പേർ ഉൾപ്പെടെ ഇതുവരെ 942-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
• നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത തുറമുഖ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി ഏകോപനം നടത്തുന്നത് തുടരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുവരികയും സഹായങ്ങൾ നല്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. കൂടാതെ, അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഉചിതമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. മന്ത്രാലയം അറിയിച്ചതനുസരിച്ചുള്ള വിവരങ്ങൾ താഴെ നല്കുന്നു:
• ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ക്ഷേമത്തിനുമാണ് മന്ത്രാലയം ഏറ്റവും ഉയർന്ന മുൻഗണന നല്കുന്നത്.
• ഇന്ത്യൻ പൗരന്മാരേയും അവരുടെ കുടുംബങ്ങളേയും സഹായിക്കുന്നതിനായി ഒരു പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നു. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൃത്യമായ ഏകോപനം ഉറപ്പാക്കുന്നുണ്ട്.
• മേഖലയിലുടനീളമുള്ള മിഷനുകളും പോസ്റ്റുകളും 24x7 ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായും പ്രാദേശിക അധികാരികളുമായും നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നു. പുതുക്കിയ നിർദ്ദേശങ്ങൾ കൃത്യമായി പുറപ്പെടുവിക്കുന്നുണ്ട്.
• നാവികർ, വിദ്യാർത്ഥികൾ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, ഹ്രസ്വകാല സന്ദർശകർ എന്നിവർക്ക് വിസ, കോൺസുലാർ സേവനങ്ങൾ, ലോജിസ്റ്റിക്കൽ പിന്തുണ ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കുന്നത് തുടരുന്നു.
• ഫെബ്രുവരി 28 മുതൽ ഏകദേശം 5,24,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി.വിമാന സർവീസുകൾ നിയന്ത്രിതമായ രീതിയിൽ തുടരുന്നു:
◦ യുഎഇ : വിവിധ വിമാനത്താവളങ്ങളിൽ നിന്നായി ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 80 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
◦ സൗദി അറേബ്യ, ഒമാൻ: ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നടത്തുന്നത് തുടരുന്നു.
◦ ഖത്തർ: വ്യോമപാത ഭാഗികമായി തുറന്നതോടെ ഇന്ന് ഇന്ത്യയിലേക്ക് 8–10 ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ പ്രതീക്ഷിക്കുന്നു.
◦ കുവൈറ്റ്, ബഹ്‌റൈൻ : വ്യോമപാതകൾ അടഞ്ഞുതന്നെ കിടക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സിൻ്റേയും ബഹ്‌റൈനിലെ ഗൾഫ് എയറിൻ്റേയും പ്രത്യേക വിമാനങ്ങൾ സൗദിയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു.
◦ ഇറാൻ: അർമേനിയ, അസർബൈജാൻ വഴി യാത്രാ സൗകര്യമൊരുക്കുന്നു
◦ ഇസ്രായേൽ: ഈജിപ്ത്, ജോർദ്ദാൻ വഴി യാത്ര സുഗമമാക്കുന്നു.
◦ ഇറാഖ്: ജോർദ്ദാൻ, സൗദി അറേബ്യ വഴി യാത്രാ സൗകര്യമൊരുക്കുന്നു
◦ കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നു.
• 2026 മാർച്ച് 27 ന് അബുദാബിയിൽ അന്തരിച്ച ഇന്ത്യൻ പൗരൻ്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. മരിച്ചയാളുടെ കുടുംബവുമായി മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഒപ്പം, അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
• ഒമാനിലെ സലാലയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരൻ ചികിത്സയിലാണ്. മിഷൻ ആവശ്യമായ സഹായം നല്കുകയും പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.
****
( റിലീസ് ഐ.ഡി: 2246669)
സന്ദര്‍ശക കൗണ്ടര്‍ : 9