|
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും, കുട്ടികളെ സുരക്ഷിതമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്നതും, അഡ്വര്‍ടൈസിംഗ് കൗണ്‍സില്‍ (ASCI) മാനദണ്ഡങ്ങളുടെ ലംഘനവും പരസ്യ ചട്ടം നിരോധിക്കുന്നു
प्रविष्टि तिथि:
18 MAR 2026 3:26PM by PIB Thiruvananthpuram
നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് അനുസരിച്ച്, സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരസ്യങ്ങളും 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) നിയമ പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള പരസ്യ ചട്ടവും അതിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങളും പാലിക്കേണ്ടതുണ്ട്. പരസ്യ ചട്ടം മറ്റ് കാര്യങ്ങള്‍ക്കൊപ്പം താഴെ പറയുന്നവയും വ്യവസ്ഥ ചെയ്യുന്നു:
ചട്ടം 7(5): പരസ്യം ചെയ്യുന്ന ഉല്‍പന്നത്തിനോ അതിന്റെ ഏതെങ്കിലും ഘടകത്തിനോ പ്രത്യേകമോ അത്ഭുതകരമോ അമാനുഷികമോ ആയ സ്വഭാവമോ ഗുണനിലവാരമോ ഉണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു പരസ്യത്തിലും ഉള്‍പ്പെടാന്‍ പാടുള്ളതല്ല, അത്തരത്തിലുള്ള അവകാശവാദങ്ങള്‍ തെളിയിക്കാന്‍ പ്രയാസമായിരിക്കും.
ചട്ടം 7(7): കുട്ടികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ, അവരില്‍ ആരോഗ്യകരമല്ലാത്ത ശീലങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതോ, അവരെ ഭിക്ഷാടനം നടത്തുന്നതായോ അന്തസ്സില്ലാത്തതോ അശ്ലീലമായോ ചിത്രീകരിക്കുന്ന ഒരു പരസ്യവും കേബിള്‍ സര്‍വീസില്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടുള്ളതല്ല.
ചട്ടം 7(9): ഇന്ത്യയില്‍ പൊതുപ്രദര്‍ശനത്തിനായി, മുംബൈയിലെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുള്ള സ്വയം നിയന്ത്രണ ചട്ടങ്ങള്‍ ലംഘിക്കുന്ന ഒരു പരസ്യവും കേബിള്‍ സര്‍വീസില്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടുള്ളതല്ല.
ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി 2021-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (ഭേദഗതി) നിയമങ്ങള്‍ നിയമപരമായ ത്രിതല സംവിധാനം നല്കുന്നു. മൂന്ന് തലങ്ങളിലുള്ള പരാതി പരിഹാര ഘടന ഇപ്രകാരമാണ്:
ലെവല്‍ I - പ്രക്ഷേപകരുടെ സ്വയം നിയന്ത്രണം,
ലെവല്‍ II - പ്രക്ഷേപകരുടെ സ്വയം നിയന്ത്രണ സ്ഥാപനങ്ങള്‍ നടത്തുന്ന സ്വയം നിയന്ത്രണം,
ലെവല്‍ III - കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ട സംവിധാനം.
2021-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (ഭേദഗതി) നിയമങ്ങളിലെ ചട്ടം 16 പ്രകാരം, ഒരു ചാനലിലെ പ്രോഗ്രാമിന്റെ ഉള്ളടക്കം പരസ്യ ചട്ടത്തിന് അനുസൃതമല്ലെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിക്കും പ്രക്ഷേപകന് രേഖാമൂലം പരാതി നല്കാവുന്നതാണ്. എന്നാല്‍, അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) നിശ്ചയിച്ചിട്ടുള്ള പരസ്യ ചട്ടവുമായി ബന്ധപ്പെട്ടതാണെങ്കില്‍, അത്തരം പരാതി ആ കൗണ്‍സിലിന് സമര്‍പ്പിക്കാവുന്നതാണ്, കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് അവര്‍ ആ പരാതി കൈകാര്യം ചെയ്യേണ്ടതുമാണ്. കൂടാതെ, പരാതി ലഭിച്ച് അറുപത് ദിവസത്തിനുള്ളില്‍ ASCI അതില്‍ തീരുമാനമെടുക്കുകയും അത് പ്രക്ഷേപകനേയും പരാതിക്കാരനേയും അറിയിക്കുകയും ചെയ്യേണ്ടതാണ്.
പ്രോഗ്രാം കോഡിന്റേയും പരസ്യ ചട്ടത്തിന്റേയും ലംഘനമോ ലംഘനശ്രമമോ സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു അന്തര്‍-വകുപ്പ് സമിതി (IDC) രൂപീകരിച്ചിട്ടുണ്ട്. IDC-യുടെ ശുപാര്‍ശകള്‍ അനുസരിച്ച്, പരസ്യ ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനം സ്ഥിരീകരിക്കപ്പെട്ടാല്‍, സ്വകാര്യടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ഉപദേശം, മുന്നറിയിപ്പ്, ക്ഷമാപണം സ്‌ക്രോള്‍ ചെയ്യല്‍, സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള ഉത്തരവുകള്‍ എന്നിവ പുറപ്പെടുവിച്ച് ഉചിതമായ നടപടി സ്വീകരിക്കും. പരസ്യ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം കാലാകാലങ്ങളില്‍ പ്രക്ഷേപകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിവരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ കൂടുതലായി നിയന്ത്രിക്കുന്നതിനും, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 07.05.2024-ലെ ഉത്തരവ് പാലിക്കുന്നതിനുമായി, ടെലിവിഷന്‍/റേഡിയോ പരസ്യങ്ങള്‍ക്കായി ബ്രോഡ്കാസ്റ്റ് സേവ പോര്‍ട്ടലിലും, അച്ചടി/ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോര്‍ട്ടലിലും സ്വയം പ്രഖ്യാപന സര്‍ട്ടിഫിക്കറ്റ് (SDC) അപ്ലോഡ് ചെയ്യുന്നതിനുള്ള പുതിയ സൗകര്യം മന്ത്രാലയം ആരംഭിച്ചു. വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളായ അച്ചടി, ഇലക്ട്രോണിക്, ഇന്റര്‍നെറ്റ് എന്നിവയില്‍ പ്രസിദ്ധീകരിക്കുന്ന
'ഭക്ഷ്യ-ആരോഗ്യ മേഖലകളുമായി' ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പരസ്യങ്ങള്‍ക്കായി വാര്‍ഷിക SDC മേല്‍പ്പറഞ്ഞ പോര്‍ട്ടലുകളില്‍ അപ്ലോഡ് ചെയ്യാന്‍ പരസ്യദാതാക്കള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്കിക്കൊണ്ട് മന്ത്രാലയം 03.07.2024-ന് ഒരു മാര്‍ഗ നിര്‍ദ്ദേശരേഖ പുറപ്പെടുവിച്ചു.
ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരുടേയും OTT പ്ലാറ്റ്ഫോമുകളുടേയും ഓണ്‍ലൈന്‍ പരസ്യങ്ങളുടേയും ഉള്ളടക്കവുമായി ബന്ധപ്പെട്ട്, ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകളുടേയോ അവയുടെ പരോക്ഷ ഉല്‍പ്പന്നങ്ങളുടേയോ സേവനങ്ങളുടേയോ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് വാര്‍ത്താ വിതരണ മന്ത്രാലയം 13.06.2022, 03.10.2022, 06.04.2023 എന്നീ തീയതികളില്‍ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ തടയുന്നതിനും അതുമായി ബന്ധപ്പെട്ട അംഗീകാരങ്ങള്‍ നല്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, 2022' ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 2022 ജൂണ്‍ 9-ലെ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ചു. വ്യാജവും, തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലാണ് പരിഗണിക്കുന്നത്.
വാര്‍ത്താവിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍, ശ്രീ. സുരേഷ് കുമാര്‍ ഷെത്കര്‍, ശ്രീ. വിജയകുമാര്‍ (വിജയ് വസന്ത്) എന്നിവര്‍ക്ക് രേഖാമൂലം നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഇന്ന് ലോക്‌സഭയില്‍ സമര്‍പ്പിച്ചത്.
****
(रिलीज़ आईडी: 2242213)
|