പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയ പത്രസമ്മേളനം

പോസ്റ്റഡ് ഓണ്‍: 18 MAR 2026 5:37PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പെട്രോളിയം & പ്രകൃതിവാതകം, തുറമുഖങ്ങള്‍, ഷിപ്പിംഗ് & ജലപാത, വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍  മാധ്യമങ്ങളെ അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ പൗരന്മാരെ അറിയിക്കുന്നതിനായി ഇത്തരം ആശയവിനിമയങ്ങള്‍ പതിവായി നടക്കുന്നു. ഇന്നത്തെ പത്ര സമ്മേളനത്തില്‍, ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള സഹായം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു  

ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും:

ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന്, ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചും പെട്രോളിയം ഉത്പന്നങ്ങളുടെയും എല്‍പിജിയുടെയും സ്ഥിരമായ ലഭ്യത നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിവരങ്ങള്‍ നല്‍കി. മന്ത്രാലയം ഇപ്രകാരം അറിയിച്ചു :

 അസംസ്‌കൃത എണ്ണ , റിഫൈനറികള്‍:

എല്ലാ എണ്ണ ശുദ്ധീകരണശാലകളും മതിയായ അസംസ്‌കൃത എണ്ണ സംഭരണത്തോടെ ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ആവശ്യത്തിന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കുന്നുണ്ട്. ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ഇറക്കുമതി ആവശ്യമില്ല.

• എണ്ണ ശുദ്ധീകരണശാലകളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം ഏകദേശം 40 ശതമാനം വര്‍ദ്ധിപ്പിച്ചു.

 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍:

•എണ്ണ വിപണന കമ്പനികള്‍ ഇന്ധനം ഇല്ലെന്ന് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ പെട്രോളിന്റെയും ഡീസലിന്റെയും വിതരണം പതിവായി നടക്കുന്നു .

•ആവശ്യത്തിന് സംഭരണം ലഭ്യമായതിനാല്‍ പൗരന്മാര്‍ പരിഭ്രാന്തിയോടെ അധികമായി വാങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നു.

പ്രകൃതി വാതകം:

• മുന്‍ഗണനാ മേഖലകള്‍ക്ക് വാതക വിതരണം ഉറപ്പാക്കുന്നു. ആഭ്യന്തര
 PNG, CNG ഗതാഗത മേഖലയിലടക്കം 100 ശതമാനം വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള വിതരണം ഏകദേശം 80 ശതമാനം നിരക്കില്‍ നിയന്ത്രിക്കപ്പെടുന്നു.

•വാണിജ്യ LPG ഉപഭോക്താക്കളെ PNGയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത നഗരവാതക വിതരണ(CGD) സ്ഥാപനങ്ങളില്‍ നിന്ന് PNG കണക്ഷനുകള്‍ ലഭിക്കും.

•ഗാര്‍ഹിക, വാണിജ്യ PNG കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് IGL, MGL, GAIL ഗ്യാസ്, BPCL എന്നിവയുള്‍പ്പെടെയുള്ള CGD കമ്പനികള്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു.
•ശുദ്ധവും കാര്യക്ഷമവുമായ PNG ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് CGD ശൃംഖല വികസിപ്പിക്കുന്നു. കൂടാതെ കണക്ഷനുകള്‍ക്കായി അംഗീകൃത CGD സ്ഥാപനങ്ങളെ സമീപിക്കാന്‍ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നു.
•വിത്ത് ഉണക്കല്‍ യൂണിറ്റുകള്‍, ശീതീകരണ സംഭരണികള്‍ തുടങ്ങിയ നിര്‍ണായക മേഖലകളിലേക്ക് പരമാവധി വാതകം വിതരണം ഉറപ്പാക്കാന്‍ CGD സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 •പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (PNGRB),  ഗ്യാസിനുള്ള അപേക്ഷയും വിതരണവും തമ്മിലുള്ള സമയപരിധി കുറയ്ക്കാനും, പിഎന്‍ജി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കളോട് കുറഞ്ഞ സമയപരിധി സംബന്ധിച്ച് വ്യക്തമായി അറിയിക്കാനും CGD സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു.

•പിഎന്‍ജി യജ്ഞം സംബന്ധിച്ച് അച്ചടി, റേഡിയോ, സമൂഹമാധ്യമ പങ്കാളികളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ഉള്‍പ്പെടുത്തി പൊതുജന സമ്പര്‍ക്ക പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും  ആരംഭിക്കാന്‍ CGD സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

° 2026 മാര്‍ച്ച് 16 ലെ കത്തിലൂടെ, CGD സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കിയ, ഇനിയും തീര്‍പ്പു കല്‍പ്പിക്കാത്ത  അപേക്ഷകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍  അനുമതി നല്‍കിക്കൊണ്ട് , CGD വിപുലീകരണം സുഗമമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു. റോഡ് പുനഃസ്ഥാപന, പെര്‍മിറ്റ് ചാര്‍ജുകള്‍ ഒഴിവാക്കാനും , ജോലി സമയവും സീസണുകളും ലഘൂകരിക്കാനും ഏകോപനത്തിനും വേഗത്തിലുള്ള നടപ്പാക്കലിനും സംസ്ഥാന നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും നിര്‍ദ്ദേശം നല്‍കി.
 •2026 മാര്‍ച്ച് 18 ലെ കത്തിലൂടെ, എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് മാറുന്നതിനെ പിന്തുണയ്ക്കുന്നതിന് ബന്ധപ്പെട്ട വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍:

•ഇഏഉ അപേക്ഷകള്‍ അംഗീകരിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള 1% അധിക വിഹിതം,

• CGD അനുമതികള്‍ നല്‍കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള 2% അധിക വിഹിതം,

• CGD സ്ഥാപനങ്ങള്‍ക്കായി 'ഡിഗ് ആന്‍ഡ് റീസ്‌റ്റോര്‍ സ്‌കീം' അവതരിപ്പിക്കുന്നതിന് 3% അധിക വിഹിതം,

• വാര്‍ഷിക വാടക/ലീസ് ചാര്‍ജുകള്‍ കുറയ്ക്കുന്നതിന് 4% അധിക വിഹിതം എന്നിവ ഉള്‍പ്പെടുന്നു.

 • CGD ശൃംഖലകളുടെ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിനും ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്കുള്ള പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കുന്നതിനും ഈ പരിഷ്‌കരണ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു

• എല്‍പിജി ആവശ്യകതയിലുള്ള അധിക ഭാരം കുറയ്ക്കുന്നതിനും വാണിജ്യ ഉപഭോക്താക്കളെ പിഎന്‍ജിയിലേക്ക് മാറ്റുന്നതിനും ഈ നടപടികള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്‍പിജി:

•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എല്‍പിജി വിതരണം തുടര്‍ന്നും നിരീക്ഷിക്കപ്പെടുന്നു.
•വിതരണക്കാര്‍ ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
•ഓണ്‍ലൈന്‍ എല്‍പിജി ബുക്കിംഗുകള്‍ 83% ല്‍ നിന്ന് 93% ആയി വര്‍ദ്ധിച്ചു.
• എല്‍പിജി വിതരണത്തിന്റ വഴിമാറ്റല്‍ തടയുന്നതിനായി ഡെലിവറി ഓഥന്റിക്കേഷന്‍ കോഡ് പരിരക്ഷ 53% ല്‍ നിന്ന് (ഫെബ്രുവരി 2026) ഏകദേശം 81% ആയി വര്‍ധിച്ചു .

•ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിതരണം സാധാരണപോലെ തുടരുന്നു.

•ബീഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ ഏകദേശം 15 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഗാര്‍ഹിക ഇതര എല്‍പിജി അനുവദിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തുടനീളം വാണിജ്യ എല്‍പിജി വിതരണത്തിനായി ലഭ്യമാക്കുന്നുണ്ട്.


 മണ്ണെണ്ണ:

•സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

•ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മണിപ്പൂര്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ 12 സംസ്ഥാനങ്ങള്‍ SKO വിഹിത ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇതിന്റെ ആവശ്യകതയില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന ഗവണ്മെന്റുകള്‍ നടത്തുന്ന യോഗങ്ങള്‍:

• പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കുന്നതിന് അവശ്യവസ്തു നിയമത്തിന്റെയും LPG നിയന്ത്രണ ഉത്തരവിന്റെയും കീഴില്‍ അവശ്യവസ്തുക്കളുടെ വിതരണം സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിരീക്ഷിക്കുന്നു.

•ദുരുപയോഗം തടയുന്നതിന് ഏകോപിത പരിശോധനകളും മിന്നല്‍ പരിശോധനകളും നടത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട് .

• 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 22 സംസ്ഥാനങ്ങള്‍ ജില്ലാതല നിരീക്ഷണ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മറ്റുള്ളവയോട് മുന്‍ഗണനാക്രമത്തില്‍ ഇവ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

•രാജസ്ഥാന്‍, തെലങ്കാന, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ 22 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ജില്ലാതല നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
• കണ്‍ട്രോള്‍ റൂമുകളും ജില്ലാതല നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടില്ലാത്ത എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തരമായി അവ രൂപീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു

•എല്‍പിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാനങ്ങളിലുടനീളം എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തുടരുന്നു.

• ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും എല്‍പിജി സിലിണ്ടറുകള്‍ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ സംയുക്തമായി നടപടി സ്വീകരിച്ചു.

•സമഗ്രമായ വിതരണം ഉറപ്പാക്കുന്നതിനും ക്രമക്കേടുകള്‍ തടയുന്നതിനുമായി പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ചില്ലറ വില്‍പ്പന ശാലകളിലും എല്‍പിജി വിതരണ കേന്ദ്രങ്ങളിലുമായി 2,300ലധികം മിന്നല്‍ പരിശോധനകള്‍ നടത്തി.

മറ്റ് ഗവണ്‍മെന്റ് നടപടികള്‍:

• വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് സുഗമമായ എല്‍പിജി വിതരണത്തിനും പിഎന്‍ജി വിപുലീകരണത്തിനും ഗവണ്മെന്റ് മുന്‍ഗണന നല്‍കുന്നത് തുടരുന്നു,

• വിതരണ ആവശ്യകത അടിസ്ഥാനമാക്കിയുള്ള നടപടികളില്‍ എണ്ണ സംസ്‌കരണ ശാലകളില്‍ നിന്നും മെച്ചപ്പെട്ട ഉത്പാദനം, നഗരപ്രദേശങ്ങളില്‍ 25 ദിവസത്തെയും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസത്തെയും പുതുക്കിയ ബുക്കിംഗ് ഇടവേളകള്‍, മുന്‍ഗണനാ വിഹിതം എന്നിവ ഉള്‍പ്പെടുന്നു.

• എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

• പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡിജിറ്റല്‍ ബുക്കിംഗുകള്‍ പ്രോത്സാഹിപ്പിക്കുകയും പരിഭ്രാന്തിയോടെയുള്ള അധിക ബുക്കിംഗുകള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സ്വീകരിക്കുന്നു.

• സംസ്ഥാന ഗവണ്‍മെന്റുകളുടെ പിന്തുണയോടെ നിരവധി സംസ്ഥാനങ്ങളില്‍ വാണിജ്യ എല്‍പിജി വിതരണം ആരംഭിച്ചിട്ടുണ്ട്.

പൊതുജനോപദേശം:

• ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും കിംവദന്തികള്‍ ഒഴിവാക്കാനും പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു.
• പരിഭ്രാന്തിയോടെയുള്ള അധിക ബുക്കിംഗുകള്‍ ഒഴിവാക്കാനും ഡിജിറ്റല്‍ ബുക്കിംഗ് രീതികള്‍ ഉപയോഗിക്കാനും എല്‍പിജി വിതരണ കേന്ദ്രങ്ങളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

•പിഎന്‍ജി, വൈദ്യുത അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ പോലുള്ള ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കാനും ഊര്‍ജ്ജം സംരക്ഷിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.


 സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും:

പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ നിലവിലെ സമുദ്ര സ്ഥിതിയെക്കുറിച്ചും ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം വിവരങ്ങള്‍ പങ്കുവച്ചു. മന്ത്രാലയം ഇപ്രകാരം അറിയിച്ചു :

· മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു ഷിപ്പിംഗ് ആക്രമണ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

· നിലവില്‍, 611 ഇന്ത്യന്‍ നാവികരുള്ള 22 ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ പടിഞ്ഞാറന്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ തുടരുന്നു. കപ്പല്‍ ഉടമകള്‍, ആര്‍പിഎസ്എല്‍ ഏജന്‍സികള്‍, ഇന്ത്യന്‍ എംബസികള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍ സൂക്ഷ്മ നിരീക്ഷണം തുടരുന്നു.

· എല്‍പിജി വാഹക കപ്പലുകളായ ശിവാലിക്, നന്ദ ദേവി എന്നിവ നിലവില്‍ എണ്ണ കമ്പനികളുടെ ഷെഡ്യൂള്‍ അനുസരിച്ച് ചരക്ക് നീക്കം ചെയ്യുന്നു.

· ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24×7 പ്രവര്‍ത്തിക്കുന്നത് തുടരുന്നു. കണ്‍ട്രോള്‍ റൂം ആരംഭിച്ചതിന് ശേഷം   3,305 കോളുകളും 6,324 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചെയ്ത 125 കോളുകളും 449 ഇമെയിലുകളും ഉള്‍പ്പെടുന്നു.

 · ഡിജി ഷിപ്പിംഗ് ഇതുവരെ 472ലധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി തിരിച്ചയക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തിരിച്ചയച്ച 25 പേരും ഉള്‍പ്പെടുന്നു.

· ഇന്ത്യയുടെ സമുദ്ര മേഖല സുഗമമായി പ്രവര്‍ത്തിക്കുന്നു. തുറമുഖങ്ങളില്‍ തിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന മാരിടൈം ബോര്‍ഡുകളില്‍ നിന്നുള്ള സ്ഥിരീകരണവും ഇതില്‍ ഉള്‍പ്പെടുന്നു.

· തുറമുഖങ്ങള്‍ കപ്പല്‍ നീക്കങ്ങളും ചരക്ക് പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും മതിയായ സംഭരണ ശേഷി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിശാഖപട്ടണം തുറമുഖ അതോറിറ്റിയില്‍ ഏകദേശം 2,260 ചതുരശ്ര മീറ്റര്‍ ഉള്‍പ്പെടെ അധിക സംഭരണ സ്ഥലം സൃഷ്ടിച്ചിട്ടുണ്ട്.


 · ജെഎന്‍പിഎയില്‍ സ്ഥിതി സാധാരണ നിലയിലാണ്. കുടുങ്ങിക്കിടക്കുന്ന കണ്ടെയ്‌നറുകളുടെ എണ്ണം ഏകദേശം 1,000 ല്‍ നിന്ന് ഉദ്ദേശം 770 ആയി കുറഞ്ഞു.

· പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യം കണക്കിലെടുത്ത് തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം ഷിപ്പിംഗ് നീക്കങ്ങള്‍, തുറമുഖ പ്രവര്‍ത്തനങ്ങള്‍, നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ:

ഇന്ത്യന്‍ എംബസികള്‍ വഴിയുള്ള സഹായവും ഇടപെടലും ഉള്‍പ്പെടെ മേഖലയിലെ സമീപകാല നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പങ്കിട്ടു. മന്ത്രാലയം അറിയിച്ചതിങ്ങനെ :

· പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ, ക്ഷേമം എന്നിവ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നു.

· പ്രധാനമന്ത്രി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിക്കുകയും മുന്‍കൂട്ടി ഈദ് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

· പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുഎഇയില്‍ നടന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

 · ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ നാവിക യാത്ര ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. കൂടാതെ മേഖലയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

· കര അതിര്‍ത്തി കടന്നു അസര്‍ബൈജാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉള്‍പ്പെടെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സഹായിക്കുന്നു.

· കര അതിര്‍ത്തി കടന്ന് അര്‍മേനിയയിലേക്കും അസര്‍ബൈജാനിലേക്കും സുഗമമായ യാത്രകള്‍ സാധ്യമാക്കുന്നതിന്   ഇന്ത്യന്‍ പൗരന്മാര്‍, എംബസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നു .

· ഇന്ത്യന്‍ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ ഒരു പ്രത്യേക  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. കൂടാതെ സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനം തുടരുന്നു.

· മേഖലയിലുടനീളമുള്ള ഇന്ത്യന്‍ എംബസികളും പോസ്റ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. അസോസിയേഷനുകളുമായും സംഘടനകളുമായും ബന്ധം നിലനിര്‍ത്തുകയും ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഹെല്‍പ്പ്‌ലൈന്‍ വഴിയുള്ള അന്വേഷണങ്ങളിലുണ്ടായ കുറവ്, കുടുങ്ങിക്കിടക്കുന്ന പൗരന്മാരുടെ നിരവധി അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.

· എംബസികള്‍ പ്രാദേശിക അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും നാവികര്‍, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍, ഹ്രസ്വകാല സന്ദര്‍ശകര്‍ എന്നിവരെ വിസ, കോണ്‍സുലാര്‍ സേവനങ്ങള്‍, ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവ നല്‍കി സഹായിക്കുകയും ചെയ്യുന്നത് തുടരുന്നു.

 · മേഖലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്‌കൂളുകളുമായും വിദ്യാഭ്യാസ ബോര്‍ഡുകളുമായും എംബസികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.

· സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ നേരത്തെ റദ്ദാക്കി. ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളും റദ്ദാക്കിയിരിക്കുന്നു. ഐസിഎസ്ഇ, കേരള ബോര്‍ഡ് പരീക്ഷകളും റദ്ദാക്കിയിരിക്കുന്നു.

· ഈ കേസുകളില്‍ മാര്‍ക്ക് നിര്‍ണയിക്കുന്നതിനുള്ള ഒരു ബദല്‍ രീതി യഥാസമയം അതത് ബോര്‍ഡുകള്‍ പ്രഖ്യാപിക്കും.

· ഇറാനിലെ , ടെഹ്‌റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഇവര്‍ക്ക് എംബസി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നു.

· 2026 ഫെബ്രുവരി 28 മുതല്‍, ഏകദേശം 2,60,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി.

· മേഖലയിലുടനീളം അധിക സേവനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിമാന പ്രവര്‍ത്തനങ്ങള്‍ ക്രമേണ മെച്ചപ്പെട്ടു.

· യുഎഇയില്‍, 2026 മാര്‍ച്ച് 17 ന് ഏകദേശം 70 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഇന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏകദേശം 75 വിമാന സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നു. 2026 മാര്‍ച്ച് 5 മുതല്‍ പ്രതിദിനം 50 ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഇത് ഗതാഗത സംവിധാനം മെച്ചപ്പെടുന്നതായി സൂചിപ്പിക്കുന്നു.

 · സൗദി അറേബ്യയില്‍ നിന്നും ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടര്‍ന്നും നടക്കും.

· ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇന്നലെ 5 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഇന്ന് മുതല്‍ 9 ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

· 2026 ഫെബ്രുവരി 28 മുതല്‍ കുവൈറ്റ് ്‌വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നു. സൗദി അറേബ്യയിലെ അല്‍ ഖൈസുമ വിമാനത്താവളത്തില്‍ നിന്ന് ജസീറ എയര്‍വേയ്‌സിന്റെ, ഷെഡ്യൂള്‍ ചെയ്യാത്ത പ്രത്യേക വിമാനങ്ങളുടെ സര്‍വീസ് പ്രതീക്ഷിക്കുന്നു.

· വ്യോമാതിര്‍ത്തി നിയന്ത്രണമുള്ള കുവൈറ്റ്, ബഹ്‌റൈന്‍, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യ വഴിയുള്ള ഗതാഗതം തുടര്‍ന്നും സുഗമമാക്കും.

ഗവണ്മെന്റ് ജാഗ്രത പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍ എന്നിവ തമ്മില്‍ അടുത്ത ഏകോപനം നിലനിര്‍ത്തുന്നുണ്ടെന്നും അറിയിച്ചു. പ്രധാന മേഖലകളും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി

****


( റിലീസ് ഐ.ഡി: 2242202) സന്ദര്‍ശക കൗണ്ടര്‍ : 15