പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തര്‍-മന്ത്രാലയതല വാർത്താ സമ്മേളനം

പോസ്റ്റഡ് ഓണ്‍: 17 MAR 2026 5:31PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തർ-മന്ത്രാലയതല വാര്‍ത്താ സമ്മേളനം നാഷണൽ മീഡിയ സെൻ്ററിൽ ഇന്ന് നടന്നു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്നതിനായി ഇത്തരം വാര്‍ത്താ സമ്മേളനങ്ങള്‍ പതിവായി നടത്തിവരുന്നു. ഇന്നത്തെ പത്രസമ്മേളനത്തിൽ, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, തുറമുഖങ്ങൾ, ഷിപ്പിംഗ്-ജലപാത മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ധന വിതരണം, സമുദ്രത്തിലൂടെയുള്ള ചരക്കുനീക്ക പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സാഹചര്യം, പൊതുജന വിവരശേഖരണ ശ്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു.

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലെ ഇന്ധന വിതരണ സ്ഥിതിയെക്കുറിച്ചും പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജിയുടേയും തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്:
 

ക്രൂഡ് ഓയിലും റിഫൈനറികളും

•   എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുകയും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലനിർത്തുകയും ചെയ്യുന്നു. പെട്രോൾ, ഡീസൽ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായി തുടരുന്നു, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയുടെ ആവശ്യമില്ല.

ചില്ലറ വിൽപ്പനശാലകൾ

  • ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനം തീർന്നുപോയ സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോൾ, ഡീസൽ വിതരണം പതിവുപോലെ തുടരുന്നു.
  • ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമായതിനാൽ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടരുതെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.


പ്രകൃതി വാതകം

  • മുൻഗണനാ വിഭാഗങ്ങൾക്ക് പിഎൻജി, സിഎൻജി എന്നിവയുടെ 100 ശതമാനം വിതരണം ഉൾപ്പെടെ സംരക്ഷിത വാതക വിതരണം തുടരുന്നു. അതേസമയം, വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം ഏകദേശം 80 ശതമാനമായി നിയന്ത്രിച്ചിട്ടുണ്ട്.
  • നഗരപ്രദേശങ്ങളിലെ വാണിജ്യ എൽപിജി ഉപഭോക്താക്കളെ പിഎൻജിയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നു. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അംഗീകൃത സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ഏജൻസികളിൽ നിന്ന് പിഎൻജി കണക്ഷനുകൾ നേടാവുന്നതാണ്.
  • ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
  • സർക്കാർ സിജിഡി ശൃംഖല വിപുലീകരിക്കുകയാണ്. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട  തീർപ്പുകൽപ്പിക്കാത്ത അപേക്ഷകളിൽ വേഗത്തിൽ അനുമതി നല്കാനും, റോഡ് പുനരുദ്ധാരണ - അനുമതി ചാർജ്ജുകൾ ഒഴിവാക്കാനും, ജോലി സാഹചര്യങ്ങളിൽ ഇളവ് വരുത്തുന്നതിനും, പദ്ധതിയുടെ വേഗത്തിലുള്ള നടപ്പാക്കലിനെ പിന്തുണയ്ക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയമിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.


എൽപിജി

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എൽപിജി വിതരണം നിരീക്ഷിക്കുന്നത് തുടരുന്നു.
  • എൽപിജി വിതരണ കേന്ദ്രങ്ങളിൽ സ്റ്റോക്ക് തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
  • റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം ഏകദേശം 38 ശതമാനം വർദ്ധിപ്പിച്ചു.
  • ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഏകദേശം 94 ശതമാനമായി വർദ്ധിച്ചു. അതേസമയം, ദുരുപയോഗം തടയുന്നതിനായുള്ള  ഡെലിവറി ഓതൻ്റിക്കേഷൻ കോഡ്  പരിധി പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന 53 ശതമാനത്തിൽ നിന്ന് ഏകദേശം 76 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
  • ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.
  • ബിഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണ്ണാടക, മണിപ്പൂർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വാണിജ്യ എൽപിജി അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി ലഭ്യമാക്കുന്നുണ്ട്.


മണ്ണെണ്ണ

  • സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങൾ കണ്ടെത്താൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • ബിഹാർ, ഛത്തീസ്ഗഢ്, മണിപ്പൂർ, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണ്ണാടക ഉൾപ്പെടെയുള്ള  നിരവധി സംസ്ഥാനങ്ങൾ മണ്ണെണ്ണ (SKO) വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
 

സംസ്ഥാന സർക്കാരുകൾ നടത്തുന്ന യോഗങ്ങൾ

  • 1955-ലെ അവശ്യവസ്തു നിയമവും 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം, പൂഴ്ത്തിവെയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരമുണ്ട്.
  • പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ്.
  • പരിശോധനകളും മിന്നൽ പരിശോധനകളും നടത്താൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും/കളക്ടർമാർക്കും എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്കും നിർദ്ദേശം നല്കാൻ 13.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • 27 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും വാർത്താ സമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
  • രാജസ്ഥാൻ, തെലങ്കാന, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്, മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തിരമായി ഇതുപോലെ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.


എൻഫോഴ്‌സ്‌മെൻ്റ്  നടപടികൾ

  • രാജ്യത്തുടനീളം എൽപിജി പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിന് എൻഫോഴ്‌സ്‌മെൻ്റ്  നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
  • 12,000-ത്തിലധികം റെയ്‌ഡുകൾ നടത്തുകയും 15,000-ത്തിലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന നടപടികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ചില്ലറ വില്പനശാലകളിലും എൽപിജി വിതരണ കേന്ദ്രങ്ങളിലും 2,500-ലധികം മിന്നൽ പരിശോധനകൾ നടത്തി.

മറ്റ് സർക്കാർ നടപടികൾ

  • തടസ്സമില്ലാത്ത എൽപിജി വിതരണം ഉറപ്പാക്കുന്നതിനാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നല്കുന്നത്, പ്രത്യേകിച്ച് വീടുകൾക്കും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്കും.
  • എൽപിജി വിതരണത്തിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് 2026 മാർച്ച് 14 ലെ എൽപിജി നിയന്ത്രണ ഉത്തരവ് ഭേദഗതി പ്രകാരം പിഎൻജി ഉപഭോക്താക്കളോട് എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
  • തുല്യമായ വിതരണം ഉറപ്പാക്കുന്നതിനായി ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും പരിഷ്കരിച്ചു.
  • എൽപിജി ആവശ്യകതയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
  • പൊതുമേഖലാ എണ്ണക്കമ്പനികൾ ഡിജിറ്റൽ ബുക്കിംഗുകൾ പ്രോത്സാഹിപ്പിക്കുകയും പരിഭ്രാന്തി മൂലമുള്ള ബുക്കിംഗുകൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങൾ ഇപ്പോൾ കൂടുതൽ വ്യാപകമായിട്ടുണ്ട്.
  • സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ പല സംസ്ഥാനങ്ങളിലും വാണിജ്യ എൽപിജി വിതരണം ആരംഭിച്ചു കഴിഞ്ഞു.
 

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • വീടുകൾക്കും അവശ്യ മേഖലകൾക്കും ആവശ്യമായ എൽപിജി വിതരണം മതിയായ രീതിയിൽ തുടരുന്നതിനാൽ പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നിർദ്ദേശിക്കുന്നു.
  • ഐ.വി.ആർ.എസ്, എസ്.എം.എസ്, വാട്ട്‌സ്ആപ്പ്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാവുന്നതാണ്.
  • പരിഭ്രാന്തി മൂലമുള്ള ബുക്കിംഗുകൾ ഒഴിവാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാനും എൽപിജി വിതരണക്കാരെ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
  • പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാനും ഊർജ്ജം ലാഭിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.
  • കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും കിംവദന്തികൾ ഒഴിവാക്കാനും പൗരന്മാർക്ക് നിർദ്ദേശം നല്കുന്നു.

സമുദ്ര സുരക്ഷയും കപ്പൽ ഗതാഗതവും

പേർഷ്യൻ ഗൾഫിലെ സമുദ്ര പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ സ്ഥിതിയെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി:

  • മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • നിലവിൽ 611 ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന 22 ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ പശ്ചിമ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. കപ്പൽ ഉടമകൾ, ആർ.പി.എസ്.എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവരുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
  • ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചത് മുതൽ 3,180 കോളുകളും 5,875 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാവികരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും മറ്റ് സമുദ്ര പങ്കാളികളിൽ നിന്നും ലഭിച്ച 150 കോളുകളും 378 ഇമെയിലുകളും ഉൾപ്പെടുന്നു.
  • ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 161 പേർ ഉൾപ്പെടെ 447-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
  • എൽപിജി വാഹക കപ്പലായ ശിവാലിക് മുന്ദ്ര തുറമുഖത്തെത്തി, ചരക്ക് നീക്കം പുരോഗമിക്കുകയാണ്. അതേസമയം, നന്ദാദേവി എന്ന കപ്പൽ ഇന്ന് പുലർച്ചെ കണ്ട്ലയിൽ എത്തുകയും എന്നൂർ, ഹാൽദിയ ഉൾപ്പെടെയുള്ള കിഴക്കൻ തീരങ്ങളിലേക്ക് മാറ്റുന്നതിനായി ചരക്ക് ഇറക്കാൻ ആരംഭിക്കുകയും ചെയ്തു.
  • മുൻഗണനാടിസ്ഥാനത്തിൽ ബെർത്ത് ലഭിക്കുന്നതിനും വേഗത്തിൽ ചരക്ക് ഇറക്കുന്നതിനും ആവശ്യമായ എല്ലാ രേഖകളും മുൻകൂർ നടപടികളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
  • പ്രധാന തുറമുഖങ്ങൾ കപ്പലുകളുടെ നീക്കവും ചരക്ക് പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വി.ഒ ചിദംബരനാർ പോർട്ട് അതോറിറ്റി (VOCPA) ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്നറുകൾക്കായി നല്കിയ ഏകദേശം 90,000 ചതുരശ്ര മീറ്റർ അധിക സംഭരണ സ്ഥലം ഉൾപ്പെടെയുള്ള ആവശ്യമായ പിന്തുണ നല്കുകയും ചെയ്യുന്നു.
  • ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിക്ക് (JNPA) പുറത്ത് റോഡുകളിൽ കണ്ടെയ്നറുകൾ കിടക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണ്. സാധാരണ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്നറുകൾ നിലവിൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകളിലോ വെയർഹൗസുകളിലോ ഫാക്ടറി പരിസരങ്ങളിലോ ആണ് സ്ഥിതി ചെയ്യുന്നത്.
  • ജെഎൻപിഎ- യിലെ തിരക്ക് കുറഞ്ഞുവരികയാണ്, പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങൾ അടങ്ങിയ കണ്ടെയ്നറുകളുടെ എണ്ണം 2,000-ൽ നിന്ന് 1,000 ആയി കുറഞ്ഞു.
  • സലാല, ഖോർ ഫക്കാൻ തുടങ്ങിയ തുറമുഖങ്ങളിലേക്ക് കപ്പലുകൾ യാത്ര തിരിച്ചു. ഏകദേശം 200 കണ്ടെയ്നറുകളുമായി ഒരു കപ്പൽ കൂടി ഇന്ന് പുറപ്പെടും. കുടുങ്ങിക്കിടക്കുന്ന കണ്ടെയ്നറുകളുടെ എണ്ണം അടുത്ത 24-48 മണിക്കൂറിനുള്ളിൽ ഏകദേശം 600 ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
  • പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് കപ്പൽ നീക്കങ്ങൾ, തുറമുഖ പ്രവർത്തനങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ച എന്നിവ തുറമുഖ,  ഷിപ്പിംഗ്, ജലപാത മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.
 

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

ഇന്ത്യൻ മിഷനുകൾ മുഖേനയുള്ള തുടർച്ചയായ സഹായങ്ങളും സമ്പർക്ക പ്രവർത്തനങ്ങളും ഉൾപ്പെടെ, മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. അതില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:

  • പശ്ചിമേഷ്യയിലേയും ഗൾഫ് മേഖലയിലേയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, ക്ഷേമം, സംരക്ഷണം എന്നിവയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നല്കുന്നു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമായി തുടരുന്നു. സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനം തുടരുന്നു.
  • യൂറോപ്യൻ യൂണിയൻ (ഇയു) ഉന്നത പ്രതിനിധിയും വൈസ് പ്രസിഡൻ്റുമായ മിസ്. കാജ കല്ലാസിൻ്റെ  ക്ഷണപ്രകാരം ഇയു  വിദേശകാര്യ കൗൺസിലിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ബെൽജിയം സന്ദർശിച്ചു.
  • യോഗത്തിൽ ഇന്ത്യ-ഇയു വിദേശകാര്യ ബന്ധങ്ങളെക്കുറിച്ചും ആഗോള വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്തു. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സാഹചര്യം, ഊർജ്ജ സുരക്ഷയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ ചർച്ചാവിഷയമായി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിൻ്റെ  പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു.
  • കൗൺസിലിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഇയു ഉന്നത പ്രതിനിധിയും വൈസ് പ്രസിഡൻ്റുമായും ബെൽജിയം, സൈപ്രസ്, ജർമ്മനി, നെതർലൻഡ്‌സ്, സ്ലൊവാക്യ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും സമീപകാല അന്താരാഷ്ട്ര സംഭവവികാസങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയും ചെയ്തു.
  • ഇറാനിൽ നിന്ന് 700-ലധികം ഇന്ത്യൻ പൗരന്മാർ അർമേനിയയിലേക്കും (ഏകദേശം 600 പേർ) അസർബൈജാനിലേക്കും കടന്നിട്ടുണ്ട്. ഇന്നലെ മാത്രം 50 പേർ കൂടി അർമേനിയയിൽ എത്തി.
  • അർമേനിയയിലേക്ക് കടന്ന 284 ഇന്ത്യൻ തീർത്ഥാടകരിൽ 130 പേർ ഇന്ന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്. എന്നാൽ കൺട്രോൾ റൂമിലേക്കുള്ള കോളുകളുടേയും ഇമെയിലുകളുടേയും എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 22 കോളുകളും 6 ഇമെയിലുകളുമാണ് ലഭിച്ചത്.
  • മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24x7 ഹെൽപ്‌ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായി ബന്ധം പുലർത്തുകയും കൃത്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ, വിദ്യാർത്ഥികൾ, നാവികർ, ഹ്രസ്വകാല സന്ദർശകർ എന്നിവർക്ക് വിസ സഹായം, ലോജിസ്റ്റിക് സഹായം, യാത്രാ സൗകര്യം എന്നിവ ഉറപ്പാക്കാൻ മിഷനുകൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരുന്നു.
  • ഫെബ്രുവരി 28 മുതൽ ഏകദേശം 2,44,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
  • യു.എ.ഇ-യിൽ നേരത്തെ താൽക്കാലികമായി അടച്ചുപൂട്ടിയ വ്യോമപാത ഇന്ന് വീണ്ടും തുറന്നു. പരിമിതമായ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. 2026 മാർച്ച് 16-ന് 55 വിമാനങ്ങളും ഇന്ന് വിവിധ യു.എ.ഇ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് 70 വിമാനങ്ങളും പ്രതീക്ഷിക്കുന്നു. യാത്രക്കാർ പുതുക്കിയ സമയക്രമം വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധിക്കാനും സഹായത്തിനായി ഇന്ത്യൻ മിഷനുകളുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു.
  • സൗദി അറേബ്യയിൽ നിന്നും ഒമാനിൽ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ തുടരുന്നു.
  • ഖത്തർ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. മാർച്ച് 16-ന് മൂന്ന് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തി, ഇന്ന് മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • കുവൈറ്റ് വ്യോമപാത 2026 ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരിക്കുകയാണ്. ജസീറ എയർവേയ്‌സിൻ്റെ പ്രത്യേക ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ സൗദി അറേബ്യയിലെ അൽ ഖൈസുമ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിൽ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാൽ ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴിയുള്ള ഗതാഗത സൗകര്യം തുടർന്നും നല്കുന്നുണ്ട്.
  • 2026 മാർച്ച് 13-ലെ സോഹാർ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ഇന്ത്യൻ പൗരന്മാരുടെ ഭൗതികദേഹങ്ങൾ ജയ്പൂരിലുള്ള അവരുടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യാ ഗവണ്മെൻ്റ്  ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
  • പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി നിരീക്ഷിക്കാൻ എംബസി ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ട കമ്പനിയുമായും ബന്ധപ്പെട്ടുവരുന്നു. ആരുടെയും നില ഗുരുതരമല്ല.
  • ബസ്രയിലെ മിഷൻ സംഘം സുരക്ഷിതമായി ഒഴിപ്പിച്ച 15 ഇന്ത്യൻ ജീവനക്കാരെ സഹായിക്കുന്നത് തുടരുന്നു. നിലവിൽ അവർ ഒരു ഹോട്ടലിലാണ് താമസം. അവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
  • മരണപ്പെട്ട ഇന്ത്യൻ പൗരൻ്റെ ഭൗതികദേഹം നാട്ടിലെത്തിക്കാൻ ഇറാഖി അധികൃതരുമായും മിഷൻ ഏകോപനം നടത്തുന്നുണ്ട്.
  • സമീപകാല സംഭവങ്ങളിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഒമാനിൽ നിന്നുള്ള രണ്ട് ഇന്ത്യൻ പൗരന്മാരുടെ ഭൗതികദേഹങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് അയച്ചു.
  • കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനും ശേഷിക്കുന്ന ഭൗതികദേഹങ്ങൾ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനും ഒമാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾ അധികൃതരുമായി ബന്ധപ്പെട്ടുവരുന്നു.


അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പ്രധാന മേഖലകളും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജൻസികളും തമ്മിലുള്ള ഏകോപനം തുടരുമെന്നും ഗവണ്മെൻ്റ്  ആവർത്തിച്ചു.

 

*****


( റിലീസ് ഐ.ഡി: 2241503) സന്ദര്‍ശക കൗണ്ടര്‍ : 14