പ്രധാനമന്ത്രിയുടെ ഓഫീസ്
വികസിത ഭാരതത്തിനായി “സാങ്കേതികവിദ്യ, പരിഷ്‌കാരങ്ങൾ, ധനകാര്യം” എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
പോസ്റ്റഡ് ഓണ്‍:
27 FEB 2026 1:01PM by PIB Thiruvananthpuram
ഈ വർഷത്തെ ആദ്യ ബജറ്റ് വെബിനാറിലേക്ക് നിങ്ങളെ ഏവരേയും ഞാൻ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബജറ്റ് വെബിനാർ എന്നത് ശക്തമായ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു. പലപ്പോഴും ബജറ്റിന്റെ വിലയിരുത്തൽ വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് നടക്കാറുള്ളത്; ചിലപ്പോൾ ഓഹരി വിപണിയിലെ ചലനങ്ങളെക്കുറിച്ചോ അല്ലെങ്കിൽ ആദായനികുതി നിർദ്ദേശങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകളിൽ അത് ഒതുങ്ങിനിൽക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു ദേശീയ ബജറ്റ് എന്നത് ഹ്രസ്വകാല വ്യാപാരത്തിനുള്ള ഒരു രേഖയല്ല; അതൊരു നയപരമായ മാർഗരേഖയാണ് (Policy roadmap). അതു കൊണ്ടു തന്നെ, ബജറ്റിന്റെ ഫലപ്രാപ്തി വിലയിരുത്തേണ്ടത് വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന, വായ്പാ ലഭ്യത എളുപ്പമാക്കുന്ന, ബിസിനസ്സ് സുഗമമാക്കുന്ന (Ease of Doing Business), ഭരണത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്ന, പൊതുജനങ്ങളുടെ ജീവിതം ലളിതമാക്കുന്ന, അവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന നയങ്ങൾ എന്നിവയാണവ. ബജറ്റിലെ ഇത്തരം തീരുമാനങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ശാശ്വതമായ കരുത്ത് നൽകുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു ബജറ്റിനെയും ഒറ്റപ്പെട്ട ഒന്നായി കാണരുത് എന്നതാണ്.
രാഷ്ട്രനിർമ്മാണം എന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്. ഓരോ ബജറ്റും ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. നമ്മുടെ മുന്നിലുള്ള ആ വലിയ ലക്ഷ്യം 2047-ൽ ഒരു 'വികസിത ഭാരതം' പടുത്തുയർത്തുക എന്നതാണ്. ഓരോ പരിഷ്‌കാരവും ഓരോ വിഹിതവും ഓരോ മാറ്റവും ഈ സുദീർഘമായ യാത്രയുടെ ഭാഗമായി മാത്രമേ കാണാവൂ. അതുകൊണ്ട് തന്നെ ഓരോ വർഷവും ബജറ്റിന് ശേഷം നടത്തുന്ന ഈ വെബിനാറുകൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ വെബിനാറുകൾ വെറും ആശയ വിനിമയത്തിൽ ഒതുങ്ങാതെ, ഫലപ്രദമായ ഒരു ചിന്താശിൽപ്പശാലയായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളും പ്രായോഗിക വെല്ലുവിളികളും അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും തീർച്ചയായും സഹായിക്കും. വ്യവസായ ലോകവും, അക്കാദമിക് വിദഗ്ധരും, വിശകലന വിദഗ്ധരും, നയരൂപകർത്താക്കളും ഒത്തുചേർന്ന് ചിന്തിക്കുമ്പോൾ പദ്ധതികളുടെ നടപ്പാക്കൽ മികച്ചതാവുകയും ഫലങ്ങൾ കൂടുതൽ കൃത്യമാവുകയും ചെയ്യും. ഈ വികാരമാണ് വെബിനാർ പരമ്പരയ്ക്ക് പിന്നിലുള്ളത്.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നാലിലൊന്ന് ഭാഗം പിന്നിട്ടിരിക്കുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ് കടന്നുപോയത്. ഇപ്പോൾ നമ്മൾ രാജ്യത്തിന്റെ വികസന യാത്രയിലെ നിർണായകമായ ഒരു ഘട്ടത്തിലാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറുന്ന സമയമാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യ അസാധാരണമായ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് യാദൃശ്ചികമായി ഉണ്ടായതല്ല; ദൃഢനിശ്ചയത്തോടെയുള്ള പരിഷ്‌കാരങ്ങളുടെ (Conviction-Driven Reforms) ഫലമാണ് നമ്മുടെ ഈ പ്രതിരോധശേഷി.നമ്മൾ പ്രക്രിയകൾ ലളിതമാക്കി, ബിസിനസ്സ് സുഗമമാക്കി, സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഭരണം വിപുലീകരിച്ചു, സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി. ഇന്നും രാജ്യം 'പരിഷ്‌കാര എക്‌സ്പ്രസ്സിൽ' കുതിക്കുകയാണ്. ഈ വേഗത നിലനിർത്തുന്നതിന് നയപരമായ ഉദ്ദേശ്യങ്ങളിൽ മാത്രമല്ല, അത് നടപ്പിലാക്കുന്നതിലെ മികവിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. പരിഷ്‌കാരങ്ങൾ വിലയിരുത്തപ്പെടേണ്ടത് അവയുടെ പ്രഖ്യാപനങ്ങൾ കൊണ്ടല്ല, മറിച്ച് താഴെത്തട്ടിലുള്ള അവയുടെ സ്വാധീനം കൊണ്ടാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബ്ലോക്ക്ചെയിൻ, ഡാറ്റാ അനലിറ്റിക്സ് എന്നിവ വ്യാപകമായി ഉപയോഗിച്ചുകൊണ്ട് സുതാര്യതയും വേഗതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കണം. അതോടൊപ്പം പരാതി പരിഹാര സംവിധാനങ്ങളിലൂടെ പദ്ധതികളുടെ ആഘാതം തുടർച്ചയായി നിരീക്ഷിക്കുകയും വേണം.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒരു ദശാബ്ദമായി നമ്മുടെ ശ്രദ്ധ പ്രധാനമായും അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു. ഹൈവേകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, ഡിജിറ്റൽ ശൃംഖലകൾ, ഊർജ്ജ സംവിധാനങ്ങൾ എന്നിങ്ങനെയുള്ള കരുത്തുറ്റ ആസ്തികൾ നിർമ്മിച്ചാൽ മാത്രമേ ഇന്ത്യയുടെ വികസനം സാധ്യമാകൂ എന്ന് നമ്മൾ ചിന്തിച്ചുറപ്പിച്ച തീരുമാനമെടുത്തു. വരും ദശകങ്ങളിലും ഇവ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. ഇക്കാരണത്താൽ, പൊതു മൂലധനച്ചെലവ് (Public Capital Expenditure) നമ്മൾ തുടർച്ചയായി വർദ്ധിപ്പിക്കുകയാണ്. 11 വർഷം മുമ്പ് ബജറ്റിൽ ഇതിനായി ഏകദേശം 2 ലക്ഷം കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നതെങ്കിൽ, നിലവിലെ ബജറ്റിൽ അത് ഏകദേശം 12 ലക്ഷം കോടി രൂപയിലധികമായി വർദ്ധിച്ചു. ഇത്രയും വലിയ തോതിലുള്ള സർക്കാർ നിക്ഷേപം സ്വകാര്യ മേഖലയ്ക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ്.
സുഹൃത്തുക്കളേ,
വ്യവസായ ലോകവും ധനകാര്യ സ്ഥാപനങ്ങളും പുതിയ ഊർജ്ജത്തോടെ മുന്നോട്ട് വരേണ്ട സമയമാണിത്. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ പങ്കാളിത്തവും, ധനസഹായ മാതൃകകളിൽ കൂടുതൽ നവീനതയും, വളർന്നുവരുന്ന മേഖലകളിൽ കൂടുതൽ ശക്തമായ സഹകരണവും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ദിശയിൽ എനിക്ക് ഒരു നിർദ്ദേശം കൂടിയുണ്ട്: പ്രോജക്ട് സാങ്ഷൻ രീതികളും (Project Sanction Methodology) അവയുടെ ഗുണനിലവാര പരിശോധനയും നമ്മൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ചെലവ്-ഗുണഫല വിശകലനത്തിനും (Cost-Benefit Analysis) ലൈഫ് സൈക്കിൾ കോസ്റ്റിംഗിനും മുൻഗണന നൽകിക്കൊണ്ട്, വിഭവങ്ങളുടെ പാഴാക്കലും കാലതാമസവും നമ്മൾ ഒഴിവാക്കണം.
സുഹൃത്തുക്കളേ,
വിദേശ നിക്ഷേപ ചട്ടക്കൂട് (Foreign Investment Framework) നമ്മൾ കൂടുതൽ ലളിതമാക്കുകയാണ്. ഈ സംവിധാനം കൂടുതൽ പ്രവചനയോഗ്യവും (Predictable) നിക്ഷേപ സൗഹൃദവുമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ദീർഘകാല ധനകാര്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബോണ്ട് മാർക്കറ്റുകളെ കൂടുതൽ സജീവമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ബോണ്ടുകൾ വാങ്ങുന്നതും വിൽക്കുന്നതും എളുപ്പമാക്കിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ബോണ്ട് മാർക്കറ്റ് പരിഷ്‌കാരങ്ങളെ ദീർഘകാല വളർച്ചയുടെ പ്രേരകശക്തികളായി നമ്മൾ കാണണം. സുസ്ഥിരമായ വിദേശ മൂലധനം ആകർഷിക്കുന്നതിനായി വിപണിയിലെ പണലഭ്യത (Liquidity) ഉറപ്പാക്കുകയും, പുതിയ സാമ്പത്തിക ഉപകരണങ്ങൾ (Instruments) കൊണ്ടുവരികയും, റിസ്‌ക്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുകയും വേണം. ആഗോളതലത്തിലെ മികച്ച മാതൃകകളിൽ നിന്ന് പാഠമുൾക്കൊണ്ട് വിദേശ നിക്ഷേപ ചട്ടക്കൂടും ബോണ്ട് മാർക്കറ്റും ശക്തിപ്പെടുത്തുന്നതിന് വ്യക്തമായ നിർദ്ദേശങ്ങൾ നിങ്ങൾ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളേ,
ആർക്കും ഒരു നയ ചട്ടക്കൂട് തയ്യാറാക്കാം, എന്നാൽ അതിന്റെ വിജയം നിങ്ങളെല്ലാവരെയും ആശ്രയിച്ചിരിക്കുന്നു. വ്യവസായ ലോകം പുതിയ നിക്ഷേപങ്ങളും നവീന ആശയങ്ങളുമായി മുന്നോട്ട് വരണം. പ്രായോഗികമായ പരിഹാരങ്ങൾ തയ്യാറാക്കാനും വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ധനകാര്യ സ്ഥാപനങ്ങളും വിശകലന വിദഗ്ധരും സഹായിക്കണം. ഗവൺമെന്റും വ്യവസായ മേഖലയും നോളജ് പാർട്ണർമാരും ഒന്നിച്ച് നീങ്ങുമ്പോൾ പരിഷ്‌കാരങ്ങൾ ഫലങ്ങളായി മാറും. അപ്പോൾ മാത്രമാണ് പ്രഖ്യാപനങ്ങൾ യഥാർത്ഥ നേട്ടങ്ങളായി മാറുന്നത്. നമ്മൾ ഒരു 'പരിഷ്‌കരണ പങ്കാളിത്ത ചാർട്ടർ' (Reform Partnership Charter) വികസിപ്പിക്കണമെന്നാണ് എന്റെ നിർദ്ദേശം. ഇത് ഗവൺമെന്റ്, വ്യവസായം, ധനകാര്യ സ്ഥാപനങ്ങൾ, അക്കാദമിക് എന്നിവയുടെ പങ്കിട്ട ദൃഢനിശ്ചയമായിരിക്കണം. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ ഈ ചാർട്ടർ വളരെ പ്രധാനപ്പെട്ട ഒരു രേഖയായി മാറും.
സുഹൃത്തുക്കളേ,
എല്ലാ ഗുണഭോക്തൃ പങ്കാളികളോടും, ധനകാര്യ സ്ഥാപനങ്ങളോടും, പ്രൊഫഷണലുകളോടും എനിക്ക് പറയാനുള്ളത് - ഈ ബജറ്റ് നൽകുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ബജറ്റ് തുറന്ന പുതിയ അവസരങ്ങളുമായി ആഴത്തിൽ ബന്ധപ്പെടുക. നിങ്ങളുടെ പങ്കാളിത്തത്തിലൂടെ പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ മികച്ചതാകും. നിങ്ങളുടെ ഫീഡ്‌ബാക്കിൽ നിന്നും സഹകരണത്തിൽ നിന്നും മികച്ച ഫലങ്ങൾ ലഭിക്കും. വരൂ, നമുക്കെല്ലാവർക്കും ഒന്നിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരാം, വളരാം, വികസിത ഭാരതം എന്ന സ്വപ്നം എത്രയും വേഗം യാഥാർത്ഥ്യമാകുന്ന ഒരു ഭാവി കെട്ടിപ്പടുക്കാം.
ഇന്ന് നിങ്ങൾ ആഴത്തിലുള്ള ചർച്ചകൾ നടത്തുമെന്നും പ്രക്രിയകൾ ലളിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങളുടെ ശ്രദ്ധ പ്രക്രിയകൾ ലളിതമാക്കുന്നതിലായിരിക്കും, ഈ തെറ്റ് നമ്മൾ ചെയ്യരുത് - ബജറ്റിന് മുമ്പുതന്നെ ഞങ്ങൾ നിങ്ങളുമായി കൂടിയാലോചന നടത്താറുണ്ട്, അതിന്റെ ഉദ്ദേശ്യം വ്യത്യസ്തമാണ്, ബജറ്റ് കൂടുതൽ മികച്ചതാക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. എന്നാൽ ഇപ്പോൾ ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്; ഇപ്പോൾ ഇത് ബജറ്റിന്റെ ചർച്ചയ്ക്കുള്ള ഒരു പരിപാടിയല്ല; ഇപ്പോൾ, ബജറ്റിലുള്ളത് കഴിയുന്നത്ര വേഗത്തിൽ, ഏറ്റവും ലളിതമായ വഴിയിലൂടെ, എല്ലാവരുടെയും പ്രയോജനത്തിനായി, എല്ലാ പങ്കാളികളുടെയും പങ്കാളിത്തത്തിനായി എങ്ങനെ നിലത്ത് കൊണ്ടുവരാം - ഈ കാര്യം മനസ്സിൽ വെച്ചുകൊണ്ട് നിങ്ങൾ ചർച്ച ചെയ്യുകയും ചിന്തിക്കുകയും ചെയ്താൽ, ഈ വെബിനാറുകൾ യഥാർത്ഥത്തിൽ ഒരു ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വാതിൽ തുറക്കും.
വളരെ നന്ദി!
നമസ്‌കാരം!
-NK-
( റിലീസ് ഐ.ഡി: 2235290)
സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക:
Urdu
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada
,
Assamese
,
हिन्दी
,
Manipuri
,
Telugu
,
English
,
Marathi