പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-കാനഡ നേതാക്കളുടെ സംയുക്ത പ്രസ്താവന

പോസ്റ്റഡ് ഓണ്‍: 02 MAR 2026 5:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. മാത്രമല്ല 2018-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. മുതിർന്ന മന്ത്രിമാർ, പ്രവിശ്യാ നേതാക്കൾ, പ്രമുഖ സി.ഇ.ഒമാർ എന്നിവരടങ്ങിയ കനേഡിയൻ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 79-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ, പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം, നിയമവാഴ്ചയോടുള്ള സംയുക്ത പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ കാനഡ-ഇന്ത്യ ബന്ധത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു.

വർദ്ധിച്ചുവരുന്ന സങ്കീർണ്ണവും അനിശ്ചിതവുമായ ആഗോള സാഹചര്യത്തിൽ, ഊർജ്ജസ്വലമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ശക്തവും സുസ്ഥിരവും ദീർഘവീക്ഷണമുള്ളതുമായ പങ്കാളിത്തം പരസ്പര അഭിവൃദ്ധിക്കും ആഗോള മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും അർത്ഥവത്തായ സംഭാവന നൽകുന്നുവെന്ന കാര്യം നേതാക്കൾ അംഗീകരിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള അടുത്ത സഹകരണം അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള സാങ്കേതിക പരിവർത്തനം, പൊതുജനാരോഗ്യം എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനും സഹായിക്കുമെന്ന് അവർ അടിവരയിട്ടു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഇൻഡോ-പസഫിക് മേഖലയിലും അതിനപ്പുറത്തും സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവയ്ക്ക് സംഭാവന നൽകുന്നതിനും ഉഭയകക്ഷിതലത്തിലും ബഹുരാഷ്ട്ര വേദികളിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പങ്കിട്ട തീരുമാനം നേതാക്കൾ സ്ഥിരീകരിച്ചു.

ഈ പങ്കിട്ട കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സുസ്ഥിരത, ഉൾച്ചേർക്കൽ, ആഗോള കൂട്ടുത്തരവാദിത്തം എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിനായി, പുതുക്കിയ ഇന്ത്യ-കാനഡ തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമഗ്രമായ മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി "വസുധൈവ കുടുംബകം" അഥവാ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന തത്വം സ്വീകരിക്കാൻ നേതാക്കൾ സമ്മതമറിയിച്ചു. ഇന്ത്യയുടെ 'വികസിത ഭാരതം' എന്ന കാഴ്ചപ്പാടും കാനഡയുടെ 'ബിൽഡ് കാനഡ സ്ട്രോങ്' അജണ്ടയും തമ്മിലുള്ള യോജിപ്പും അവർ എടുത്തുപറഞ്ഞു. പുരോഗതി, നൂതനാശയം, ഊർജ്ജ പരിവർത്തനം, ഭക്ഷ്യ-പോഷകാഹാര സുരക്ഷ, വിശ്വസനീയമായ ഡിജിറ്റൽ ആവാസവ്യവസ്ഥകൾ, സുസ്ഥിര വിതരണ ശൃംഖലകൾ, തൊഴിൽ നൈപുണ്യവും കഴിവുകളുടെ കൈമാറ്റവും, ജനകേന്ദ്രീകൃത വികസനം, തുടങ്ങിയ മേഖലകളിലെ മെച്ചപ്പെട്ട ഉഭയകക്ഷി സഹകരണം ഇരുരാജ്യങ്ങൾക്കും വിശാലമായ ലോകത്തിനും കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള പ്രേരകശക്തിയായി വർത്തിക്കുമെന്ന് നേതാക്കൾ ഉറപ്പിച്ചുപറഞ്ഞു.

പുതിയ മാർഗരേഖയുടെ പുരോഗതിയും നടപ്പിലാക്കലും

കനനാസ്കിസിലെ ജി7 ഉച്ചകോടിയുടെയും ജോഹന്നാസ്ബെർഗിലെ ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷം, കാനഡ-ഇന്ത്യ ബന്ധത്തിനായുള്ള പുതിയ മാർഗരേഖ നടപ്പിലാക്കുന്നതിൽ കൈവരിച്ച സുപ്രധാന പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇത് കാനഡ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വ്യക്തമായ ദിശാബോധം നൽകി. മുൻഗണനാ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന് പുതിയ ഊർജ്ജം പകർന്ന ദ്വിമുഖ മന്ത്രിതല സന്ദർശനങ്ങളുടെ എണ്ണം വർദ്ധിച്ചതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. വിവിധ സ്ഥാപനപരമായ ചർച്ചാ സംവിധാനങ്ങൾ സജീവമായതും പ്രാദേശികതലത്തിലുള്ള ഇടപഴകലുകൾ വർദ്ധിച്ചതും അവർ സ്വാഗതം ചെയ്തു; പരസ്പര ധാരണയും നയപരമായ ഏകോപനവും ആഴത്തിലാക്കുന്നതിൽ ഇവയ്ക്കുള്ള പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. നയതന്ത്ര പ്രതിനിധികൾ അതത് മിഷനുകളിലേക്ക് തിരിച്ചെത്തിയതിനെ അവർ അംഗീകരിച്ചു. പരസ്പര ബഹുമാനം, വിട്ടുവീഴ്ച, സഹകരണം എന്നിവയുടെ മനോഭാവത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനായി സ്വീകരിച്ച ക്രിയാത്മക നടപടികളെ അവർ അഭിനന്ദിച്ചു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ചർച്ചകൾ ആരംഭിച്ചതിലും അടുത്തകാലത്തുണ്ടായ സുപ്രധാന ബിസിനസ്സ് പ്രഖ്യാപനങ്ങളിലും നിക്ഷേപ വാഗ്ദാനങ്ങളിലും പ്രതിഫലിക്കുന്ന, ഉഭയകക്ഷി ബന്ധത്തിന് അടിവരയിടുന്ന ശക്തമായ വാണിജ്യ അടിത്തറയെ നേതാക്കൾ എടുത്തുപറഞ്ഞു. ഈ സംഭവവികാസങ്ങൾ ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപ്തിയും വൈവിധ്യവും അത്യാധുനികതയും പ്രകടിപ്പിക്കുകയും ഇരു വിപണികളിലും ബിസിനസ്സുകൾക്കും നിക്ഷേപകർക്കും ഇടയിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. മുൻഗണനാ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനും വാണിജ്യപരമായ മുന്നേറ്റത്തെ ദീർഘകാലവും പരസ്പര പ്രയോജനകരവുമായ സാമ്പത്തിക വളർച്ചയായി മാറ്റുന്നതിനും, അനുകൂലമായ നയപരമായ അന്തരീക്ഷത്തിന്റെ പിന്തുണയോടെ വ്യവസായവും ഗവണ്മെന്റും തമ്മിലുള്ള സുസ്ഥിരമായ ഇടപെടൽ അത്യാവശ്യമാണെന്ന് നേതാക്കൾ നിരീക്ഷിച്ചു.

ഈ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച്, ഇനിപ്പറയുന്ന മുൻഗണനാ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചു:

ഒരു ഭൂമി

തന്ത്രപരമായ ഊർജ്ജ പങ്കാളിത്തം

ഊർജ്ജ മേഖലയിലെ തങ്ങളുടെ പരസ്പര പൂരകങ്ങളായ കരുത്ത് തിരിച്ചറിഞ്ഞുകൊണ്ട്, ഊർജ്ജ മൂല്യശൃംഖലയിലുടനീളം ദീർഘകാല സഹകരണം ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ-കാനഡ തന്ത്രപരമായ ഊർജ്ജ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ നേതാക്കൾ സമ്മതമറിയിച്ചു. ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും സാമ്പത്തിക ചൈതന്യത്തിനും ഊർജ്ജ സുരക്ഷയുടെയും വിതരണ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിന്റെയും വലിയ പ്രാധാന്യം അവർ ആവർത്തിച്ചുറപ്പിച്ചു. താങ്ങാനാവുന്ന വില, സുസ്ഥിരത, സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ശുദ്ധമായ ഊർജ്ജം, പരമ്പരാഗത ഊർജ്ജം, സിവിൽ ആണവോർജ്ജം, നിർണ്ണായക ധാതുക്കൾ എന്നിവയിലുടനീളം സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത നേതാക്കൾ അടിവരയിട്ടു.

ഉന്നത തലത്തിലുള്ള നയപരമായ ചർച്ചകൾ നിലനിർത്തുന്നതിനും ഊർജ്ജ സുരക്ഷ, വിതരണ വൈവിധ്യവൽക്കരണം, ദീർഘകാല വിപണി സംയോജനം എന്നിവയിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന സ്ഥാപനപരമായ വേദി എന്ന നിലയിൽ 'ഇന്ത്യ ഊർജ്ജ വാരം 2026'-ൽ കാനഡ-ഇന്ത്യ മന്ത്രിതല ഊർജ്ജ ചർച്ച പുനരാരംഭിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ ചർച്ചയ്ക്ക് കീഴിലുള്ള  സംയുക്ത കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകിയതിനെയും അവർ സ്വാഗതം ചെയ്തു.

പുനരുപയോഗ ഊർജ്ജം, ഹൈഡ്രജൻ, ഹൈഡ്രജൻ ഉൽപ്പന്നങ്ങൾ, ജൈവ ഇന്ധനങ്ങൾ, സുസ്ഥിര വ്യോമയാന ഇന്ധനം, ബാറ്ററി സംഭരണം, വൈദ്യുതി സംവിധാനങ്ങളുടെ നവീകരണം എന്നിവയുൾപ്പെടെയുള്ള ശുദ്ധമായ ഊർജ്ജം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മൂല്യശൃംഖലകൾ എന്നിവയിലുടനീളം സഹകരണം വിപുലീകരിക്കാനുള്ള സാധ്യതയും നേതാക്കൾ എടുത്തുപറഞ്ഞു. പങ്കിട്ട കാലാവസ്ഥാ ലക്ഷ്യങ്ങളും ഊർജ്ജ പരിവർത്തന ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ മേഖലകളുടെ പ്രധാന പങ്ക് അവർ അംഗീകരിച്ചു.

കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS) എന്നിവയ്ക്കുള്ള പരിഹാരങ്ങൾ സഹകരണത്തിന്റെ ഒരു പ്രധാന മേഖലയാണെന്നും ഊർജ്ജത്തിന്റെയും നിർണ്ണായക ധാതുക്കളുടെയും സുസ്ഥിര ഉൽപ്പാദനത്തിന് ഇത് വലിയ അവസരം നൽകുന്നുവെന്നും നേതാക്കൾ അടിവരയിട്ടു.

തന്ത്രപരമായ ഊർജ്ജ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും വ്യക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രയോജനങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഉഭയകക്ഷി-ബഹുരാഷ്ട്ര സംവിധാനങ്ങളിലൂടെയുള്ള വിദഗ്ദ്ധ സഹകരണവും ഗവൺമെന്റുകൾ തമ്മിലും ബിസിനസ്സുകൾ തമ്മിലുമുള്ള സുസ്ഥിരമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യം നേതാക്കൾ ആവർത്തിച്ചു.

ഊർജ്ജ വ്യാപാരം

ദ്രവീകൃത പ്രകൃതിവാതകം (LNG), ദ്രവീകൃത പെട്രോളിയം വാതകം (LPG), ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ, പൊട്ടാഷ്, യുറേനിയം വിതരണം എന്നിവയുൾപ്പെടെ വിപുലീകരിച്ച ഉഭയകക്ഷി ഊർജ്ജ വ്യാപാരത്തിനുതകുന്ന സ്ഥാപനപരമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ, ഇന്ത്യയുടെ സിവിൽ ആണവോർജ്ജ ഉൽപ്പാദനം, ശുദ്ധമായ ഊർജ്ജ പരിവർത്തന ലക്ഷ്യങ്ങൾ, ദീർഘകാല ഊർജ്ജ സുരക്ഷ എന്നിവയ്ക്ക് സംഭാവന നൽകുന്ന തരത്തിൽ യുറേനിയത്തിന്റെ ദീർഘകാല വിതരണത്തിനായി കാമെക്കോയും ആണവോർജ്ജ വകുപ്പും തമ്മിൽ 2.6 ബില്യൺ കനേഡിയൻ ഡോളറിന്റെ വാണിജ്യ കരാറിൽ ഏർപ്പെട്ടതിനെ അവർ സ്വാഗതം ചെയ്തു.

എൽഎൻജിയുടെ ഒരു പ്രധാന ആഗോള വിതരണക്കാരാകാൻ കാനഡ ഒരുങ്ങുകയാണെന്ന് നേതാക്കൾ നിരീക്ഷിക്കുകയും കാനഡയിൽ നിന്ന് എൽഎൻജി സമാഹരിക്കാനുള്ള ഇന്ത്യയുടെ താൽപ്പര്യത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാനഡ ഹെവി ഓയിലിന്റെ പ്രധാന വിതരണക്കാരായി ഉയർന്നുവന്നതിനെ അവർ സ്വാഗതം ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും നാലാമത്തെ വലിയ എൽഎൻജി ഇറക്കുമതിക്കാരുമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലവിലെ സ്ഥാനത്തിനപ്പുറം, അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ വർധിച്ചുവരുന്ന ആഗോള ഊർജ്ജ ആവശ്യകതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നതിനാൽ, ഉഭയകക്ഷി ഊർജ്ജ വ്യാപാരം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വലിയ സാധ്യതകൾ ഇരുപക്ഷവും അംഗീകരിച്ചു. കാനഡയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ, എൽഎൻജി ഇറക്കുമതി വർദ്ധിപ്പിക്കുന്നതും ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണവും ഇതിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ, 2030-ഓടെ പ്രതിവർഷം 50 ദശലക്ഷം ടണ്ണും 2040-ഓടെ 100 ദശലക്ഷം ടണ്ണും എൽഎൻജി ഉൽപ്പാദിപ്പിക്കുക എന്ന കാനഡയുടെ പ്രഖ്യാപിത ലക്ഷ്യത്തിലൂടെ ഇൻഡോ-പസഫിക് വിപണിയിലേക്ക് ഹെവി ഓയിൽ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളും എൽഎൻജി വിതരണവും വിപുലീകരിക്കാനുള്ള പദ്ധതികൾ കാനഡ ആവർത്തിച്ചുറപ്പിച്ചു.

ദ്രവീകൃത പെട്രോളിയം വാതക (LPG) മേഖലയിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനായി ഇന്ത്യൻ പൊതുമേഖലാ എണ്ണ-പ്രകൃതി വാതക കമ്പനികളും കനേഡിയൻ ഊർജ്ജ കമ്പനികളും തമ്മിലുള്ള ചർച്ചകളെ നേതാക്കൾ സ്വാഗതം ചെയ്തു. കാനഡയുമായുള്ള ഇന്ത്യയുടെ ആദ്യത്തെ ദീർഘകാല എൽപിജി വിതരണ ക്രമീകരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിലവിലെ ഇടപെടലുകൾ അവർ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള പങ്കാളിത്തങ്ങൾ ഊർജ്ജ വ്യാപാരത്തെ കൂടുതൽ വൈവിധ്യവൽക്കരിക്കുമെന്നും വിതരണ സുരക്ഷ ശക്തിപ്പെടുത്തുമെന്നും ഹൈഡ്രോകാർബൺ മൂല്യശൃംഖലയിലുടനീളം സഹകരണത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വാണിജ്യപരമായി ലാഭകരമായ ഊർജ്ജ പങ്കാളിത്തങ്ങളെ പിന്തുണയ്ക്കുന്നതിനായി വായ്പകൾ, ധനസഹായം, ഇക്വിറ്റി നിക്ഷേപങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള വലിയ സ്വകാര്യ നിക്ഷേപ പ്രവാഹങ്ങൾക്കും ദീർഘകാല കരാറുകൾക്കും ഇരുപക്ഷവും പിന്തുണ അറിയിച്ചു. ഇന്ത്യ-കാനഡ എനർജി സംഭാഷണത്തിലൂടെ, ദീർഘകാല കരാറുകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഷിപ്പിംഗ് ചെലവുകൾ, കനേഡിയൻ ഹെവി ഓയിൽ വിതരണത്തിന്റെ ലഭ്യത വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെ ഇത്തരം വ്യാപാരം പ്രൊപോഷിപ്പിക്കുന്നതിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ഇരുപക്ഷവും ഒരു സംയുക്ത കർമ്മ പദ്ധതി തയ്യാറാക്കും.

നിർണ്ണായക ധാതു സഹകരണം 

ഊർജ്ജ, പ്രകൃതിവിഭവ മേഖലകളിലുടനീളം ദീർഘകാലവും പരസ്പര പൂരകവുമായ നിക്ഷേപ പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ അടിവരയിട്ടു. ഇരു വിപണികളിലും നിലവിലുള്ള പദ്ധതികളുടെ വ്യാപ്തിയും ഉയർന്നുവരുന്ന അവസരങ്ങളും അവർ തിരിച്ചറിഞ്ഞു. സുസ്ഥിരവും സുരക്ഷിതവും വൈവിധ്യപൂർണ്ണവുമായ നിർണ്ണായക ധാതു വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, നിർണ്ണായക ധാതു സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ  സ്വാഗതം ചെയ്തു. ഈ സാഹചര്യത്തിൽ, ജി7 ക്രിട്ടിക്കൽ മിനറൽസ് ആക്ഷൻ പ്ലാനിന് ഇന്ത്യ നൽകിയ പിന്തുണയെ അവർ സ്വാഗതം ചെയ്തു. ഇത് നിർണ്ണായക ധാതുക്കളുടെ വൈവിധ്യമാർന്നതും ഉത്തരവാദിത്തമുള്ളതുമായ ഉൽപ്പാദനത്തെയും വിതരണത്തെയും പിന്തുണയ്ക്കുകയും ശുദ്ധമായ ഊർജ്ജം, അത്യാധുനിക ഉത്പാദനം, സാങ്കേതികവിദ്യ എന്നിവയ്ക്ക് അത്യാവശ്യമായ മൂല്യശൃംഖലകളിൽ നിക്ഷേപവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2026 മാർച്ചിൽ നടക്കുന്ന പ്രോസ്പെക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് കാനഡ (PDAC) യോഗത്തിലെ ഇന്ത്യൻ സാന്നിധ്യത്തെക്കുറിച്ചും, കനേഡിയൻ-ഇന്ത്യൻ കമ്പനികൾക്ക് മികച്ച വാണിജ്യ ഫലങ്ങൾ ഉറപ്പാക്കുന്നതിനായി 2026 മധ്യവേനൽക്കാലത്ത് കാനഡയിലേക്ക് മന്ത്രിതല ഊർജ്ജ-വ്യവസായ പ്രതിനിധി സംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

ശുദ്ധോർജ്ജ സാങ്കേതികവിദ്യകളെയും ഭാവി ലക്ഷ്യമിട്ടുള്ള വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതിനായി നിക്ഷേപ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചു. ഇന്ത്യയുടെ ധാതു ശേഖരണ സംരംഭം സുരക്ഷിതമാക്കാൻ സഹായിക്കുന്നതിനും കനേഡിയൻ-ഇന്ത്യൻ കമ്പനികൾക്ക് മികച്ച വാണിജ്യ നേട്ടങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സഹകരണം പര്യവേക്ഷണം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായി. അതോടൊപ്പം ബഹിർഗമനം കുറയ്ക്കുന്നതിലും പരിവർത്തന സാങ്കേതികവിദ്യകളിലും വൈദഗ്ദ്ധ്യം പങ്കിടാനും നിർണ്ണായക ധാതുക്കളിലും ഊർജ്ജ പരിവർത്തന പാതകളിലും സഹകരണം ആഴത്തിലാക്കാനും അവർ സമ്മതമറിയിച്ചു.

ശുദ്ധോർജ്ജ സഹകരണം 

സൗരോർജ്ജം, കാറ്റ്, ജൈവോർജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ, ഊർജ്ജ സംഭരണം, ശേഷി വികസനം എന്നിവയിലുടനീളം ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സമഗ്രമായ സ്ഥാപന ചട്ടക്കൂട് സ്ഥാപിക്കുന്ന ശുദ്ധോർജ്ജ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതും വിവര കൈമാറ്റത്തിലൂടെയും സംയുക്ത നിക്ഷേപ അവസരങ്ങളിലൂടെയും ഊർജ്ജ പരിവർത്തനത്തെ വേഗത്തിലാക്കുന്നതുമായ പരസ്പര പ്രയോജനകരമായ ശുദ്ധോർജ്ജ പങ്കാളിത്തം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. ഒരു സമർപ്പിത സംയുക്ത കർമ്മ സമ്മിതിയിലൂടെ പുനരുപയോഗ ഊർജ്ജ മൂല്യശൃംഖലയിലുടനീളം പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും തീരുമാനാമായി. ഈ സഹകരണം സുസ്ഥിര സാമ്പത്തിക വളർച്ചയെയും ഇൻഡോ-പസഫിക് മേഖലയിലെ സ്ഥിരതയെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ശുദ്ധോർജ്ജ ഭാവി കെട്ടിപ്പടുക്കുക എന്ന പങ്കിട്ട ലക്ഷ്യത്തെയും പിന്തുണയ്ക്കും.

2050-ഓടെ വൈദ്യുതി വിതരണം ഇരട്ടിയാക്കാനും പുനരുപയോഗ ഊർജ്ജത്തിന്റെയും ഊർജ്ജ സംഭരണത്തിന്റെയും വിന്യാസം ഗണ്യമായി വർദ്ധിപ്പിക്കാനും കാനഡ ലക്ഷ്യംവയ്ക്കുന്നു. അതോടൊപ്പം, വൻകിട സൗരോർജ്ജ പദ്ധതികളിലും ഗ്രിഡ് തലത്തിലുള്ള ഊർജ്ജ സംഭരണ സാങ്കേതികവിദ്യകളിലും പുരപ്പുറ സൗരോർജ്ജം പോലുള്ള വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളിലും ഇന്ത്യ തങ്ങളുടെ നേതൃത്വവും ശേഷിയും തെളിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, ഈ സാങ്കേതികവിദ്യകളുടെ വ്യാപാരം കാനഡയിലേക്ക് വ്യാപിപ്പിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമായി വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഗവണ്മെന്റ് നയരൂപകർത്താക്കൾ എന്നിവരെ ഒന്നിപ്പിച്ചുകൊണ്ട് 2026-ൽ 'ഇന്ത്യ-കാനഡ റിന്യൂവബിൾ എനർജി ആൻഡ് സ്റ്റോറേജ് സമ്മിറ്റ്' സംഘടിപ്പിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധരായി.

കാലാവസ്ഥയും പരിസ്ഥിതിയും 

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച നിലവിലെ ധാരണാപത്രത്തിന് കീഴിലുള്ള സഹകരണം ആഴത്തിലാക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ശാസ്ത്രാധിഷ്ഠിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ കാലാവസ്ഥാ പ്രവർത്തനങ്ങളോടുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, മലിനീകരണം, പരിസ്ഥിതി തകർച്ച എന്നിവ പരിഹരിച്ചുകൊണ്ട് സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉഭയകക്ഷി ശ്രമങ്ങൾ  അവർ എടുത്തുപറഞ്ഞു. കാലാവസ്ഥാ ആഘാത ലഘൂകരണം, പൊരുത്തപ്പെടൽ, ജൈവവൈവിധ്യ സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കൽ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താനും ദുർബലമായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകാനും അവർ സമ്മതിച്ചു.

ആഗോള ശുദ്ധോർജ്ജ വേദികൾ

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൽ  അംഗമാകാനുള്ള കാനഡയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ശുദ്ധോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾക്കും കാനഡ നൽകുന്ന ശക്തമായ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു. സൗരോർജ്ജ വിന്യാസം, നവീകരണം, ശേഷി വികസനം എന്നിവയിലുള്ള അന്താരാഷ്ട്ര സഹകരണം കാനഡയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ നിരീക്ഷിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലൂടെയുള്ള മെച്ചപ്പെട്ട സഹകരണം ഉഭയകക്ഷി ശുദ്ധ ഊർജ്ജ സംരംഭങ്ങൾക്ക് പൂരകമാകുമെന്നും ആഗോള ഊർജ്ജ പരിവർത്തനം വേഗത്തിലാക്കുന്നതിനും സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അർത്ഥവത്തായ സംഭാവന നൽകുമെന്നും അവർ സമ്മതിച്ചു.

ആഗോള ജൈവ ഇന്ധന സഖ്യത്തിൽ പൂർണ്ണ അംഗമായി ചേരുന്നതിനുള്ള അടിസ്ഥാന രേഖകളിൽ കാനഡ ഒപ്പുവെച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ നടപടി ആഗോളതലത്തിൽ സുസ്ഥിര ജൈവ ഇന്ധനങ്ങൾ സ്വീകരിക്കുന്നത് വർദ്ധിപ്പിക്കുകയും ജൈവ ഇന്ധന വിതരണ ശൃംഖലകൾ, മാനദണ്ഡങ്ങൾ, വിന്യാസം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും.

സുസ്ഥിര കൃഷിയും പോഷകാഹാര സുരക്ഷയും

കൃഷിയിലും കാർഷിക-ഭക്ഷ്യ സമ്പ്രദായങ്ങളിലും ഇന്ത്യയും കാനഡയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പൂരകത്വം തിരിച്ചറിഞ്ഞുകൊണ്ട്, ഭക്ഷ്യസുരക്ഷ, കാർഷിക ഉൽപ്പാദനക്ഷമത, സുസ്ഥിര വിതരണ ശൃംഖല എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. കാർഷിക സാങ്കേതികവിദ്യ, ഗവേഷണം, മൂല്യവർദ്ധിത ഭക്ഷ്യ ഉൽപ്പാദനം എന്നീ മേഖലകളിൽ സഹകരണത്തിനുള്ള വിപുലമായ അവസരങ്ങൾ നേതാക്കൾ എടുത്തുപറഞ്ഞു.  സുസ്ഥിര കൃഷിരീതികൾ, പോഷകാഹാര സുരക്ഷ, പരസ്പര പ്രയോജനകരമായ വ്യാപാരം, നിക്ഷേപം എന്നിവയെ ആഴത്തിലുള്ള കാർഷിക പങ്കാളിത്തം മുന്നോട്ട് നയിക്കുമെന്ന് അവർ സമ്മതിച്ചു.

നിഫ്റ്റം കുണ്ട്ലിയിൽ (NIFTEM Kundli) കാനഡ-ഇന്ത്യ പൾസ് പ്രോട്ടീൻ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തെ നേതാക്കൾ സ്വാഗതം ചെയ്തു. പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തിലും നവീകരണത്തിലും ആഗോള മേധാവികളായ സസ്കാച്ചുവൻ പ്രവിശ്യയുടെയും, ലോകത്തിലെ ഏറ്റവും വലിയ പയർവർഗ്ഗ ഉൽപ്പാദകരും ഉപഭോക്താവുമായ ഇന്ത്യയുടെയും പൂരകശക്തികളെ അവർ നിരീക്ഷിച്ചു. ഈ സംരംഭം കാർഷിക-ഭക്ഷ്യ ഗവേഷണ സഹകരണം ശക്തിപ്പെടുത്തുമെന്നും, പയർവർഗ്ഗ പ്രോട്ടീൻ സംസ്‌കരണവും പോഷകസമൃദ്ധമായ ഭക്ഷണ വികസനവും മുന്നോട്ട് കൊണ്ടുപോകുമെന്നും, താങ്ങാനാവുന്നതും ഉയർന്ന ഗുണമേന്മയുള്ളതുമായ പോഷകാഹാര ലഭ്യത മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുമെന്നും നേതാക്കൾ സമ്മതിച്ചു.

ഒരു കുടുംബം 

ശേഷികളിൽ നിക്ഷേപിക്കൽ

ഇന്ത്യയുടെയും കാനഡയുടെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിദ്യാഭ്യാസവും പ്രതിഭകളുടെ കൈമാറ്റവും വഹിക്കുന്ന പ്രധാന പങ്ക് നേതാക്കൾ അടിവരയിട്ടു. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പ്രൊഫഷണലുകളുടെയും കൈമാറ്റം ഇരുരാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമാണെന്നും അത് നൂതനാശയ ആവാസവ്യവസ്ഥയെയും സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുന്നുവെന്നും അവർ നിരീക്ഷിച്ചു.

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാവിയിലേക്ക് സജ്ജമായ തൊഴിൽ സേനയെ വാർത്തെടുക്കുന്നതിനും  അന്താരാഷ്ട്ര അക്കാദമിക് സഹകരണം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. ഇതിനായി വ്യവസായങ്ങളുമായി പൊരുത്തപ്പെടുന്ന തൊഴിൽ നൈപുണ്യ പരിശീലനം നൽകുക, സംയുക്ത ഇരട്ട-ബിരുദ പ്രോഗ്രാമുകൾ വിപുലീകരിക്കുക, പ്രമുഖ കനേഡിയൻ സ്ഥാപനങ്ങളുടെ ഓഫ്‌ഷോർ കാമ്പസുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുക, വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഗവേഷണ പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയിൽ ധാരണയായി.

ഏകദേശം 300 ഇന്ത്യൻ ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം കനേഡിയൻ സർവ്വകലാശാലകളിൽ ഗവേഷണ അവസരങ്ങൾ നൽകുന്ന ഗ്ലോബലിങ്ക് റിസർച്ച് ഇന്റേൺഷിപ്പ് പ്രോഗ്രാം വിപുലീകരിക്കുന്നതിനായി ഇന്ത്യയുടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (AICTE) കാനഡയുടെ MITACS-ഉം തമ്മിലുള്ള ധാരണാപത്രത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ സുപ്രധാന സംരംഭം സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും, വിവിധ പഠനശാഖകളിലുടനീളം അക്കാദമിക് സഹകരണം ആഴത്തിലാക്കുമെന്നും, പ്രായോഗിക ഗവേഷണത്തിലൂടെയും പ്രൊഫഷണൽ പരിശീലനത്തിലൂടെയും ഭാവിയിലേക്ക് സജ്ജമായ തൊഴിൽ നൈപുണ്യം കെട്ടിപ്പടുക്കുമെന്നും അവർ നിരീക്ഷിച്ചു.

പങ്കിട്ട മുൻഗണനാ മേഖലകളിൽ കാനഡയുടെ ഗവേഷണ-നവീകരണ ശേഷി ഉൾച്ചേർക്കുന്നതിനും, വ്യവസ്ഥാപിതമായ കൈമാറ്റം, സംയുക്ത പരിശീലന പാതകൾ, ഗവേഷണ സഹകരണം എന്നിവയിലൂടെ ഇരുഭാഗത്തേക്കുമുള്ള പ്രതിഭകളുടെ പ്രവാഹം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വികസ്വര സംരംഭമായ പുതിയ 'ജോയിന്റ് ടാലന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി'യെ നേതാക്കൾ സ്വാഗതം ചെയ്തു.

നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിനും ശേഷി വികസിപ്പിക്കുന്നതിനും ഇൻഡോ-പസഫിക് മേഖലയിലെ പങ്കിട്ട മുൻഗണനകളെ പിന്തുണയ്ക്കുന്നതിനുമായി ആഴത്തിലുള്ള സ്ഥാപനപരമായ പങ്കാളിത്തം, ഗവേഷകരുടെ കൈമാറ്റം, അറിവ് പങ്കുവെക്കൽ എന്നിവ വളർത്തേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. ഈ പശ്ചാത്തലത്തിൽ, കനേഡിയൻ-ഇന്ത്യൻ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക്-ഗവേഷണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അർത്ഥവത്തായ ചുവടുവെപ്പായി കാനഡയുടെ 'ഇൻഡോ-പസഫിക് സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ് ഫോർ കനേഡിയൻസ്' (IPSFC) പ്രോഗ്രാമിനെ അവർ സ്വാഗതം ചെയ്തു. ഈ പ്രോഗ്രാമിന് കീഴിൽ 11 കനേഡിയൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 85-ലധികം കനേഡിയൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഗവേഷകരും ശുദ്ധ ഹൈഡ്രജൻ, കാലാവസ്ഥാ പ്രതിരോധം, നിർമ്മിതബുദ്ധി, വ്യാപാര-വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, സുസ്ഥിര വികസനം തുടങ്ങിയ മുൻഗണനാ മേഖലകളിൽ പ്രമുഖ ഇന്ത്യൻ അക്കാദമിക് വിദഗ്ധരുമായി സഹകരിക്കുന്നതിനായി ഇന്ത്യ സന്ദർശിക്കുമെന്ന് അവർ നിരീക്ഷിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇരുപത്തിനാല് ധാരണാപത്രങ്ങൾ പൂർത്തിയാക്കിയതിനെയും നേതാക്കൾ സ്വാഗതം ചെയ്തു.

ജനങ്ങൾ തമ്മിലുള്ള ബന്ധവും സാംസ്കാരിക സഹകരണവും

ഇന്ത്യയും കാനഡയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധവും തിരിച്ചറിഞ്ഞുകൊണ്ട്, സാംസ്കാരിക സഹകരണം ഉഭയകക്ഷി ബന്ധത്തിന്റെ ഒരു പ്രധാന സ്തംഭമാണെന്ന് നേതാക്കൾ അടിവരയിട്ടു. സാംസ്കാരിക വിനിമയങ്ങൾ പരസ്പര ധാരണ ശക്തിപ്പെടുത്തുകയും വൈവിധ്യങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുവെന്ന് അവർ നിരീക്ഷിച്ചു.

സാംസ്കാരിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. കല, പൈതൃകം, ദൃശ്യ- ശ്രവ്യ മാധ്യമം, സംഗീതം, സർഗ്ഗാത്മക വ്യവസായങ്ങൾ എന്നിവയിലെ വിപുലമായ സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചുറപ്പിച്ചു.

സാംസ്കാരിക മേഖലയ്ക്കും സുസ്ഥിരമായ സാംസ്കാരിക സംവാദങ്ങൾക്കും വെർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി, നിർമ്മിതബുദ്ധി തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകളെയും നേതാക്കൾ അടിവരയിട്ടു.

ഇരുരാജ്യങ്ങളിലെയും തദ്ദേശീയ-ഗോത്ര വിഭാഗങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ആവർത്തിച്ചു. സംരംഭകത്വം, സാംസ്കാരിക സംരക്ഷണം, സുസ്ഥിര ഉപജീവനമാർഗ്ഗം എന്നിവയിൽ ആഗോള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായി ഭാരത് ട്രൈബൽ ഫെസ്റ്റിവൽ (BTF) 2026-നെ അവർ സ്വാഗതം ചെയ്തു. സാംസ്കാരിക വിനിമയം, നൈപുണ്യ വികസനം, പരമ്പരാഗത അറിവ്, കമ്മ്യൂണിറ്റി അധിഷ്ഠിത ഉൽപ്പന്നങ്ങൾക്കായുള്ള വിപണി ലഭ്യത തുടങ്ങിയ മേഖലകളിൽ സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച ശക്തിപ്പെടുത്തുന്നതിനും വിവിധ സംസ്കാരങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ജനങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നയരൂപകർത്താക്കൾ, വിദഗ്ദ്ധർ, ബിസിനസ്സ് നേതാക്കൾ, സിവിൽ സൊസൈറ്റി എന്നിവരെ ഒന്നിപ്പിച്ചുകൊണ്ട് അടുത്തിടെ നടന്ന കാനഡ-ഇന്ത്യ ട്രാക്ക് II സ്ട്രാറ്റജിക് ഡയലോഗിനെ നേതാക്കൾ സ്വാഗതം ചെയ്തു. സാമ്പത്തിക സുസ്ഥിരത, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഊർജ്ജ സുരക്ഷ, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങിയ വിഷയങ്ങളിലെ നയതന്ത്രപരമായ പുനരാരംഭത്തെ  ക്രിയാത്മക സഹകരണമാക്കി മാറ്റുന്നതിനുള്ള വഴികൾ ഇത് പര്യവേക്ഷണം ചെയ്തു. ഔദ്യോഗിക ഗവൺമെന്റ് തലത്തിലുള്ള സംവിധാനങ്ങൾക്ക് പൂരകമായി, സ്ഥാപനവൽക്കരിക്കപ്പെട്ട ഇടപെടലുകൾക്കും വിപുലീകരിച്ച മേഖലകളിലെ സഹകരണത്തിനും പങ്കിട്ട നയപരമായ സംവാദങ്ങൾക്കുമുള്ള പ്രാധാന്യത്തെ ഈ ഉന്നതതല വിനിമയം അടിവരയിട്ടുവെന്ന് അവർ നിരീക്ഷിച്ചു. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ട്രാക്ക് II പ്ലാറ്റ്‌ഫോമുകളിലും ഉടനീളമുള്ള സുസ്ഥിരമായ സംവാദം പരസ്പര ധാരണ വർദ്ധിപ്പിക്കാനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ഇരു സമൂഹങ്ങൾക്കും വ്യക്തമായ പ്രയോജനങ്ങൾ നൽകുന്ന പ്രായോഗികവും ദീർഘവീക്ഷണമുള്ളതുമായ സംരംഭങ്ങൾക്ക് രൂപം നൽകാനും സഹായിക്കുമെന്ന് നേതാക്കൾ സമ്മതിച്ചു.

സിവിൽ വ്യോമയാന മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ശക്തമായ ചരിത്രത്തെയും സാമ്പത്തിക വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും അത് നൽകിയ സുപ്രധാന സംഭാവനകളെയും നേതാക്കൾ അംഗീകരിച്ചു. ഇരുരാജ്യങ്ങളിലും സുരക്ഷിതവും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ വ്യോമയാന ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി, സിവിൽ വ്യോമയാന സഹകരണത്തെക്കുറിച്ചുള്ള സംയുക്ത ധാരണാപത്രം പുതുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിലൂടെ ഈ സഹകരണം ആഴത്തിലാക്കാനുള്ള തങ്ങളുടെ ആഗ്രഹം അവർ പ്രകടിപ്പിച്ചു.

ഒരു ഭാവി 

ശാസ്ത്ര സാങ്കേതിക രൂപകൽപന

സാമ്പത്തിക വളർച്ച, മത്സരക്ഷമത, സാമൂഹിക പ്രതിരോധം എന്നിവയുടെ പ്രധാന ചാലകശക്തികൾ സാങ്കേതികവിദ്യയും നൂതനാശയങ്ങളുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിൽ ഇന്ത്യ-കാനഡ സഹകരണം ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. ലക്ഷ്യങ്ങളെ ഏകോപിതവും ഫലാധിഷ്ഠിതവുമായ സഹകരണമാക്കി മാറ്റാൻ കഴിയുന്ന സ്ഥാപനപരമായ സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ഒത്തുചേരൽ എടുത്തുകാട്ടുന്നു. ജോയിന്റ് സയൻസ് ആൻഡ് ടെക്നോളജി കോപ്പറേഷൻ കമ്മിറ്റി (JSTCC) പുനരാരംഭിക്കുന്നത് നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും, സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിനും, ക്ലീൻ-ടെക്, ഊർജ്ജ നവീകരണം എന്നിവ വേഗത്തിലാക്കുന്നതിനും, ഗവേഷണ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള പുതിയ വേദിയൊരുക്കും.

ബഹിരാകാശ സഹകരണം 

അതത് ഏജൻസികളും സ്വകാര്യ മേഖലകളും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിലെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിയന്തിര പ്രാധാന്യത്തെയും പരസ്പര പ്രയോജനത്തെയും കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. 1996-ൽ ബഹിരാകാശ സഹകരണത്തിനായുള്ള ധാരണാപത്രം ആദ്യമായി ഒപ്പിട്ട കനേഡിയൻ സ്പേസ് ഏജൻസിയും (CSA) ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) തമ്മിലുള്ള 30 വർഷത്തെ വിശ്വസ്തതയുടെ അടിസ്ഥാനത്തിൽ, ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികളും ബിസിനസ്സ്-ഗവേഷണ മേഖലകളും ഉയർന്നുവരുന്ന അവസരങ്ങളെ സംയുക്തമായി പിന്തുടരാൻ പ്രാപ്തരാണ്.

അന്തരീക്ഷ ശാസ്ത്രം, സ്പേസ് റോബോട്ടിക്സ്, മനുഷ്യ ബഹിരാകാശ യാത്ര എന്നിവ ഉൾപ്പെടുന്ന ബഹിരാകാശ പര്യവേഷണം, ക്വാണ്ടം കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ മേഖലകളിൽ സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനും സാങ്കേതിക സഹകരണം സുഗമമാക്കുന്നതിനുമുള്ള ധാരണാപത്രത്തിന് കീഴിലുള്ള അഭിലഷണീയമായ 'ഇംപ്ലിമെന്റേഷൻ അറേഞ്ച്മെന്റ്' ഈ പങ്കാളിത്തത്തെ നയിക്കും. പരസ്പര പൂരകങ്ങളായ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനും നൂതനാശയങ്ങൾക്ക് ഊർജ്ജം പകരുന്നതിനും പങ്കിട്ട വികസന ലക്ഷ്യങ്ങളിൽ സംഭാവന നൽകുന്നതിനുമായി ഗവണ്മെന്റ് സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം അവർ സ്ഥിരീകരിച്ചു. 

ഡിജിറ്റൽ, നിർമ്മിതബുദ്ധി സഹകരണം

ബഹിരാകാശ സഹകരണത്തിന്റെ ചുവടുപിടിച്ച്, ബഹിരാകാശ-വ്യോമയാന സാങ്കേതികവിദ്യകളിൽ നിർമ്മിതബുദ്ധി സമന്വയിപ്പിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇന്ത്യയും കാനഡയും ഉദ്ദേശിക്കുന്നു. ബഹിരാകാശ ആവശ്യങ്ങൾക്കും ഭൗമ നിരീക്ഷണത്തിനുമായി ഇത്തരം നിർമ്മിതബുദ്ധി ഉപാധികൾ സംയുക്തമായി വികസിപ്പിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും നവീകരണത്തിൽ മുന്നേറുകയും തങ്ങളുടെ സാങ്കേതിക പരമാധികാരം ശക്തിപ്പെടുത്തുകയും ചെയ്യും.

ഇരുരാജ്യങ്ങളിലെയും വിദൂര പ്രദേശങ്ങളിൽ ആധുനികവും വിശ്വസനീയവുമായ ആരോഗ്യ പരിരക്ഷ എത്തിക്കുന്നതിനായി ടെലിമെഡിസിൻ രോഗനിർണ്ണയ ശേഷി ശക്തിപ്പെടുത്താൻ നിർമ്മിതബുദ്ധി  അധിഷ്ഠിത ഉപാധികളുടെ പിന്തുണ പര്യവേക്ഷണം ചെയ്യാൻ നേതാക്കൾ സമ്മതിച്ചു.

വ്യവസായ-അക്കാദമിക് പങ്കാളിത്തത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ട്, അതിർത്തികൾ കടന്നുള്ള തൊഴിൽ അധിഷ്ഠിത പഠന അവസരങ്ങൾ ഒരുക്കുന്ന പരിപാടി ആവിഷ്കരിക്കാൻ ഇരുപക്ഷവും ഉദ്ദേശിക്കുന്നു. ഇത് ഇന്ത്യൻ എഞ്ചിനീയർമാർക്കും ഗവേഷകർക്കും കാനഡയിലെ ലോകോത്തര നിർമ്മിതബുദ്ധി ഗവേഷണ സ്ഥാപനങ്ങളിൽ പ്രായോഗിക പരിചയം നേടാനും, കനേഡിയൻ എഞ്ചിനീയർമാർക്ക് ഇന്ത്യയുടെ വലിയ തോതിലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ മേഖലയിലെ വൈദഗ്ദ്ധ്യം മനസ്സിലാക്കാനും അവസരം നൽകും.

വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയുടെയും പുനരുപയോഗ ഊർജ്ജത്തിന്റെ വർദ്ധിച്ചുവരുന്ന പങ്കിന്റെയും പശ്ചാത്തലത്തിൽ, ഊർജ്ജ മുന്നേറ്റം മുൻകൂട്ടി പ്രവചിക്കുന്നതിനും വ്യത്യസ്ത കാലാവസ്ഥകളിൽ ബാറ്ററി സ്റ്റോറേജ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായി നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ വികസിപ്പിക്കുന്നതിലൂടെ സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചു.

ഓസ്‌ട്രേലിയ–കാനഡ–ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തത്തിന് കീഴിലുള്ള പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന നിർമ്മിതബുദ്ധി ഉച്ചകോടിയുടെ അനുബന്ധമായി മൂന്ന് രാജ്യങ്ങളിലെയും നിർമ്മിതബുദ്ധി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. നിർമ്മിതബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രായോഗികമായ ത്രികക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംയുക്ത കർമ്മപദ്ധതി വികസിപ്പിക്കാൻ അവർ സമ്മതിച്ചു. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സെമികണ്ടക്ടർ-ഇലക്ട്രോണിക്സ് നിർമ്മാണം, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT), സൈബർ സുരക്ഷ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ എന്നിവയിലുടനീളം ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ അവർ അടിവരയിട്ടു. നിർമ്മിതബുദ്ധി പരമാധികാരം, ഉൾച്ചേർക്കൽ, പ്രവേശനക്ഷമത, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി നയപരവും നിയന്ത്രണപരവുമായ കൈമാറ്റങ്ങൾ ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതമറിയിച്ചു. നിർമ്മിതബുദ്ധി സ്വീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട ബിസിനസ്സ്-ടു-ബിസിനസ് പങ്കാളിത്തവും പ്രോത്സാഹിപ്പിക്കാനും; നൈപുണ്യ വികസനം, പരിശീലനം, അറിവ് പങ്കുവെക്കൽ എന്നിവയിലൂടെ സംയുക്ത ശേഷി വർദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിശ്വസനീയമായ നൂതനാശയ ആവാസവ്യവസ്ഥകൾ വളർത്തുന്നതിനും വ്യക്തമായ ഫലങ്ങൾ നൽകുന്നതിനുമാണ് ഇത് വിഭാവനം ചെയ്യുന്നത്. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലുമുള്ള സഹകരണത്തിനായി ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ത്രികക്ഷി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിലൂടെ ഈ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ക്രോഡീകരിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

ഈ പങ്കിട്ട കാഴ്ചപ്പാടിനെ വ്യക്തമായ ഫലങ്ങളിലേക്ക് മാറ്റുന്നതിനായി, പുതുക്കിയ ഇന്ത്യ-കാനഡ തന്ത്രപരമായ പങ്കാളിത്തത്തെ രണ്ട് അടിസ്ഥാന തലങ്ങളിലായി ക്രമീകരിക്കാൻ നേതാക്കൾ സമ്മതിച്ചു.

അടിസ്ഥാന തലം- 1: സുരക്ഷാ, പ്രതിരോധ സഹകരണം

സുരക്ഷാ സഹകരണം 

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിൽ വിളിച്ചുകൂട്ടിയ പതിവ് ഉഭയകക്ഷി സുരക്ഷാ സംവാദത്തിന് കീഴിലുണ്ടായ പുരോഗതിയെയും, ദേശീയ സുരക്ഷയ്ക്കും നിയമപാലനത്തിനും മുൻഗണന നൽകുന്ന വിഷയങ്ങളിൽ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുന്നതിനുള്ള സംയുക്ത കർമ്മപദ്ധതിയെയും നേതാക്കൾ സ്വാഗതം ചെയ്തു. ബഹുസ്വര ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, അക്രമാസക്തമായ തീവ്രവാദം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ഫെന്റനൈൽ മുൻഗാമികളുടെ അനധികൃത പ്രവാഹം, സൈബർ കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ, സാമ്പത്തിക തട്ടിപ്പ്, മനുഷ്യക്കടത്ത്, അനുബന്ധ ക്രിമിനൽ ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരണം ആഴത്തിലാക്കാൻ അവർ സമ്മതിച്ചു. ഉഭയകക്ഷി ആശയവിനിമയം സുഗമമാക്കുന്നതിനും വിവരങ്ങൾ യഥാസമയം കൈമാറുന്നതിനുമായി സുരക്ഷാ-നിയമപാലന ലെയ്സൺ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനെ നേതാക്കൾ പിന്തുണച്ചു. ആഭ്യന്തര നിയമങ്ങൾക്കും അന്താരാഷ്ട്ര ബാധ്യതകൾക്കും അനുസൃതമായി സൈബർ സുരക്ഷയിലും കുടിയേറ്റ നിയമ നിർവ്വഹണത്തിലും സഹകരണം ശക്തിപ്പെടുത്തുമെന്ന് അവർ പ്രതിജ്ഞയെടുത്തു. ഭീകരവിരുദ്ധ സംയുക്ത കർമ്മസമിതിയുടെ അടുത്ത യോഗം എത്രയും വേഗം വിളിച്ചുചേർക്കാനും അവർ തീരുമാനിച്ചു.

പ്രതിരോധ സഹകരണം 

പ്രായോഗിക സൈനിക സഹകരണം വിപുലീകരിക്കുന്നതിന്റെ വില നേതാക്കൾ അംഗീകരിക്കുകയും സഹകരണ പ്രവർത്തനങ്ങൾ, സംയുക്ത പരിശീലനങ്ങൾ, പ്രൊഫഷണൽ സൈനിക വിനിമയങ്ങൾ എന്നിവയിലൂടെ പ്രതിരോധ ബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. പ്രതിരോധ സാമഗ്രികളുടെ സഹകരണം, വിതരണ ശൃംഖലയുടെ സുസ്ഥിരത, പരിശീലനങ്ങളും സൈനിക അഭ്യാസങ്ങളും തുടങ്ങിയ മേഖലകളിൽ പുതിയ സമുദ്ര സുരക്ഷാ പങ്കാളിത്തത്തെ നേതാക്കൾ സ്വാഗതം ചെയ്തു.

പ്രതിരോധ സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങൾ തിരിച്ചറിയുന്നതിനായി, അതത് പ്രതിരോധ നയങ്ങൾ, പ്രാദേശിക-ആഗോള സുരക്ഷാ സംഭവവികാസങ്ങൾ, തന്ത്രപരമായ കാഴ്ചപ്പാടുകൾ എന്നിവ കൈമാറുന്ന 'ഇന്ത്യ–കാനഡ ഡിഫൻസ് ഡയലോഗ്' ആവിഷ്കരിക്കാൻ  ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഈ പശ്ചാത്തലത്തിൽ, കാനഡ ഇന്ത്യയിലേക്ക് ഒരു ഡിഫൻസ് അറ്റാഷെയെ നിയമിച്ചതിനെയും, വാഷിംഗ്ടൺ ഡി.സി.യിലെ ഇന്ത്യയുടെ ഡിഫൻസ് അറ്റാഷെയ്ക്ക് കാനഡയുടെ അധിക ചുമതല നൽകിയതിനെയും സ്ഥാപനപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പുകളായി അവർ സ്വാഗതം ചെയ്തു.

ബഹുമുഖ, ഇൻഡോ-പസഫിക് ഇടപെടലുകൾ

മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള വിവിധ വേദികളിൽ സഹകരണം ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. ഈ ഇടപെടലുകൾ കൂടുതൽ സങ്കീർണ്ണമായ തന്ത്രപരമായ അന്തരീക്ഷത്തിൽ ഏകോപനം ശക്തിപ്പെടുത്തുകയും മുൻഗണനകളെക്കുറിച്ചുള്ള പങ്കിട്ട ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഇൻഡോ-പസഫിക് മേഖല തന്ത്രപരമായും സാമ്പത്തികമായും വളരെയേറെ പ്രാധാന്യമുള്ള ഒന്നാണെന്ന് സമ്മതിച്ച നേതാക്കൾ, സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ ഇൻഡോ-പസഫിക് മേഖലയോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു. സുസ്ഥിര വികസനം, സമുദ്ര സുരക്ഷ, കാലാവസ്ഥാ പ്രതിരോധം, കണക്റ്റിവിറ്റി, ശേഷി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലെ പ്രായോഗിക സഹകരണത്തിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുന്ന നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ ഉൾച്ചേർക്കൽ, ദുരന്ത നിവാരണം, ജനകേന്ദ്രീകൃത വളർച്ച എന്നിവയെ പിന്തുണയ്ക്കാൻ തങ്ങളുടെ പരസ്പര പൂരകങ്ങളായ കരുത്ത് പ്രയോജനപ്പെടുത്തുമെന്ന് നേതാക്കൾ ഉറപ്പുനൽകി.

സ്ഥിരത, സുസ്ഥിര വികസനം, കണക്റ്റിവിറ്റി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിലുള്ള താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ, ഇന്ത്യൻ മഹാസമുദ്ര മേഖലാ കാഴ്ചപ്പാടും കാനഡയുടെ ഇൻഡോ-പസഫിക് തന്ത്രവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന യോജിപ്പ്   നേതാക്കൾ നിരീക്ഷിച്ചു. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ (IORA) ഒരു ഡയലോഗ് പങ്കാളിയാകാനുള്ള കാനഡയുടെ താൽപ്പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ദുരന്ത നിവാരണം, അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ ഉൾച്ചേർക്കൽ, ജനകേന്ദ്രീകൃത വളർച്ച എന്നിവയെ പിന്തുണയ്ക്കുന്ന പ്രായോഗിക സംരംഭങ്ങളിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചു.

അടിസ്ഥാന തലം - 2: വ്യാപാര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകൽ

വ്യാപാര നിക്ഷേപ മന്ത്രിതല സംവാദം

പുതുക്കിയ മന്ത്രിതല വ്യാപാര-നിക്ഷേപ സംവാദം ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും പങ്കിട്ട ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ദീർഘവീക്ഷണമുള്ള സഹകരണ അജണ്ട രൂപീകരിക്കുന്നതിനുമുള്ള പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്ന് നേതാക്കൾ നിരീക്ഷിച്ചു.

CEPA-യും വ്യാപാര നിർമ്മിതിയും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ചർച്ചകൾ പുനരാരംഭിക്കുന്നതിലൂടെ ഉഭയകക്ഷി സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഈ സമഗ്ര വ്യാപാര ചട്ടക്കൂട്, പങ്കാളിത്തത്തിന്റെ സുസ്ഥിരമായ സാമ്പത്തിക അടിത്തറയായി വർത്തിക്കുമെന്നും, 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യൺ കനേഡിയൻ ഡോളറിലേക്ക് (4.65 ലക്ഷം കോടി രൂപ) എത്തിക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. CEPA ചർച്ചകൾക്കുള്ള മാർഗ്ഗരേഖകൾ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്യുകയും 2026 അവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധരാകുകയും ചെയ്തു.

വാണിജ്യ മുന്നേറ്റം 

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്, വിതരണ ശൃംഖലയുടെ സ്ഥിരത വർദ്ധിപ്പിക്കുന്നതും ബാഹ്യ  വെല്ലുവിളികളെ ലഘൂകരിക്കുന്നതുമായ വിശ്വസനീയവും പ്രവചിക്കാവുന്നതുമായ വ്യാപാര ബന്ധത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു. കാനഡയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിലും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനികളിലും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികൾ ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. വ്യാപാര ബന്ധത്തിന് കൂടുതൽ വാണിജ്യ മുന്നേറ്റം നൽകുന്നതിനായി, ബിസിനസ്സ് പ്രതിനിധികൾ ഉൾപ്പെടുന്ന നാല് മന്ത്രിതല സന്ദർശനങ്ങൾ (രണ്ടെണ്ണം കാനഡയിലേക്കും രണ്ടെണ്ണം ഇന്ത്യയിലേക്കും) നടത്താൻ അവർ തീരുമാനിച്ചു.

ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറം

സ്വകാര്യ മേഖലയിലെ ഇടപെടലുകൾ ആഴത്തിലാക്കുന്നതിനുള്ള പ്രധാന വേദിയായി ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറം പുനഃസംഘടിപ്പിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. വ്യാപാരം, നിക്ഷേപം, നൂതനാശയം, വിതരണ ശൃംഖലയുടെ സുസ്ഥിരത എന്നിവയിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിന് ഈ ഫോറം പ്രയോജനപ്പെടുത്താൻ അവർ ബിസിനസ്സ് നേതാക്കളെ പ്രോത്സാഹിപ്പിച്ചു.

ധനമന്ത്രിമാരുടെ സാമ്പത്തിക സംവാദം

പേയ്‌മെന്റ് ആധുനികവൽക്കരണം, സാമ്പത്തിക സ്ഥിരത, ഫിൻടെക് നവീകരണം, മൂലധന വിപണി വികസനം തുടങ്ങിയ വിഷയങ്ങളിൽ ധനകാര്യ ഉദ്യോഗസ്ഥരെ ഒന്നിപ്പിക്കുന്ന ധനമന്ത്രിമാരുടെ സാമ്പത്തിക-ധനകാര്യ സംവാദം ആരംഭിക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇതിൽ തത്സമയ പേയ്‌മെന്റുകളുടെ ഭാവിയിലെ സഹകരണവും അതിർത്തി കടന്നുള്ള പണമയയ്ക്കൽ പര്യവേക്ഷണം ചെയ്യുന്നതും ഉൾപ്പെടും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) പേയ്‌മെന്റ് കാനഡയും ഇതിൽ പങ്കാളികളാകും. ഈ സംവാദം 2026-ൽ  നടക്കും.

ഉപസംഹാരം 

ഇന്ത്യാ ഗവൺമെന്റും ജനങ്ങളും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി കാർണി തന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും ഈ സമഗ്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള കാനഡയുടെ ശക്തമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

തുടർച്ചയായ ഉന്നതതല ഇടപെടലുകളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. കൂടാതെ, ഈ സംയുക്ത പ്രസ്താവനയിൽ വിവരിച്ചിട്ടുള്ള സംരംഭങ്ങൾ ഇന്ത്യ-കാനഡ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും, പരസ്പര വിശ്വാസം ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങൾക്കും അവിടങ്ങളിലെ ജനങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള വ്യക്തമായ നേട്ടങ്ങൾ നൽകുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള തങ്ങളുടെ പൊതുവായ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, കരുത്തുറ്റ ഇന്ത്യ-കാനഡ പങ്കാളിത്തം പ്രാദേശിക സ്ഥിരതയ്ക്കും ആഗോള പ്രതിരോധശേഷിക്കും പങ്കിട്ട അഭിവൃദ്ധിക്കും നല്ല രീതിയിൽ സംഭാവന നൽകുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

***

SK


( റിലീസ് ഐ.ഡി: 2234861) സന്ദര്‍ശക കൗണ്ടര്‍ : 7