പോസ്റ്റഡ് ഓണ്‍:
17 FEB 2026 2:34PM by PIB Thiruvananthpuram
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ന്റെ ഭാഗമായി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ, വിദ്യാഭ്യാസ മന്ത്രാലയം "ഇന്ത്യയിലെ നിർമ്മിത ബുദ്ധി വികസന സാദ്ധ്യതകൾ വികസിപ്പിക്കൽ"എന്ന വിഷയത്തിൽ ഒരു പ്രത്യേക സെഷൻ സംഘടിപ്പിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ ജയന്ത് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി, മദ്രാസ് ഐഐടി സെക്രട്ടറി പ്രൊഫ. വി. കാമകോടി എന്നിവരുള്‍പ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ, അക്കാദമിക് നേതാക്കൾ, ഗവേഷകർ, വിദ്യാഭ്യാസ മേഖലയിലെ എഐ ഉപയോഗിക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

ഇന്ത്യയിൽ നിർമ്മിത ബുദ്ധിയുടെ വളർച്ച പ്രദർശിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദീർഘവീക്ഷണത്തോടെ രൂപകല്പന ചെയ്ത് ആവിഷ്കരിച്ച നിർണ്ണായക വേദിയാണിതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
രാജ്യം ശ്രദ്ധേയമായ വേഗതയിൽ നിർമ്മിത ബുദ്ധി സാധ്യതകൾ സ്വീകരിക്കുന്നതിനാൽ ലോകം ഇന്ത്യയെ കൂടുതൽ കൂടുതൽ ഉറ്റുനോക്കുകയാണെന്ന് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയെ ഉയർത്തിക്കാട്ടി ശ്രീ പ്രധാൻ പറഞ്ഞു. ആഗോള വിജ്ഞാന സൂപ്പർ പവറായി ഇന്ത്യയെ നയിക്കുന്നതിൽ AI ഒരു പരിവർത്തനാത്മക പങ്ക് വഹിക്കുമെന്നും 2047 ഓടെ വികസിത ഭാരതം എന്ന ദർശനത്തിന് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുവ നവീനാശയ കർത്താക്കളുടെ നിർണായക പങ്കിനെ ചൂണ്ടിക്കാട്ടവെ, ഇന്ത്യയിലെ യുവതലമുറ മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതിയോടെയാണ് മുന്നേറുന്നതെന്ന് ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

“വിദ്യാഭ്യാസത്തിലെ എഐയും എഐയിലെ വിദ്യാഭ്യാസവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദ്യാഭ്യാസം നൽകുന്നതിനും സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ക്രിയാത്മക സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും AI-യെ ഉപയോഗപ്പെടുത്താൻ അദ്ദേഹം വിദ്യാർത്ഥികളോടും യുവ പ്രൊഫഷണലുകളോടും ആഹ്വാനം ചെയ്തു.
ഇത്തരം ശ്രമങ്ങൾ വളർന്നുവരുന്ന ആഗോള എഐ രംഗത്ത് ഇന്ത്യയെ മുൻനിര ശക്തിയായി ഉയർത്താൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യാ ഇംപാക്ട് എ ഐ ഉച്ചകോടി 2026 ലെ ചർച്ചകൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ജയന്ത് ചൗധരി പറഞ്ഞു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിൽ, അക്കാദമിക് മേഖലയിലും വ്യവസായ മേഖലയിലും നിന്നുള്ള പ്രമുഖ വ്യക്തികൾ 'വികസിത ഭാരതം 2047 ' എന്ന കാഴ്ചപ്പാടുമായി യോജിപ്പിച്ച്, അടിസ്ഥാന പഠനം, വൈദഗ്ദ്ധ്യം, ഗവേഷണം, ആഗോള നേതൃത്വം എന്നിവയിലുടനീളം AI യുടെ ഘടനാപരമായ സംയോജനത്തെക്കുറിച്ച് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
കൂടാതെ, വിദ്യാഭ്യാസ മന്ത്രാലയത്തിൻറെയും സ്കിൽ ഇന്ത്യയുടെയും പവിലിയനുകൾ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു. നയപരമായ ദർശനം പ്രായോഗിക നിലപാടുകളാക്കി മാറ്റുന്ന, വിപുലീകരിക്കാവുന്നതും ‘ഇന്ത്യ ആദ്യം' എന്ന സമീപനത്തിലുള്ളതുമായ എഐ പരിഹാരങ്ങൾ അവിടെ പ്രദർശിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദമായി വിദ്യാഭ്യാസ മന്ത്രാലയം ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നയരൂപീകരണ ചട്ടക്കൂടുകൾ, സ്ഥാപന പരിഷ്‌കാരങ്ങൾ, ശേഷിവികസന പദ്ധതികൾ എന്നിവയിലൂടെ എ ഐ അധിഷ്ഠിത വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി സൃഷ്‌ടിച്ചുവരികയാണ്. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശേഷി വികസനം, പുരോഗമനാത്മക ഗവേഷണം, പരിസ്ഥിതി നവീകരണം എന്നിവയിലുടനീളം ഈ ഇടപെടലുകൾ വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ ഐഐടി മദ്രാസിൽ, എഐ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്ത് എഐ സംയോജിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ അക്കാദമിക മേഖലയുമായും വ്യവസായ രംഗവുമായും പൊതുസമൂഹ സംഘടനകളുമായും വിവിധ സർക്കാർ സ്ഥാപനങ്ങളുമായും മന്ത്രാലയം വ്യാപകമായ ആശയവിനിമയങ്ങളും ആലോചനകളും നടത്തി.
അടുത്തിടെ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് സ്ഥാപകരുമായി മന്ത്രി ചർച്ചകൾ നടത്തി. കൂടാതെ, ഉത്തരവാദിത്ത എഐ അധിഷ്ഠിത പരിവർത്തനത്തിന് ശക്തി നൽകുന്നതിനായി പ്രധാന പങ്കാളികളെ ഒരുമിപ്പിച്ച രണ്ടുദിവസത്തെ “ഭാരത് ബോധൻ എഐ കോൺക്ലേവ് 2026” യോഗത്തിനും അദ്ദേഹം അധ്യക്ഷത വഹിച്ചു.
നയപരമായ കാഴ്ചപ്പാടിൽ നിന്ന് വലിയ തോതിൽ നടപ്പിലാക്കുന്നതിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം, പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ, അധ്യാപക പരിശീലന പരിപാടികൾ, പാഠ്യപദ്ധതി സംയോജനം, വ്യവസായ, സ്റ്റാർട്ടപ്പുകളുമായുള്ള ആഴത്തിലുള്ള സഹകരണം എന്നിവയെ ഉച്ചകോടിയിലെ സെഷൻ അടിവരയിട്ടു.
അക്കാദമിക്, വ്യവസായം, നിക്ഷേപ ആവാസവ്യവസ്ഥ എന്നിവയിലെ പ്രമുഖ നേതാക്കൾ പാനലിൽ പങ്കെടുത്തു. ഐഐടി ജമ്മു ഡയറക്ടർ പ്രൊഫ. മനോജ് എസ്. ഗൗർ സെഷൻ മോഡറേറ്റ് ചെയ്തു. ഭരണ ചട്ടക്കൂടുകൾ, ദേശീയ പഠന പ്ലാറ്റ്‌ഫോമുകൾ, സ്വദേശീയ എഐ നവീകരണങ്ങൾ, അത്യാധുനിക എഐ മോഡലുകളുടെ ഉത്തരവാദിത്ത വിനിയോഗം എന്നിവ തമ്മിലുള്ള ഏകീകരണം ഇന്ത്യയിലെ വിദ്യാഭ്യാസ ഫലങ്ങളെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്നതിലായിരുന്നു ചർച്ച ഊന്നൽ നൽകിയത്.
ഒറ്റപ്പെട്ട പരീക്ഷണങ്ങളേക്കാൾ വ്യവസ്ഥാപിത ഇടപെടലുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഊന്നിപ്പറഞ്ഞ സെഷൻ, നയം, സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ എന്നിവയെ രാജ്യവ്യാപക ദീർഘകാല കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നതിനായി എങ്ങനെ ഏകോപിപ്പിക്കാമെന്ന് അടിവരയിട്ടു.
*****