ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂ ഡല്‍ഹിയില്‍ നടന്ന ഡല്‍ഹി പോലീസിന്റെ 79-ാമത് സ്ഥാപക ദിന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു.

പോസ്റ്റഡ് ഓണ്‍: 16 FEB 2026 3:31PM by PIB Thiruvananthpuram
 ന്യൂ ഡല്‍ഹിയില്‍ ഇന്ന് നടന്ന ഡല്‍ഹി പോലീസിന്റെ 79-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷാ  മുഖ്യാതിഥിയായി പങ്കെടുത്തു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ശ്രീ. സതീഷ് ഗോള്‍ച്ച ഉള്‍പ്പെടെ നിരവധി പ്രമുഖര്‍  പരിപാടിയില്‍ പങ്കെടുത്തു.

സ്ഥാപിതമായതു മുതല്‍ ഇന്നുവരെ സമാധാനം, സേവനം, നീതി എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതില്‍ ഡല്‍ഹി പോലീസ് ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ തലസ്ഥാനം എന്നതിലുപരി, ഡല്‍ഹി രാജ്യത്തിന്റെ ഹൃദയസ്പന്ദനവും ജനാധിപത്യത്തിന്റെയും സ്വത്വത്തിന്റെയും  കേന്ദ്രവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദേശീയ തലസ്ഥാനം എന്ന നിലയില്‍, ഡല്‍ഹിയുടെ സുരക്ഷാസേനയ്ക്ക് ഏറ്റവും ഉയര്‍ന്ന ആഗോള മാനദണ്ഡങ്ങള്‍ ഉണ്ടാവേണ്ടത് വളരെ പ്രധാനമാണ്. ഡല്‍ഹിയില്‍ നടക്കുന്ന നിരവധി ദേശീയ, അന്തര്‍ദേശീയ പരിപാടികള്‍, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍, വസതികള്‍ എന്നിവ  ഡല്‍ഹി പോലീസിന്റെ ഉത്തരവാദിത്വം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുവെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. ഡല്‍ഹി പോലീസ് എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടെന്നും  ഉത്തരവാദിത്വങ്ങള്‍ മികവോടെ വിജയകരമായി നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
CR3_4238.JPG.jpeg

 
ഡല്‍ഹി പോലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സ്‌പെഷ്യല്‍ സെല്ലിന്റെ സംയോജിത ആസ്ഥാനത്തിന്റെ ഇ-ശിലാസ്ഥാപനം ഇന്ന് നടന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ഏകദേശം 368 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ സ്‌പെഷ്യല്‍ സെല്ലിന്റെ സംയോജിത ആസ്ഥാനം ലഹരിമരുന്നും ഭീകരതയും തടയുന്നതിനുള്ള രാജ്യത്തെ ഏറ്റവും ആധുനിക കേന്ദ്രമായി മാറും.  അത്യാധുനിക ഇന്‍ഡോര്‍ ഫയറിംഗ് റേഞ്ച്, വാര്‍ റൂം, സൈബര്‍ ലാബ്, പരിശീലന ഹാള്‍, വിവിധ ആധുനിക സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഉണ്ടായിരിക്കുമെന്നും രാജ്യത്തുടനീളമുള്ള പോലീസ് സേനകള്‍ക്ക് മാതൃകാപരമായ കേന്ദ്രമായി ഈ സ്‌പെഷ്യല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള ലഹരി സംഘങ്ങള്‍ , വ്യാജ ഇന്ത്യന്‍ കറന്‍സി സംഘങ്ങള്‍ , സങ്കീര്‍ണ്ണമായ സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തുടനീളമുള്ള  നിരവധി പ്രധാന ഭീകര സംഭവങ്ങള്‍ എന്നിവ അന്വേഷിക്കുന്നതില്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍  പ്രധാനപ്പെട്ടതും വിജയകരവുമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ. ഷാ കൂട്ടിച്ചേര്‍ത്തു.

 ഡല്‍ഹി പോലീസിന്റെ 10 പുതിയ പദ്ധതികള്‍ക്ക് ഇന്ന് തറക്കല്ലിട്ടതായും ഏകദേശം 857 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സേഫ് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആധുനിക സംയോജിത കമാന്‍ഡ്, കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ (C4I) ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഡല്‍ഹിയെ 10,000 ക്യാമറകളുമായി ബന്ധിപ്പിക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 2,100 ക്യാമറകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. നിലവിലുള്ള 15,000ത്തിലധികം ക്യാമറകള്‍ സിസ്റ്റവുമായി സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ സേഫ് സിറ്റി പദ്ധതി ഡല്‍ഹിയുടെ സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ശ്രീ. ഷാ കൂട്ടിച്ചേര്‍ത്തു.
 
CR5_3918.JPG.jpeg

 
കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം നിരവധി സുപ്രധാന നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ടെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. രാജ്യത്ത് നീതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴെല്ലാം, മൂന്ന് പുതിയ ന്യായ സംഹിതകള്‍ തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍  റദ്ദാക്കപ്പെട്ടു. ഇപ്പോള്‍ നീതി കേന്ദ്രീകൃതമായ ഒരു നിയമസംവിധാനം സ്ഥാപിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈ നിയമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയതിന് ശേഷം, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, രാജ്യത്ത് എവിടെയും ഫയല്‍ ചെയ്യുന്ന ഏതൊരു എഫ്‌ഐആറിനും മൂന്ന് വര്‍ഷത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ നിന്നടക്കം അന്തിമ വിധി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ ന്യായ സംഹിതയില്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്കായി ഒരു പ്രത്യേക അധ്യായം ചേര്‍ത്തിട്ടുണ്ട്. ഇ-എഫ്‌ഐആറിനും സീറോ എഫ്‌ഐആറിനും നിയമപരമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഐസിജെഎസ് (സംയോജിത ക്രിമിനല്‍ നീതി സംവിധാനം) പ്രകാരം, പോലീസ്, ജുഡീഷ്യറി, ഫോറന്‍സിക് സയന്‍സ്, പ്രോസിക്യൂഷന്‍, ജയിലുകള്‍ എന്നിവ സംയോജിപ്പിച്ചിട്ടുണ്ടെന്നും അവയുടെ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായി ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ രീതിയായി സാമൂഹ്യ സേവനത്തെ  നിയമപരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഫോറന്‍സിക് തെളിവ് ശേഖരം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ശ്രീ. ഷാ പറഞ്ഞു. രാജ്യത്തെ നിയമങ്ങളില്‍ ആദ്യമായി ഭീകരവാദം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ രാജ്യം വിട്ട് ഒളിച്ച് കടന്നവരുടെ  അസാന്നിധ്യത്തിലും വിചാരണ നടത്തുന്നതിനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രഖ്യാപിത കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പുതിയ നിയമങ്ങളില്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക്, ഡിജിറ്റല്‍ രേഖകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതിനായി രേഖകളുടെ നിര്‍വചനം വിപുലീകരിച്ചിട്ടുണ്ട്.
 
CR3_3766.JPG.jpeg

 
പുതിയ ന്യായ സംഹിത പൂര്‍ണ്ണമായി നടപ്പിലാക്കി കഴിയുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകത്തിലെ ഏറ്റവും ആധുനികമായി മാറുമെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. പുതിയ നിയമങ്ങള്‍, നീതിന്യായ വ്യവസ്ഥയിലെ കാലതാമസം കുറയ്ക്കുമെന്നും ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസം, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശിക്ഷാ നിരക്കില്‍ അഭൂതപൂര്‍വമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു.

 പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 2014 മുതല്‍ 2026 വരെയുള്ള 12 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായി രേഖപ്പെടുത്തപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2014 ന് മുമ്പ്, നമ്മുടെ രാജ്യം മൂന്ന് പ്രശ്‌നങ്ങളെ  ജമ്മു കശ്മീര്‍, ഇടതു തീവ്രവാദം, വടക്കുകിഴക്കന്‍ മേഖല അഭിമുഖീകരിച്ചിരുന്നു. ഇത് പതിറ്റാണ്ടുകളായി നമ്മുടെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.

11 സംസ്ഥാനങ്ങളിലായി വ്യാപിച്ച നക്‌സലിസം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് സദാ വലിയ വെല്ലുവിളിയാണെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍, നക്‌സലിസത്തെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ  വളരെ സമീപമെത്തിയതായി  അദ്ദേഹം പറഞ്ഞു. 2026 മാര്‍ച്ച് 31 ഓടെ  രാജ്യത്തെയാകെ നക്‌സല്‍ അക്രമങ്ങളില്‍ നിന്ന് മുക്തമാക്കുന്നതില്‍ നാം തീര്‍ച്ചയായും വിജയിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ 10,000ത്തിലധികം യുവാക്കള്‍ ആയുധം താഴെവെച്ച് മുഖ്യധാരയില്‍ ചേര്‍ന്നിട്ടുണ്ടെന്നും, 12ലധികം സമാധാന കരാറുകളിലൂടെ, വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍  വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
CR3_3360.JPG.jpeg

 
വരും കാലങ്ങളില്‍, രാജ്യമെമ്പാടും സിസിടിവി ക്യാമറകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒരു പുതിയ സുരക്ഷാ സംവിധാനം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കര അതിര്‍ത്തികളിലും സുരക്ഷാ സംവിധാനം നവീകരിക്കുന്നതിലും, നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കുന്നതിലും, മൂന്ന് പുതിയ ന്യായ സംഹിതകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിലുമായിരിക്കും ഇനി ആഭ്യന്തരമന്ത്രാലയത്തിന്റെ   പൂര്‍ണ ശ്രദ്ധ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
****

( റിലീസ് ഐ.ഡി: 2228843) സന്ദര്‍ശക കൗണ്ടര്‍ : 4