വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ബജറ്റ് 2026-27: ഓറഞ്ച് സമ്പദ്‌വ്യവസ്ഥയ്ക്കും ക്രിയേറ്റീവ് വിദ്യാഭ്യാസത്തിനും വലിയ ഉത്തേജനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

പോസ്റ്റഡ് ഓണ്‍: 01 FEB 2026 7:35PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ ആവാസവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഒരു രൂപരേഖ അവതരിപ്പിച്ചുകൊണ്ട്, രാജ്യത്തെ സർഗ്ഗാത്മക വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന പദ്ധതികൾ
ധനമന്ത്രി വിശദീകരിച്ചു.

ഇന്ത്യയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് (എവിജിസി) മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച ചൂണ്ടിക്കാട്ടിയ ധനമന്ത്രി, 2030-ഓടെ ഈ വ്യവസായത്തിന് ഏകദേശം 20 ലക്ഷം പ്രൊഫഷണലുകളെ ആവശ്യമായി വരുമെന്ന് വ്യക്തമാക്കി. വികസിച്ചുകൊണ്ടിരിക്കുന്ന ഈ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തുടനീളമുള്ള 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും എവിജിസി കണ്ടൻ്റ്  ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതിന് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന് സഹായം നല്കണമെന്ന് അവർ നിർദ്ദേശിച്ചു. ഈ ലാബുകൾ യുവജനങ്ങൾക്ക്‌ സർഗ്ഗാത്മക മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ തുറന്നുനല്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവിയിലേക്ക് സജ്ജരായ ഒരു തൊഴിൽസേനയെ കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള പഠിതാക്കൾക്ക് അവസരങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണിത്.

 



 

യുവശക്തിയിൽ നിന്നും സ്ത്രീശക്തിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കർത്തവ്യ കേന്ദ്രീകൃത ബജറ്റാണ് ഇതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ച് റെയിൽ ഭവനിൽ മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. വേവ്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ആഗോള വേദിയിൽ എത്തിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐടികളുടേയും ഐഐഎമ്മുകളുടെയും മാതൃകയിൽ സ്ഥാപിതമായ ഐഐസിടി മുംബൈ, ക്രിയേറ്റേഴ്സ് ലാബുകളിലൂടെ 15,000 സ്കൂളുകളുമായും 500 കോളേജുകളുമായും ബന്ധിപ്പിക്കുമെന്നും  ഇതുവഴി 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഡിയോ-വിഷ്വൽ പ്രൊഡക്ഷൻ, പ്രക്ഷേപണം, ഡിജിറ്റൽ ഉള്ളടക്കം, ആനിമേഷൻ, ഗെയിമിംഗ്, പരസ്യം, തത്സമയ വിനോദം എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ മാധ്യമവിനോദ (M&E) മേഖല സേവന സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമായി മാറിയെന്ന് ഇക്കണോമിക് സർവേ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ മേഖല ഡിജിറ്റൽ, പ്ലാറ്റ്‌ഫോം അധിഷ്ഠിത വിതരണത്തിലേക്ക് ശക്തമായി മാറിയിട്ടുണ്ട്. 2024-ൽ ഏകദേശം 2.5 ട്രില്യൺ രൂപ മൂല്യം കണക്കാക്കുന്ന ഈ മേഖലയുടെ വളർച്ചയ്ക്ക് പിന്നിൽ വരുമാന വർദ്ധനവ്, ഇൻ്റർനെറ്റ് വ്യാപനം, OTT പ്ലാറ്റ്‌ഫോമുകളുടെ വികാസം, എഐ അധിഷ്ഠിത കണ്ടുപിടുത്തങ്ങൾ എന്നിവയാണുള്ളത്.

ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്

സർഗ്ഗാത്മകത, സംസ്കാരം, ബൗദ്ധിക സ്വത്തവകാശം എന്നിവയാൽ നയിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുടെ ഭാഗത്തെയാണ് “ഓറഞ്ച് സമ്പദ്‌വ്യവസ്ഥ” സൂചിപ്പിക്കുന്നത്. ഇവിടെ ഉൽപ്പന്നങ്ങളുടെ മൂല്യം പ്രധാനമായും ഉണ്ടാകുന്നത് ഭൗതിക വസ്തുക്കളിൽ നിന്നല്ല, മറിച്ച് ആശയങ്ങൾ, അറിവ്, കലാപരമായ ആവിഷ്കാരങ്ങൾ, സാംസ്കാരിക ഉള്ളടക്കം എന്നിവയിൽ നിന്നാണ്.

****


( റിലീസ് ഐ.ഡി: 2221888) സന്ദര്‍ശക കൗണ്ടര്‍ : 67