ധനകാര്യ മന്ത്രാലയം
നികുതി ഘടന ലളിതമാക്കി ആഭ്യന്തര ഉത്പാദനത്തിന് പിന്തുണ നൽകുകയാണ് കസ്റ്റംസ്, സെൻട്രൽ എക്സൈസ് ബജറ്റ് നിർദ്ദേശങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി
പോസ്റ്റഡ് ഓണ്‍:
01 FEB 2026 1:04PM by PIB Thiruvananthpuram
നികുതി ഘടന കൂടുതൽ ലളിതമാക്കുക, ആഭ്യന്തര ഉത്പാദനത്തെ പിന്തുണയ്ക്കുക, കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കുക, തീരുവയിലെ വിപരീത ഘടനകൾ യുക്തിസഹമാക്കുക എന്നിവയാണ് കസ്റ്റംസ്, സെൻട്രൽ എക്സൈസ് തീരുവകളുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങളുടെ ലക്ഷ്യമെന്ന് 2026–27 ലെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ വ്യക്തമാക്കി.
ദീർഘകാലമായി തുടരുന്ന കസ്റ്റംസ് തീരുവ ഇളവുകൾ ഒഴിവാക്കിക്കൊണ്ട്, ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ ഉത്പന്നങ്ങൾക്കുള്ള ഇളവുകൾ നീക്കം ചെയ്യാൻ ബജറ്റ് നിർദ്ദേശിക്കുന്നു. അതുപോലെ, ഒരു പ്രത്യേക ഉത്പന്നത്തിന് ബാധകമായ തീരുവ നിർണ്ണയിക്കുന്നതിനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനായി, വിവിധ കസ്റ്റംസ് വിജ്ഞാപനങ്ങളിൽ ചില ഫലപ്രദമായ നിരക്കുകൾ തീരുവ ഷെഡ്യൂളിൽ തന്നെ ഉൾപ്പെടുത്താൻ ബജറ്റ് നിർദ്ദേശിക്കുന്നു.
ദീർഘകാലമായി നിലനിൽക്കുന്ന കസ്റ്റംസ് തീരുവ ഇളവുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനൊപ്പം, ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതോ കുറഞ്ഞ തോതിൽ ഇറക്കുമതി ചെയ്യുന്നതോ ആയ ചില ഇനങ്ങളിലേക്ക് മാത്രം ഇളവുകൾ ചുരുക്കാനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്. അതോടൊപ്പം, ഒരു പ്രത്യേക ഇനത്തിന് ബാധകമായ തീരുവ നിർണ്ണയിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനായി, വിവിധ കസ്റ്റംസ് വിജ്ഞാപനങ്ങളിൽ നിലവിലുള്ള ഫലപ്രദമായ തീരുവ നിരക്കുകൾ തീരുവ ഷെഡ്യൂളിൽ തന്നെ ഉൾപ്പെടുത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, സമുദ്രോത്പന്നങ്ങളുടെ സംസ്കരണത്തിന് ഉപയോഗിക്കുന്ന നിർദ്ദിഷ്ട അസംസ്കൃത വസ്തുക്കളുടെ തീരുവ രഹിത ഇറക്കുമതിയ്ക്കുള്ള പരിധി മുൻവർഷത്തെ കയറ്റുമതി വിറ്റുവരവിൻ്റെ FOB മൂല്യത്തിൻ്റെ 1 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്താൻ ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ശുപാർശ ചെയ്തു. അതുപോലെ, തുകൽ അല്ലെങ്കിൽ സിന്തറ്റിക് പാദരക്ഷകളുടെ കയറ്റുമതിക്ക് നിലവിൽ അനുവദിച്ചിട്ടുള്ള നിർദ്ദിഷ്ട അസംസ്കൃത വസ്തുക്കളുടെ തീരുവ രഹിത ഇറക്കുമതി സൗകര്യം ഷൂ അപ്പറുകളുടെ കയറ്റുമതിഇലേക്കും വ്യാപിപ്പിക്കാനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്. കൂടാതെ, തുകൽ, തുണിത്തരങ്ങൾ, സിന്തറ്റിക് പാദരക്ഷകൾ, മറ്റ് തുകൽ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാർക്ക് അന്തിമ ഉത്പന്നം കയറ്റുമതി ചെയ്യുന്നതിനുള്ള കാലാവധി നിലവിലെ ആറു മാസത്തിൽ നിന്ന് ഒരു വർഷത്തേയ്ക്ക് നീട്ടാനും ധനകാര്യ മന്ത്രി നിർദ്ദേശിച്ചു.
ഊർജ്ജ പരിവർത്തനവും ഊർജ്ജസുരക്ഷയും ഉറപ്പാക്കുന്നതിനായി ബജറ്റിൽ നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി, ബാറ്ററികൾക്കായുള്ള ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലധന വസ്തുക്കൾക്ക് നിലവിൽ നൽകുന്ന അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ്, ബാറ്ററി ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കായി ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലധന വസ്തുക്കളിലേക്കും വ്യാപിപ്പിക്കാനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്. സൗരോർജ്ജ മേഖലയുമായി ബന്ധപ്പെട്ട്, സോളാർ ഗ്ലാസ് നിർമ്മാണത്തിന് ആവശ്യമായ സോഡിയം ആൻ്റിമോണേറ്റ് ഇറക്കുമതി ചെയ്യുന്നതിന് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും ധനമന്ത്രി നിർദ്ദേശിച്ചു.

ആണവോർജ്ജ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ആണവോർജ്ജ പദ്ധതികൾക്ക് ആവശ്യമായ വസ്തുക്കളുടെ ഇറക്കുമതിയിൽ നിലവിലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് 2035 വരെ നീട്ടുകയും, പദ്ധതികളുടെ ശേഷി പരിഗണിക്കാതെ എല്ലാ ആണവ നിലയങ്ങൾക്കും ഈ ഇളവ് വ്യാപിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ശുപാർശ ചെയ്തു. കൂടാതെ, ഇന്ത്യയിൽ നിർണായക ധാതുക്കളുടെ സംസ്കരണത്തിന് ആവശ്യമായ മൂലധന വസ്തുക്കളുടെ ഇറക്കുമതിക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് നൽകാനും ബജറ്റ് നിർദ്ദേശിക്കുന്നു. അതേസമയം, സിഎൻജിയിൽ ബയോഗ്യാസ് മിശ്രിതം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, ബയോഗ്യാസ് മിശ്രിത സിഎൻജിയിൽ നൽകേണ്ട സെൻട്രൽ എക്സൈസ് തീരുവ കണക്കാക്കുമ്പോൾ ബയോഗ്യാസിന്റെ മുഴുവൻ മൂല്യവും ഒഴിവാക്കാനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്.
സിവിലിയൻ, പരിശീലന, മറ്റ് വിഭാഗങ്ങളിലുള്ള വിമാനങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾക്കും ഘടക ഭാഗങ്ങൾക്കും അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനാണ് ധനമന്ത്രി നിർദ്ദേശിച്ചത്. കൂടാതെ, പ്രതിരോധ മേഖലയിലെ യൂണിറ്റുകളുടെ അറ്റകുറ്റപ്പണി, പരിചരണം, ഓവർഹോൾ ആവശ്യങ്ങൾക്കായി വിമാന ഭാഗങ്ങൾ നിർമ്മിക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾക്കും അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് ബജറ്റ് നിർദ്ദേശിക്കുന്നു.
ഇലക്ട്രോണിക്സ് ഉപഭോക്തൃ മേഖലയിലെ മൂല്യവർദ്ധന മെച്ചപ്പെടുത്തുന്നതിനായി, മൈക്രോവേവ് ഓവനുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന നിർദ്ദിഷ്ട ഭാഗങ്ങൾക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനാണ് ബജറ്റ് നിർദ്ദേശം.
ആഗോള വ്യാപാര തടസ്സങ്ങൾ മൂലം പ്രത്യേക സാമ്പത്തിക മേഖലകളിലെ ഉത്പാദന യൂണിറ്റുകളുടെ ശേഷി വിനിയോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ ബജറ്റ് പരിഗണിക്കുന്നു. ഇതിൻ്റെ ഭാഗമായി, ഒറ്റത്തവണ നടപടിയായി, പ്രത്യേക സാമ്പത്തിക മേഖലകളിലെ അർഹരായ ഉത്പാദന യൂണിറ്റുകൾക്ക് ആഭ്യന്തര താരിഫ് ഏരിയയിലേക്ക് (DTA) ഇളവ് തീരുവ നിരക്കിൽ വിൽപ്പന നടത്തുന്നത് സുഗമമാക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. എന്നാൽ, ഇത്തരം വിൽപ്പനയുടെ അളവ് അവരുടെ കയറ്റുമതിയുടെ ഒരു നിശ്ചിത അനുപാതത്തിലേക്ക് പരിമിതപ്പെടുത്തും. DTA യിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഈ നടപടികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ നിയന്ത്രണ പരിവർത്തനം കൊണ്ട് വരുമെന്ന് ശ്രീമതി നിർമല സീതാരാമൻ വ്യക്തമാക്കി.
***
( റിലീസ് ഐ.ഡി: 2221605)
സന്ദര്‍ശക കൗണ്ടര്‍ : 54
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada