ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കായിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിത പദ്ധതി നിർദ്ദേശിച്ച് 2026-27 കേന്ദ്ര ബജറ്റ്


ഉയർന്ന ഗുണമേന്മയുള്ളതും മിതമായ നിരക്കിലുള്ളതുമായ കായിക ഉൽപ്പന്നങ്ങളുടെ ആഗോള ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശേഷിയെ അടിസ്ഥാനമാക്കിയാണ് പദ്ധതി.

അടുത്ത ദശകത്തിൽ കായിക മേഖലയെ പരിവർത്തനം ചെയ്യാൻ 'ഖേലോ ഇന്ത്യ മിഷൻ' പ്രഖ്യാപിച്ചു.

ഖേലോ ഇന്ത്യ പ്രോഗ്രാമിലൂടെ ആരംഭിച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കുന്ന രീതി വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോകാൻ ഖേലോ ഇന്ത്യ മിഷൻ സഹായിക്കും.

പോസ്റ്റഡ് ഓണ്‍: 01 FEB 2026 12:43PM by PIB Thiruvananthpuram

 ഉയർന്ന ഗുണമേന്മയുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ കായിക ഉത്പ്പന്നങ്ങളുടെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്ത് കായിക ഉൽപ്പന്നങ്ങൾക്കായി ഒരു സമർപ്പിത പദ്ധതി ആരംഭിക്കും. ഇന്ന് പാർലമെന്റിൽ 2026-27 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വർഷത്തെ ബജറ്റിന്റെ അടിസ്ഥാനമായ മൂന്ന് കർത്തവ്യങ്ങളിൽ ആദ്യത്തേതിനെ കേന്ദ്രീകരിച്ചാണ് സ്‌പോർട്‌സ് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം. 'ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിച്ചുകൊണ്ട് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, അസ്ഥിരമായ ആഗോള ചലനാത്മകതയെ ചെറുക്കാനുള്ള പ്രതിരോധശേഷി വളർത്തുക' എന്നിവയാണിവ. ഉപകരണ രൂപകൽപ്പനയിലും മെറ്റീരിയൽ സയൻസുകളിലും ഉൽപ്പാദനം, ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്‌പോർട്‌സ് ഉൽപ്പന്ന സംരംഭത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി മറ്റൊരു നിർണ്ണായക നിർദ്ദേശവും ബജറ്റ് മുന്നോട്ടുവെക്കുന്നു. തന്റെ ബജറ്റ് പ്രസം​ഗത്തിൽ ശ്രീമതി. സീതാരാമൻ പറഞ്ഞു, " തൊഴിൽ, നൈപുണ്യം, തൊഴിലവസരങ്ങൾ എന്നിവയ്ക്കായി കായിക മേഖല ഒട്ടനവധി അവസരങ്ങൾ നൽകുന്നു. ഖേലോ ഇന്ത്യ പ്രോഗ്രാമിലൂടെ നാം ആരംഭിച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കുന്ന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനായി, അടുത്ത പത്ത് വർഷത്തിനുള്ളിൽ കായിക മേഖലയെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു 'ഖേലോ ഇന്ത്യ മിഷൻ' (Khelo India Mission) ആരംഭിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു." 'നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും അവരുടെ ശേഷി വർദ്ധിപ്പിക്കുകയും, ഇന്ത്യയുടെ അഭിവൃദ്ധിയിലേക്കുള്ള പാതയിൽ അവരെ ശക്തമായ പങ്കാളികളാക്കുകയും ചെയ്യുന്ന', ബജറ്റിൽ വിവരിച്ചിരിക്കുന്ന രണ്ടാമത്തെ കർത്തവ്യവുമായി ഈ നടപടി ചേർന്നു നിൽക്കുന്നു.   

ധനമന്ത്രി വ്യക്തമാക്കിയതുപോലെ, ഖേലോ ഇന്ത്യ മിഷൻ താഴെ പറയുന്നവ സുഗമമാക്കും:

അടിസ്ഥാന (Foundational), ഇടത്തരം (Intermediate), ഉന്നത (Elite) തലങ്ങളിലെ പരിശീലന കേന്ദ്രങ്ങളുടെ പിന്തുണയോടെയുള്ള സംയോജിത പ്രതിഭ വികസന പാത.

പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും വ്യവസ്ഥാപിതമായ വികസനം.

സ്പോർട്സ് സയൻസിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം.

കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങൾ നൽകുന്നതിനുമായി മത്സരങ്ങളും ലീഗുകളും സംഘടിപ്പിക്കൽ

പരിശീലനത്തിനും മത്സരങ്ങൾക്കുമായി കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ

***

AT


( റിലീസ് ഐ.ഡി: 2221528) സന്ദര്‍ശക കൗണ്ടര്‍ : 39