ധനകാര്യ മന്ത്രാലയം
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും കൃഷി നിർണ്ണായകമാകും: സാമ്പത്തിക സർവേ
प्रविष्टि तिथि:
29 JAN 2026 2:03PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ സമർപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, ഇന്ത്യയിലെ കാർഷിക മേഖല പ്രതിരോധശേഷി പ്രകടിപ്പിക്കുകയും അനുബന്ധ മേഖലയിൽ നിന്നുള്ള പ്രധാന വളർച്ചയോടെ സ്ഥിരതയാർന്ന മുന്നേറ്റം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമീപ വർഷങ്ങളിൽ ഭക്ഷ്യധാന്യ ഉത്പാദനം വർദ്ധിച്ചിട്ടുണ്ടെങ്കിലും, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, ഹോർട്ടികൾച്ചർ തുടങ്ങിയ ഉയർന്ന മൂല്യമുള്ള അനുബന്ധ മേഖലകൾ വരുമാന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും ഗ്രാമീണ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിലും കൂടുതൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സർവേ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൃഷി, അനുബന്ധ മേഖലകളിലെ ശരാശരി വാർഷിക വളർച്ചാ നിരക്ക് സ്ഥിരവിലയിൽ ഏകദേശം 4.4 ശതമാനമാണെന്ന് സർവേ സൂചിപ്പിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ കാർഷിക മേഖല 3.5 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻ ദശകങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പത്തു വർഷത്തെ വളർച്ചയായ 4.45 ശതമാനം (FY16-FY25), പ്രധാനമായും കന്നുകാലി വളർത്തൽ (7.1 ശതമാനം), മത്സ്യബന്ധനം, മത്സ്യകൃഷി (8.8 ശതമാനം) എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിൻ്റെ ഫലമാണ്. ഇതിന് പിന്നാലെ വിള മേഖല 3.5 ശതമാനം വളർച്ചയും കൈവരിച്ചു.
2015 സാമ്പത്തിക വർഷത്തിനും 2024 സാമ്പത്തിക വർഷത്തിനും ഇടയിൽ കന്നുകാലി വളർത്തൽ മേഖല ശക്തമായ മുന്നേറ്റം നടത്തി. ഇതിൻ്റെ GVA ഏകദേശം 195 ശതമാനം വർദ്ധിക്കുകയും നിലവിലെ വിലയിൽ 12.77 ശതമാനം വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തുകയും ചെയ്തു. മത്സ്യബന്ധന മേഖലയും മികച്ച പ്രകടനം കാഴ്ചവെച്ചു. 2014-2025 കാലയളവിൽ മത്സ്യ ഉത്പാദനം 140 ശതമാനത്തിലധികം (88.14 ലക്ഷം ടൺ) വർദ്ധിച്ചു. 2004-14 കാലയളവിലെ വർദ്ധനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. അങ്ങനെ, അനുബന്ധ മേഖലകൾ പ്രധാന വളർച്ചാ എഞ്ചിനുകളായും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലെ പ്രധാന ഘടകങ്ങളായും മാറിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം സ്ഥിരമായ വർദ്ധനയ്ക്ക് സാക്ഷ്യം വഹിച്ചു. 2024–25 കാർഷിക വർഷത്തിൽ (AY) ഇത് 3,577.3 ലക്ഷം മെട്രിക് ടണ്ണിലെത്തിയതായി കണക്കാക്കപ്പെടുന്നു. മുൻ വർഷത്തേക്കാൾ 254.3 ലക്ഷം മെട്രിക് ടണ്ണിൻ്റെ വർദ്ധനയാണിത്. അരി, ഗോതമ്പ്, ചോളം, നാടൻ ധാന്യങ്ങൾ (ശ്രീ അന്ന) എന്നിവയുടെ ഉയർന്ന ഉത്പാദനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്.
കാർഷിക GVA-യുടെ ഏകദേശം 33 ശതമാനം വരുന്ന ഹോർട്ടികൾച്ചർ മേഖല രാജ്യത്തിൻ്റെ കാർഷിക വളർച്ചാ പാതയിലെ ശ്രദ്ധേയമായ ഒന്നായി മാറിയിരിക്കുന്നു. 2024-25 ൽ ഹോർട്ടികൾച്ചർ ഉത്പാദനം 362.08 ദശലക്ഷം ടണ്ണിലെത്തി, ഇത് ഭക്ഷ്യധാന്യ ഉത്പാദനമായ 329.68 ദശലക്ഷം ടണ്ണിനെ മറികടന്നു. 2025 ഓഗസ്റ്റിലെ കണക്കനുസരിച്ച് ഹോർട്ടികൾച്ചർ ഉത്പാദനം 2013–14 ലെ 280.70 ദശലക്ഷം ടണ്ണിൽ നിന്ന് 2024–25 ൽ 367.72 ദശലക്ഷം ടണ്ണായി വർദ്ധിച്ചു.
114.51 ദശലക്ഷം ടൺ പഴങ്ങളും 219.67 ദശലക്ഷം ടൺ പച്ചക്കറികളും 33.54 ദശലക്ഷം ടൺ മറ്റ് ഹോർട്ടികൾച്ചറൽ വിളകളും ഉൾപ്പെടുന്ന ഈ വിപുലീകരണം വിശാലമായ ഒരു വികസനമാണ്. ഇത് കാർഷിക ഉത്പാദനത്തിലും മൂല്യത്തിലും ഈ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നു.
കൂടാതെ, ഉണങ്ങിയ ഉള്ളിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമാണ് ഇന്ത്യ, ആഗോള ഉതപാദനത്തിൻ്റെ ഏകദേശം 25 ശതമാനവും ഇന്ത്യയിൽ നിന്നാണ്. പച്ചക്കറികൾ, പഴങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഓരോ വിഭാഗത്തിലും ആഗോള ഉത്പാദനത്തിൻ്റെ 12-13 ശതമാനം ഇന്ത്യ സംഭാവന ചെയ്യുന്നു. ഈ നേട്ടങ്ങൾ ഹോർട്ടികൾച്ചറിലെ ഇന്ത്യയുടെ ശക്തമായ സാന്നിധ്യവും ആഗോള ഭക്ഷ്യ ആവശ്യകത നിറവേറ്റുന്നതിൽ രാജ്യത്തിനുള്ള വർദ്ധിച്ചുവരുന്ന പങ്കും അടിവരയിടുന്നു.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും കൃഷി നിർണ്ണായകമാകുമെന്ന് പരാമർശിച്ചുകൊണ്ടാണ് സർവേ ഉപസംഹരിക്കുന്നത്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ, പ്രത്യേകിച്ച് ക്ഷീര, കോഴി വളർത്തൽ , മത്സ്യബന്ധനം, ഹോർട്ടികൾച്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, ഇവയെല്ലാം രാജ്യത്തിൻ്റെ ജിഡിപിയിലേക്ക് വലിയ സംഭാവന നല്കുന്നു.
***
(रिलीज़ आईडी: 2220245)
आगंतुक पटल : 6