ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്വദേശിയിൽ നിന്ന് തന്ത്രപരമായ പ്രതിരോധശേഷിയിലേക്കും (Strategic Resilience), അവിടെ നിന്ന് തന്ത്രപരമായ അനിവാര്യതയിലേക്കുമുള്ള (Strategic Indispensability) ഇന്ത്യയുടെ പ്രയാണം ഒറ്റപ്പെട്ടോ വേറിട്ടോ നിൽക്കുന്നതിലൂടെ (Insulation) മാത്രം കൈവരിക്കാൻ കഴിയില്ല:സാമ്പത്തിക സർവേ 2025-26


തന്ത്രപരമായ അനിവാര്യത എന്നത് ഇന്ത്യയെ കേവലം ആഗോള വിപണിയിലെ ഒരു പങ്കാളി എന്നതിലുപരി, സ്ഥിരതയുടെയും മൂല്യത്തിന്റെയും ഉറവിടമായി മാറ്റുന്നതിനെയാണ് ആവശ്യപ്പെടുന്നത് എന്ന് സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു.

അനിശ്ചിതത്വങ്ങൾക്കിടയിലും പ്രവർത്തിക്കാനും, പരീക്ഷണങ്ങൾ നടത്താനും, പഠിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു 'സ്ഥാപനപരമായ പ്രോത്സാഹന ഘടന' രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ പരമപ്രധാനമായ മുൻഗണന: സാമ്പത്തിക സർവേ 2025-26.

പുതിയ 'പാലന ലഘൂകരണവും നിയന്ത്രണങ്ങൾ ഒഴിവാക്കലും പദ്ധതി' (Compliance Reduction and Deregulation Initiative) സംസ്ഥാനതലത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി അഞ്ച് പ്രധാന മേഖലകളിലായി 23 മുൻഗണനാ വിഷയങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്; ഇതിൽ നടപ്പിലാക്കേണ്ട 76% പരിഷ്കാരങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

प्रविष्टि तिथि: 29 JAN 2026 1:36PM by PIB Thiruvananthpuram

സ്വദേശിയിൽ നിന്ന് തന്ത്രപരമായ പ്രതിരോധശേഷിയിലേക്കും (Strategic Resilience), അന്തിമമായി തന്ത്രപരമായ അനിവാര്യതയിലേക്കുമുള്ള (Strategic Indispensability) ഇന്ത്യയുടെ മാറ്റം നിർണ്ണയിക്കപ്പെടുന്നത് സമ്പദ്‌വ്യവസ്ഥ എത്ര വേഗത്തിൽ വളരുന്നു എന്നതിലൂടെ മാത്രമല്ല; മറിച്ച്, ആഗോള ഉൽപ്പാദന വ്യവസ്ഥകളിൽ വിശ്വാസ്യതയും പഠനവും ബാഹ്യമായ സ്ഥിരതയും മെച്ചപ്പെടുത്തുന്ന രീതിയിൽ നമ്മുടെ ആഭ്യന്തര ശേഷികൾ എത്രത്തോളം ഉൾച്ചേർന്നിരിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും എന്നാണ് 2025-26 ലെ സാമ്പത്തിക സർവേ വെളിപ്പെടുത്തുന്ന ഒരു കാര്യം.കൂടാതെ തന്ത്രപരമായ പ്രതിരോധശേഷി എന്നത് ആഘാതങ്ങളെ മുൻകൂട്ടി കാണാനും, വിവിധ സ്ഥാപനങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കാനും, സമ്മർദ്ദങ്ങൾക്കിടയിലും ക്രമക്കേടുകൾ കൂടാതെ പ്രതികരിക്കാനുമുള്ള ഭരണകൂടത്തിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു എന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. തന്ത്രപരമായ അനിവാര്യതയെ കുറിച്ച് പറയുമ്പോൾ അത്  ഇതിലും കൂടുതൽ ആവശ്യപ്പെടുന്നു എന്നതാണ് സർവ്വേ യുടെ കണ്ടെത്തൽ. അതായത്  മറ്റ് രാജ്യങ്ങൾ ആശ്രയിക്കുന്ന തരത്തിലുള്ള കഴിവുകൾ വികസിപ്പിക്കുക എന്നതാണത്. ഇതിലൂടെ ഇന്ത്യ ആഗോള വിപണിയിലെ കേവലം ഒരു പങ്കാളി എന്നതിലുപരി, സ്ഥിരതയുടെയും മൂല്യത്തിന്റെയും ഒരു സ്രോതസ്സായി മാറുന്നുവെന്നും സർവ്വേ വ്യക്തമാക്കുന്നു .

ലോകം വലിയ തോതിലുള്ള അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുമ്പോൾ, 'സംരംഭകത്വ സ്വഭാവമുള്ള ഒരു ഭരണകൂടം' (Entrepreneurial State) ആവശ്യമാണെന്ന് സർവേ നിരീക്ഷിക്കുന്നു. ഇത് വിപണികളെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അനിശ്ചിതത്വങ്ങൾക്കിടയിലും പ്രവർത്തിക്കാനും, റിസ്ക് കൈകാര്യം ചെയ്യാനും, വ്യവസ്ഥാപിതമായി കാര്യങ്ങൾ പഠിക്കാനും വേണ്ടിയാണ്. അതിനാൽ, അനിശ്ചിതത്വങ്ങൾക്കിടയിലും പ്രവർത്തിക്കാനും പരീക്ഷണങ്ങൾ നടത്താനും പഠിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു 'സ്ഥാപനപരമായ പ്രോത്സാഹന ഘടന' രൂപപ്പെടുത്തുക എന്നത് ഇന്ത്യയുടെ പരമപ്രധാനമായ മുൻഗണനയാണെന്ന് സർവേ വാദിക്കുന്നു.ഘടനാപരമായ പരിവർത്തനം വിജയകരമായി പൂർത്തിയാക്കിയ ഒരു രാജ്യവും അവരുടെ മുഴുവൻ ബ്യൂറോക്രസിയെയും (ഉദ്യോഗസ്ഥവൃന്ദത്തെയും) സംരംഭകത്വ സ്വഭാവമുള്ളതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സർവേ കൂട്ടിച്ചേർക്കുന്നു. അതുപോലെ തന്നെ, ഉദ്യോഗസ്ഥർ എപ്പോഴും സംരംഭകത്വ സ്വഭാവം കാണിക്കണമെന്നത് പ്രായോഗികമായേക്കില്ല; കാരണം നല്ല ഭരണനിർവഹണത്തിന് സ്ഥിരതയും പ്രവചനക്ഷമതയും അത്യന്താപേക്ഷിതമാണ്. ഇതിന് പകരമായി, വിജയകരമായ ഭരണകൂടങ്ങൾ നിശ്ചിതമായ ചില സ്ഥാപനപരമായ ഇടങ്ങൾ (Bounded Institutional Spaces) സൃഷ്ടിച്ചു - പരീക്ഷണങ്ങൾ അനുവദനീയമായതും, ഉത്തരവാദിത്ത നിയമങ്ങളിൽ വ്യത്യാസമുള്ളതും, പഠനത്തിന് മുൻതൂക്കം നൽകുന്നതുമായ പ്രത്യേക മേഖലകളാണിവ.ഇങ്ങനെ പോകുന്നു 2025-26 സാമ്പത്തിക സർവേയിലെ ഉള്ളടക്കങ്ങൾ.

മറ്റൊന്ന് , വ്യവസായ തന്ത്രങ്ങൾ, സാമ്പത്തിക നിയന്ത്രണങ്ങൾ, സാങ്കേതിക ഭരണനിർവഹണം അല്ലെങ്കിൽ സാമൂഹിക നയം എന്നിങ്ങനെ മുൻപരിചയമില്ലാത്ത മേഖലകളിൽ നടപ്പിലാക്കുന്ന നയങ്ങൾ മുൻകൂട്ടി പൂർണ്ണതയിലെത്തിക്കാൻ കഴിയില്ലെന്ന് സാമ്പത്തിക സർവേ പറയുന്നു . അവ പരീക്ഷിക്കപ്പെടണം, പരിഷ്കരിക്കപ്പെടണം, ചിലപ്പോൾ ഉപേക്ഷിക്കപ്പെടുകയും വേണം. തിരുത്താൻ കഴിയുന്ന പരാജയങ്ങൾ അംഗീകരിക്കപ്പെടുമെന്നും, പരീക്ഷണങ്ങൾ അത്യാവശ്യമാണെന്നും, പാത തിരുത്തുന്നത് ബലഹീനതയല്ല മറിച്ച് പ്രാപ്തിയുടെ അടയാളമാണെന്നുമുള്ള കൃത്യമായ സന്ദേശങ്ങൾ രാഷ്ട്രീയ നേതൃത്വം നൽകണം. 'ഗുഡ്-ഫെയ്ത്ത് എറർ' (സദുദ്ദേശ്യത്തോടെയുള്ള തെറ്റുകൾ), 'മൽഫീസൻസ്' (ദുരുദ്ദേശ്യപരമായ നിയമലംഘനം) എന്നിവ തമ്മിലുള്ള വ്യക്തമായ വ്യത്യാസം തിരിച്ചറിയപ്പെടുമ്പോൾ മാത്രമേ 'ഇൻസ്റ്റിറ്റ്യൂഷണൽ ഫോർഗിവ്നസ്' (സ്ഥാപനപരമായ ക്ഷമിക്കൽ/ഇളവ് നൽകൽ) അർത്ഥവത്താവുകയുള്ളൂവെന്നും സർവേ ഊന്നിപ്പറയുന്നു.

വരാനിരിക്കുന്ന പതിറ്റാണ്ടുകളിൽ, മുൻമാതൃകകളില്ലാത്ത (no manuals) തീരുമാനങ്ങളെ ഇന്ത്യക്ക് അഭിമുഖീകരിക്കേണ്ടി വരുമെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, ഫലപ്രാപ്തി എന്നത് പ്രാരംഭ തീരുമാനങ്ങളുടെ കൃത്യതയേക്കാൾ ഉപരിയായി, അനിശ്ചിതത്വങ്ങൾക്കിടയിലും കാര്യങ്ങൾ പഠിക്കാനും തിരുത്താനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുമുള്ള ഭരണകൂടത്തിന്റെ 
ശേഷിയെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും പാത തിരുത്താനുമുള്ള ഭരണകൂടത്തിന്റെ ഈ കഴിവ്, അന്തിമമായി അതിന്റെ സ്ഥാപനങ്ങൾക്കുള്ളിലെ ഉത്തരവാദിത്തങ്ങൾ (responsibilities), അധികാരം (authority), ഉടമസ്ഥാവകാശം (ownership) എന്നിവ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നയപരമായ ലക്ഷ്യങ്ങളുടെയോ ആശയങ്ങളുടെയോ വിഭവങ്ങളുടെയോ അഭാവമല്ല; മറിച്ച്, അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നതിനെ സ്വാധീനിക്കുന്ന സ്ഥാപനങ്ങളിലെ 'പ്രോത്സാഹന ഘടനകൾ' (incentive structures) ആണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഭരണകൂടങ്ങളല്ല വിജയിക്കുക; മറിച്ച് ഏറ്റവും വേഗത്തിൽ പഠിക്കുകയും, ബുദ്ധിപൂർവ്വം പൊരുത്തപ്പെടുകയും, പാത തിരുത്താനുള്ള ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യുന്നവരായിരിക്കും വരുംകാലത്ത് വിജയിക്കുക എന്ന് സർവേ മുന്നറിയിപ്പ് നൽകുന്നു.

ഭരണകൂടത്തിന്റെ ശേഷി എന്നത് കേവലം ഒറ്റപ്പെട്ട ഒരു പരിഷ്കരണ പദ്ധതിയല്ലെന്നും, മറിച്ച് വിവിധ ഘടകങ്ങൾ ഒത്തുചേർന്നുണ്ടാകുന്ന ഒരു സമഗ്രമായ ഫലമാണെന്നും സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. തീരുമാനങ്ങൾ എങ്ങനെ എടുക്കുന്നു, അപകടസാധ്യതകളെയും (risk) പരാജയങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു, ഫലപ്രാപ്തി മുൻനിർത്തി ഭരണസംവിധാനത്തെ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, നിയമങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു, ഉദ്യോഗസ്ഥരുടെയും കമ്പനികളുടെയും പൗരന്മാരുടെയും പെരുമാറ്റത്തെ പ്രോത്സാഹനങ്ങൾ (incentives) എങ്ങനെ സ്വാധീനിക്കുന്നു എന്നിവയെല്ലാം ചേർന്ന്  ഈ ശേഷി രൂപപ്പെടുന്നതായി സർവേ പറയുന്നു. 

 പൊതു അധികാരം പ്രയോഗിക്കപ്പെടുന്ന മനുഷ്യശൃംഖലകളുടെ (human systems) കൂടി ഫലമാണ് ഭരണകൂടത്തിന്റെ ശേഷി (State capability) എന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഭരണപരമായ വെല്ലുവിളികൾ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ, സിവിൽ സർവീസുകാർ അവരുടെ ചുമതലകളെ എങ്ങനെ കാണുന്നു, അവർ എങ്ങനെ വിവേചനാധികാരം (judgment) പ്രയോഗിക്കുന്നു, പൗരന്മാരുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പൊതുഫലങ്ങളുടെ ഗുണമേന്മ.
തന്ത്രപരമായ പ്രതിരോധശേഷി (strategic resilience) കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയും, തന്ത്രപരമായ അനിവാര്യത (strategic indispensability) സാധ്യമാക്കുന്നതിനുള്ള പാതയും ഭരണകൂടത്തിന്റെ ഈ ശേഷിയാണ്. അതിനാൽ, കേവലം പ്രഖ്യാപനങ്ങളിലൂടെ ഈ ശേഷി നിർമ്മിക്കാൻ കഴിയില്ല; മറിച്ച് സ്ഥാപനപരമായ സംവിധാനങ്ങൾ തമ്മിലുള്ള നിരന്തരമായ ഏകോപനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഭരണകൂടം, സ്ഥാപനങ്ങൾ, പൗരന്മാർ എന്നിവരുടെ ദൈനംദിന പെരുമാറ്റത്തിലൂടെയാണ് ഇത് സംയുക്തമായി സൃഷ്ടിക്കപ്പെടുന്നത്. ഈ മൂന്ന് വിഭാഗങ്ങൾക്കിടയിലുള്ള പങ്കിട്ട ഉത്തരവാദിത്തത്തിലും പരസ്പര ഉടമ്പടിയിലുമാണ് ഇതിന്റെ നിലനിൽപ്പ്.

ഭരണകൂടവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ഏറ്റവും നിർണ്ണായകമായ ബന്ധങ്ങളിലൊന്നാണ് നിയന്ത്രണ സംവിധാനങ്ങൾ (Regulation) എന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. റെഗുലേറ്ററി ശേഷി എന്നത് കേവലം ലക്ഷ്യത്തിന്റെയോ പരിശ്രമത്തിന്റെയോ മാത്രം വിഷയമല്ല, മറിച്ച് അത് നിയമനിർമ്മാണം, നടപ്പിലാക്കൽ, ഉത്തരവാദിത്തം, അധികാര കൈമാറ്റം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു സ്ഥാപനപരമായ രൂപകൽപ്പനയുടെ (Institutional design) കൂടി ഭാഗമാണ്. റെഗുലേറ്റർമാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക അധികാരങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, അവ എങ്ങനെ വിനിയോഗിക്കപ്പെടുന്നു, സ്ഥാപനപരമായ രൂപകൽപ്പനയിലൂടെ അവയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റെഗുലേറ്ററി ശേഷി.

സ്ഥാപനപരമായ രൂപകൽപ്പന തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ , സാമ്പത്തിക സർവ്വേ ഒന്നൊന്നായി താഴെ പറയുന്നു  

നിയമനിർമ്മാണത്തിലും മാർഗ്ഗനിർദ്ദേശങ്ങളിലുമുള്ള വ്യക്തത: നിയമങ്ങൾ ലളിതവും വ്യക്തവുമായിരിക്കണം.

അധികാര വിഭജനം: ഒരേ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം.

ഉത്തരവാദിത്തം ഉറപ്പാക്കുന്ന റെഗുലേറ്ററി ബോർഡുകൾ: മറുപടി നൽകാൻ ബാധ്യസ്ഥരായ ബോർഡുകൾ വഴി സുതാര്യത ഉറപ്പാക്കുക.

നടപ്പിലാക്കുന്നതിലെ ആനുപാതികതയും അച്ചടക്കവും: കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുക.

നിയമപരമായ നടപടിക്രമങ്ങൾ (Due Process) പ്രവർത്തനശൈലിയാക്കുക: ഏതൊരു നടപടിയും കൃത്യമായ നിയമവഴികളിലൂടെയായിരിക്കണം.

ജനാധിപത്യപരമായ അടിത്തറയും സുതാര്യതയും: പൊതുജനങ്ങളോടും ജനാധിപത്യ സംവിധാനങ്ങളോടും ഉള്ള സുതാര്യത നിലനിർത്തുക.


മേൽനോട്ടത്തോടൊപ്പം സ്വാതന്ത്ര്യത്തെക്കൂടി സന്തുലിതമാക്കാൻ കഴിയുന്ന വിദഗ്ധർ റെഗുലേറ്റർമാർക്ക് ആവശ്യമാണെന്ന് സാമ്പത്തിക സർവേ ഊന്നിപ്പറയുന്നു. അതുപോലെ തന്നെ, ബിസിനസ്സുകൾക്ക് നിയമങ്ങൾ പാലിച്ച് മുന്നേറുന്നതിനൊപ്പം ഈ സ്വാതന്ത്ര്യത്തെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താൻ കഴിവുള്ള പ്രൊഫഷണലുകളെയും ആവശ്യമാണ്. ഇത്തരം കഴിവുള്ളവരെ വാർത്തെടുക്കുന്നതിനായി സ്വതന്ത്രമായോ അല്ലെങ്കിൽ നിലവിലുള്ള സ്ഥാപനങ്ങളുടെ ഭാഗമായോ 'സ്കൂൾസ് ഓഫ് റെഗുലേറ്ററി സ്റ്റഡീസ്' (Schools of Regulatory Studies) സ്ഥാപിക്കാവുന്നതാണെന്ന് സർവേ നിർദ്ദേശിക്കുന്നു.
അനുമതികൾ, അന്വേഷണങ്ങൾ, നിയമപാലനം, തർക്കങ്ങൾ, അപ്പീലുകൾ എന്നിവയുൾപ്പെടെയുള്ള മിക്ക റെഗുലേറ്ററി പ്രക്രിയകളിലുമുള്ള കാലതാമസം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. ഇത് പരിഹരിക്കുന്നതിനായി, തീരുമാനങ്ങൾ എടുക്കുന്നതിന് കർശനമായ സമയപരിധി നിശ്ചയിക്കണം. നിശ്ചിത സമയത്തിനുള്ളിൽ അധികാരികൾ നടപടിയെടുക്കാത്ത സാഹചര്യത്തിൽ, ആ അനുമതി ലഭിച്ചതായി കണക്കാക്കുന്ന 'ഡീംഡ് അപ്രൂവൽ' (Deemed Approvals) പോലുള്ള വ്യവസ്ഥകൾ കൊണ്ടുവരണമെന്നും സർവേ നിർദ്ദേശിക്കുന്നു. 

ഇന്ത്യയിൽ സ്വകാര്യ കോർപ്പറേറ്റ് മേഖല എന്നത് കേവലം നിയന്ത്രണങ്ങൾക്ക് വിധേയമായ ഒരു വിഭാഗം മാത്രമല്ലെന്നും, മറിച്ച് ഭരണകൂടം അതിന്റെ ശേഷി വർദ്ധിപ്പിക്കണോ അതോ വിവേചനാധികാരം (discretion) ഉപയോഗിച്ച് ഭരിക്കണോ എന്ന് നിശ്ചയിക്കുന്ന പ്രോത്സാഹന അന്തരീക്ഷത്തിലെ (incentive environment) ഒരു ഘടനാപരമായ പങ്കാളിയാണെന്നും സർവേ നിരീക്ഷിക്കുന്നു. കമ്പനികൾ ഉൽപ്പാദനക്ഷമത, ഗുണമേന്മ, മികച്ച പ്രകടനം എന്നിവയിൽ പരസ്പരം മത്സരിക്കുമ്പോൾ, ശക്തവും പ്രവചനക്ഷമവും നിഷ്പക്ഷവുമായ പൊതുസ്ഥാപനങ്ങൾ നിലനിൽക്കുന്നതിൽ അവർക്ക് നേരിട്ട് താൽപ്പര്യമുണ്ടാകുന്നു.

സ്വകാര്യ കോർപ്പറേറ്റ് മേഖല ഭരണകൂടത്തിന്റെ ശേഷി വികസിക്കുന്ന പ്രോത്സാഹന അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നുണ്ടെങ്കിൽ, പൗരന്മാർ അതിനേക്കാൾ ആഴത്തിൽ അതിനെ സ്വാധീനിക്കുന്നുണ്ട്. പൊതുസംവിധാനങ്ങൾ കേവലം നിയമങ്ങൾ അടിച്ചേൽപ്പിച്ചാണോ (enforcement) അതോ പൗരന്മാരുടെ ഉത്തരവാദിത്തബോധത്തിലൂടെയാണോ (internalised responsibility) പ്രവർത്തിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അവരുടെ ദൈനംദിന ശീലങ്ങളാണ്.പൊതു ഇടങ്ങളിൽ പൗരന്മാർ ഉത്തരവാദിത്തബോധം ശീലമാക്കുകയും, പഠനത്തെ ഒരു ശീലമായി കാണുകയും, ശാരീരികവും സാങ്കേതികവുമായ ജോലികളെ ബഹുമാനിക്കുകയും, സാങ്കേതികവിദ്യയുടെ അടിമകളാകാതെ അത് ഉപയോഗിക്കുകയും ചെയ്യുമ്പോൾ മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്നത്തെ സൗകര്യങ്ങൾ നാളത്തെ ബാധ്യതയാകാമെന്ന തിരിച്ചറിവ് അവർക്കുണ്ടാകുമ്പോൾ, നിരന്തരമായ നിയമപാലനത്തിന്റെ (enforcement) ആവശ്യം കുറയുന്നു. ഇത് സ്ഥാപനങ്ങളുടെ ശേഷി വളരുന്നതിന് ആവശ്യമായ 'വിശ്വാസം' (trust) സൃഷ്ടിക്കുമെന്ന് സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. 

നിർമ്മാണം, ലോജിസ്റ്റിക്സ്, സ്ഥാപനങ്ങൾ, അല്ലെങ്കിൽ കായികരംഗത്തെ ഉന്നതതല മത്സരങ്ങൾ എന്നിങ്ങനെ ആഗോളതലത്തിലെ വമ്പൻ നിരയിലേക്ക് ഉയരാൻ, അനിശ്ചിതത്വമുള്ളതും വൈകി മാത്രം ലഭിക്കുന്നതുമായ നേട്ടങ്ങൾക്കായി വലിയ തോതിലുള്ള പ്രാരംഭ ചിലവുകൾ (near-term costs) വഹിക്കേണ്ടി വരുമെന്ന് സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. ഈ നേട്ടങ്ങൾ പലപ്പോഴും ഹ്രസ്വകാലയളവിൽ കണ്ണിൽപ്പെട്ടെന്നു വരില്ല. എവിടെയാണോ ഫലത്തിനായി കാത്തിരിക്കാനുള്ള ക്ഷമ (delayed gratification) ദുർബലമാകുന്നത്, അവിടെ വ്യവസ്ഥിതികൾ യഥാർത്ഥ ശേഷിക്ക് പകരം എളുപ്പവഴികളെയും, ആഴത്തിലുള്ള പ്രവർത്തനങ്ങൾക്ക് പകരം പുറമെ കാണുന്ന തിളക്കത്തെയും, കൃത്യമായ പഠനത്തിന് പകരം അനാവശ്യമായ വേഗത്തെയും ആശ്രയിക്കാൻ തുടങ്ങുന്നു.

Screenshot 2026-01-28 143615.png

ചരക്കുസേവന മേഖലകളിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി നടപ്പിലാക്കുന്ന 'പാലന ലഘൂകരണവും , നിയന്ത്രണങ്ങൾ  ഒഴിവാക്കലും പദ്ധതി' (Compliance Reduction and Deregulation Initiative) അഞ്ച് പ്രധാന മേഖലകളിലായി സംസ്ഥാനതലത്തിൽ നടപ്പിലാക്കേണ്ട 23 മുൻഗണനാ വിഷയങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, വ്യവസായ സംഘടനകൾ, വിജ്ഞാന പങ്കാളികൾ എന്നിവരുമായി നടത്തിയ വിപുലമായ ചർച്ചകളിലൂടെയാണ് ഈ മുൻഗണനാ മേഖലകൾ നിശ്ചയിച്ചത്.നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് (Deregulation) ഒരു നിരന്തരവും ഏകോപിതവുമായ ഭരണ പ്രക്രിയയായി ഏറ്റെടുക്കുമ്പോൾ, അത് ഭരണകൂടത്തിന്റെ പിൻവാങ്ങലല്ല, മറിച്ച് അതിന്റെ ശക്തിപ്പെടുത്തലാണ്. മുൻകാലങ്ങളിലെ ഇത്തരം നീക്കങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് പരിഷ്കാരങ്ങളുടെ എണ്ണം മാത്രമല്ല, മറിച്ച് അതിന്റെ പിന്നിലെ സ്ഥാപനപരമായ പ്രക്രിയയാണ്. വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, സംസ്ഥാനങ്ങളുമായുള്ള ആവർത്തിച്ചുള്ള പ്രശ്നപരിഹാര ചർച്ചകൾ, തത്സമയ പഠനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ ഭരണകൂട ശേഷിയുടെ കാതലായ ഘടകങ്ങളെയാണ് സ്പർശിക്കുന്നത്.

36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 23 മുൻഗണനാ മേഖലകൾ വീതം നടപ്പിലാക്കുമ്പോൾ, രാജ്യത്തുടനീളം ആകെ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളുടെ എണ്ണം 828 ആണ്.

Screenshot 2026-01-28 143713.png

2026 ജനുവരി 23-ലെ കണക്കനുസരിച്ച്, ഇതിൽ 630 മുൻഗണനാ മേഖലകൾ (ആകെ എണ്ണത്തിന്റെ 76 ശതമാനം) ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. മറ്റൊരു 79 മുൻഗണനാ മേഖലകളിൽ (10 ശതമാനം) നടപടികൾ സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും, ആഗോളതലത്തിൽ അസ്ഥിരമായ അന്തരീക്ഷത്തിലും സാമ്പത്തിക സുസ്ഥിരതയും വളർച്ചയും നിലനിർത്താൻ കഴിയുമെന്ന് ഇന്ത്യയുടെ സമീപകാല സാമ്പത്തിക പ്രകടനം തെളിയിച്ചതായും സർവേ ഉപസംഹരിക്കുന്നു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത് അപകടസാധ്യതകൾ (Risks) ഒഴിവാക്കുക അസാധ്യമാണ്; എന്നാൽ അവയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് ഒരു രാജ്യത്തിന്റെ വിജയം.
കാര്യങ്ങളിൽ പൂർണ്ണമായ വ്യക്തത വരുന്നതിന് മുൻപ് തന്നെ പ്രവർത്തിക്കാനും, സ്തംഭനാവസ്ഥയില്ലാതെ പാത തിരുത്താനും, ഭരണകൂടം, സ്ഥാപനങ്ങൾ, പൗരന്മാർ എന്നിവരെ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കാനും കഴിയുന്ന രാജ്യങ്ങൾക്കാണ് വളർച്ചയെ സ്വാധീനശക്തിയാക്കി മാറ്റാൻ കൂടുതൽ സാധിക്കുക. അതിനാൽ, ഭരണശേഷി (State capacity) എന്നത് ഭരണനിർവഹണത്തിലെ ഒരു ചെറിയ കാര്യമല്ല. മറിച്ച്, തന്ത്രപരമായ പ്രതിരോധശേഷി (Strategic Resilience) കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയും, തന്ത്രപരമായ അനിവാര്യത (Strategic Indispensability) സാധ്യമാക്കുന്നതിനുള്ള പാതയുമാണത്.

***

AT


(रिलीज़ आईडी: 2220243) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , Marathi , English , Kannada , हिन्दी , Bengali