ധനകാര്യ മന്ത്രാലയം
ഗ്രാമീണ പണപ്പെരുപ്പം കുറയുന്ന പ്രവണതയിൽ ഗ്രാമീണ മേഖലയിലെ സമ്മർദ്ദത്തിന് അയവ്
प्रविष्टि तिथि:
29 JAN 2026 2:15PM by PIB Thiruvananthpuram
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി (2023, 2024) ഗ്രാമീണ പണപ്പെരുപ്പം കുറയുന്നതായും നഗര പണപ്പെരുപ്പത്തേക്കാൾ താഴ്ന്ന നിലയിൽ തുടരുന്നതായും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ സമർപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ സമ്മർദ്ദം അയയുന്നതിന് കാരണമായിട്ടുണ്ട്. 2023 ലും 2024 ലും ഗ്രാമീണ പണപ്പെരുപ്പം നഗര പണപ്പെരുപ്പത്തിന് മുകളിലായിരുന്നു. ഈ രീതി ഗ്രാമീണ, നഗര മേഖലകളിലുടനീളമുള്ള ഉപഭോഗ വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നു. ഗ്രാമീണ ഉപഭോഗത്തിലെ ഭക്ഷ്യവസ്തുക്കളുടെ സ്വാധീനം, ഭക്ഷ്യവിലയിലെ മാറ്റങ്ങൾ എന്നിവ ഗ്രാമീണ പണപ്പെരുപ്പത്തെയും സ്വാധീനിക്കുന്നതായി വ്യക്തമായിട്ടുണ്ട്. 2025 ൽ ഭക്ഷ്യ പണപ്പെരുപ്പം കുറഞ്ഞപ്പോൾ, ഇരുമേഖലകളിലും പണപ്പെരുപ്പം കുറഞ്ഞു, ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം നഗര മേഖലയിലേതിനേക്കാൾ താഴെയായി.
2025-26 കാലയളവിൽ, സംസ്ഥാനതല പണപ്പെരുപ്പ നിരക്ക് ദേശീയ പ്രവണതയ്ക്ക് അനുപൂരകമായി തുടർന്നു, കേരളവും ലക്ഷദ്വീപും ഒഴികെ മറ്റിടങ്ങളിൽ പണപ്പെരുപ്പത്തിൽ പരക്കെ കുറവുണ്ടായി. കേരളത്തിലും ലക്ഷദ്വീപിലും ചില്ലറ വില പണപ്പെരുപ്പം ഉയർന്ന പരിധിയായ 6 ശതമാനം മറികടന്നു. മറ്റ് സംസ്ഥാനങ്ങളിൽ, ശരാശരി പണപ്പെരുപ്പം റിസർവ് ബാങ്കിൻ്റെ 2-6 ശതമാനം പരിധിയിലോ അതിനു താഴെയായോ തുടർന്നു.
പ്രാദേശികമായ ആപേക്ഷിക വില വ്യാത്യാസങ്ങളാണ് സംസ്ഥാനതല പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങൾക്ക് പ്രധാന കാരണം. അല്ലാതെ മൊത്തത്തിലുള്ള പണപ്പെരുപ്പ സ്ഥിരതയല്ല. 2014 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള സംസ്ഥാനം തിരിച്ചുള്ള പ്രതിമാസ ഉപഭോകൃത വില സൂചിക പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കി, ചില സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ ഉയർന്നതോ താഴ്ന്നതോ ആയ പണപ്പെരുപ്പം സ്ഥിരമായി രേഖപ്പെടുത്തുന്നുണ്ടോ എന്ന് സർവേ പരിശോധിച്ചു. സംസ്ഥാനങ്ങളിലുടനീളമുള്ള പണപ്പെരുപ്പ വ്യത്യാസങ്ങൾ താൽക്കാലികമല്ലെന്നും ദേശീയ ശരാശരിയിൽ നിന്നുള്ള വ്യതിയാനങ്ങൾ പലപ്പോഴും ഒരു മാസത്തിനപ്പുറം നീണ്ടുനിൽക്കാമെന്നും സർവേ പറയുന്നു. തെക്ക്, വടക്കുകിഴക്കൻ വിദൂര സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് ഡൽഹി, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സാധാരണയായി ദേശീയ ശരാശരിയേക്കാൾ താഴെയാണ് പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത്.

പണപ്പെരുപ്പ ഫലങ്ങൾ രൂപപ്പെടുത്തുന്നതിൽ ദേശീയ ഘടകങ്ങൾ കേന്ദ്രബിന്ദുവായി തുടരുമ്പോൾ, സംസ്ഥാനതല പണപ്പെരുപ്പം വൈവിധ്യം പ്രദർശിപ്പിക്കുന്നു. സംസ്ഥാനതലങ്ങളിൽ ഒരു ദശാബ്ദക്കാലത്തെ പണപ്പെരുപ്പവും വേതന നിരക്കുകളും പരിശോധിക്കുമ്പോൾ, ദേശീയ വേതനത്തേക്കാൾ ശരാശരി വേതന നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ താരതമ്യേന ഉയർന്ന പണപ്പെരുപ്പം ഉള്ളതായി കണ്ടു. "സംസ്ഥാനതല പണപ്പെരുപ്പ നിരക്കിന് വേതന നിരക്കുകൾ, സംസ്ഥാനതല ജിഡിപി വളർച്ചാ നിരക്കുകൾ, കോവിഡ് പ്രത്യാഘാതങ്ങൾ എന്നിവയുമായി നേരിട്ട് ബന്ധം ഉണ്ടെന്ന് കൂടുതൽ വിശകലനം തെളിയിച്ചതായി" സർവേ പറയുന്നു. എന്നിരുന്നാലും, വ്യാവസായിക ഉത്പാദനവും സംസ്ഥാനതല പണപ്പെരുപ്പവും തമ്മിൽ ബന്ധമില്ലെന്നും കണ്ടെത്തി. ഇത് വില സമ്മർദ്ദം കുറയ്ക്കുകയും നിർമ്മാണ മേഖലയിലെ വിതരണ-കാര്യക്ഷമതയുടെ ഗുണാത്മക ഫലത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു". സംസ്ഥാനതല പണപ്പെരുപ്പ വ്യത്യാസത്തിന് ജിഎസ്ടി യുമായി ബന്ധമില്ലെന്നും കണ്ടെത്തി.
***
(रिलीज़ आईडी: 2220231)
आगंतुक पटल : 3