ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025-26 സാമ്പത്തിക സർവേയുടെ ആമുഖം

प्रविष्टि तिथि: 29 JAN 2026 2:18PM by PIB Thiruvananthpuram

അനിശ്ചിതത്വങ്ങൾക്കിടയിലും സംരംഭകത്വ നയരൂപീകരണത്തിലേക്ക്  ഭരണകൂടം ആഴത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെൻ്റില്‍ സമര്‍പ്പിച്ച 2025-26-ലെ സാമ്പത്തിക സർവേയുടെ ആമുഖം വാദിക്കുന്നു. അനിശ്ചിതത്വങ്ങൾ നീങ്ങുന്നതിന് മുന്‍പുതന്നെ പ്രവർത്തിക്കാനും വെല്ലുവിളികളെ  പേടിച്ച് മാറിനിൽക്കാതെ അവയെ കൃത്യമായി കൈകാര്യം ചെയ്യാനും പരീക്ഷണങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തളർച്ചയില്ലാതെ തെറ്റുകൾ തിരുത്തി മുന്നേറാനും സാധിക്കണമെന്ന് ആമുഖത്തില്‍ വ്യക്തമാക്കുന്നു.  


ഇതൊരു  അമൂർത്തമായൊരു അഭിലാഷമല്ലെന്ന് പ്രസ്താവിക്കുന്ന ആമുഖത്തില്‍ ഇന്ത്യ ഇതിനകം  ഈ സമീപനത്തിൻ്റെ ഘടകങ്ങൾ പ്രായോഗികമായി കണ്ടുതുടങ്ങിയിട്ടുണ്ടെന്നും പറയുന്നു.  അര്‍ധചാലകങ്ങളിലും ഹരിത ഹൈഡ്രജനിലും ദൗത്യരൂപേണ നടപ്പാക്കുന്ന പദ്ധതിനിര്‍വഹണ സംവിധാനങ്ങളുടെ നിർമാണം മുതൽ ആഭ്യന്തര നൂതനാശയങ്ങള്‍ പ്രാപ്തമാക്കാന്‍ പൊതു സംഭരണ  രീതി പുനഃക്രമീകരിക്കുന്നത് വരെയും പരിശോധനാധിഷ്ഠിത നിയന്ത്രണങ്ങൾക്ക് പകരം വിശ്വാസാധിഷ്ഠിത നിയമപാലനം നടപ്പാക്കുന്ന സംസ്ഥാനതല നിയന്ത്രണ ലഘൂകരണ കരാറുകൾ വരെയും ഇതിലുൾപ്പെടുന്നു.  നിയന്ത്രണങ്ങളില്‍നിന്ന്  കാര്യക്ഷമതയിലേക്ക്  മാറുമ്പോൾ  സംരംഭകത്വ ഭരണകൂടം എങ്ങനെയാകുമെന്നതിൻ്റെ   ആദ്യഘട്ട സൂചനകളാണിത്.  


ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിച്ച തുടർച്ചയായ വെല്ലുവിളികളെയും കൊവിഡ് മഹാമാരിയ്ക്ക്  ശേഷമുള്ള കാലയളവിലടക്കം രാജ്യത്തിൻ്റെ  ശക്തമായ സൂക്ഷ്മ സാമ്പത്തിക പ്രകടനത്തിലൂടെ നിലനിർത്തിയ പ്രതിരോധശേഷിയെയും സാമ്പത്തിക സർവേ കണക്കിലെടുക്കുന്നു. 2025 ഏപ്രിലിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവകളുടെ പശ്ചാത്തലത്തിൽ സർക്കാർ നടപ്പാക്കിയ നയപരവും സാമ്പത്തികവുമായ പരിഷ്കാരങ്ങളെയും ഇത് ശ്രദ്ധയിൽപ്പെടുത്തുന്നു. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സർക്കാരിൽ വലിയൊരു ഉണർവ് പ്രകടമാണ്. കഴിഞ്ഞ അഞ്ച് മാസത്തെ വേഗം പരിശോധിച്ചാൽ ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; അടുത്ത വർഷവും വളർച്ചാ നിരക്ക് 7 ശതമാനത്തിന് അടുത്ത് തന്നെ തുടരുമെന്നും സര്‍വേ വിലയിരുത്തുന്നു.  


പതിറ്റാണ്ടുകൾക്കിടയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം ആഗോളതലത്തിലെ പ്രതിസന്ധികളുമായി നേര്‍ക്കുനേര്‍ വന്നിരിക്കുന്നുവെന്നതാണ്  സാമ്പത്തിക സർവേ പ്രകാരം 2025-ലെ പ്രധാന വൈരുദ്ധ്യം.  അതായത് ഒരു രാജ്യം സാമ്പത്തികമായി മികച്ച വിജയം നേടിയാലും  പകരം കറൻസി സ്ഥിരതയോ വിദേശ നിക്ഷേപമോ ആഗോള ആഘാതങ്ങളിൽ നിന്ന്  സുരക്ഷിതത്വമോ ഉറപ്പുനൽകാൻ  ആഗോള സംവിധാനത്തിന് സാധിക്കുന്നില്ല.  

ജനാധിപത്യ ചട്ടക്കൂടിനകത്തുനിന്ന് ഒരു തലമുറയ്ക്കകം സമ്പന്ന രാജ്യമായി മാറാൻ ആഗ്രഹിക്കുന്ന 145 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആഭ്യന്തര അഭിലാഷങ്ങളെ ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തി സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു.  ലോകത്തെ വൻശക്തികൾ അവരുടെ സാമ്പത്തിക നയങ്ങളും മുൻഗണനകളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് ആഗോള വ്യാപാരത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയും രാജ്യങ്ങൾ തമ്മിലെ തർക്കങ്ങൾ വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ശക്തമായ ആഗോള വെല്ലുവിളികളെയാണ്  ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ഇപ്പോൾ നേരിടുന്നത്. നമുക്ക് മുന്നിലെ ഇതേ വെല്ലുവിളികളെ അനുകൂല ഘടകങ്ങളാക്കി  മാറ്റാൻ നമുക്കാവും.  അതിന് സർക്കാരും സ്വകാര്യ മേഖലയും സാധാരണ കുടുംബങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കുകയും സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയും വേണം. ഈ ദൗത്യം ലളിതമോ സുഖകരമോ ആയിരിക്കില്ല, എങ്കിലും നമുക്കിത് ഒഴിവാക്കാനാവാത്തതാണ്.  

യഥാർത്ഥ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍  2026-ലേക്ക് സാധ്യമായ മൂന്ന് ആഗോള സാഹചര്യങ്ങളെ സാമ്പത്തിക സർവേ മുന്നോട്ടുവെയ്ക്കുന്നു:

1.ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളുടെ ദോഷഫലങ്ങൾ അല്പം വൈകിയാണോ പ്രകടമാകുക എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പരസ്പര സഹകരണം കുറഞ്ഞതും പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറാകാത്തതും അപ്രതീക്ഷിത ആഘാതങ്ങള്‍ക്ക്  സാധ്യതയേറിയതുമായ ഒരു ലോകത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ സുരക്ഷിതത്വം കുറവാണ്. കാര്യങ്ങൾ പഴയതുപോലെ സുഗമമായി മുന്നോട്ട് പോകുന്നതിന് പകരം പരസ്പരം വിശ്വസിക്കാതെയും  അതേസമയം  സാമ്പത്തികമായി ബന്ധപ്പെട്ടും കഴിയുന്ന  നിയന്ത്രിതമായ ഒരു അരാജകത്വത്തിലേക്കാണ് ലോകം നീങ്ങുന്നത്.

2.ലോകം പല ശക്തികേന്ദ്രങ്ങളായി തിരിയുന്നതും ആഗോള നിയമങ്ങൾ തകരുന്നതുമായ സാഹചര്യത്തിന് സാധ്യതയേറെയാണ്.  ഇതിനെ കേവലം ചെറിയ അപകടമെന്ന നിലയില്‍ തള്ളിക്കളയാനാവില്ല. ഇങ്ങനെയുണ്ടായാൽ രാജ്യങ്ങൾ തമ്മിലെ മത്സരം കടുക്കും. വ്യാപാരം പരസ്പരം സഹായിക്കുന്നതിന് പകരം  മറ്റുള്ളവരെ സമ്മർദത്തിലാക്കുന്ന  ആയുധമായി മാറും. ഉപരോധങ്ങൾ കൂടുകയും  വിതരണ ശൃംഖലകൾ രാഷ്ട്രീയ സമ്മർദത്താൽ മാറ്റിമറിക്കപ്പെടുകയും ചെയ്യും.  സാമ്പത്തിക പ്രതിസന്ധികളുണ്ടായാൽ അതിനെ തടയാനോ ആഘാതം കുറയ്ക്കാനോ  സംവിധാനങ്ങൾ ദുർബലമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഓരോ രാജ്യവും സ്വന്തം താല്പര്യങ്ങൾക്കും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകും. വളർച്ച വേണോ  സുരക്ഷിതത്വം വേണോ എന്ന കടുത്ത തീരുമാനങ്ങൾ രാജ്യങ്ങൾക്ക് കൈക്കൊള്ളേണ്ടി വരും.

3.സാമ്പത്തികരംഗവും സാങ്കേതികവിദ്യയും രാഷ്ട്രീയവും ഒരേസമയം പ്രതിസന്ധിയിലാവുകയും ആ പ്രശ്നങ്ങൾ പരസ്പരം ആളിപ്പടരുകയും ചെയ്യുന്ന  വലിയൊരു തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഇവ ഓരോന്നായല്ല, മറിച്ച് ഒന്നിനുപിറകെ ഒന്നായി  സംഭവിക്കാനാണ് സാധ്യത. ഇതിന് സാധ്യത കുറവാണെങ്കിലും  സംഭവിച്ചാൽ അതിൻ്റെ  ആഘാതം വളരെ വലുതായിരിക്കും.  ലോകത്തെ എല്ലാവരെയും ഒരുപോലെയല്ല ഇത് ബാധിക്കുക. തല്‍ഫലമായി  ഉണ്ടായേക്കാവുന്ന സാമ്പത്തിക തകർച്ച 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ രൂക്ഷമാകാൻ സാധ്യതയുണ്ട്.



ഈ മൂന്ന് സാഹചര്യങ്ങളിലും ശക്തമായ സൂക്ഷ്മ സാമ്പത്തിക  അടിത്തറയോടെ  മറ്റ് മിക്ക രാജ്യങ്ങളെക്കാള്‍  ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന് സാമ്പത്തിക സർവേ അവകാശപ്പെടുന്നു.  എന്നാൽ ഇത് പൂർണ സുരക്ഷ ഉറപ്പുനൽകുന്നില്ല. വലിയ ആഭ്യന്തര വിപണി, കുറഞ്ഞ തോതിൽ സാമ്പത്തികവല്‍ക്കരിക്കപ്പെട്ട  വളർച്ചാ മാതൃക, ശക്തമായ വിദേശനാണ്യ ശേഖരം, തന്ത്രപരമായ സ്വയംഭരണത്തിന്റെ വിശ്വസനീയത എന്നിവ രാജ്യത്തിന് നേട്ടമാകുന്നു.  സാമ്പത്തിക അസ്ഥിരത ആസന്നവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വം ശാശ്വതവുമായ  അന്തരീക്ഷത്തിൽ ഈ സവിശേഷതകൾ സംരക്ഷണം നൽകുന്നു.

അതുപോലെ, വിദേശ നിക്ഷേപം നിലയ്ക്കുന്നതും  അത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നതും ഈ മൂന്ന് സാഹചര്യങ്ങളും ഇന്ത്യയ്ക്ക് ഒരുപോലെ സൃഷ്ടിക്കുന്ന ഭീഷണിയാണ്. ഇതിന്റെ ആഘാതവും കാലയളവും ഓരോ സാഹചര്യത്തിലും വ്യത്യാസപ്പെട്ടിരിക്കും. ലോകത്ത് രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ  ഇത് ഒരു വർഷത്തില്‍ അവസാനിക്കുന്ന ഒന്നായിരിക്കില്ല, മറിച്ച് ദീർഘകാലം നിലനിൽക്കുന്ന  പ്രശ്നമായി മാറിയേക്കാം.

മാരത്തണും സ്പ്രിൻ്റും ഒരേസമയം  

തദ്ദേശവല്‍ക്കരണ ശ്രമങ്ങൾ എത്രത്തോളം വിജയിച്ചാലും വരുമാന വര്‍ധനയ്ക്കനുസരിച്ച്  ഇറക്കുമതിയും കൂടുമെന്നതിനാല്‍  വർധിച്ചുവരുന്ന ഇറക്കുമതി ബില്ലുകൾ പരിഹരിക്കാനാവശ്യമായ വിദേശ നിക്ഷേപവും വിദേശനാണ്യ കയറ്റുമതി വരുമാനവും ഇന്ത്യ ആർജിക്കണമെന്ന്  സാമ്പത്തിക സർവേ വാദിക്കുന്നു.

വിതരണത്തിൻ്റെ  സ്ഥിരത, വിഭവങ്ങളുടെ കരുതൽ ശേഖരം സൃഷ്ടിക്കൽ, വിതരണ പാതകളുടെയും പണമടയ്ക്കൽ സംവിധാനങ്ങളുടെയും വൈവിധ്യവൽക്കരണം എന്നിവയിൽ സാമ്പത്തിക നയം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക സർവേ  ശിപാർശ ചെയ്യുന്നു. അതിനാൽ 2026-ലേക്ക് അനുയോജ്യമായ നിലപാട് പ്രതിരോധാത്മക അശുഭചിന്തയല്ലെന്നും  മറിച്ച് തന്ത്രപരമായ വിവേകമാണെന്നും സർവേ  വ്യക്തമാക്കുന്നു. ആഗോള സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര വളർച്ചാ വർധനയ്ക്കും ആഘാതങ്ങളുടെ പ്രതിരോധത്തിനും ഇന്ത്യ മുൻഗണന നൽകേണ്ടതുണ്ടെന്നും കരുതൽ ശേഖരം പണലഭ്യത എന്നിവയില്‍ കൂടുതൽ ഊന്നൽ നൽകണമെന്നും സർവേ വിലയിരുത്തുന്നു.  


മറ്റൊരു രീതിയിൽ പറഞ്ഞാൽ,  ഇന്ത്യ ഒരേസമയം ഒരു മാരത്തണും സ്പ്രിൻ്റും  ഓടണമെന്നും  അല്ലെങ്കിൽ സ്പ്രിൻ്റ്  പോലെ മാരത്തണ്‍ ഓടണമെന്നും സർവേ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു.


ഇന്ത്യയുടെ വെല്ലുവിളി: നയപരവും പ്രവര്‍ത്തനപരവുമായ പരിഷ്കാരങ്ങൾ

തുടർച്ചയായ ആഘാതങ്ങളുടെയും ഭൗമരാഷ്ട്രീയ സമ്മർദങ്ങളുടെയും ലോകത്ത് ഇന്ത്യയുടെ വെല്ലുവിളി കേവലം മികച്ച നയങ്ങൾ രൂപകല്പന ചെയ്യുന്നതില്‍ മാത്രമല്ലെന്നും  മറിച്ച് നിയമങ്ങളും പ്രോത്സാഹനങ്ങളും ഭരണപരമായ പ്രതികരണങ്ങളും ദേശീയ പ്രതിരോധശേഷിയെ സേവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും വെല്ലുവിളി നിറഞ്ഞതാണെന്നും സർവേ വ്യക്തമാക്കുന്നു.  നയപരമായ പരിഷ്കാരങ്ങൾ പ്രധാനമാണ്. എന്നാൽ പ്രവര്‍ത്തനപരമായ പരിഷ്കാരങ്ങൾ  അതിലേറെ പ്രധാനമാണ്. സർക്കാരും ജനങ്ങളും തമ്മിലെ ഇടപെടലുകളെ നിർണയിക്കുന്നത് പ്രവര്‍ത്തനങ്ങളാണ്. അതിനാൽ നയലക്ഷ്യങ്ങളുടെയും പരിഷ്കാരങ്ങളുടെയും വിജയപരാജയങ്ങളിൽ അവ വലിയ മാറ്റമുണ്ടാക്കുന്നു. സൂചനകൾ ഏറെ പ്രതീക്ഷാജനകമാണ്. കഴിഞ്ഞ വർഷം സംസ്ഥാനങ്ങൾ നടപ്പിലാക്കിയ നിയന്ത്രണ ലഘൂകരണ, ലളിതവല്‍ക്കരണ  നടപടികൾ ഏറെ പ്രതീക്ഷ നൽകുന്നു. കേവലം നിയന്ത്രണത്തിന്  പകരം കാര്യങ്ങൾ എളുപ്പമാക്കി നൽകുന്ന സംവിധാനമായി മാറാൻ ഭരണകൂടത്തിന് കഴിയുമെന്ന്  തെളിയിക്കുന്ന ഈ നടപടികള്‍ ഭരണസംവിധാനത്തിന് സ്വയം പുനർനിർമിക്കാനും നിയന്ത്രണങ്ങളിൽ നിന്ന് ശാക്തീകരണത്തിലേക്ക് അതിൻ്റെ  ദൗത്യം പരിവര്‍ത്തനം ചെയ്യാനുമാകുമെന്ന ശുഭപ്രതീക്ഷയ്ക്ക് മതിയായ കാരണങ്ങൾ നൽകുന്നു.


കേന്ദ്ര സര്‍ക്കാറിൻ്റെ സാമ്പത്തിക പരിഷ്കാരങ്ങൾക്കും മറ്റ് നയപരമായ സംരംഭങ്ങൾക്കുമൊപ്പം ഈ വെല്ലുവിളിയുടെ പ്രാധാന്യം മനസ്സിലാക്കി ഭരണകൂടം അതിനൊത്ത് ഉയരണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന്  സർവേ വാദിച്ചു.


വികസിത ഭാരതം, ആഗോള സ്വാധീനം എന്നിവ കൈവരിക്കുന്നതിന് ഭരണകൂടത്തിൻ്റെ  ശേഷി, സമൂഹം, നിയന്ത്രണ ലഘൂകരണം എന്നീ മൂന്ന് ഘടകങ്ങളെ സാമ്പത്തിക സർവേ ഒരുമിച്ച് കൊണ്ടുവരുന്നു.  ജനാധിപത്യത്തിൽ വികസനം നടപ്പാക്കാൻ അധികാരമുള്ളതും ആ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടതുമായ സംവിധാനം  ആത്യന്തികമായി സർക്കാരാണെന്ന് സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു. ആ ലക്ഷ്യം നിറവേറ്റാന്‍   സർക്കാർ പുതിയ കഴിവുകൾ ആർജിക്കുകയും  നിലവിലെ ശേഷികള്‍ പരിഷ്കരിക്കുകയും  തികച്ചും വ്യത്യസ്തമായ  രീതിയിൽ പ്രവർത്തിക്കാൻ മാനസികമായി തയ്യാറെടുക്കുകയും വേണം. കാരണം ഇന്നത്തെ സാഹചര്യം മാറിയതും ശത്രുതാപരവുമാണ്.  പഴയ നിയമങ്ങൾ ഇനി പ്രസക്തമല്ല, പുതിയ നിയമങ്ങൾ ഇതുവരെ നിലവിൽ വന്നിട്ടുമില്ല.


ഒന്നിലേറെ ആഗോള പ്രതിസന്ധികൾ ഒരേസമയം പൊട്ടിപ്പുറപ്പെടാൻ സാധ്യതയേറിയ ഈ സാഹചര്യത്തില്‍ പുതുതായി രൂപപ്പെടുന്ന  ലോകക്രമത്തെ വാർത്തെടുക്കുന്നതിൽ അർത്ഥപൂര്‍ണമായ പങ്കുവഹിക്കാൻ ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും ഇതിനായി  സ്വാതന്ത്ര്യാനന്തരം  ഇതുവരെ ആവശ്യമായതില്‍ ഏറ്റവും ചടുലതയും വഴക്കവും ലക്ഷ്യബോധവുമുള്ള ഒരു ഭരണസംവിധാനം സജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും സാമ്പത്തിക സര്‍വേ പ്രസ്താവിച്ചു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാളത്തെ വലിയ നേട്ടങ്ങൾക്കായി ഇന്നത്തെ സുഖസൗകര്യങ്ങൾ ത്യജിക്കാന്‍  നാം തയ്യാറാകുമ്പോൾ രാജ്യത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് സർവേ വ്യക്തമാക്കുന്നു.  വരും വർഷങ്ങളിലെ നിക്ഷേപത്തെയും വിതരണ ശൃംഖലയെയും വളർച്ചാ സാധ്യതകളെയും സ്വാധീനിക്കുന്ന ഭൗമരാഷ്ട്രീയ പുനക്രമീകരണങ്ങളാൽ ആഗോള അന്തരീക്ഷം പുനർനിർമിക്കപ്പെടുകയാണ്. ഇന്നത്തെ ആഗോള മാറ്റങ്ങൾക്കിടെ ദൃശ്യമായ ഹ്രസ്വകാല സമ്മർദങ്ങൾക്ക് ഉടന്‍ പരിഹാരങ്ങൾ തേടുന്നതിന് പകരം പ്രതിരോധശേഷി കെട്ടിപ്പടുക്കാനും നിരന്തരം നവീകരിക്കാനും വികസിത് ഭാരത പാതയിൽ ഉറച്ചുനിൽക്കാനും ഇന്ത്യ തീരുമാനിക്കണം.

സാമ്പത്തിക സർവേയുടെ പുനഃക്രമീകരണം

വർഷങ്ങളായി നിലനിന്ന ഘടനയില്‍നിന്ന് വ്യത്യസ്തമായ സാമ്പത്തിക സർവേയുടെ ഈ വര്‍ഷത്തെ  പതിപ്പ് അതിൻ്റെ  ആഴത്തിലും വ്യാപ്തിയിലും വിപുലീകരിക്കപ്പെട്ടിട്ടുണ്ട്.  17 അധ്യായങ്ങളടങ്ങുന്ന  സര്‍വേ  പുനഃക്രമീകരിച്ചിരിക്കുന്നു.  കീഴ്‍വഴക്കങ്ങളെ അടിസ്ഥാനമാക്കിയിരുന്ന അധ്യായങ്ങളുടെ ക്രമം ഇപ്പോൾ ദേശീയ മുൻഗണനകളുടെ ആഴവും പ്രസക്തിയും അനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും വൈവിധ്യം കാരണം മുന്‍വര്‍ഷങ്ങളിലെക്കാള്‍  ദൈർഘ്യമേറിയതാണ് ഇത്തവണ സർവേ.  അവസാനമായി, നിര്‍മിതബുദ്ധിയുടെ  പരിണാമം, ഇന്ത്യൻ നഗരങ്ങളിലെ ജീവിതനിലവാര വെല്ലുവിളി, തന്ത്രപരമായ പ്രതിരോധശേഷിയും അനിവാര്യതയും കൈവരിക്കുന്നതിൽ ഭരണകൂട ശേഷിയുടെയും സ്വകാര്യ മേഖലയുടെയും (കുടുംബങ്ങൾ ഉൾപ്പെടെ) പങ്ക് എന്നിങ്ങനെ ഇന്ത്യയെ സംബന്ധിച്ച്   ഇടക്കാല- ദീർഘകാല  താല്പര്യമുള്ള മൂന്ന് വിഷയങ്ങളെ പ്രത്യേക ഉപന്യാസങ്ങളിലൂടെ സർവേ വിലയിരുത്തുന്നു. 

***


(रिलीज़ आईडी: 2220219) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Punjabi , Gujarati