ധനകാര്യ മന്ത്രാലയം
ആരോഗ്യമുള്ള ജനത കരുത്തുറ്റ ഭാവിക്ക് ആധാരം: 2025-26 ലെ സാമ്പത്തിക സർവേ
1990-കൾക്ക് ശേഷമുള്ള ആഗോള പ്രവണതകളെ മറികടന്ന് ഇന്ത്യ MMR, U5MR, NMR എന്നിവയിൽ വിജയകരമായ കുറവ് കൈവരിച്ചു
ശിശുമരണ നിരക്ക് (IMR) കഴിഞ്ഞ ദശകത്തേക്കാൾ 37 ശതമാനത്തിലധികം കുറഞ്ഞു
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യം (ABDM), ഇ-സഞ്ജീവനി തുടങ്ങിയ വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന പദ്ധതികൾ സാർവത്രിക ആരോഗ്യപരിഷ്കാരങ്ങൾക്ക് കരുത്തുറ്റ പിന്തുണ നൽകുന്നു
അമിതവണ്ണം എന്ന വർദ്ധിച്ചുവരുന്ന പ്രശ്നം നേരിടാൻ ബഹുതല തന്ത്രങ്ങൾ ആവശ്യമാണെന്ന് സർവേ
അൾട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം തടയുന്നതിനായി ഭക്ഷണക്രമത്തിലും നയരൂപീകരണത്തിലും അടിയന്തര ഇടപെടലുകൾ വേണമെന്ന് സാമ്പത്തിക സർവേ
കുട്ടികൾക്കിടയിലെ ഡിജിറ്റൽ ആസക്തി പരിഹരിക്കുന്നതിനായി 'പ്രജ്ഞത' ചട്ടക്കൂടും ഓൺലൈൻ ഗെയിമിങ് (റെഗുലേഷൻ) ആക്ട്, 2025-ഉം അവതരിപ്പിച്ചു
മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 'ടെലി-മാനസ്', ബെംഗളൂരുവിലെ നിംഹാൻസിലുള്ള 'ഷട്ട്' (SHUT - സാങ്കേതികവിദ്യയുടെ ആരോഗ്യകരമായ ഉപയോഗത്തിനുള്ള സേവനം) ക്ലിനിക്ക് എന്നിവ വഴി സേവനങ്ങൾ ലഭ്യമാക്കുന്നു
'ആരോഗ്യ ഹോട്ട്‌സ്‌പോട്ടുകൾ' തിരിച്ചറിയുന്നതിൽ AI, സാങ്കേതികവിദ്യ നിയന്ത്രിത സർവേകളുടെ പങ്ക് സർവേ എടുത്തുകാട്ടി
प्रविष्टि तिथि:
29 JAN 2026 1:48PM by PIB Thiruvananthpuram
ആരോഗ്യ മേഖലയിലെ പൊതു നിക്ഷേപത്തിലൂടെ പ്രതിരോധ-ചികിത്സാ സൗകര്യങ്ങൾ, പോഷകാഹാരം, ആരോഗ്യ ഇൻഷുറൻസ് എന്നിവ മെച്ചപ്പെടുത്തുകയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയും വഴി ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രാപ്യത വർദ്ധിപ്പിക്കുന്നതിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചു. ശിശു-മാതൃ മരണനിരക്ക് കുറയുകയും, പ്രതിരോധ കുത്തിവയ്പ്പ് പരിധി വ്യാപിക്കുകയും, പ്രാഥമിക ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുകയും ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം, ആയുഷ്മാൻ ഭാരത്, വിവിധ രോഗനിയന്ത്രണ പരിപാടികൾ എന്നിവ ഈ മുന്നേറ്റങ്ങൾക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2025-26, മാനവ വിഭവശേഷി ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു.
മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങൾ
1990 മുതൽ ഇന്ത്യ മാതൃമരണ നിരക്ക് (MMR) 86 ശതമാനം കുറച്ചതായി സർവേ രേഖപ്പെടുത്തുന്നു. ഇത് ആഗോള ശരാശരിയായ 48 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. സമാനമായി, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ (U5MR) 78 ശതമാനം കുറവുണ്ടായി (ആഗോളതലത്തിൽ 61 ശതമാനം). 1990-2023 കാലയളവിൽ നവജാത ശിശുക്കളുടെ മരണനിരക്കിൽ (NMR) 70 ശതമാനം കുറവ് കൈവരിക്കാനും ഇന്ത്യക്ക് സാധിച്ചു (ആഗോളതലത്തിൽ 54 ശതമാനം).
പ്രത്യേകിച്ച്, കഴിഞ്ഞ ദശകത്തിൽ ശിശുമരണ നിരക്കിൽ (IMR) 37 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. 2013-ൽ ആയിരം ജനനങ്ങൾക്ക് 40 മരണം എന്നതിൽ നിന്ന് 2023-ൽ അത് 25 ആയി കുറഞ്ഞു. നവജാത ശിശുക്കളുടെയും മാതാക്കളുടെയും പരിചരണത്തിലും, ആകെ ആരോഗ്യ-സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലും ഉണ്ടായ പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്.

മെച്ചപ്പെട്ട ആരോഗ്യ സേവനത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ: സുതാര്യത വർദ്ധിപ്പിക്കുന്നതിനും, സേവനങ്ങളിലെ വിഭജനം കുറയ്ക്കുന്നതിനും, ആരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി സംയോജിത ആരോഗ്യ-ഇൻഷുറൻസ് സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ഐസിടി (ICT) നവീകരണങ്ങളുടെയും പങ്കിനെക്കുറിച്ച് സർവേ വ്യക്തമാക്കുന്നു. ആശുപത്രി പരിപാലന വിവര സംവിധാനം, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യം (ABDM), ഇ-സഞ്ജീവനി തുടങ്ങിയ പദ്ധതികൾ ഡിജിറ്റൽ ആരോഗ്യസേവനങ്ങളിലേക്കുള്ള പൗരന്മാരുടെ പ്രവേശനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം സാധ്യമാക്കാനും, ആശുപത്രി പരിപാലനം മെച്ചപ്പെടുത്താനും ഈ സംരംഭങ്ങൾ സഹായിച്ചു.
പുതുതലമുറ ആരോഗ്യ ആശങ്കകൾ
അമിതവണ്ണം: ഇന്ത്യയിൽ അമിതവണ്ണം ഭയാനകമായ നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ന് രാജ്യത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നു. അശാസ്ത്രീയമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, അൾട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങളുടെ (UPFs) അമിതമായ ഉപയോഗം എന്നിവ ഇതിന് കാരണമാകുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള ജനങ്ങളെ ബാധിക്കുകയും പ്രമേഹം, ഹൃദയരോഗങ്ങൾ, അമിത രക്തസമ്മർദ്ദം തുടങ്ങിയ സംക്രമികേതര രോഗങ്ങളുടെ (NCDs) സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2019-21 ലെ ദേശീയ കുടുംബ ആരോഗ്യ സർവേ (NFHS) പ്രകാരം, ഇന്ത്യയിലെ 24 ശതമാനം സ്ത്രീകളും 23 ശതമാനം പുരുഷന്മാരും അമിതഭാരമുള്ളവരോ അമിതവണ്ണമുള്ളവരോ ആണ്. അതിലും ആശങ്കാകരമായ വസ്തുത, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലെ അമിതഭാരം 2015-16-ൽ 2.1 ശതമാനമായിരുന്നത് 2019-21 ആയപ്പോഴേക്കും 3.4 ശതമാനമായി വർദ്ധിച്ചു എന്നതാണ്.
അമിതവണ്ണത്തെ അതീവ ഗൗരവകരമായ പൊതുജനാരോഗ്യ പ്രശ്നമായി തിരിച്ചറിഞ്ഞ്, ആരോഗ്യം, പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണ സുരക്ഷ, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഇടപെടലുകൾ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഇനി പറയുന്നു: പോഷൺ അഭിയാനും പോഷൺ 2.0ഉം, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റും ഖേലോ ഇന്ത്യയും, ഈറ്റ് റൈറ്റ് ഇന്ത്യ, ദേശവ്യാപക ബോധവൽക്കരണ യജ്ഞം ‘ആജ് സേ തോഡാ കം’, FSSAI-യുടെ ‘സ്റ്റോപ്പ് ഒബീസിറ്റി & ഫൈറ്റ് ഒബീസിറ്റി’.
അൾട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ (UPFs) പാരമ്പര്യമായി നിലനിന്നിരുന്ന ഭക്ഷണരീതികളെ മാറ്റിമറിക്കുകയും ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. ഇത് പലവിധത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണക്രമത്തിലെ പരിഷ്കാരങ്ങൾ പൊതുജനാരോഗ്യ മുൻഗണനയായി കാണണമെന്ന് സർവേ എടുത്തുപറയുന്നു. അൾട്രാ പ്രോസസ്സ്ഡ് ഭക്ഷണങ്ങളുടെ വിൽപ്പനയിൽ ലോകത്ത് അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. 2009 മുതൽ 2023 വരെയുള്ള കാലയളവിൽ ഇതിൽ 150 ശതമാനത്തിലധികം വർദ്ധനയാണുണ്ടായത്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾക്കും പാരമ്പര്യ ഭക്ഷണങ്ങൾക്കും പ്രചാരം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, അമിതവണ്ണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആയുഷ് പോലുള്ള പരമ്പരാഗത രീതികളും യോഗാഭ്യാസവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ഡിജിറ്റൽ ആസക്തി: കുട്ടികളിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആസക്തി എന്ന പ്രശ്നത്തിലേക്ക് സർവേ വെളിച്ചം വീശുന്നു. ഇത് ശ്രദ്ധക്കുറവ്, 'ഉറക്കക്കുറവ്' എന്നിവയ്ക്ക് കാരണമാകുന്നു. ഇത് പഠനനിലവാരത്തെയും ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമതയെയും ദോഷകരമായി ബാധിക്കുന്നു. കൂടാതെ, ഇത് സാമൂഹ്യ ബന്ധങ്ങളെയും തകർക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ച് സർവേ വ്യക്തമാക്കുന്നു.
CBSE മാർഗ്ഗനിർദ്ദേശങ്ങൾ: വിദ്യാലയങ്ങളിലും സ്കൂൾ ബസുകളിലും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുന്നതിന് സിബിഎസ്ഇ (CBSE) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രജ്ഞത (PRAGYATAH) ചട്ടക്കൂട്: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ ചട്ടക്കൂട്, സ്ക്രീൻ സമയം (screen time) നിയന്ത്രിച്ചുകൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ: കുട്ടികളുടെ സ്ക്രീൻ സമയ പരിധിയെക്കുറിച്ചും ഓൺലൈൻ സുരക്ഷയെക്കുറിച്ചും കമ്മീഷൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മാനസികാരോഗ്യ പ്രതിസന്ധി: ഡിജിറ്റൽ ആസക്തിയുമായി അടുത്ത ബന്ധമുള്ള ഒന്നാണ് യുവാക്കൾക്കിടയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനസികാരോഗ്യം. 15-24 പ്രായപരിധിയിലുള്ളവർക്കിടയിൽ സമൂഹമാധ്യമ ആസക്തി കൂടുതലാണെന്ന് ഇന്ത്യൻ പഠനങ്ങളും ആഗോള പഠനങ്ങളും സ്ഥിരീകരിക്കുന്നു. സമൂഹമാധ്യമ ആസക്തി ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസമില്ലായ്മ, സൈബർ ബുള്ളിയിംഗ് മൂലമുള്ള സമ്മർദ്ദം എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായ സ്ക്രോളിങ്, മറ്റുള്ളവരുമായുള്ള താരതമ്യം, ഗെയിമിങ് ഡിസോർഡേഴ്സ് എന്നിവയും ഇന്ത്യയിലെ യുവാക്കളെ വേട്ടയാടുന്ന പ്രശ്നങ്ങളാണ്. ഇവ ഉറക്കമില്ലായ്മ, ആക്രമണാത്മകത, ഏകാന്തത, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു. കൗമാരപ്രായക്കാരാണ് ഇത്തരം വെല്ലുവിളികൾക്ക് ഏറ്റവും കൂടുതൽ വിധേയരാകുന്നത്.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ള വിവിധ നടപടികളെക്കുറിച്ച് സർവേ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, 2022 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച ടെലി-മാനസ് (Tele-MANAS), എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24/7 പ്രവർത്തിക്കുന്ന സൗജന്യ മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ (14416) ലഭ്യമാക്കുന്നു. 2024-ൽ പുറത്തിറക്കിയ ടെലി-മാനസ് ആപ്പ് ഈ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു. തുടക്കം മുതൽ ഇതുവരെ 32 ലക്ഷത്തിലധികം കോളുകൾ ഈ സേവനത്തിന് ലഭിച്ചത് ഇതിന്റെ പ്രാധാന്യവും സ്വാധീനവും വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ നിംഹാൻസിലുള്ള ഷട്ട് (SHUT - Service for Healthy Use of Technology) ക്ലിനിക്ക്, സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗത്തിന് സവിശേഷമായ ചികിത്സ നൽകുന്നു. കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ശരിയായ സ്ക്രീൻ സമയ രീതികൾ പാലിക്കുന്നതിന് മാതാപിതാക്കൾക്കായി സൗജന്യ ഓൺലൈൻ ക്ലാസുകളും ഈ ക്ലിനിക്ക് നൽകുന്നു. ഓൺലൈൻ ഗെയിമിംഗ് (റെഗുലേഷൻ) ആക്ട്, 2025, യുവാക്കൾക്കിടയിലെ ഡിജിറ്റൽ ആസക്തിയും അതുമൂലമുള്ള സാമ്പത്തിക നഷ്ടങ്ങളും തടയുന്നതിനുള്ള നിർണായകമായ ഒരു ചുവടുവെപ്പാണ്.
ഡേറ്റയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നിംഹാൻസിന്റെ (നേതൃത്വത്തിൽ നടപ്പിലാക്കുന്ന രണ്ടാമത്തെ ദേശീയ മാനസിക ആരോഗ്യ സർവേ (NMHS), ഇന്ത്യൻ സാഹചര്യത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളും കൃത്യമായ പരിഹാരങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിജിറ്റൽ ഇടങ്ങൾക്ക് പകരമായി, പ്രത്യേകിച്ച് നഗരങ്ങളിലെ ചേരികളിലും ഗ്രാമപ്രദേശങ്ങളിലും ഓഫ്‌ലൈൻ 'യൂത്ത് ഹബുകൾ' സ്ഥാപിക്കണമെന്ന് സാമ്പത്തിക സർവേ നിർദേശിക്കുന്നു. ഡിജിറ്റൽ ലോകത്തെ പൂർണ്ണമായും മാറ്റിനിർത്താൻ കഴിയില്ല എന്നതുകൊണ്ട്, സ്കൂളുകളുടെയോ സമാനമായ സ്ഥാപനങ്ങളുടെയോ മേൽനോട്ടത്തിൽ സുരക്ഷിതമായ ഓൺലൈൻ ഇടങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്. ഡിജിറ്റൽ ശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്കൂളുകൾക്ക് നിർണായക പങ്ക് വഹിക്കാനാകും. അതിനാൽ, സ്ക്രീൻ ടൈം സാക്ഷരത, സൈബർ സുരക്ഷ, മാനസികാരോഗ്യ അവബോധം എന്നിവ ഉൾക്കൊള്ളുന്ന 'ഡിജിറ്റൽ വെൽനസ് പാഠ്യപദ്ധതി' സ്കൂളുകൾ നടപ്പിലാക്കേണ്ടതുണ്ട്.
AI, സാങ്കേതികവിദ്യാധിഷ്ഠിത സർവേകളുടെ ഉപയോഗം: UDISE+, AISHE, ABDM തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലധിഷ്ഠിതമായ സർവേകളുടെ പങ്ക് സർവേ എടുത്തുപറയുന്നു. നഗരങ്ങളിലെ ചേരികളിലെ അമിതവണ്ണത്തിന്റെ വ്യാപനം അല്ലെങ്കിൽ നഗരപ്രാന്തങ്ങളിലെ വിദ്യാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആസക്തി എന്നിവ പോലുള്ള 'ഹെൽത്ത് ഹോട്ട്‌സ്‌പോട്ടുകൾ' തിരിച്ചറിയുന്നതിൽ നിർമിതബുദ്ധി സങ്കേതങ്ങളുടെ സംയോജനം നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയിൽ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ മുൻനിര ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള പദ്ധതികൾ വികസിപ്പിക്കാൻ സാധിക്കും. മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ, എഐ ചാറ്റ്‌ബോട്ടുകൾ (ഉദാഹരണത്തിന് ASHABot), ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ (ഉദാഹരണത്തിന് ASHA Kirana-യുടെ M-CAT, ASHA Digital Health) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്താം. പ്രമേഹം പോലുള്ള വിട്ടുമാറാത്ത സംക്രമികേതര രോഗങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും, കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ നിരീക്ഷിക്കാനും, മാതൃ-ശിശു ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇന്ത്യയുടെ യഥാർത്ഥ പ്രഭാവം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിന് രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ അചഞ്ചലമായ ശ്രദ്ധ ആവശ്യമാണ്. പകർച്ചവ്യാധികളും സംക്രമികേതര രോഗങ്ങളും ഒരേപോലെ നേരിടേണ്ടി വരുന്ന ഇരട്ട വെല്ലുവിളി, വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആസക്തി, ആശങ്കാജനകമായ മാനസികാരോഗ്യ പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന അമിതവണ്ണം എന്നിങ്ങനെ പരസ്പരബന്ധിതമായ പുതിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. കരുത്തുറ്റ ഭാവി ഉറപ്പാക്കുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ സമീപനം അനിവാര്യമാണ്.
***
SK
(रिलीज़ आईडी: 2220132)
आगंतुक पटल : 6