ധനകാര്യ മന്ത്രാലയം
ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ഇരട്ടി സ്വാധീനത്താൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.4 ശതമാനമാകുമെന്ന് കണക്കാക്കപ്പെടുന്നു
2027 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 6.8 മുതൽ 7.2 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു
2026 സാമ്പത്തിക വർഷത്തിൽ ജിഡിപിയിലെ സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് 61.5 ശതമാനമായി വർദ്ധിച്ചു
കാർഷിക, അനുബന്ധ സേവനങ്ങൾ 2026 സാമ്പത്തിക വർഷത്തിൽ 3.1 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു
വ്യവസായ മേഖല ശക്തമായ വളർച്ച പ്രകടമാക്കുന്നു; 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ നിർമ്മാണ മേഖല 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സേവന മേഖലയുടെ മൊത്തം മൂല്യവർദ്ധന 9.3 ശതമാനമായി ഉയർന്നു
മൊത്തം നിഷ്ക്രിയ ആസ്തി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 2.2 ശതമാനത്തിലേക്ക് താഴ്ന്നു
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും ഉൾപ്പെടെ) റെക്കോർഡ് നേട്ടമായ 825.3 ബില്യൺ ഡോളറിൽ എത്തി
മൂന്ന് വർഷത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കി
प्रविष्टि तिथि:
29 JAN 2026 2:19PM by PIB Thiruvananthpuram
ഉപഭോഗം, നിക്ഷേപം എന്നീ രണ്ട് ഘടകങ്ങളുടെയും കരുത്തിൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.4 ശതമാനം ആകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതോടെ തുടർച്ചയായ നാലാം വർഷവും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇന്ത്യ ആവർത്തിച്ചുറപ്പിച്ചു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേയുടെ പ്രധാന ആകർഷണമായിരുന്നു ഇത്.
2027 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച 6.8 ശതമാനം മുതൽ 7.2 ശതമാനം വരെ ആയിരിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള വളർച്ചാ സാധ്യത ഏകദേശം 7 ശതമാനമായി കണക്കാക്കപ്പെടുന്നു.
2026 സാമ്പത്തിക വർഷത്തിലും രാജ്യത്തെ ആഭ്യന്തര ആവശ്യകത സാമ്പത്തിക വളർച്ചയ്ക്ക് ആധാരമായി തുടരുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു. ആദ്യ മുൻകൂർ കണക്കുകൾ പ്രകാരം, ജിഡിപിയിലെ സ്വകാര്യ അന്തിമ ഉപഭോഗ ചെലവിന്റെ (PFCE) വിഹിതം 61.5 ശതമാനമായി ഉയർന്നു. കുറഞ്ഞ പണപ്പെരുപ്പം, സ്ഥിരതയുള്ള തൊഴിൽ സാഹചര്യങ്ങൾ, വർദ്ധിച്ചുവരുന്ന യഥാർത്ഥ വാങ്ങൽ ശേഷി എന്നിവയാൽ സവിശേഷമായ ഒരു അനുകൂല സ്ഥൂല സാമ്പത്തിക (Macroeconomic) അന്തരീക്ഷത്തെയാണ് ഉപഭോഗത്തിലെ ഈ കരുത്ത് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, കാർഷിക മേഖലയിലെ ശക്തമായ പ്രകടനം വഴി കൈവന്ന സുസ്ഥിരമായ ഗ്രാമീണ ഉപഭോഗവും, നേരിട്ടുള്ളതും അല്ലാത്തതുമായ നികുതികളുടെ ഏകീകരണം വഴി നഗര ഉപഭോഗത്തിലുണ്ടായ ക്രമാനുഗതമായ പുരോഗതിയും, ഉപഭോഗ ഡിമാൻഡിലെ ഈ കുതിപ്പ് എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതാണെന്ന് വീണ്ടും ഉറപ്പിക്കുന്നു.
ഉപഭോഗത്തോടൊപ്പം നിക്ഷേപവും 2026 സാമ്പത്തിക വർഷത്തിൽ വളർച്ചയെ നയിച്ചു. മൊത്തം സ്ഥിര മൂലധന രൂപീകരണത്തിന്റെ (GFCF) വിഹിതം 30.0 ശതമാനമായി കണക്കാക്കപ്പെടുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ നിക്ഷേപ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു; GFCF 7.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലും, മഹാമാരിക്ക് മുമ്പുള്ള ശരാശരിയായ 7.1 ശതമാനത്തേക്കാൾ മുകളിലുമാണ്.

2026 സാമ്പത്തിക വർഷത്തിൽ കൃഷിയും അനുബന്ധ സേവനങ്ങളും 3.1 ശതമാനം വളർച്ച കൈവരിക്കുമെന്ന് സർവേ എടുത്തുകാണിക്കുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അനുകൂലമായ മൺസൂൺ കാലാവസ്ഥ കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ 2.7 ശതമാനം വളർച്ചയേക്കാൾ കാർഷിക GVA 3.6 ശതമാനം വളർച്ച കൈവരിച്ചു, പക്ഷേ ദീർഘകാല ശരാശരിയായ 4.5 ശതമാനത്തിന് താഴെയായിരുന്നു ഇത്. അനുബന്ധ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് കന്നുകാലികൾ, മത്സ്യബന്ധനം എന്നിവ ഏകദേശം 5-6 ശതമാനം എന്ന സ്ഥിരതയാർന്ന നിരക്കിൽ വളർന്നു. കാർഷിക GVA യിൽ അവരുടെ പങ്ക് വർദ്ധിച്ചതോടെ, മൊത്തത്തിലുള്ള കാർഷിക വളർച്ച മാറ്റങ്ങൾക്കും അസ്ഥിരതയ്ക്കും വിധേയമാകുന്ന വിളവെടുപ്പ് ഫലങ്ങളുടേയും, താരതമ്യേന സ്ഥിരതയാർന്ന വളർച്ച പ്രകടിപ്പിക്കുന്ന അനുബന്ധ മേഖലകളുടെയും സംയോജിത പ്രതിഫലനമായി മാറി.
വ്യവസായ മേഖല കരുത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായും 2026 സാമ്പത്തിക വർഷത്തേക്ക് കണക്കാക്കിയിരുന്ന 7.0 ശതമാനം എന്ന ലക്ഷ്യത്തെ മറികടന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഉൽപ്പാദന മേഖല 8.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ പരാമർശിക്കുന്നു. കൂടാതെ, സുസ്ഥിരമായ പൊതു മൂലധന ചെലവും അടിസ്ഥാന സൗകര്യ പദ്ധതികളിലെ തുടർച്ചയായ വളർച്ചയും കൊണ്ട് നിർമ്മാണ വ്യവസായം സ്ഥിരത നിലനിർത്തിയിട്ടുണ്ട്. യഥാർത്ഥ (സ്ഥിരതയാർന്ന) വിലയിൽ ഉൽപ്പാദന മേഖലയുടെ വിഹിതം ഏകദേശം 17-18 ശതമാനമായി സ്ഥിരമായി തുടരുന്നു. സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉൽപ്പാദനത്തിന്റെ മൊത്ത മൂല്യം (GVO) ഏകദേശം 38 ശതമാനമായി സ്ഥിരത പുലർത്തുന്നു, ഇത് ഉൽപ്പാദനം സുസ്ഥിരമാണെന്ന് സൂചിപ്പിക്കുന്നു. മാത്രമല്ല, 2026 സാമ്പത്തിക വർഷത്തിൽ, വ്യാവസായിക മേഖല 2025 സാമ്പത്തിക വർഷത്തിലെ 5.9 ശതമാനത്തിന് മേലെ 6.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ ഉയർന്ന ഫ്രീക്വൻസി സൂചകങ്ങളായ പിഎംഐ മാനുഫാക്ചറിംഗ്, ഐഐപി മാനുഫാക്ചറിംഗ്, ഇ-വേ ബിൽ ജനറേഷൻ എന്നിവ ശക്തമായ ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനെ സൂചിപ്പിക്കുന്നു. സ്റ്റീൽ ഉപഭോഗം, സിമന്റ് ഉൽപ്പാദനം തുടങ്ങിയ നിർമ്മാണ മേഖലയിലെ സൂചകങ്ങളും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഭാവിയിൽ, വ്യാവസായിക പ്രവർത്തനങ്ങളിലെ വേഗത മികച്ചതായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ജിഎസ്ടിയുടെ യുക്തിസഹീകരണവും അനുകൂലമായ ഡിമാൻഡ് പ്രതീക്ഷയും ഇതിന് കാരണമാകുന്നു.
വിതരണത്തിന്റെ കാര്യത്തിൽ, വളർച്ചയുടെ പ്രധാന ചാലകശക്തി സേവനമേഖലയാണെന്ന് സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, സേവനങ്ങളുടെ മൊത്ത മൂല്യവർദ്ധനവ് 9.3 ശതമാനം വർദ്ധിച്ചു, മുഴുവൻ സാമ്പത്തിക വർഷവും 9.1 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. ഈ പ്രവണത മേഖലയിലുടനീളമുള്ള വിശാലമായ വികാസത്തെ സൂചിപ്പിക്കുന്നു. കോവിഡ് കാലത്ത് കനത്ത പ്രഹരമേറ്റ ‘വ്യാപാരം, ഹോട്ടൽ സേവനങ്ങൾ, ഗതാഗതം, വാർത്താവിനിമയം, അനുബന്ധ സേവനങ്ങൾ’ എന്നിവയൊഴികെ സേവന മേഖലയ്ക്കുള്ളിലെ മിക്കവാറും എല്ലാ ഉപവിഭാഗങ്ങളും 9 ശതമാനത്തിലധികം വളർച്ച കൈവരിച്ചു. ഈ വിഭാഗം പാൻഡെമിക്കിന് മുമ്പുള്ള ശരാശരി വളർച്ചാ നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റ് മാത്രം പിന്നിലാണ്.
പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞതിനോടൊപ്പം സമ്പദ്‌വ്യവസ്ഥയിൽ ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള വളർച്ച പ്രകടമായതായി സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഇത് ജനങ്ങളുടെ യഥാർത്ഥ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുകയും ഉപഭോഗത്തെ പിന്തുണയ്ക്കുകയും ചെയ്തു. 2026 സാമ്പത്തിക വർഷത്തിലെ (ഏപ്രിൽ-ഡിസംബർ) ആഭ്യന്തര പണപ്പെരുപ്പ സാഹചര്യങ്ങൾ വിലക്കയറ്റ സമ്മർദ്ദങ്ങളിൽ വന്ന കുറവിനെയാണ് സൂചിപ്പിക്കുന്നത്; പ്രത്യേകിച്ചും ഭക്ഷണസാധനങ്ങളുടെ വിലയിലുണ്ടായ വലിയ കുറവ് ഇതിന് കാരണമായി. പച്ചക്കറികളുടെയും പയറുവർഗ്ഗങ്ങളുടെയും വിലയിൽ വന്ന മാറ്റങ്ങൾ കാരണം ഹെഡ്‌ലൈൻ സിപിഐ (CPI) പണപ്പെരുപ്പം 1.7 ശതമാനമായി താഴ്ന്നു. അനുകൂലമായ കൃഷി സാഹചര്യങ്ങൾ, വിതരണ ശൃംഖലയിലെ ഇടപെടലുകൾ, ശക്തമായ 'ബേസ് ഇഫക്റ്റ്' എന്നിവ ഇതിന് തുണയായി. കോർ പണപ്പെരുപ്പം (Core inflation) മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, ഇത് പ്രധാനമായും വിലയേറിയ ലോഹങ്ങളുടെ (സ്വർണം പോലുള്ളവ) വിലക്കയറ്റം മൂലമാണ്. ഇത് ഒഴിവാക്കി പരിശോധിച്ചാൽ, അടിസ്ഥാന പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കുറവാണെന്ന് കാണാം. അനുകൂല വിതരണ-ഭാഗത്തെ സാഹചര്യങ്ങൾ മൂലവും, ജിഎസ്ടി നിരക്ക് കാര്യക്ഷമമായി തീരുകയും ചെയ്യുന്ന സാഹചര്യത്തിൽ പണപ്പെരുപ്പ സാഹചര്യം അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
2026 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഡിമാൻഡിലും മൂലധന രൂപീകരണത്തിലും ഉണ്ടായ മുന്നേറ്റത്തിന് പിന്നിൽ കൃത്യമായ വരുമാന സമാഹരണവും നിയന്ത്രിതമായ ചെലവ് ചുരുക്കലും അടങ്ങിയ വിവേകപൂർണ്ണമായ ധനനയമാണെന്ന് (Fiscal policy) സർവേ പ്രസ്താവിക്കുന്നു. 2025 നവംബർ വരെയുള്ള കണക്കനുസരിച്ച് നേരിട്ടുള്ള നികുതി പിരിവ് വാർഷിക ലക്ഷ്യത്തിന്റെ 53 ശതമാനത്തോളം എത്തിയിട്ടുണ്ട് (2025 നവംബർ വരെ). കുറഞ്ഞ പണപ്പെരുപ്പവും ഇറക്കുമതിയിലെ മാറ്റങ്ങളും നിലനിൽക്കെത്തന്നെ പരോക്ഷ നികുതി പിരിവ് ശക്തമായി തുടർന്നു; ജിഎസ്ടി (GST) പിരിവ് ഈ വർഷം പലതവണ റെക്കോർഡ് ഉയരങ്ങളിലെത്തി. വ്യക്തിഗത ആദായനികുതി പരിഷ്കാരങ്ങളും ജിഎസ്ടി നിരക്കിലെ മാറ്റങ്ങളും വരുമാനം നിലനിർത്തുന്നതോടൊപ്പം ഉപഭോഗം വർദ്ധിപ്പിക്കാനും സഹായിച്ചു. ചെലവുകളുടെ കാര്യമെടുത്താൽ, മൂലധനച്ചെലവ് (Capital outlays) മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവ് രേഖപ്പെടുത്തി, നവംബർ 2025 ഓടെ ബജറ്റ് വിഹിതത്തിന്റെ 60 ശതമാനത്തോളം ചെലവഴിച്ചു കഴിഞ്ഞു. കൂടാതെ, റവന്യൂ ചെലവുകൾ നിയന്ത്രിച്ചു നിർത്തിയത് പൊതു ചെലവിടലിന്റെ ഗുണനിലവാരം ഉറപ്പാക്കി.
സാമ്പത്തിക അച്ചടക്കത്തോട് സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധത വിപണികൾ അംഗീകരിച്ചതോടെ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം കുറയുകയും യുഎസ് ബോണ്ടുകളുമായുള്ള വ്യത്യാസം പകുതിയിലേറെ താഴുകയും ചെയ്തു. കുറഞ്ഞ റിപ്പോ നിരക്കിനൊപ്പം സമ്പദ് വ്യവസ്ഥയിലെ വായ്പാ ചെലവുകളുടെ മാനദണ്ഡമായി വർത്തിക്കുന്ന ഈ കുറഞ്ഞ ആദായനിരക്ക് സ്വയം ഒരു സാമ്പത്തിക ഉത്തേജകമായി പ്രവർത്തിക്കുന്നു. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ എസ് & പി റേറ്റിങ്സ് ഇന്ത്യയുടെ നിലവാരം ‘BBB മൈനസി’ൽ നിന്ന് ‘BBB’ യിലേക്ക് ഉയർത്തി സാമ്പത്തിക ഏകീകരണ പാതയുടെയും അതിനോടുള്ള പ്രതിബദ്ധതയുടേയും വിശ്വസനീയതയ്ക്ക് അംഗീകാരം നല്‍കി. ഇന്ത്യയെക്കുറിച്ച് പഠിച്ചുതുടങ്ങിയ കെയർഎഡ്ജ് ഗ്ലോബലും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പ്രകടനവും ധനപരമായ അച്ചടക്കവും അടിവരയിട്ട് ‘BBB+’ റേറ്റിങ് നൽകി.
ഉയർന്ന പൊതു മൂലധന ചെലവിലൂടെയും നികുതി കുറയ്ക്കലിലൂടെയും നൽകിയ ധനപരമായ ഉത്തേജനത്തോടൊപ്പം 2025 ഫെബ്രുവരി മുതൽ വായ്പാനയ റിപ്പോ നിരക്കിൽ ആകെ 125 അടിസ്ഥാന പോയിൻ്റ് കുറവ് വരുത്തിയതിലൂടെ (നാണയപ്പെരുപ്പ സമ്മർദം കുറഞ്ഞതോടെ) ധനപിന്തുണയും നൽകി. കരുതൽ ധനാനുപാതം വെട്ടിക്കുറച്ചും (2.5 ലക്ഷം കോടി രൂപ) പൊതുവിപണി ദൗത്യങ്ങളിലൂടെയും (6.95 ലക്ഷം കോടി രൂപ) ഏകദേശം 25 ബില്യൺ ഡോളറിൻ്റെ വിദേശനാണ്യ വിനിമയ കരാറിലൂടെയും സുസ്ഥിര പണലഭ്യത ഉറപ്പാക്കി. ഈ നടപടികൾ ബാങ്കിങ് സംവിധാനത്തിലേക്ക് ഫലപ്രദമായി കൈമാറ്റം ചെയ്യപ്പെട്ടു. പട്ടികപ്പെടുത്തിയ വാണിജ്യ ബാങ്കുകളുടെ പുതിയ പണവായ്പകളുടെ നിശ്ചിത അനുപാതത്തിലെ ശരാശരി പലിശ നിരക്ക് (WALR) 59 അടിസ്ഥാന പോയിൻ്റ് കുറഞ്ഞു. അതേസമയം കുടിശ്ശിക വായ്പകളുടെ ശരാശരി പലിശ നിരക്ക് 2025 ഫെബ്രുവരിയ്ക്കും നവംബറിനും ഇടയിൽ 69 അടിസ്ഥാന പോയിൻ്റ് കുറഞ്ഞു. ഒപ്പം ബാങ്കിങ് മേഖല അതിൻ്റെ ബാലൻസ് ഷീറ്റുകൾ കൂടുതൽ ശക്തിപ്പെടുത്തി. ആകെ നിഷ്‌ക്രിയ ആസ്തി അനുപാതം പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.2 ശതമാനത്തിലേക്ക് കുറഞ്ഞു, അർധവാർഷിക ആസ്തി ചോർച്ചാ നിരക്ക് 0.7 ശതമാനത്തിൽ സുസ്ഥിരമായി തുടരുന്നു. കൂടാതെ നികുതിയ്ക്ക് ശേഷം ഉയർന്ന ലാഭത്തിൻ്റെയും ആകെ പലിശ ആദായത്തിൻ്റെയും പിന്തുണയോടെ ലാഭക്ഷമത മെച്ചപ്പെടുകയും ചെയ്തു.
വ്യാപാരമേഖലയിലെ ആഗോള അനിശ്ചിതത്വത്തിൻ്റെ പശ്ചാത്തലത്തിലും 2025 സാമ്പത്തിക വർഷം ഇന്ത്യയുടെ ആകെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും) റെക്കോഡ് നിലവാരമായ 825.3 ബില്യൺ ഡോളറിലെത്തിയെന്നും 2026 സാമ്പത്തിക വർഷത്തിലും ഈ മുന്നേറ്റം തുടരുന്നുവെന്നും സാമ്പത്തിക സർവേ പരാമർശിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവയ്ക്കിടയിലും ചരക്ക് കയറ്റുമതി 2.4 ശതമാനവും (2025 ഏപ്രിൽ-ഡിസംബർ), സേവന കയറ്റുമതി 6.5 ശതമാനവും വർധിച്ചു. 2025 ഏപ്രിൽ-ഡിസംബർ കാലയളവിലെ ചരക്ക് ഇറക്കുമതിയില്‍ 5.9 ശതമാനത്തിൻ്റെ വര്‍ധനയും കാണാം. മുൻ വർഷങ്ങളിലെ പ്രവണതകൾ പിന്തുടർന്ന് ചരക്കുവ്യാപാര മേഖലയിലെ കമ്മിയിലുണ്ടായ വർധന, സേവന വ്യാപാര മിച്ചത്തിലെ വർധനയിലൂടെ സന്തുലിതമായി. അതേസമയം വിദേശത്തുനിന്നുള്ള പണമയയ്ക്കലിലെ വളർച്ച ഈ സന്തുലിതാവസ്ഥയെ ശക്തിപ്പെടുത്തി. മിക്ക വർഷങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തേക്കാൾ കൂടുതലായിരുന്നു പ്രവാസികൾ അയക്കുന്ന പണം. വിദേശ ധനസഹായത്തിൻ്റെ പ്രധാന സ്രോതസ്സ് എന്ന നിലയിൽ ഇതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണക്ക്. തല്‍ഫലമായി 2026 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ കറൻ്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.8 ശതമാനമെന്ന മിതമായ നിരക്കിൽ തുടരുന്നു.
ഇന്ത്യയുടെ ബാഹ്യ മേഖല ഏതാനും കാലത്തേക്ക് സുരക്ഷിത നിലയിലാണ്. 2026 ജനുവരി 16-ലെ കണക്കനുസരിച്ച് 11 മാസത്തിലേറെ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യ ശേഖരം ഇന്ത്യയ്ക്കുണ്ട്. 2025 സെപ്റ്റംബർ അവസാനത്തെ കണക്കനുസരിച്ച് ആകെ വിദേശ കടത്തിൻ്റെ ഏകദേശം 94.0 ശതമാനമാണിത്. ആവശ്യമായ കരുതൽ ശേഖരം ഇത് വാഗ്ദാനം ചെയ്യുന്നു. യുകെ, ഒമാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവെച്ചതും മൂന്നുവർഷത്തെ ചർച്ചകൾക്ക് ശേഷം അടുത്തിടെ പൂർത്തിയാക്കി യൂറോപ്യൻ പാർലമെൻ്റ് അംഗീകാരത്തിനായി കാത്തിരിക്കുന്ന ഇന്ത്യ - യൂറോപ്യൻ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറും കാണിക്കുന്നതുപോലെ വൈവിധ്യമാർന്ന വ്യാപാര തന്ത്രമാണ് നാം പിന്തുടരുന്നത്. കൂടാതെ, അമേരിക്കയുമായി നടത്തുന്ന സജീവ ചർച്ചകൾ ഇന്ത്യയുടെ കയറ്റുമതിക്ക് ഗുണകരമാണ്.
തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലെ സുപ്രധാന കേന്ദ്ര സർക്കാര്‍ വിജ്ഞാപനം നിയന്ത്രണ ചട്ടക്കൂടിലെ ഗണ്യമായ പരിഷ്കരണത്തെ അടയാളപ്പെടുത്തുന്നു. 29 കേന്ദ്ര നിയമങ്ങളെ നാല് തൊഴില്‍ കോഡുകളായി ഏകീകരിക്കുന്നത് നിയമനിര്‍വഹണം ലളിതമാക്കാനും തൊഴിൽ വിപണിയിലെ നിയമപാലനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു; ഒപ്പം വേതനം, തൊഴിൽ സുരക്ഷ, സാമൂഹ്യസുരക്ഷ എന്നിവയ്ക്ക് സംരക്ഷണം നിലനിർത്തി കൂടുതൽ തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു.
ബാഹ്യരംഗത്ത് സമ്പദ് വ്യവസ്ഥയ്ക്ക് അസാധാരണമാംവിധം വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2026 സാമ്പത്തിക വർഷം. ആഗോള വ്യാപാരത്തിലെ ഉയര്‍ന്ന അനിശ്ചിതത്വവും കടുത്ത തീരുവകള്‍ ഏർപ്പെടുത്തിയതും കയറ്റുമതിക്കാരുള്‍പ്പെടെ നിർമാതാക്കൾക്ക് സമ്മർദം സൃഷ്ടിക്കുകയും വ്യാപാരരംഗത്തെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്തു. ജിഎസ്ടി പരിഷ്കരണം, നിയന്ത്രണങ്ങൾ നീക്കുന്നതിലെ അതിവേഗ പുരോഗതി, വിവിധ മേഖലകളിലെ നിയമപാലന ആവശ്യകതകൾ കൂടുതൽ ലളിതമാക്കൽ തുടങ്ങിയ പ്രധാന നടപടികൾ നടപ്പാക്കാനുള്ള അവസരമായി പ്രതിസന്ധിയെ ഉപയോഗിച്ചാണ് സർക്കാർ പ്രതികരിച്ചത്. അതിനാൽ സ്ഥാപനങ്ങളും കുടുംബങ്ങളും ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തില്‍ 2027 സാമ്പത്തിക വർഷം ക്രമീകരണത്തിൻ്റെ വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ആവശ്യകതകളും നിക്ഷേപവും കരുത്താർജ്ജിക്കുന്ന നടപടിയാണിത്. എങ്കിലും ബാഹ്യാന്തരീക്ഷം അനിശ്ചിതത്വത്തിൽ തുടരുന്നുവെന്നത് അംഗീകരിക്കേണ്ടതുണ്ട്. ഇത് സമഗ്രമായ കാഴ്ചപ്പാടിനെ ഏറെ സ്വാധീനിക്കുന്നു.
ഹ്രസ്വ കാലയളവിൽ മങ്ങിക്കിടക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയില്‍ ദോഷകരമായ ഫലസാധ്യതകളാണ് പ്രബലമായി നിൽക്കുന്നത്. ആഗോളതലത്തിൽ വളർച്ച മിതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചരക്കുവില പ്രവണതകള്‍ക്ക് സുസ്ഥിരത നല്‍കുന്നു. വിവിധ സമ്പദ് വ്യവസ്ഥകളിലെ നാണയപ്പെരുപ്പം താഴോട്ടുള്ള പ്രവണതയാണ് കാണിക്കുന്നത്. അതിനാല്‍ വായ്പാനയം വളർച്ചയ്ക്ക് കൂടുതൽ അനുകൂലവും പിന്തുണ നൽകുന്നതുമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള സാഹചര്യം ദുർബലമായി തുടരുന്നുവെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. പ്രതീക്ഷിച്ചതിലും ഭേദപ്പെട്ട നിലയിലാണെങ്കിലും തീവ്ര ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും വ്യാപാരമേഖലയിലെ വിഘടനങ്ങള്‍ക്കും ദുർബല സാമ്പത്തിക സാഹചര്യങ്ങള്‍ക്കുമിടയില്‍ നഷ്ട സാധ്യത കൂടുതലാണ്. ഇതിൻ്റെ ആഘാതം പ്രകടമാകുന്നത് സമയമെടുത്തായിരിക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള സൂക്ഷ്മ സാമ്പത്തിക സമ്മര്‍ദത്തെക്കാളുപരി ബാഹ്യ അനിശ്ചിതത്വങ്ങളിലേക്കാണ് ആഗോള സാഹചര്യങ്ങൾ വഴിമാറുന്നത്. പ്രധാന വ്യാപാര പങ്കാളികളിലെ മന്ദഗതിയിലെ വളർച്ച, തീരുവകള്‍ മൂലമുണ്ടാകുന്ന വ്യാപാര തടസങ്ങൾ, മൂലധന പ്രവാഹത്തിലെ അസ്ഥിരത എന്നിവ കയറ്റുമതിയെയും നിക്ഷേപക മനോഭാവത്തെയും ഇടയ്ക്കിടെ ബാധിച്ചേക്കാം. അതേസമയം, അമേരിക്കയുമായി നിലവിലെ വ്യാപാര ചർച്ചകൾ ഈ വർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഹ്യരംഗത്തെ അനിശ്ചിതത്വം കുറയ്ക്കാൻ ഇത് സഹായിക്കും. ഈ നഷ്ട സാധ്യതകൾ കൈകാര്യം ചെയ്യാവുന്നതാണെങ്കിലും ആവശ്യമായ കരുതൽ ശേഖരം നിലനിർത്തേണ്ടതിൻ്റെയും നയപരമായ വിശ്വസനീയതയുടെയും പ്രാധാന്യം അവ അടിവരയിടുന്നു.
ഈ പശ്ചാത്തലത്തിൽ ആഭ്യന്തര സമ്പദ് വ്യവസ്ഥ സ്ഥിരതയാര്‍ന്ന നിലയിലാണ്. ചരിത്രപരമായ താഴ്ന്ന നിലയിലേക്ക് നാണയപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും വരും കാലയളവിൽ നേരിയ വർധനയുണ്ടായേക്കാം. കുടുംബങ്ങൾ, സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ ബാലൻസ് ഷീറ്റുകൾ കൂടുതൽ ആരോഗ്യകരമാണ്, കൂടാതെ പൊതു നിക്ഷേപം സാമ്പത്തിക പ്രവർത്തനങ്ങളെ തുടർന്നും പിന്തുണയ്ക്കുന്നു. ഉപയോക്തൃ ആവശ്യകത പ്രതിരോധശേഷിയോടെ തുടരുന്നു, കൂടാതെ സ്വകാര്യ നിക്ഷേപ താല്പര്യങ്ങൾ മെച്ചപ്പെടുന്നുമുണ്ട്. ഈ സാഹചര്യങ്ങൾ ബാഹ്യ ആഘാതങ്ങൾക്കെതിരെ പ്രതിരോധം നൽകുകയും വളർച്ചാ കുതിപ്പിൻ്റെ തുടര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വരും വർഷത്തില്‍ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വർഷം പുതുക്കി നിശ്ചയിക്കുന്നത് നാണയപ്പെരുപ്പം കണക്കാക്കുന്നതിനെ സ്വാധീനിക്കും; അതിനാൽ വിലനിലവാരത്തിലെ മാറ്റങ്ങള്‍ വളരെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ടതാണ്.
സമ്പദ് വ്യവസ്ഥയുടെ ഇടക്കാല വളർച്ചാ സാധ്യത 7 ശതമാനത്തിനടുത്തേക്ക് ഉയർത്തിയതായി കാണപ്പെടുന്നുവെന്നതാണ് പ്രധാനമായും സമീപ വർഷങ്ങളിലെ നയ പരിഷ്കാരങ്ങളുടെ ആകെത്തുക. ആഭ്യന്തര ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതിനാലും സൂക്ഷ്മ സാമ്പത്തിക സ്ഥിരത ഉറച്ചുനിൽക്കുന്നതിനാലും വളർച്ച സംബന്ധിച്ച നഷ്ട സാധ്യതകളുടെ സന്തുലിതാവസ്ഥ ഒരേ നിലയിലാണ്. ഈ പരിഗണനകളെല്ലാം ഒന്നിച്ചുചേര്‍ത്ത് 2027 സാമ്പത്തിക വർഷം യഥാർത്ഥ ജിഡിപി വളർച്ച 6.8 മുതൽ 7.2 ശതമാനം വരെയെത്തുമെന്നാണ് സാമ്പത്തിക സർവേ കണക്കാക്കുന്നത്. അതിനാൽ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സുസ്ഥിര വളർച്ചയെന്ന മുന്നോട്ടുള്ള കാഴ്ചപ്പാടില്‍ ജാഗ്രത ആവശ്യമാണെങ്കിലും ഇതില്‍ അശുഭചിന്തയ്ക്ക് ഇടമില്ല.
***
SK
(रिलीज़ आईडी: 2220088)
आगंतुक पटल : 11