പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
प्रविष्टि तिथि:
27 JAN 2026 8:05PM by PIB Thiruvananthpuram
"ആദരണീയ പ്രസിഡന്റ്, ഇന്ത്യയിലെയും യൂറോപ്യൻ യൂണിയനിലെയും ബിസിനസ്സ് നേതാക്കളെ, നിങ്ങൾക്കേവർക്കും എന്റെ ആശംസകൾ.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. യൂറോപ്യൻ യൂണിയൻ കൗൺസിൽ, കമ്മീഷൻ പ്രസിഡന്റുമാരുടെ ഈ ഇന്ത്യൻ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനമല്ല; മറിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ ശംഖൊലിയാണ്. ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തതും, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ പൂർത്തിയാക്കിയതും, ഇന്ന് ഇത്രയധികം സി.ഇ.ഒമാരുടെ സാന്നിധ്യത്തിൽ ഇത്ര വിപുലമായി ബിസിനസ് ഫോറം സംഘടിപ്പിച്ചതും - ഈ നേട്ടങ്ങളെല്ലാം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിൽ സംഭവിക്കുന്ന അഭൂതപൂർവമായ ഐക്യത്തിന്റെ അടയാളങ്ങളാണ്."
സുഹൃത്തുക്കളേ,
ഈ ഒത്തുചേരൽ യാദൃശ്ചികമല്ല; കമ്പോള സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ നമുക്ക് ഒരേ മൂല്യങ്ങളാണുള്ളത്. ആഗോള സ്ഥിരതയ്ക്കായി നമുക്ക് ഒരേ മുൻഗണനകളുണ്ട്, കൂടാതെ തുറന്ന സമൂഹങ്ങൾ എന്ന നിലയിൽ നമ്മുടെ ജനങ്ങൾ തമ്മിൽ സ്വാഭാവികമായ ഒരു ബന്ധവുമുണ്ട്. ഈ ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട് നാം നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പങ്കാളിത്തങ്ങളിലൊന്നായി നാം ഇതിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ഫലങ്ങൾ നമുക്ക് മുന്നിൽ വ്യക്തമാണ്.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മുടെ വ്യാപാരം ഇരട്ടിയായി 180 ബില്യൺ യൂറോയിൽ എത്തിയിരിക്കുന്നു. ആറായിരത്തിലധികം യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ത്യയിലേക്ക് 120 ബില്യൺ യൂറോയിലധികം നിക്ഷേപമുണ്ട്. 1,500 ഇന്ത്യൻ കമ്പനികൾ യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നു, അവിടെയുള്ള ഇന്ത്യൻ നിക്ഷേപം ഏകദേശം 40 ബില്യൺ യൂറോയിൽ എത്തിയിരിക്കുന്നു. ഇന്ന് ഗവേഷണം (R&D), നിർമ്മാണം, സേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യൻ-യൂറോപ്യൻ കമ്പനികൾ തമ്മിൽ ആഴത്തിലുള്ള സഹകരണമുണ്ട്. നിങ്ങളെപ്പോലുള്ള ബിസിനസ്സ് നേതാക്കളാണ് ഇതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും.
സുഹൃത്തുക്കളേ,
ഈ പങ്കാളിത്തത്തെ ഒരു 'സമൂഹത്തിന്റെ മൊത്തത്തിലുള്ള പങ്കാളിത്തം' (Whole of the Society Partnership) ആക്കി മാറ്റേണ്ട സമയമാണിത്. ഈ ചിന്തയോടെയാണ് നാം ഇന്ന് സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാർ (FTA) പൂർത്തിയാക്കിയിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ തൊഴിൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും. തുണിത്തരങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, വാഹന അനുബന്ധ ഭാഗങ്ങൾ (auto parts), എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ പ്രധാനമായും ഉൾപ്പെടുന്നു. പഴങ്ങൾ, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിന്റെ നേരിട്ടുള്ള പ്രയോജനം നമ്മുടെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ലഭിക്കും; ഒപ്പം നമ്മുടെ സേവന മേഖലയ്ക്കും ഇതിന്റെ ഗുണമുണ്ടാകും. പ്രത്യേകിച്ച് ഐടി, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം, ബിസിനസ് സേവനങ്ങൾ എന്നിവയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടും.
സുഹൃത്തുക്കളേ,
ഇന്ന് ആഗോള ബിസിനസ്സ് ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ കമ്പനിയും തങ്ങളുടെ വിപണി തന്ത്രങ്ങളെയും പങ്കാളിത്തങ്ങളെയും പുതിയ കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നത്. ഇത്തരമൊരു സമയത്ത്, ഈ സ്വതന്ത്ര വ്യാപാര കരാർ (FTA) ബിസിനസ്സ് ലോകത്തിന് വ്യക്തവും പോസിറ്റീവുമായ ഒരു സന്ദേശമാണ് നൽകുന്നത്. ഇരുവശത്തുമുള്ള ബിസിനസ്സ് സമൂഹങ്ങൾക്കും പ്രാപ്തവും വിശ്വസനീയവും ഭാവി ലക്ഷ്യമാക്കിയുള്ളതുമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള വ്യക്തമായ ക്ഷണമാണിത്. ഈ കരാർ നൽകുന്ന അവസരങ്ങൾ നിങ്ങൾ എല്ലാവരും പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബിസിനസ് പങ്കാളിത്തത്തിന് പല മുൻഗണനാ വിഷയങ്ങളിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ, മൂന്ന് പ്രധാന മുൻഗണനകളെക്കുറിച്ച് ഞാൻ സംസാരിക്കാം.
ഒന്ന്: ഇന്ന് ലോകത്ത് വ്യാപാരം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ (critical minerals) എന്നിവ ആയുധമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ആശ്രിതത്വങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനായി (de-risk) നാം ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ (EV), ബാറ്ററികൾ, ചിപ്പുകൾ, എ.പി.ഐ (APIs) എന്നിവയിൽ പുറമെനിന്നുള്ള ആശ്രിതത്വം കുറയ്ക്കാൻ നമ്മുടെ ബിസിനസ് സമൂഹത്തിന് സാധിക്കുമോ? നമുക്ക് വിശ്വസനീയമായ വിതരണ ശൃംഖലകളുടെ (supply chains) പങ്കിട്ട ഒരു ബദൽ കെട്ടിപ്പടുക്കാൻ കഴിയുമോ?
രണ്ട്: ഇന്ത്യയുടെയും യൂറോപ്യൻ യൂണിയന്റെയും ശ്രദ്ധ പ്രതിരോധ വ്യവസായങ്ങളിലും അത്യാധുനിക സാങ്കേതികവിദ്യയിലുമാണ് (frontier technology). പ്രതിരോധം, ബഹിരാകാശം, ടെലികോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
മൂന്ന്: വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു ഭാവി ഇരുവിഭാഗത്തിന്റെയും മുൻഗണനയാണ്. ഗ്രീൻ ഹൈഡ്രജൻ തുടങ്ങി സൗരോർജ്ജം, സ്മാർട്ട് ഗ്രിഡുകൾ വരെയും ഉള്ള എല്ലാ മേഖലകളിലും നാം സംയുക്ത ഗവേഷണവും നിക്ഷേപവും വർദ്ധിപ്പിക്കണം. സ്മോൾ മോഡുലാർ റിയാക്ടറുകളിലും (SMR) സുസ്ഥിര ഗതാഗത സംവിധാനങ്ങളിലും (sustainable mobility) ഇരു വ്യവസായങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. അതോടൊപ്പം, ജല മാനേജ്‌മെന്റ്, സർക്കുലർ ഇക്കണോമി, സുസ്ഥിര കൃഷി എന്നീ മേഖലകളിലും സംയുക്തമായി പരിഹാരങ്ങൾ വികസിപ്പിക്കണം.
സുഹൃത്തുക്കളേ,
ഇന്നത്തെ ചരിത്രപരമായ തീരുമാനങ്ങൾക്ക് ശേഷം, ഇനി വലിയൊരു ഉത്തരവാദിത്തം നിങ്ങളിലൊക്കെയുണ്ട്. അടുത്ത ചുവടുവെപ്പ് നടത്തേണ്ടത് ബിസിനസ് സമൂഹമാണ്. പന്ത് ഇപ്പോൾ നിങ്ങളുടെ കോർട്ടിലാണ്. നിങ്ങളുടെ പരസ്പര സഹകരണത്തിലൂടെ മാത്രമേ നമ്മുടെ പങ്കാളിത്തത്തിന് വിശ്വാസവും വ്യാപ്തിയും നേടാൻ കഴിയൂ. നിങ്ങളുടെ പരിശ്രമങ്ങളിലൂടെ നമുക്ക് പങ്കിട്ട സമൃദ്ധി കൈവരിക്കാൻ സാധിക്കും. നമുക്ക് നമ്മുടെ കഴിവുകൾ ഒന്നിപ്പിച്ച് ലോകത്തിന് മുഴുവൻ വളർച്ച നൽകുന്ന ഒരു 'ഡബിൾ എഞ്ചിൻ' ആയി മാറാം.
വളരെ നന്ദി.
***
(रिलीज़ आईडी: 2219522)
आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Odia
,
Telugu
,
Kannada