വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാര്‍ത്ഥ്യമായി: ഇന്ത്യയുടെ ആഗോള വ്യാപാര രംഗത്ത് തന്ത്രപരമായ വഴിത്തിരിവ്
16-ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്നിന്റെയും സംയുക്ത പ്രഖ്യാപനം
ആഗോള ജിഡിപിയുടെ 25 ശതമാനത്തെ പ്രതിനിധീകരിക്കുന്ന, ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയും രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനും തമ്മില്‍ വിശ്വസനീയ പങ്കാളിത്തം
അഭൂതപൂർവമായ വിപണി പ്രവേശം; 99 ശതമാനത്തിലേറെ ഇന്ത്യൻ കയറ്റുമതികൾക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ലഭിക്കുന്ന മുൻഗണനാ പ്രവേശനം വൻതോതില്‍ വളർച്ചാ സാധ്യതകൾ തുറക്കുന്നു
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ അവസരങ്ങൾ തുറക്കുന്ന സ്വതന്ത്ര വ്യാപാര കരാർ സ്ത്രീകള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും യുവജനങ്ങള്‍ക്കും പ്രൊഫഷണലുകൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കും
കയറ്റുമതിയില്‍ 6.41 ലക്ഷം കോടി രൂപയുടെ (75 ബില്യൺ ഡോളർ) കുതിപ്പിന് സജ്ജം; വസ്ത്രം, തുകൽ, സമുദ്രോല്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങി തൊഴിലധിഷ്ഠിത മേഖലകളിലെ 33 ബില്യൺ ഡോളര്‍ കയറ്റുമതിക്ക് കരാറിന് കീഴിലെ മുൻഗണനാ പ്രവേശനത്തിലൂടെ വലിയ നേട്ടം
'മെയ്ക്ക് ഇൻ ഇന്ത്യ' ആശയം മുന്നോട്ടുനയിക്കാന്‍ വാഹന മേഖലയിൽ പരസ്പര വിപണി പ്രവേശനത്തോടെ കൃത്യമായ ക്രമീകരണങ്ങൾ
അനുകൂല വിപണി പ്രവേശനം ഇന്ത്യയുടെ കാർഷിക, ഭക്ഷ്യസംസ്കരണ കയറ്റുമതിക്ക് പുതിയ വാതിലുകൾ തുറക്കുന്നു
സംരക്ഷിത കാർഷികോല്പന്നങ്ങള്‍ക്കും ക്ഷീരമേഖലയ്ക്കും ഇന്ത്യയുടെ സുരക്ഷാകവചം; വിപണി പ്രവേശനമില്ല
സേവനങ്ങളിൽ അഭിലാഷപൂർണ്ണവും വാണിജ്യപരമായി അർത്ഥവത്തായതുമായ വിപണി പ്രവേശനം
ഭാവി സജ്ജമായ തൊഴിൽ കുടിയേറ്റ ചട്ടക്കൂട് നൈപുണ്യമുള്ളവരും അർധനൈപുണ്യമുള്ളവരുമായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആഗോള അവസരങ്ങൾ വിപുലീകരിക്കുന്നു
ഭാവി അധിഷ്ഠിത സിബിഎഎം വ്യവസ്ഥകൾ സൃഷ്ടിപരമായ ഇടപെടലും ചർച്ചകളും ഉറപ്പാക്കി ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനെ പിന്തുണയ്ക്കുന്നു; എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയ്ക്ക് അടിത്തറ പാകുന്നു
प्रविष्टि तिथि:
27 JAN 2026 2:16PM by PIB Thiruvananthpuram
യൂറോപ്യൻ നേതാക്കളുടെ ഇന്ത്യാ സന്ദർശന വേളയിൽ നടന്ന 16-ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്നും സംയുക്തമായി ഇന്ന് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക ബന്ധങ്ങളിലും സുപ്രധാന ആഗോള പങ്കാളികളുമായി നടത്തുന്ന വ്യാപാര ഇടപെടലുകളിലും ഈ പ്രഖ്യാപനത്തിലൂടെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.
സ്വതന്ത്ര വ്യാപാര കരാറിന്റെ പൂർത്തീകരണത്തിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തുറന്ന വിപണികളോടും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയോടും പ്രതിജ്ഞാബദ്ധരായ വിശ്വസനീയ പങ്കാളികളായി മാറുന്നു.
2022-ൽ ചർച്ചകൾ പുനരാരംഭിച്ചതിന് ശേഷം തീവ്ര കൂടിയാലോചനകൾക്കൊടുവിലാണ് കരാർ രൂപംകൊണ്ടത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലെ വർഷങ്ങൾ നീണ്ട ചർച്ചകളുടെയും സഹകരണത്തിന്റെയും പരിസമാപ്തി അടയാളപ്പെടുത്തുന്ന ഇന്നത്തെ പ്രഖ്യാപനം സന്തുലിതവും ആധുനികവും നിയമബദ്ധവുമായ സാമ്പത്തിക-വ്യാപാര പങ്കാളിത്തിനായി കൈക്കൊണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും പങ്കിട്ട കാഴ്ചപ്പാടും പ്രകടമാക്കുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ യൂറോപ്യൻ യൂണിയനുമായി ചരക്ക്-സേവന മേഖലകളിലെ ഉഭയകക്ഷി വ്യാപാരം വർഷങ്ങളായി ക്രമാനുഗതമായി വളരുകയാണ്. 2024–25 കാലയളവില്‍ യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 11.5 ലക്ഷം കോടി രൂപയായിരുന്നു (136.54 ബില്യൺ ഡോളർ). 6.4 ലക്ഷം കോടി രൂപയുടെ (75.85 ബില്യൺ ഡോളർ) കയറ്റുമതിയും 5.1 ലക്ഷം കോടി രൂപയുടെ (60.68 ബില്യൺ ഡോളർ) ഇറക്കുമതിയും ഇതിലുൾപ്പെടുന്നു. 2024-ൽ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സേവന വ്യാപാരം 7.2 ലക്ഷം കോടി രൂപയിലെത്തി (83.10 ബില്യൺ ഡോളർ).
ആഗോള ജിഡിപിയുടെ 25 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ലോകത്തെ നാലാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും യൂറോപ്യൻ യൂണിയനും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് കൈകാര്യം ചെയ്യുന്നു. വൈവിധ്യമാർന്നതും പരസ്പരപൂരകവുമായ ഈ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളുടെ സംയോജനം വ്യാപാര-നിക്ഷേപ രംഗങ്ങളില്‍ അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തന്ത്രപരമായ കാഴ്ചപ്പാടിനെയും നേതൃത്വത്തെയും അഭിനന്ദിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു:
“ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പൂർത്തീകരണം ഇന്ത്യയുടെ സാമ്പത്തിക ബന്ധങ്ങളിലെയും ആഗോള കാഴ്ചപ്പാടിലെയും നിർണായക നേട്ടത്തെ പ്രതിനിധീകരിക്കുന്നു. വിശ്വസനീയവും പരസ്പരം പ്രയോജനകരവും സന്തുലിതവുമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന സമീപനത്തെ ഇത് പിന്തുണയ്ക്കുന്നു.
കേവലം പരമ്പരാഗത വ്യാപാര കരാറിനപ്പുറം തന്ത്രപരമായ തലങ്ങളടങ്ങുന്ന ഈ സമഗ്ര പങ്കാളിത്തം ഏറ്റവും നിര്‍ണായകമായ സ്വതന്ത്ര വ്യാപാര കരാറുകളിലൊന്നാണ്. ഇന്ത്യയുടെ കയറ്റുമതി മൂല്യത്തിന്റെ 99 ശതമാനത്തിലധികം ഉല്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയനിൽ അഭൂതപൂർവമായ വിപണി പ്രവേശം ഇന്ത്യ ഉറപ്പാക്കിയത് 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ ശക്തിപ്പെടുത്തുന്നു. ചരക്കുകൾക്കപ്പുറം നൈപുണ്യമാര്‍ജിച്ച ഇന്ത്യൻ പ്രൊഫഷണലുകളുടെ സുഗമമായ യാത്രകള്‍ സാധ്യമാക്കുന്ന സമഗ്ര തൊഴില്‍ കുടിയേറ്റ ചട്ടക്കൂടിനൊപ്പം സേവന മേഖലയിലും കരാര്‍ മൂല്യമേറിയ വാഗ്ദാനങ്ങൾ നൽകുന്നു.
ഊർജസ്വലരായ യുവശക്തിയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും സ്വന്തമായ ഇന്ത്യ ഈ സ്വതന്ത്ര വ്യാപാര കരാർ പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിവിധ മേഖലകളിൽ അവസരങ്ങൾ തുറക്കാനും ആഗോളതലത്തിൽ മത്സരക്ഷമത വർധിപ്പിക്കാനും പൂര്‍ണ സജ്ജമാണ്.”
ചരക്കുവ്യാപാരം, സേവനങ്ങൾ, വ്യാപാര പരിഹാരങ്ങൾ, ഉത്ഭവ നിയമങ്ങൾ, വ്യാപാരവും തീരുവയും സുഗമമാക്കൽ തുടങ്ങി പരമ്പരാഗത മേഖലകളെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, ഡിജിറ്റൽ വ്യാപാരം തുടങ്ങി വളർന്നുവരുന്ന മേഖലകളെയും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാർ ഉൾക്കൊള്ളുന്നു.
വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, സമുദ്രോല്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ഈ സ്വതന്ത്ര വ്യാപാര കരാർ വലിയ ഉത്തേജനം നൽകുന്നു. ഏകദേശം 33 ബില്യൺ ഡോളറിന്റെ കയറ്റുമതിക്ക് 10% വരെയുള്ള നിലവിലെ തീരുവ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതാകും. മത്സരക്ഷമത വർധിപ്പിക്കുന്നതിനൊപ്പം തൊഴിലാളികൾ, കരകൗശല വിദഗ്ധർ, സ്ത്രീകൾ, യുവാക്കൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ എന്നിവരെ ശാക്തീകരിക്കുന്ന കരാര്‍ ഇന്ത്യൻ വ്യാപാരങ്ങളെ ആഗോള മൂല്യ ശൃംഖലയിൽ കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കുന്നു.
വാഹനങ്ങളുടെ കാര്യത്തിൽ നിശ്ചിത വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഉദാരവൽക്കരണ പാക്കേജ് വിലയേറിയ വാഹനങ്ങള്‍ ഇന്ത്യയിൽ അവതരിപ്പിക്കാൻ യൂറോപ്യൻ വാഹന നിർമാതാക്കളെ അനുവദിക്കുന്നതിനൊപ്പം ഭാവിയിൽ ‘മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും' ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കും സാധ്യതകൾ തുറക്കുന്നു. അത്യാധുനിക ഉല്പന്നങ്ങളിൽ നിന്നും ഉയര്‍ന്ന മത്സരത്തിൽ നിന്നും ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍ വിപണിയിലെ പരസ്പര വിപണി പ്രവേശം ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് യൂറോപ്യൻ വിപണിയിലെത്താനും അവസരമൊരുക്കും.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ ഇന്ത്യയുടെ കാർഷിക-സംസ്കരിച്ച ഭക്ഷണ മേഖലകൾ വലിയൊരു പരിവർത്തനത്തിന് തയ്യാറെടുക്കുകയാണ്. ഇത് ഇന്ത്യൻ കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും തുല്യമായ മത്സരസാഹചര്യം സൃഷ്ടിക്കാൻ സഹായിക്കും. ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഫ്രഷ് പഴങ്ങളും പച്ചക്കറികളും, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾക്ക് ഈ കരാറിലൂടെ ആഗോള വിപണിയിൽ കൂടുതൽ മത്സരശേഷി ലഭിക്കും. ഇത് ഗ്രാമീണ ഉപജീവനമാർഗങ്ങളെ ശക്തിപ്പെടുത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വസ്ത ആഗോള വിതരണക്കാരായുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും സഹായിക്കും. അതേസമയം, ക്ഷീരോൽപ്പന്നങ്ങൾ, ധാന്യങ്ങൾ, പോൾട്രി, സോയാമീൽ, ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളെ കയറ്റുമതി വളർച്ചയും ആഭ്യന്തര മുൻഗണനകളും സന്തുലിതമാക്കിക്കൊണ്ട് ഇന്ത്യ വിവേകപൂർവ്വം സംരക്ഷിച്ചിട്ടുണ്ട്.
നികുതി ഇളവുകൾക്ക് അപ്പുറം, നിയന്ത്രണങ്ങളിലുള്ള സഹകരണം ശക്തമാക്കുന്നതിലൂടെയും സുതാര്യത വർദ്ധിപ്പിക്കുന്നതിലൂടെയും നികുതിയിതര തടസ്സങ്ങളെ നേരിടാനുള്ള നടപടികൾ FTA വാഗ്ദാനം ചെയ്യുന്നു. ഇതിനായി കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും, സാനിറ്ററി ആൻഡ് ഫൈറ്റോസാനിറ്ററി (SPS) നടപടികൾ, വ്യാപാരത്തിലെ സാങ്കേതിക തടസ്സങ്ങൾ എന്നിവയിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരികയും ചെയ്യും.
സീബാം (CBAM) വ്യവസ്ഥകളിലൂടെ, ഈ നിയന്ത്രണത്തിന് കീഴിൽ മറ്റേതെങ്കിലും രാജ്യങ്ങൾക്ക് ഇളവുകൾ നൽകുകയാണെങ്കിൽ അത് ഇന്ത്യയ്ക്കും ലഭ്യമാക്കുമെന്ന് ഉറപ്പുനൽകുന്ന 'മോസ്റ്റ്-ഫേവേർഡ് നേഷൻ' പദവി ഉൾപ്പെടെയുള്ള സുപ്രധാനമായ ഉറപ്പുകൾ നേടിയെടുത്തിട്ടുണ്ട്. കാർബൺ വിലനിർണ്ണയം അംഗീകരിക്കുന്നതിലും പരിശോധകരുടെ അംഗീകാരത്തിലും മെച്ചപ്പെട്ട സാങ്കേതിക സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിനും പുതിയ കാർബൺ നിബന്ധനകൾ പാലിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായവും കൃത്യമായ പിന്തുണയും ഈ കരാറിലൂടെ ലഭ്യമാകും.
ഇരു സമ്പദ്‌വ്യവസ്ഥകളിലും നിർണ്ണായക സ്വാധീനമുള്ളതും വേഗത്തിൽ വളരുന്നതുമായ സേവന മേഖലകളിൽ ഭാവിയിൽ വ്യാപാരം വർദ്ധിക്കും. വിപണി പ്രവേശനം ഉറപ്പാക്കുന്നതും, വിവേചനരഹിതമായ പരിഗണനയും, ഡിജിറ്റൽ സേവനങ്ങൾക്കും ചലനാത്മകത എളുപ്പമാക്കുന്നതിനും നൽകുന്ന ഊന്നലും ഇന്ത്യയുടെ സേവന കയറ്റുമതിക്ക് ഉത്തേജനം നൽകും.
ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, പ്രൊഫഷണൽ സർവീസസ്, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ, ടൂറിസം, നിർമ്മാണ മേഖല തുടങ്ങി ഇന്ത്യക്ക് കരുത്തുള്ള പ്രധാന മേഖലകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് വാണിജ്യപരമായ വലിയ വാഗ്ദാനങ്ങൾ ഈ കരാർ ഉറപ്പാക്കുന്നു.
യൂറോപ്യൻ യൂണിയന്റെ 144 ഉപമേഖലകളിലേക്ക് (ഐടി, പ്രൊഫഷണൽ സർവീസസ്, വിദ്യാഭ്യാസം തുടങ്ങിയവ ഉൾപ്പെടെ) ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രവേശനം ഇന്ത്യൻ സേവന ദാതാക്കൾക്ക് വലിയ ഊർജ്ജമാകും. ഇതുവഴി ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യൻ സേവനങ്ങൾ യൂറോപ്പിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും. അതേസമയം, ഇന്ത്യയുടെ 102 ഉപമേഖലകളിലേക്ക് യൂറോപ്പിന് ലഭിക്കുന്ന പ്രവേശനം വഴി അത്യാധുനിക സാങ്കേതിക വിദ്യകളും നിക്ഷേപവും ഇന്ത്യയിലേക്ക് വരികയും, ഇത് ഇരുവിഭാഗത്തിനും ഗുണകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
ചലനാത്മകതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇരു ദിശകളിലേക്കുമുള്ള ഹ്രസ്വകാല, താൽക്കാലിക ബിസിനസ് യാത്രകൾക്കായി ലളിതവും സുതാര്യവുമായ ഒരു ചട്ടക്കൂട് ഒരുക്കുന്നു. ഇത് വിവിധ സാഹചര്യങ്ങളിൽ ഇരു സമ്പദ്‌വ്യവസ്ഥകൾക്കുമിടയിൽ സഞ്ചരിച്ച് സേവനങ്ങൾ നൽകാൻ പ്രൊഫഷണലുകളെ പ്രാപ്തരാക്കുന്നു. കമ്പനികൾക്കുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം (ഐ.സി.ടി) വിഭാഗത്തിൽ വരുന്നവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും അവിടെ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും കരാർ, ബിസിനസ് സന്ദർശകർ എന്നിവർക്കായി ഇന്ത്യയും യൂറോപ്യൻ യൂണിയനും പരസ്പരം യാത്രാ അനുമതികൾ നൽകുന്നുണ്ട്. ഇതിനൊപ്പം, ഐ.സി.ടി വിഭാഗത്തിൽ വരുന്നവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും അവിടെ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും കരാർ ഉറപ്പാക്കുന്നു. കൂടാതെ, കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർക്കായി 37 മേഖലകളിലും, സ്വതന്ത്ര പ്രൊഫഷണലുകൾക്കായി 17 മേഖലകളിലും യൂറോപ്യൻ യൂണിയൻ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രൊഫഷണൽ സേവനങ്ങൾ, കമ്പ്യൂട്ടർ അനുബന്ധ സേവനങ്ങൾ, ഗവേഷണവും വികസനവും, വിദ്യാഭ്യാസ സേവനങ്ങൾ എന്നിങ്ങനെ ഇന്ത്യയ്ക്ക് വളരെയധികം താൽപ്പര്യമുള്ള മേഖലകൾ ഉൾപ്പെടുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാമൂഹിക സുരക്ഷാ കരാറുകളിൽ ക്രിയാത്മകമായി ഇടപെടാനുള്ള ഒരു ചട്ടക്കൂടും, ഒപ്പം വിദ്യാർത്ഥികളുടെ യാത്രകൾക്കും പഠനത്തിന് ശേഷമുള്ള തൊഴിൽ അവസരങ്ങൾക്കും പിന്തുണ നൽകുന്ന സംവിധാനവും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
കൂടാതെ, പരമ്പരാഗത വൈദ്യശാസ്ത്ര രീതികൾക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ, ഇന്ത്യൻ പാരമ്പര്യ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നവർക്ക് ഇന്ത്യയിലെ ബിരുദത്തിന്റെ പേരിൽ തന്നെ തൊഴിൽ ചെയ്യാനുള്ള അനുമതിയും ഇന്ത്യ നേടിയെടുത്തിട്ടുണ്ട്.
സാമ്പത്തിക സേവന മേഖലയിൽ, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിർത്തി കടന്നുള്ള ഇലക്ട്രോണിക് പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനുമുള്ള സഹകരണം എഫ്‌ടിഎ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം, യൂറോപ്യൻ യൂണിയനിലെ പല പ്രമുഖ അംഗരാജ്യങ്ങളിലും ഇന്ത്യയ്ക്ക് മികച്ച വിപണി പ്രവേശനവും ഇത് പ്രദാനം ചെയ്യുന്നു. ഈ വ്യവസ്ഥകൾ സാമ്പത്തിക സംയോജനം ആഴത്തിലാക്കാനും സാമ്പത്തിക സേവന വ്യാപാരത്തിന്റെ വളർച്ചയെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പ്രതിബദ്ധതകൾ ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, നൈപുണ്യം, നൂതനാശയം, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പകർപ്പവകാശം, ട്രേഡ്‌മാർക്കുകൾ, ഡിസൈനുകൾ, വ്യാപാര രഹസ്യങ്ങൾ, സസ്യ വൈവിധ്യങ്ങൾ, ഐ.പി.ആർ നടപ്പിലാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ട്രിപ്‌സ് (TRIPS) കരാർ നൽകുന്ന ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ഈ കരാർ കൂടുതൽ ശക്തിപ്പെടുത്തുന്നു. കൂടാതെ, ദോഹ പ്രഖ്യാപനത്തെ അംഗീകരിക്കുകയും ഡിജിറ്റൽ ലൈബ്രറികളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു; പ്രത്യേകിച്ച് ഇന്ത്യ ആവിഷ്കരിച്ച ട്രഡീഷണൽ നോളജ് ഡിജിറ്റൽ ലൈബ്രറി (TKDL) പദ്ധതിയെ ഈ കരാർ എടുത്തുപറയുന്നു.
നിർമ്മിതബുദ്ധി, ശുദ്ധ സാങ്കേതികവിദ്യകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയ നിർണ്ണായക മേഖലകളിൽ സഹകരണം എളുപ്പമാക്കാനും ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തെ പിന്തുണയ്ക്കാനും ഈ കരാർ (FTA) സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാനും കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കാനും ഇന്ത്യൻ ബിസിനസുകളെ യൂറോപ്യൻ, ആഗോള മൂല്യ ശൃംഖലകളുമായി കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കാനും എഫ്‌ടിഎ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ ബ്ലോക്കും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിൽ FTA ഒരു പുതിയ അധ്യായം കുറിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും തന്ത്രപരമായ സഹകരണവും കൂടുതൽ ശക്തമാക്കും. വ്യാപാരത്തിലെ വൈവിധ്യമാർന്ന ലക്ഷ്യങ്ങൾ, വിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം, അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യകൾ, വർദ്ധിച്ചുവരുന്ന നിയന്ത്രണ സങ്കീർണ്ണതകൾ എന്നിവ കണക്കിലെടുത്ത്, ഭാവിയിൽ ഉണ്ടായേക്കാവുന്ന പെട്ടെന്നുള്ള വെല്ലുവിളികളെ നേരിടാൻ ഒന്നിലധികം അവലോകന, കൂടിയാലോചന, പ്രതികരണ സംവിധാനങ്ങൾ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപക്ഷത്തിനും നേട്ടങ്ങൾ ഉറപ്പാക്കുന്നതിന് ശക്തമായ മേൽനോട്ടത്തിലും വിശ്വാസത്തിലുമാണ് ഈ കരാർ അധിഷ്ഠിതമായിരിക്കുന്നത്.
യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ 22-ാമത്തെ എഫ്.ടി.എ പങ്കാളിയായി മാറുന്നു. 2014 മുതൽ മോറീഷ്യസ്, യു.എ.ഇ, യു.കെ, ഇ.എഫ്.ടി.എ, ഒമാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഗവണ്മെന്റ് വ്യാപാര കരാറുകളിൽ ഒപ്പിടുകയും ന്യൂസിലൻഡുമായുള്ള വ്യാപാര കരാർ പ്രഖ്യാപിക്കുകയും ചെയ്തു. 2025-ൽ ഒമാൻ, യു.കെ എന്നിവയുമായി ഇന്ത്യ വ്യാപാര കരാറുകളിൽ ഒപ്പിടുകയും ന്യൂസിലൻഡുമായുള്ള കരാർ പൂർത്തിയായതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, യുകെയുമായുള്ള ഇന്ത്യയുടെ എഫ്‌ടിഎ, ഇഎഫ്‌ടിഎ എന്നിവ ഇന്ത്യൻ ബിസിനസുകൾക്കും കയറ്റുമതിക്കാർക്കും സംരംഭകർക്കും മുഴുവൻ യൂറോപ്യൻ വിപണിയും ഫലപ്രദമായി തുറന്നു നൽകുന്നു.
വാണിജ്യം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, ഇത് പങ്കിട്ട മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും എംഎസ്‌എംഇകൾ, സ്ത്രീകൾ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ മുതൽ കർഷകർ, കയറ്റുമതിക്കാർ വരെയുള്ള മേഖലകളിലും പങ്കാളികളിലും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. "വിക്‌സിത് ഭാരത് 2047" എന്ന ഇന്ത്യയുടെ ദർശനവുമായി പൊരുത്തപ്പെടുന്ന എഫ്‌ടിഎ, ആഗോളതലത്തിൽ ഇന്ത്യയെ ചലനാത്മകവും വിശ്വസനീയവുമായ ഭാവി പങ്കാളിയായി പ്രതിഷ്ഠിക്കുന്നു. ഇത് ഇരു മേഖലകളെയും ഉൾക്കൊള്ളുന്നതും കരുത്തുറ്റതും ഭാവിയിലേക്ക് സജ്ജവുമായ വളർച്ചയ്ക്ക് അടിത്തറയിടുന്നു.
***
SKY
(रिलीज़ आईडी: 2219097)
आगंतुक पटल : 77