പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ കാലിയാബോറിൽ 6,950 കോടിയിലധികം രൂപ ചെലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

കാസിരംഗ എന്നത് ഒരു ദേശീയോദ്യാനത്തെക്കാളുപരി അസമിന്റെ ആത്മാവും ഇന്ത്യയുടെ ജൈവവൈവിധ്യത്തിലെ അമൂല്യമായ രത്നവുമാണ്. യുനെസ്കോ ഇതിനെ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

പ്രകൃതി സംരക്ഷിക്കപ്പെടുമ്പോൾ അതിനോടൊപ്പം അവസരങ്ങളും വളരുന്നു. അടുത്ത കാലത്തായി കാസിരംഗ, വിനോദസഞ്ചാര മേഖലയിൽ ക്രമാനുഗതമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, ഹോംസ്റ്റേകൾ, ഗൈഡ് സേവനങ്ങൾ, ഗതാഗതം, കരകൗശലവസ്തുക്കൾ, ചെറുകിട സംരംഭങ്ങൾ എന്നിവയിലൂടെ പ്രാദേശിക യുവാക്കൾക്ക് പുതിയ ഉപജീവനമാർഗങ്ങൾ കണ്ടെത്താനായി: പ്രധാനമന്ത്രി

പരിസ്ഥിതിയും വികസനവും വിപരീത ദിശയിലാണെന്നും ഇവ രണ്ടും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നുമാണ് കാലങ്ങളായി വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ ഇവ രണ്ടിനും ഒരേപോലെ മുന്നോട്ട് പോകാൻ കഴിയുമെന്ന് ഇന്ന് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുക്കുന്നു: പ്രധാനമന്ത്രി

വടക്കുകിഴക്കൻ മേഖല ഇനി വികസനത്തിന്റെ അരികിലല്ല; അത് ഇപ്പോൾ രാജ്യത്തിന്റെ ഹൃദയത്തോടും ഡൽഹിയോടും കൂടുതൽ അടുത്തിരിക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 18 JAN 2026 12:49PM by PIB Thiruvananthpuram

അസമിലെ കാലിയാബോറിൽ ഇന്ന് 6,950 കോടിയിലധികം രൂപ ചിലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ (NH-715-ലെ കാലിയാബോർ-നുമാലിഗഡ് വിഭാഗം 4-വരിയാക്കൽ) ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ചടങ്ങിനെ അഭിസംഭോധനചെയ്തുകൊണ്ട്, ഇത്രയധികം ആളുകൾ തന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ ശ്രീ മോദി നന്ദി പ്രകടിപ്പിക്കുകയും എല്ലാവരോടും കടപ്പാടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കാസിരംഗ വീണ്ടും സന്ദർശിച്ചപ്പോൾ തന്റെ മുൻപത്തെ യാത്രയുടെ ഓർമ്മകൾ ഉണർന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചിലവഴിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കാസിരംഗ നാഷണൽ പാർക്കിൽ രാത്രി താമസിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും, തൊട്ടടുത്ത ദിവസം രാവിലെ നടത്തിയ ആന സഫാരിയിലൂടെ ആ പ്രദേശത്തിന്റെ മനോഹാരിത അടുത്തറിയാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

അസം സന്ദർശിക്കുന്നത് എല്ലായ്പ്പോഴും തനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും, എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന ധീരരായ പുത്രീപുത്രന്മാരുടെ നാടാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്നലെ ഗുവാഹത്തിയിൽ നടന്ന ബഗുരുംമ്പ ദ്വൗ ഉത്സവത്തിൽ ബോഡോ വിഭാഗത്തിലെ പെൺകുട്ടികൾ തങ്ങളുടെ പ്രകടനത്തിലൂടെ പുതിയ റെക്കോർഡ് സൃഷ്ടിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000-ത്തിലധികം കലാകാരന്മാരുടെ ഊർജ്ജവും ഖാമിന്റെ താളവും സിഫംഗിന്റെ ഈണവും ചേർന്ന ബഗുരുംമ്പയുടെ അസാധാരണമായ അവതരണം എല്ലാവരുടെയും മനം മയക്കിയെന്ന് അദ്ദേഹം പറഞ്ഞു. ബഗുരുംമ്പയുടെ അനുഭവം കണ്ണുകളെ സ്പർശിക്കുകയും ഹൃദയത്തിലേക്ക് എത്തുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസമിലെ കലാകാരന്മാരുടെ കഠിനാധ്വാനത്തെയും തയ്യാറെടുപ്പിനെയും ഏകോപനത്തെയും പ്രശംസിച്ച പ്രധാനമന്ത്രി, ഇത് ശരിക്കും അത്ഭുതകരമാണെന്ന് വിശേഷിപ്പിച്ചു. ബഗുരുംമ്പ ദ്വൗ ഉത്സവത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദിച്ചു. ഈ പരിപാടിയെ രാജ്യത്തും ലോകമെമ്പാടും എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസർമാർക്കും ടെലിവിഷൻ മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ വർഷം ഝുമോയിർ മഹോത്സവത്തിൽ പങ്കെടുത്തതും ഇത്തവണ മാഘ് ബിഹു വേളയിൽ അസമിലെത്താൻ കഴിഞ്ഞതും അദ്ദേഹം അനുസ്മരിച്ചു. ഒരു മാസം മുമ്പ് വികസന പദ്ധതികൾക്കായി താൻ ഇവിടെ വന്നിരുന്നുവെന്നും, ഗുവാഹത്തിയിലെ വിപുലീകരിച്ച ലോക്പ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ മന്ദിരം ഉദ്ഘാടനം ചെയ്തതും നംരൂപിലെ അമോണിയ യൂറിയ കോംപ്ലക്സിന് തറക്കല്ലിട്ടതും അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരത്തിലുള്ള അവസരങ്ങൾ തങ്ങളുടെ ഗവൺമെന്റിന്റെ 'വികാസ് ഭി, വിരാസത് ഭി' (വികസനവും പൈതൃകവും) എന്ന മന്ത്രത്തിന് കൂടുതൽ കരുത്തേകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

അസമിന്റെ ഭൂതകാലത്തിലും വർത്തമാനത്തിലും ഭാവിയിലും കാലിയാബോറിനുള്ള ചരിത്രപരമായ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. ഇത് കാസിരംഗയുടെ പ്രവേശന കവാടമാണെന്നും അപ്പർ അസമിലേക്കുള്ള പ്രധാന ഗതാഗത കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. മഹാനായ യോദ്ധാവ് ലചിത് ബോർഫുക്കൻ മുഗൾ അധിനിവേശക്കാരെ തുരത്താൻ തന്ത്രങ്ങൾ മെനഞ്ഞത് കാലിയാബോറിൽ നിന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇത് കേവലം ഒരു സൈനിക വിജയമല്ല, മറിച്ച് അസമിന്റെ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രഖ്യാപനമായിരുന്നു. അഹോം ഭരണകാലം മുതൽ തന്ത്രപ്രധാനമായ ഈ പ്രദേശം തങ്ങളുടെ ഗവണ്മെന്റിന്റെ കാലത്ത് വികസനത്തിന്റെ കേന്ദ്രമായി മാറുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജനങ്ങൾക്ക് തങ്ങളുടെ പാർട്ടിയിലുള്ള വിശ്വാസം വർധിച്ചതായും രാജ്യം മുഴുവൻ പാർട്ടിയെ ആദ്യ ചോയ്സായി കാണുന്നുവെന്നും മോദി പറഞ്ഞു. അടുത്തിടെ നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ, 20 വർഷത്തിന് ശേഷവും ജനങ്ങൾ തങ്ങൾക്ക് റെക്കോർഡ് വോട്ടുകളും സീറ്റുകളും നൽകിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുൻസിപ്പൽ കോർപ്പറേഷനുകളിലൊന്നായ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിൽ രണ്ട് ദിവസം മുമ്പ് നടന്ന മേയർ, കൗൺസിലർ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ, ആദ്യമായി തങ്ങളുടെ പാർട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ഭൂരിഭാഗം നഗരങ്ങളിലും ജനങ്ങൾ തങ്ങൾക്ക് സേവനമനുഷ്ഠിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു മുമ്പ് കേരളത്തിലെ ജനങ്ങൾ തങ്ങളുടെ പാർട്ടിക്ക് വലിയ പിന്തുണ നൽകിയെന്നും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ആദ്യമായി മേയർ സ്ഥാനം പാർട്ടി നേടിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. പുരോഗതിക്കും പൈതൃകത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നല്ല ഭരണവും വികസനവുമാണ് വോട്ടർമാർ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് അവർ തങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും രാജ്യത്തുടനീളമുള്ള സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

രാജ്യം പ്രതിപക്ഷ പാർട്ടിയുടെ നിഷേധാത്മക രാഷ്ട്രീയത്തെ നിരന്തരം തള്ളിക്കളയുകയാണെന്ന മറ്റൊരു സന്ദേശംകൂടി ഈ തിരഞ്ഞെടുപ്പുകൾ നൽകുന്നുണ്ടെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. പ്രതിപക്ഷ പാർട്ടിയുടെ ജന്മനഗരമായ മുംബൈയിൽ പോലും അവർ നാലോ അഞ്ചോ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും, പതിറ്റാണ്ടുകളോളം അവർ ഭരിച്ച മഹാരാഷ്ട്രയിൽ പാർട്ടി പൂർണ്ണമായും ചുരുങ്ങിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന് കൃത്യമായ അജണ്ടകളില്ലാത്ത പാർട്ടിയായതിനാൽ പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, അങ്ങനെയുള്ള ഒരു പാർട്ടിക്ക് ഒരിക്കലും അസമിന്റേയോ കാസിരംഗയുടേയോ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാസിരംഗയുടെ സൗന്ദര്യത്തെക്കുറിച്ച് ഭാരതരത്ന ഡോ. ഭൂപൻ ഹസാരിക അത്യന്തം വാത്സല്യത്തോടെ പറഞ്ഞ വാക്കുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. കാസിരംഗയോടുള്ള സ്നേഹവും അസമിലെ ജനങ്ങൾക്ക് പ്രകൃതിയോടുള്ള ബന്ധവുമാണ് അദ്ദേഹത്തിന്റെ വരികളിൽ പ്രതിഫലിച്ചതെന്ന് മോദി അതിപ്രായപ്പെട്ടു. കാസിരംഗ എന്നത് ഒരു ദേശീയോദ്യാനം മാത്രമല്ല, അസമിന്റെ ആത്മാവും ഇന്ത്യയുടെ ജൈവവൈവിധ്യത്തിലെ അമൂല്യമായ ഒരു രത്നവുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. യുനെസ്കോ ലോക പൈതൃക സ്ഥലമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. കാസിരംഗയെയും വന്യജീവികളെയും സംരക്ഷിക്കുന്നത് പരിസ്ഥിതിക്ക് വേണ്ടി മാത്രമല്ല, അസമിന്റെ ഭാവിയ്ക്കായി വരുംതലമുറകളോടുമുള്ള ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ സ്വാധീനം ചെലുത്തുന്ന പുതിയ പദ്ധതികൾ അസമിന്റെ മണ്ണിൽ നിന്ന് പ്രഖ്യാപിച്ച ശ്രീ മോദി, ഈ സംരംഭങ്ങളുടെ പേരിൽ ജനങ്ങളെ അഭിനന്ദിച്ചു.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് കാസിരംഗ എന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വെള്ളപ്പൊക്ക സമയത്ത് വന്യജീവികൾ ഉയരമുള്ള ഇടങ്ങൾ തേടി പോകുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു. ദേശീയപാത മുറിച്ചുകടക്കുന്ന വേളയിൽ മൃഗങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടാറുണ്ട്. വനം സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് തന്നെ സുഗമമായ ഗതാഗതം ഉറപ്പാക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, കാലിയാബോർ മുതൽ നുമാലിഗഡ് വരെ 90 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി ഏകദേശം 7,000 കോടി രൂപ ചിലവിൽ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ 35 കിലോമീറ്റർ ഉയരമുള്ള വന്യജീവി ഇടനാഴിയും ഉൾപ്പെടുന്നു. വാഹനങ്ങൾ മുകളിലൂടെ പോകുമ്പോൾ താഴെ വന്യജീവികളുടെ സഞ്ചാരം തടസ്സപ്പെടില്ല. കാണ്ടാമൃഗങ്ങൾ, ആനകൾ, കടുവകൾ എന്നിവയുടെ പരമ്പരാഗത സഞ്ചാരപാതകൾ കണക്കിലെടുത്താണ് ഇതിന്റെ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്. ഈ ഇടനാഴി അപ്പർ അസമും അരുണാചൽ പ്രദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പുതിയ റെയിൽ സേവനങ്ങളോടൊപ്പം ഇത് ജനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും ശ്രീ മോദി പറഞ്ഞു. ഈ സുപ്രധാന പദ്ധതികൾക്ക് അസമിലെ ജനങ്ങളെയും രാജ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രകൃതി സംരക്ഷിക്കപ്പെടുമ്പോൾ അവസരങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്തകാലത്തായി കാസിരംഗയിൽ വിനോദസഞ്ചാര രംഗത്ത് ക്രമാനുഗതമായ വളർച്ചയുണ്ടായതായി പറഞ്ഞു. ഹോംസ്റ്റേകൾ, ഗൈഡ് സേവനങ്ങൾ, ഗതാഗതം, കരകൗശലവസ്തുക്കൾ, ചെറുകിട ബിസിനസ്സുകൾ എന്നിവയിലൂടെ പ്രദേശത്തെ യുവാക്കൾക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭ്യമായിട്ടുണ്ട്.

മറ്റൊരു നേട്ടത്തിന് കൂടി അസമിലെ ജനങ്ങളെയും ഗവണ്മെന്റിനെയും പ്രശംസിച്ച പ്രധാനമന്ത്രി, 2013-ലും 2014-ലും ഡസൻ കണക്കിന് കാണ്ടാമൃഗങ്ങൾ വേട്ടയാടപ്പെട്ട കാര്യം ഓർമ്മിപ്പിച്ചു. ഇത് ഇങ്ങനെ തുടരാൻ അനുവദിക്കില്ലെന്ന് തങ്ങളുടെ ഗവണ്മെന്റ് തീരുമാനിച്ചുവെന്നും, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന് ആധുനിക സൗകര്യങ്ങൾ നൽകുകയും നിരീക്ഷണം വർധിപ്പിക്കുകയും ''വൻ ദുർഗ'' യിലൂടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, 2025-ൽ കാണ്ടാമൃഗ വേട്ടയുമായി ബന്ധപ്പെട്ട ഒറ്റ സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗവണ്മെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും അസമിലെ ജനങ്ങളുടെ പരിശ്രമവുമാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിയും വികസനവും പരസ്പരവിരുദ്ധമാണെന്നാണ് ദീർഘകാലമായി വിശ്വസിക്കപ്പെട്ടിരുന്നതെന്നും എന്നാൽ സാമ്പത്തികവികസനത്തിനും പരിസ്ഥിതിക്കും ഒരേപോലെ മുന്നേറാൻ കഴിയുമെന്ന് ഇന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ വനമേഖലയുടെയും മരങ്ങളുടെ എണ്ണവും വർധിച്ചതായും, "ഏക് പേഡ് മാ കേ നാം" പ്രചാരണത്തിലൂടെ 260 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ജനങ്ങൾ ആവേശത്തോടെ ഇതിൽ പങ്കുചേർന്നതായും അദ്ദേഹം പറഞ്ഞു. 2014-ന് ശേഷം കടുവ, ആന സങ്കേതങ്ങളുടെ എണ്ണം വർധിക്കുകയും സംരക്ഷിത പ്രദേശങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഒരിക്കൽ വംശനാശം സംഭവിച്ച ചീറ്റകളെ ഇപ്പോൾ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അവ പുതിയ ആകർഷണമായി മാറിയിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. തണ്ണീർത്തട സംരക്ഷണത്തിൽ ഇന്ത്യ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും, റാംസർ സൈറ്റുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിക്കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റാംസർ ശൃംഖലയായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈതൃക സംരക്ഷണത്തോടൊപ്പം വികസനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് അസമും ലോകത്തിന് കാണിച്ചുതരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ മേഖല നേരിട്ട ഏറ്റവും വലിയ വേദന 'അകലം' ആയിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അത് ഹൃദയങ്ങൾ തമ്മിലുള്ള അകലവും സ്ഥലങ്ങൾ തമ്മിലുള്ള അകലവുമായിരുന്നു. ദശാബ്ദങ്ങളായി ഇവിടുത്തെ ജനങ്ങൾക്ക് തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായിരുന്നു. ഇത് സാമ്പത്തികരംഗത്തെ മാത്രമല്ല, വിശ്വാസത്തെയും ബാധിച്ചു. എന്നാൽ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ മുഖേന വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് ഈ സാഹചര്യം മാറ്റിയെടുത്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റോഡ്, റെയിൽ, വ്യോമ, ജല ഗതാഗത മാർഗ്ഗങ്ങളിലൂടെ അസമിനെ ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഒരേസമയം ആരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേ ശൃംഖലയുടെ വിപുലീകരണം സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിൽ ഒരുപോലെ ഗുണകരമാണെന്നും, വടക്കുകിഴക്കൻ മേഖലയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. മുൻപ് കേന്ദ്രത്തിൽ ഭരണത്തിലിരുന്നപ്പോൾ പ്രതിപക്ഷം ഈ മേഖലയെ അവഗണിച്ചതിനെ അദ്ദേഹം വിമർശിച്ചു. അക്കാലത്ത് അസമിന് റെയിൽവേ ബജറ്റിൽ ഏകദേശം 2,000 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ, തന്റെ ഗവൺമെന്റിന് കീഴിൽ ഇത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയായി വർധിപ്പിച്ചുവെന്ന്—അതായത് അഞ്ചിരട്ടി വർദ്ധനവ്—അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർധിച്ച നിക്ഷേപം പുതിയ റെയിൽ പാതകൾ, പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവ ഉൾപ്പെടെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമായെന്നും, ഇത് റെയിൽവേയുടെ ശേഷിയും യാത്രാ സൗകര്യങ്ങളും വർദ്ധിപ്പിച്ചതായും ശ്രീ മോദി പറഞ്ഞു. അസമിന്റെ റെയിൽവേ ബന്ധത്തിൽ സുപ്രധാനമായ വിപുലീകരണം കുറിച്ചുകൊണ്ട് കാലിയാബോറിൽ നിന്ന് മൂന്ന് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുവാഹത്തിയെ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ദീർഘദൂര യാത്ര കൂടുതൽ സുഖകരമാക്കുമെന്നും, രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അസം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാർക്ക് നേരിട്ട് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രെയിനുകൾ അസമിലെ വ്യാപാരികൾക്ക് പുതിയ വിപണികൾ തുറന്നു നൽകുമെന്നും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ എളുപ്പമാക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര ലളിതമാക്കുമെന്നും ശ്രീ മോദി അടിവരയിട്ടു. ഇത്തരത്തിലുള്ള വികസനത്തിലൂടെ വടക്കുകിഴക്കൻ മേഖല ഇനി വികസനത്തിന്റെ അരികിലല്ലെന്നും, അകലെയല്ലെന്നും, മറിച്ച് ഹൃദയത്തോടും ഡൽഹിയോടും ചേർന്നിരിക്കുകയാണെന്ന ആത്മവിശ്വാസം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അസമിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനും വനങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങളും കയ്യേറ്റങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനും അസം ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ പതിറ്റാണ്ടുകളായി പ്രതിപക്ഷം വോട്ടിനും ഭരണത്തിനുമായി അസമിന്റെ മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നുഴഞ്ഞുകയറ്റം, വന്യമൃഗ ഇടനാഴികളിലെ കൈയേറ്റം അനധികൃത വേട്ടയാടൽ, കള്ളക്കടത്ത്, മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവ വർദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നുഴഞ്ഞുകയറ്റക്കാർ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകിടംമറിക്കുന്നുവെന്നും, സംസ്‌കാരത്തെ ആക്രമിക്കുന്നുവെന്നും, പാവപ്പെട്ടവരുടെയും യുവാക്കളുടെയും ജോലി തട്ടിയെടുക്കുന്നുവെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. ഗോത്രവർഗ മേഖലകളിൽ വ്യാജരേഖകളിലൂടെ ഭൂമി കൈക്കലാക്കുന്ന ഇവർ അസമിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയും അധികാരം നേടുകയും ചെയ്യുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക നയമെന്ന് പറഞ്ഞ അദ്ദേഹം, ഇവർക്കെതിരെ ജാഗ്രത പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചു. പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും രാജ്യത്തുടനീളം ഈ സമീപനമാണ് പിന്തുടരുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ബീഹാറിൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ അവർ മാർച്ചുകളും റാലികളും സംഘടിപ്പിച്ചുവെങ്കിലും ബീഹാറിലെ ജനങ്ങൾ അവരെ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിലെ ജനങ്ങളും പ്രതിപക്ഷത്തിന് ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

അസമിന്റെ വികസനം വടക്കുകിഴക്കൻ മേഖലയുടെ മുഴുവൻ പുരോഗതിക്കായി പുതിയ വാതിലുകൾ തുറക്കുകയാണെന്നും 'ആക്ട് ഈസ്റ്റ്' നയത്തിന് ദിശാബോധം നൽകുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. അസം മുന്നേറുമ്പോൾ വടക്കുകിഴക്കൻ മേഖലയും മുന്നേറുന്നുവെന്നും, ഗവൺമെന്റിന്റെ പരിശ്രമത്തിലൂടെയും ജനങ്ങളുടെ വിശ്വാസത്തിലൂടെയും ഈ പ്രദേശം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഏവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.

അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്ര മന്ത്രിമാരായ ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ പവിത്ര മാർഗരിറ്റ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

6,950 കോടിയിലധികം രൂപ ചിലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ (NH-715-ലെ കാലിയാബോർ-നുമാലിഗഡ് വിഭാഗം 4-വരിയാക്കൽ) ഭൂമിപൂജ പ്രധാനമന്ത്രി നിർവ്വഹിച്ചു.

86 കിലോമീറ്റർ ദൈർഘ്യമുള്ള കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതി പരിസ്ഥിതി സൗഹൃദ ദേശീയപാതാ പദ്ധതിയാണ്. കാസിരംഗ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന 35 കിലോമീറ്റർ ദൈർഘ്യമുള്ള 'എലവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ', 21 കിലോമീറ്റർ ബൈപാസ് റോഡ്, നിലവിലുള്ള പാതയുടെ 30 കിലോമീറ്റർ ദൂരം രണ്ട് വരിയിൽ നിന്ന് നാല് വരിയാക്കി വികസിപ്പിക്കൽ എന്നിവ ഈ പദ്ധതിയുടെ സവിശേഷതയാണ്. പാർക്കിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതോടൊപ്പം പ്രാദേശിക ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

നൗഗാവ്, കർബി ആംഗ്ലോങ്, ഗോലാഘട്ട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി അപ്പർ അസമിലേക്കും വിശേഷിച്ച് ദിബ്രുഗഡ്, ടിൻസുക്കിയ എന്നിവിടങ്ങളിലേക്കുമുള്ള ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തും. എലിവേറ്റഡ് വൈൽഡ്‌ലൈഫ് കോറിഡോർ വന്യമൃഗങ്ങളുടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുകയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയും ചെയ്യും. ഇത് റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും യാത്രാസമയവും അപകട നിരക്കും കുറയ്ക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ജഖലാബന്ധയിലും ബൊക്കാഖാട്ടിലും ബൈപാസുകൾ വികസിപ്പിക്കുന്നത് പട്ടണങ്ങളിലെ തിരക്ക് കുറയ്ക്കാനും പ്രാദേശിക നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

ചടങ്ങിൽ രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു- ഗുവാഹത്തി (കാമാഖ്യ)-റോഹ്തക് അമൃത് ഭാരത് എക്സ്പ്രസ്, ദിബ്രുഗഡ്-ലഖ്നൗ (ഗോമതി നഗർ) അമൃത് ഭാരത് എക്സ്പ്രസ് - എന്നിവ. ഈ പുതിയ ട്രെയിൻ സർവീസുകൾ വടക്കുകിഴക്കൻ ഇന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള റെയിൽ ബന്ധം ശക്തമാക്കുകയും ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും.

****

SK

 


(रिलीज़ आईडी: 2215872) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Nepali , Assamese , Manipuri , Bengali , Gujarati , Tamil , Telugu , Kannada