പ്രധാനമന്ത്രിയുടെ ഓഫീസ്
കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
प्रविष्टि तिथि:
11 JAN 2026 6:00PM by PIB Thiruvananthpuram
നമസ്കാരം!
ബഹുമാനപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി, ഗുജറാത്ത് ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ, വ്യവസായ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, മഹതികളെ, മാന്യരെ.
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വേദി ഒരുങ്ങുമ്പോഴെല്ലാം, ഞാൻ അതിനെ കേവലം ഒരു ഉച്ചകോടിയായി മാത്രം കാണുന്നില്ല. മറിച്ച് 21-ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയുടെ യാത്രയായി ഞാൻ കാണുന്നു - ഒരു സ്വപ്നത്തിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ അചഞ്ചലമായ ഒരു വിശ്വാസത്തിൽ എത്തിയ ഒരു യാത്ര. രണ്ട് പതിറ്റാണ്ടിനുള്ളിൽ, വൈബ്രന്റ് ഗുജറാത്തിന്റെ ഈ യാത്ര ഒരു ആഗോള മാനദണ്ഡമായി മാറിയിരിക്കുന്നു. പത്ത് പതിപ്പുകൾ ഇതിനകം നടന്നു, ഓരോ പതിപ്പിലും, ഈ ഉച്ചകോടിയുടെ സ്വത്വവും പങ്കും കൂടുതൽ ശക്തമായി.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ദർശനവുമായി അതിന്റെ തുടക്കം മുതൽ തന്നെ ഞാൻ ബന്ധപ്പെട്ടിരിക്കുന്നു. ആദ്യകാലങ്ങളിൽ, ഗുജറാത്തിന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കുക, ആളുകളെ ഇവിടേക്ക് ക്ഷണിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ലക്ഷ്യം - അങ്ങനെ ഇന്ത്യയ്ക്ക് പ്രയോജനം ലഭിക്കും, ആഗോള നിക്ഷേപകർക്കും പ്രയോജനപ്പെടും. എന്നാൽ ഇന്ന്, ഈ ഉച്ചകോടി നിക്ഷേപത്തിനപ്പുറത്തേക്ക് പോയി; ആഗോള വളർച്ചയ്ക്കും അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനും ശക്തമായ ഒരു വേദിയായി ഇത് മാറിയിരിക്കുന്നു. വർഷങ്ങളായി, ആഗോള പങ്കാളികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു, കാലക്രമേണ, ഈ ഉച്ചകോടി ഉൾപ്പെടുത്തലിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുന്നു. ഇവിടെ, കോർപ്പറേറ്റ് ഗ്രൂപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ബഹുമുഖ, ഉഭയകക്ഷി സംഘടനകൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ - എല്ലാവരും ഒത്തുചേരുന്നു, സംഭാഷണത്തിൽ ഏർപ്പെടുന്നു, അവധാനതയോടെ പ്രവർത്തിക്കുന്നു, ഗുജറാത്തിന്റെ വികസനവുമായി തോളോട് തോൾ ചേർന്ന് നടക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നിരന്തരം പുതിയതും സവിശേഷവുമായ എന്തെങ്കിലും അവതരിപ്പിച്ചിട്ടുണ്ട്. ഈ വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടി അത്തരമൊരു ഉദാഹരണമാണ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളുടെ ഉപയോഗിക്കാത്ത സാധ്യതകളെ പ്രകടനമാക്കി മാറ്റുന്നതിലാണ് ഇതിന്റെ ശ്രദ്ധ. ഉദാഹരണത്തിന്, ചില പ്രദേശങ്ങൾക്ക് ഒരു തീരദേശമെന്ന ശക്തിയുണ്ട്, മറ്റുള്ളവയ്ക്ക് ഒരു നീണ്ട ഗോത്ര വലയമുണ്ട്, ചിലതിന് വ്യാവസായിക ക്ലസ്റ്ററുകളുടെ ഒരു വലിയ ആവാസവ്യവസ്ഥയുണ്ട്, മറ്റുള്ളവയ്ക്ക് കൃഷിയുടെയും മൃഗസംരക്ഷണത്തിന്റെയും സമ്പന്നമായ പാരമ്പര്യമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗുജറാത്തിലെ ഓരോ പ്രദേശത്തിനും അതിന്റേതായ സവിശേഷ ശക്തിയുണ്ട്. ഈ പ്രാദേശിക സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടി മുന്നോട്ട് പോകുന്നത്.
സുഹൃത്തുക്കളെ,
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം ഇതിനകം കടന്നുപോയി. ഈ വർഷങ്ങളിൽ ഇന്ത്യ അതിവേഗം പുരോഗതി കൈവരിച്ചു, ഗുജറാത്തും നിങ്ങളെല്ലാവരും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്. ഇന്ത്യയിൽ നിന്നുള്ള ലോകത്തിന്റെ പ്രതീക്ഷകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡാറ്റ വ്യക്തമായി കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. കാർഷിക ഉല്പാദനത്തിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. പാൽ ഉല്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ജനറിക് മെഡിസിൻ ഉല്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വാക്സിൻ നിർമ്മാണത്തിന്റെ കാര്യത്തിൽ, ലോകത്ത് ഏറ്റവും കൂടുതൽ വാക്സിനുകൾ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വളർച്ചാ രേഖ 'പരിഷ്കാരം, പ്രകടനം, പരിവർത്തനം' എന്ന മന്ത്രത്തിന്റെ വിജയഗാഥയാണ്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ ഉപഭോക്താവായി മാറിയിരിക്കുന്നു. ലോകത്തിലെ ഒന്നാം നമ്പർ റിയൽ-ടൈം ഡിജിറ്റൽ ഇടപാട് പ്ലാറ്റ്‌ഫോമായി നമ്മുടെ യുപിഐ ഉയർന്നുവന്നിട്ടുണ്ട്. ഒരുകാലത്ത്, 10 മൊബൈൽ ഫോണുകളിൽ 9 എണ്ണം ഇറക്കുമതി ചെയ്തിരുന്നു. ഇന്ന്, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയാണ്. സൗരോർജ്ജ ഉല്പാദനത്തിലും, ഇന്ത്യ മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നാണ്. ഞങ്ങൾ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ്, മെട്രോ ശൃംഖലയുടെ കാര്യത്തിൽ, ഇന്ത്യ ഇപ്പോൾ ലോകത്തിലെ മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നാണ്.
സുഹൃത്തുക്കളെ,
ഇന്ന്, എല്ലാ ആഗോള വിദഗ്ധരും സ്ഥാപനങ്ങളും ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നു. ആഗോള വളർച്ചയുടെ എഞ്ചിൻ എന്നാണ് ഐഎംഎഫ് ഇന്ത്യയെ വിളിക്കുന്നത്. 18 വർഷത്തിനുശേഷം എസ് & പി ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി. ഇന്ത്യയുടെ മാക്രോ സ്ഥിരതയെയും സാമ്പത്തിക വിശ്വാസ്യതയെയും ഫിച്ച് റേറ്റിംഗുകൾ പ്രശംസിക്കുന്നു. വലിയ ആഗോള അനിശ്ചിതത്വത്തിനിടയിലും, ഇന്ത്യ അഭൂതപൂർവമായ ഒരു ഉറപ്പായ യുഗത്തിലൂടെ കടന്നുപോകുന്നതിനാലാണ് ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം. ഇന്ന്, ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്ഥിരത, നയ തുടർച്ച, വർദ്ധിച്ചുവരുന്ന ഉപഭോഗ ശേഷിയുള്ള വികസിച്ചുകൊണ്ടിരിക്കുന്ന നവ-മധ്യവർഗം എന്നിവയുണ്ട്. ഈ ഘടകങ്ങൾ ഇന്ത്യയെ പരിധിയില്ലാത്ത സാധ്യതകളുടെ നാടാക്കി മാറ്റി. ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞതുപോലെ - ഇതാണ് സമയം, ശരിയായ സമയം. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഓരോ നിക്ഷേപകനും, ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള ശരിയായ സമയം, ഇതാണ്. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയും എല്ലാ നിക്ഷേപകർക്കും ഒരേ സന്ദേശം നൽകുന്നു - സൗരാഷ്ട്ര-കച്ചിൽ നിക്ഷേപിക്കുക, ഇതാണ് സമയം, ശരിയായ സമയം.
സുഹൃത്തുക്കളെ,
എത്ര വലിയ വെല്ലുവിളികൾ ഉണ്ടായാലും, സത്യസന്ധതയും കഠിനാധ്വാനവും കൊണ്ട് സ്ഥിരോത്സാഹം കാണിച്ചാൽ വിജയം സുനിശ്ചിതമാണെന്ന് നമ്മെ പഠിപ്പിക്കുന്ന മേഖലകളാണ് സൗരാഷ്ട്രയും കച്ചും എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിനാശകരമായ ഭൂകമ്പത്തെ അതിജീവിച്ച അതേ കച്ചാണിത്. വർഷങ്ങളോളം വരൾച്ച നേരിട്ട അതേ സൗരാഷ്ട്രയാണിത്. അമ്മമാർക്കും സഹോദരിമാർക്കും കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടക്കേണ്ടിവന്നു. വൈദ്യുതി അനിശ്ചിതത്വത്തിലായിരുന്നു, എല്ലായിടത്തും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
സുഹൃത്തുക്കളെ,
ഇന്നത്തെ 20-25 വയസ്സ് പ്രായമുള്ള യുവാക്കൾ ആ കാലഘട്ടത്തിന്റെ കഥകൾ മാത്രമേ കേട്ടിട്ടുള്ളൂ. കച്ചിലോ സൗരാഷ്ട്രയിലോ കൂടുതൽ കാലം താമസിക്കാൻ ആളുകൾ തയ്യാറായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അക്കാലത്ത്, ഈ അവസ്ഥകൾ ഒരിക്കലും മാറില്ലെന്ന് തോന്നിയിരുന്നു. എന്നാൽ ചരിത്രം സാക്ഷിയായി - കാലം മാറുന്നു, അത് തീർച്ചയായും മാറുന്നു. സൗരാഷ്ട്രയിലെയും കച്ചിലെയും ജനങ്ങൾ അവരുടെ കഠിനാധ്വാനത്തിലൂടെ അവരുടെ വിധി മാറ്റിമറിച്ചു.
സുഹൃത്തുക്കളെ,
ഇന്ന് സൗരാഷ്ട്രയും കച്ചും വെറും അവസരങ്ങളുടെ മേഖലകളല്ല; ഇന്ത്യയുടെ വളർച്ചയുടെ നങ്കൂര മേഖലകളായി മാറിയിരിക്കുന്നു. ആത്മനിർഭർ ഭാരത് ക്യാമ്പെയ്‌നിനെ നയിക്കുന്ന പ്രധാന കേന്ദ്രങ്ങളായി അവ ഉയർന്നുവരുന്നു. ഇന്ത്യയെ ഒരു ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുന്നതിൽ, സൗരാഷ്ട്രയും കച്ചും നിർണായക പങ്ക് വഹിക്കുന്നു - ഈ പങ്ക് വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകർക്ക് ഇത് ഏറ്റവും വലിയ ഉറപ്പാണ്. ഇവിടെ രാജ്കോട്ടിൽ 250,000-ത്തിലധികം എംഎസ്‌എംഇകളുണ്ട്. വൈവിധ്യമാർന്ന വ്യാവസായിക ക്ലസ്റ്ററുകളിൽ, സ്ക്രൂഡ്രൈവറുകൾ മുതൽ ഓട്ടോ പാർട്‌സ്, മെഷീൻ ടൂളുകൾ, ആഡംബര കാർ ലൈനറുകൾ, വിമാനം, ഫൈറ്റർ ജെറ്റ്, റോക്കറ്റ് ഘടകങ്ങൾ വരെ എല്ലാം ഉല്പാദിപ്പിക്കപ്പെടുന്നു. കുറഞ്ഞ ചെലവിലുള്ള ഉല്പാദനം മുതൽ ഉയർന്ന കൃത്യതയുള്ള, ഉയർന്ന സാങ്കേതിക വിദ്യാ നിർമ്മാണം വരെ - മുഴുവൻ മൂല്യ ശൃംഖലയെയും ഈ മേഖല പിന്തുണയ്ക്കുന്നു. ഇവിടുത്തെ ആഭരണ വ്യവസായം ലോകപ്രശസ്തമാണ്. വ്യാപ്തി, വൈദഗ്ദ്ധ്യം, ആഗോള ബന്ധം എന്നിവയുടെ തിളക്കമാർന്ന ഉദാഹരണമാണ് ഈ മേഖല.
സുഹൃത്തുക്കളെ,
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമാണ് അലങ്, ലോകത്തിലെ മൂന്നിലൊന്ന് കപ്പലുകളും ഇവിടെയാണ് പുനചംക്രമണം ചെയ്യുന്നത്. ചാക്രിക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ നേതൃത്വത്തിന്റെ തെളിവാണിത്. ഏറ്റവും വലിയ ടൈൽ ഉല്പാദകരിൽ ഇന്ത്യയും ഉൾപ്പെടുന്നു, മോർബി ജില്ല വലിയ സംഭാവന നൽകുന്നു. ഇവിടുത്തെ നിർമ്മാണം ചെലവ് കുറഞ്ഞതും ആഗോളതലത്തിൽ മാനദണ്ഡമാക്കിയതുമാണ്. സൗരാഷ്ട്ര പത്രങ്ങളിൽ നിന്നുള്ള നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും - ഒരിക്കൽ ഇവിടെ ഒരു പ്രസംഗത്തിൽ മോർബി, ജാംനഗർ, രാജ്കോട്ട് എന്നിവ ഒരു മിനി-ജപ്പാൻ പോലെ ഒരു ത്രികോണം രൂപപ്പെടുന്ന ഒരു സമയം എനിക്ക് കാണാൻ കഴിയുമെന്ന് ഞാൻ പറഞ്ഞതായി ഓർക്കുന്നുണ്ടാകും. അന്ന് ഞാൻ പരിഹസിക്കപ്പെട്ടു, പക്ഷേ ഇന്ന് ആ ദർശനം എന്റെ കൺമുന്നിൽ യാഥാർത്ഥ്യമാകുന്നതായി ഞാൻ കാണുന്നു. ധോലേര പ്രത്യേക നിക്ഷേപ മേഖലയിലും ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ന്, ഈ നഗരം ആധുനിക ഉല്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ നിർമ്മാണ സൗകര്യം ധോലേരയിൽ വരുന്നു. ഭാവി സാങ്കേതികവിദ്യകളിൽ മറ്റുള്ളവരേക്കാൾ മുന്നിലെത്തി ഈ പ്രദേശം ഇന്ത്യയ്ക്ക് നേട്ടം നൽകുന്നു. ഇവിടെ നിങ്ങളുടെ നിക്ഷേപത്തിന് പൂർണ്ണമായും മണ്ണ് തയ്യാറാണ് - അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാണ്, നയം പ്രവചിക്കാവുന്നതാണ്, ദർശനം ദീർഘകാലമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ഹരിത വളർച്ച, ഹരിത ചലനശേഷി, ഊർജ്ജ സുരക്ഷ എന്നിവയുടെ പ്രധാന കേന്ദ്രങ്ങളായി സൗരാഷ്ട്രയും കച്ചും മാറിക്കൊണ്ടിരിക്കുന്നു. കച്ചിൽ, 30 ജിഗാവാട്ട് ശേഷിയുള്ള ഒരു പുനരുപയോഗ ഊർജ്ജ പാർക്ക് നിർമ്മിക്കപ്പെടുന്നു - ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഊർജ്ജ പാർക്ക്. സങ്കൽപ്പിക്കുക, ഈ പാർക്ക് പാരീസ് നഗരത്തേക്കാൾ അഞ്ചിരട്ടി വലുതായിരിക്കും. ഇവിടെ, ശുദ്ധമായ ഊർജ്ജം ഒരു പ്രതിബദ്ധത മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു യാഥാർത്ഥ്യമാണ്. ഹരിത ഹൈഡ്രജന്റെ സാധ്യതകളെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ ദിശയിൽ ഇന്ത്യ അഭൂതപൂർവമായ വേഗതയിലും അളവിലും പ്രവർത്തിക്കുന്നു. കച്ചും ജാംനഗറും ഹരിത ഹൈഡ്രജൻ ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറുകയാണ്. കച്ചിൽ ഒരു വലിയ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കപ്പെടുന്നു. ഇത് പുനരുപയോഗ ഊർജ്ജത്തോടൊപ്പം ഗ്രിഡ് സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
സുഹൃത്തുക്കളെ,
കച്ചിനും സൗരാഷ്ട്രയ്ക്കും മറ്റൊരു വലിയ ശക്തിയുണ്ട്. ഇന്ത്യയുടെ ലോകോത്തര തുറമുഖങ്ങളാൽ സജ്ജമാണ് ഈ പ്രദേശം. ഇന്ത്യയുടെ കയറ്റുമതിയുടെ വലിയൊരു പങ്ക് ഇവിടെ നിന്നാണ് കടന്നുപോകുന്നത്. പിപാവാവ്, മുന്ദ്ര തുടങ്ങിയ തുറമുഖങ്ങൾ ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം ഗുജറാത്തിലെ തുറമുഖങ്ങൾ വഴി ഏകദേശം 175,000 വാഹനങ്ങൾ കയറ്റുമതി ചെയ്തു. ലോജിസ്റ്റിക്സ് മാത്രമല്ല - തുറമുഖം നയിക്കുന്ന വികസനത്തിന്റെ എല്ലാ മേഖലകളിലും പരിധിയില്ലാത്ത നിക്ഷേപ അവസരങ്ങളുണ്ട്. ഇതോടൊപ്പം, ഗുജറാത്ത് ഗവൺമെൻ്റ് മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നു. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്, കൂടാതെ സമുദ്രോത്പന്ന സംസ്കരണത്തിൽ നിക്ഷേപകർക്കായി ഇവിടെ ശക്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യത്തിനൊപ്പം, വ്യവസായത്തിന് തയ്യാറായ ഒരു തൊഴിൽ ശക്തിയും ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്. ഗുജറാത്ത് നിക്ഷേപകർക്ക് ഈ രംഗത്ത് പൂർണ്ണ ഉറപ്പ് നൽകുന്നു. വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും ഒരു അന്താരാഷ്ട്ര ആവാസവ്യവസ്ഥ ഇവിടെയുണ്ട്. ഓസ്‌ട്രേലിയയിലെയും സിംഗപ്പൂരിലെയും സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന, ഭാവിക്ക് സജ്ജമായ കഴിവുകളുള്ള യുവാക്കളെ ഗുജറാത്തിലെ സ്‌കിൽ യൂണിവേഴ്‌സിറ്റി തയ്യാറാക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ദേശീയ തലത്തിലുള്ള പ്രതിരോധ യൂണിവേഴ്‌സിറ്റിയാണ് നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റി. റോഡ്, റെയിൽവേ, വ്യോമയാന, ജലപാതകൾ, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ എല്ലാ മേഖലകൾക്കും ഗതി ശക്തി യൂണിവേഴ്‌സിറ്റി വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി തയ്യാറാക്കുന്നു. ഇതിനർത്ഥം നിക്ഷേപത്തോടൊപ്പം, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സ്ഥിരതയും ഉറപ്പാക്കപ്പെടുന്നു എന്നാണ്. ഇന്ന്, നിരവധി വിദേശ സർവകലാശാലകൾ ഇന്ത്യയിൽ പുതിയ അവസരങ്ങൾ കാണുന്നു, ഗുജറാത്ത് അവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുകയാണ്. ഓസ്‌ട്രേലിയയിലെ രണ്ട് പ്രധാന സർവകലാശാലകൾ ഇതിനകം ഇവിടെ ക്യാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്, വരും വർഷങ്ങളിൽ ഈ എണ്ണം കൂടുതൽ വളരും.
സുഹൃത്തുക്കളെ,
പ്രകൃതി, സാഹസികത, സംസ്കാരം, പൈതൃകം എന്നിവ ഗുജറാത്ത് വാഗ്ദാനം ചെയ്യുന്നു. ഒരാൾ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരത്തിൻ്റെ ഏത് അനുഭവവും ഇവിടെ ലഭ്യമാണ്. ഇന്ത്യയുടെ 4,500 വർഷം പഴക്കമുള്ള സമുദ്ര പൈതൃകത്തിന്റെ പ്രതീകമാണ് ലോഥൽ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തുറമുഖം ഇവിടെ കണ്ടെത്തി, ഒരു ദേശീയ സമുദ്ര പൈതൃക സമുച്ചയം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കച്ചിൽ, ഈ ദിവസങ്ങളിൽ റാൻ ഉത്സവ് ആഘോഷിക്കപ്പെടുന്നു, അതിന്റെ ടെൻ്റ് നഗരത്തിൽ താമസിക്കുന്നത് ഒരു അതുല്യമായ അനുഭവമാണ്.
വന്യജീവി പ്രേമികൾക്ക്, ഗിർ വനത്തിലെ ഏഷ്യൻ സിംഹത്തെ കാണുന്നതിനേക്കാൾ മികച്ചത് മറ്റെന്താണ്? എല്ലാ വർഷവും 900,000-ത്തിലധികം വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കുന്നു. കടലിനെ സ്നേഹിക്കുന്നവർക്ക്, ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച ശിവരാജ്പൂർ ബീച്ച് ഉണ്ട്. കൂടാതെ, മാണ്ഡവി, സോമനാഥ്, ദ്വാരക എന്നിവയും ബീച്ച് ടൂറിസത്തിന് വളരെയധികം സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. സമീപത്തുള്ള ദിയു ജല കായിക വിനോദങ്ങൾക്കും ബീച്ച് ഗെയിമുകൾക്കും ഒരു അത്ഭുതകരമായ സ്ഥലമായി മാറുകയാണ്. ഈ മുഴുവൻ പ്രദേശവും നിക്ഷേപകർക്ക് ശക്തിയും അവസരങ്ങളും നിറഞ്ഞതാണ്. അത് പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഞാൻ വളരെക്കാലമായി പറഞ്ഞതുപോലെ - നിങ്ങൾ വൈകിയാൽ എന്നെ കുറ്റപ്പെടുത്തരുത്. സൗരാഷ്ട്ര-കച്ചിൽ നിങ്ങൾ നടത്തുന്ന ഓരോ നിക്ഷേപവും ഗുജറാത്തിന്റെയും ഇന്ത്യയുടെയും വികസനത്തെ ത്വരിതപ്പെടുത്തും.
സൗരാഷ്ട്രയുടെ ശക്തി വിദേശങ്ങളിലും കാണാം. റുവാണ്ട സന്ദർശിച്ചപ്പോൾ ഞാൻ 200 ഗിർ പശുക്കളെ സമ്മാനമായി നൽകിയതായി റുവാണ്ട ഹൈക്കമ്മീഷണർ അടുത്തിടെ ഓർമ്മിപ്പിച്ചു. എന്നാൽ ഒരു പ്രത്യേക നിയമം ഉണ്ടായിരുന്നു: ആദ്യം ജനിക്കുന്ന പെൺ കിടാവിനെ തിരികെ നൽകണം, തുടർന്ന് മറ്റൊരു കുടുംബത്തിന് നൽകണം. ആ 200 പശുക്കളിൽ നിന്ന് ഇന്ന് റുവാണ്ടയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പശുക്കളുണ്ട്. റുവാണ്ടയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ശക്തി നൽകുന്ന ഗിർ പശുക്കളെ ഇപ്പോൾ എല്ലാ വീട്ടിലും കാണാം. ഇതാണ് സൗരാഷ്ട്രയുടെ ചൈതന്യം.
സുഹൃത്തുക്കളെ,
ഇന്നത്തെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രവർത്തിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ, പരിഷ്കരണ എക്സ്പ്രസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പരിഷ്കരണ എക്സ്പ്രസ് എന്നാൽ എല്ലാ മേഖലയിലും അടുത്ത തലമുറ പരിഷ്കാരങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. അടുത്തിടെ, ഇന്ത്യ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കി, ഇത് മേഖലകളിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് നമ്മുടെ എംഎസ്എംഇകൾക്ക് ഗുണം ചെയ്തു. പരിഷ്കരണ എക്സ്പ്രസിൽ സഞ്ചരിക്കുമ്പോൾ, ഇന്ത്യ ഇൻഷുറൻസ് മേഖലയിൽ ഒരു പ്രധാന പരിഷ്കാരം നടപ്പിലാക്കിയിട്ടുണ്ട് - 100 ശതമാനം എഫ്ഡിഐ അനുവദിക്കുന്നു. പൗരന്മാർക്ക് സാർവത്രിക ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള പ്രചാരണത്തെ ഇത് ത്വരിതപ്പെടുത്തും. അതുപോലെ, ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക് ശേഷം, ആദായനികുതി നിയമം ആധുനികവൽക്കരിക്കപ്പെട്ടു, ഇത് ദശലക്ഷക്കണക്കിന് നികുതിദായകർക്ക് പ്രയോജനം ചെയ്തു. വേതനം, സാമൂഹിക സുരക്ഷ, വ്യവസായം എന്നിവയ്ക്ക് ഒരു ഏകീകൃത ചട്ടക്കൂട് നൽകിക്കൊണ്ട് ഇന്ത്യ ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. തൊഴിലാളികളും വ്യവസായവും ഒരുപോലെ ഇതിൽ നിന്ന് പ്രയോജനം നേടുന്നു.
ഡാറ്റാധിഷ്ഠിത നവീകരണം, AI ഗവേഷണം, സെമികണ്ടക്ടർ നിർമ്മാണം എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വൈദ്യുതി ആവശ്യകത ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഉറപ്പായ ഊർജ്ജം അത്യാവശ്യമാണ്. ഇതിന്റെ ഒരു പ്രധാന ഉറവിടം ആണവോർജ്ജമാണ്. ഇത് മനസ്സിൽ വെച്ചുകൊണ്ട്, ആണവോർജ്ജ മേഖലയിൽ അടുത്ത തലമുറ പരിഷ്കാരങ്ങൾ ഞങ്ങൾ അവതരിപ്പിച്ചു. പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തിൽ, ശാന്തി നിയമത്തിലൂടെ, സിവിൽ ആണവോർജ്ജം സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തു. നിക്ഷേപകർക്ക് ഇത് ഒരു വലിയ അവസരമാണ്.
സുഹൃത്തുക്കളെ,
ഇവിടെ സന്നിഹിതരായ എല്ലാ നിക്ഷേപകർക്കും ഞാൻ ഉറപ്പുനൽകുന്നു - ഞങ്ങളുടെ പരിഷ്കരണ എക്സ്പ്രസ് അവസാനിക്കില്ല. ഇന്ത്യയുടെ പരിഷ്കരണ യാത്ര ഇപ്പോൾ സ്ഥാപനപരമായ പരിവർത്തനത്തിലേക്ക് മുന്നേറിയിരിക്കുന്നു.
കേവലം ഒരു ധാരണാപത്രത്തോടെ മാത്രമല്ല നിങ്ങൾ ഇവിടെ വന്നത്. മറിച്ച് സൗരാഷ്ട്ര-കച്ചിന്റെ വികസനവും പൈതൃകവുമായി ബന്ധപ്പെടാനാണ് നിങ്ങൾ ഇവിടെ വന്നത്. നിങ്ങളുടെ നിക്ഷേപത്തിന്റെ ഓരോ രൂപയും ഇവിടെ മികച്ച വരുമാനം നൽകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഗുജറാത്ത് ഗവൺമെൻ്റിനെയും, സംഘത്തെയും അവരുടെ ശ്രമങ്ങൾക്ക് ഞാൻ അഭിനന്ദിക്കുന്നു. 2027 ലെ വൈബ്രന്റ് ഉച്ചകോടിക്ക് മുമ്പ്, ഈ മേഖലാ ഉച്ചകോടി ഒരു വിലപ്പെട്ട അനുഭവമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് ആരംഭിക്കാൻ അവസരം ലഭിച്ച ജോലി ഇപ്പോൾ എന്റെ സഹപ്രവർത്തകർ വിപുലീകരിക്കുകയും പുതിയ ഊർജ്ജം പകരുകയും ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഇത് എന്റെ സന്തോഷത്തെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. നന്ദി.
***
NK
(रिलीज़ आईडी: 2213732)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Kannada