വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രക്ഷേപണ, വിനോദ മേഖലകളിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വേവ് എക്സ്, എഫ്ഐടിടി-ഐഐടി ഡൽഹിയുമായി ധാരണാപത്രം ഒപ്പുവെച്ചു.
प्रविष्टि तिथि:
06 JAN 2026 6:26PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ സംരംഭമായ വേവ് എക്സ് (WaveX) മീഡിയ, വിനോദം, പ്രക്ഷേപണം, ആശയവിനിമയ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ നവീകരണം, ഇൻകുബേഷൻ, സംരംഭകത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഐഐടി ഡൽഹിയിലെ ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫറുമായി (FITT) ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.

ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിൽ നടന്ന ചടങ്ങിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവിൻ്റെ സാന്നിധ്യത്തിലാണ് വേവ് എക്സിൻ്റേയും എഫ്ഐടിടി- യുടെയും പ്രതിനിധികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ഈ സഹകരണത്തിന് കീഴിൽ, രാജ്യത്തുടനീളം ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭമായ വേവ് എക്സ് പദ്ധതിയുടെ നടപ്പാക്കലിനും വിപുലീകരണത്തിനും ഐഐടി ഡൽഹിയിലെ എഫ്ഐടിടി പിന്തുണ നല്കും. ഇൻകുബേറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള തന്ത്രപരവും പ്രവർത്തനപരവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കുക, മറ്റ് ഐഐടികളുമായും ഇന്നൊവേഷൻ ഹബ്ബുകളുമായും ഇടപഴകൽ സുഗമമാക്കുക, സാങ്കേതിക വൈദഗ്ധ്യം, ഗവേഷണ സൗകര്യങ്ങൾ, മെൻ്റർഷിപ്പ്, ഐപി പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുക, കൂടാതെ സ്റ്റാർട്ടപ്പുകൾക്കും ഇൻകുബേഷൻ മാനേജർമാർക്കുമായുള്ള നൈപുണ്യ വികസന പരിപാടികൾ എന്നിവയ്ക്കും എഫ്ഐടിടി ഇതിലൂടെ പിന്തുണ നല്കും.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വേവ്എക്സ്, ഈ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം, നയപരമായ മാർഗ്ഗനിർദ്ദേശങ്ങൾ, ദേശീയ തലത്തിലുള്ള ശ്രദ്ധ എന്നിവ നല്കും. ഈ സഹകരണത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് പിന്തുണ, മെൻ്റർഷിപ്പ്, അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം, വ്യവസായ പങ്കാളിത്തം എന്നിവ ലഭ്യമാക്കും. കൂടാതെ, നിക്ഷേപകരുമായും ആഗോള വിപണികളുമായും സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിലൂടെ ഭാവിയിലേക്ക് സജ്ജമായ ഒരു മാധ്യമ-വിനോദ സാങ്കേതിക ആവാസവ്യവസ്ഥ വളർത്തിയെടുക്കാനും വേവ് എക്സ് ലക്ഷ്യമിടുന്നു.
മാധ്യമ, വിനോദ സാങ്കേതിക വിദ്യകളിലെ നവീകരണത്തിനുള്ള ഒരു ദേശീയ പ്രേരകശക്തിയായാണ് വേവ്എക്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ. സഞ്ജയ് ജാജു പറഞ്ഞു. മാധ്യമ വ്യവസായത്തിൽ അടിസ്ഥാനപരമായ സാങ്കേതിക മാറ്റങ്ങൾക്ക് നേതൃത്വം നല്കുന്ന സ്റ്റാർട്ടപ്പുകൾക്കും, നിലവിലുള്ള സാങ്കേതിക പ്ലാറ്റ്‌ഫോമുകളിൽ പുതിയ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്ന നൂതന സംരംഭകർക്കും വേവ് എക്സ് വേഗത പകരും. വിശാലമായ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും മാധ്യമ-വിനോദ സ്റ്റാർട്ടപ്പുകൾക്കായി ലോകോത്തര നിലവാരമുള്ള ഇൻകുബേഷൻ സൗകര്യങ്ങൾ സ്ഥാപിക്കാനും വേവ് എക്സ് ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
വളർന്നുവരുന്നതും സൃഷ്ടിപരവുമായ സാങ്കേതിക മേഖലകളിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എഫ്‌ഐടിടിയുടെ പ്രതിബദ്ധതയാണ് വേവ് എക്സുമായുള്ള ഈ പങ്കാളിത്തത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് എഫ്ഐടിടി- ക്കുവേണ്ടി ധാരണാപത്രത്തിൽ ഒപ്പുവെച്ച ഐഐടി ഡൽഹിയിലെ എഫ്ഐടിടി മാനേജിംഗ് ഡയറക്ടർ ഡോ. നിഖിൽ അഗർവാൾ പറഞ്ഞു. നയപരമായ പിന്തുണയും, അക്കാദമിക മികവും, വ്യാവസായിക പങ്കാളിത്തവും സംയോജിപ്പിക്കുന്നതിലൂടെ മീഡിയ, സാങ്കേതികവിദ്യ, നവീകരണം എന്നിവ കൂടിച്ചേരുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു ദേശീയ ഇൻകുബേഷൻ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐടി ഡൽഹിയുടെ അക്കാദമിക്, ഗവേഷണ, നവീകരണ പ്രവർത്തനങ്ങളിലെ കരുത്ത് പ്രയോജനപ്പെടുത്തി വേവ് എക്സ് ചട്ടക്കൂടിന് കീഴിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ചയും സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണവും വേഗത്തിലാക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണ് ഈ പങ്കാളിത്തം. ഇത് ഇന്ത്യയുടെ മാധ്യമ-വിനോദ മേഖലയിലെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
എഫ്‌ഐടിടി
ഐഐടി ഡൽഹിയും വ്യവസായ മേഖലയും തമ്മിലുള്ള ആശയവിനിമയത്തിനും സഹകരണത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT). നവീകരണം, സംരംഭകത്വം, സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണം എന്നിവ സുഗമമാക്കുന്നതിനായി സ്ഥാപിതമായ എഫ്‌ഐടിടി, ഐഐടി ഡൽഹിക്ക് അകത്തും പുറത്തുമുള്ള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഇൻകുബേഷൻ, വ്യവസായ പങ്കാളിത്തം, ഗവേഷണ പരിഭാഷണം, ബൗദ്ധിക സ്വത്തവകാശ മാനേജ്‌മെൻ്റ് എന്നീ മേഖലകളിൽ എഫ്‌ഐടിടി സജീവമായി പ്രവർത്തിക്കുന്നു.
വേവ്എക്സ്
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ദേശീയ മാധ്യമ, വിനോദ സാങ്കേതിക ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ പ്രോഗ്രാമാണ് വേവ് എക്സ്. നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. പ്രക്ഷേപണം, ആശയവിനിമയം, മീഡിയ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഇതിനായി കൃത്യമായ ഇൻകുബേഷൻ പിന്തുണ, വ്യവസായ മേഖലയിലേക്കുള്ള പ്രവേശനം, മെൻ്റർഷിപ്പ്, ദേശീയ-ആഗോള തലത്തിലുള്ള അവസരങ്ങൾ എന്നിവ വേവ് എക്സ് ഉറപ്പാക്കുന്നു.
****
(रिलीज़ आईडी: 2211952)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada