പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ വെറുമൊരു പുരാവസ്തുവല്ല; അവ നമ്മുടെ ആദരണീയമായ പൈതൃകത്തിന്റെയും നാഗരികതയുടെയും അവിഭാജ്യ ഘടകമാണ്: പ്രധാനമന്തി

ഭഗവാൻ ബുദ്ധൻ കാണിച്ചുതന്ന ജ്ഞാനവും മാർഗവും മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടതാണ്: പ്രധാനമന്തി

ഭഗവാൻ ബുദ്ധൻ എല്ലാവരുടേതുമാണ്, അദ്ദേഹം നമ്മെയെല്ലാം ഒന്നിപ്പിക്കുന്നു: പ്രധാനമന്തി

ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകളുടെ കാവൽക്കാരൻ മാത്രമല്ല, മറിച്ച് കാലാതീതമായ ആ പാരമ്പര്യത്തിന്റെ സജീവ വാഹകൻ കൂടിയാണ് ഇന്ത്യ: പ്രധാനമന്തി

ലോകമെമ്പാടുമുള്ള ബുദ്ധമത പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിന് സംഭാവന നൽകാൻ ഇന്ത്യ നിരന്തര ശ്രമങ്ങൾ നടത്തിയിട്ടുണ്ട്: പ്രധാനമന്തി

ഭഗവാൻ ബുദ്ധന്റെ പ്രബോധനങ്ങൾ യഥാർത്ഥത്തിൽ പാലി ഭാഷയിലുള്ളവയാണ്. പാലി ഭാഷയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി പാലി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകിയിട്ടുണ്ട്: പ്രധാനമന്തി

प्रविष्टि तिथि: 03 JAN 2026 1:48PM by PIB Thiruvananthpuram

ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം “ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി അവേക്കൻഡ് വൺ” ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
നൂറ്റമ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ പൈതൃകം തിരിച്ചെത്തിയിരിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ ഭാരതത്തിലെ ജനങ്ങൾക്ക് ഭഗവാൻ ബുദ്ധന്റെ ഈ തിരുശേഷിപ്പുകൾ ദർശിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനും സാധിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ശുഭകരമായ വേളയിൽ സന്നിഹിതരായ എല്ലാ വിശിഷ്ടാതിഥികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട സന്യാസിമാരും ധർമ്മാചാര്യന്മാരും ചടങ്ങിൽ സന്നിഹിതരാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയും, അവരോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ സാന്നിധ്യം ഈ പരിപാടിക്ക് പുതിയൊരു ഊർജ്ജം നൽകുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2026-ന്റെ തുടക്കത്തിൽ തന്നെ നടക്കുന്ന ഈ മംഗളകരമായ ആഘോഷം ഏറെ പ്രചോദനാത്മകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധന്റെ അനുഗ്രഹത്താൽ 2026 ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹാർദ്ദത്തിന്റെയും പുതിയൊരു യുഗത്തിന് തുടക്കം കുറിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്ന സ്ഥലം ഏറെ സവിശേഷമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ മഹത്തായ ചരിത്രഭൂമിയാണ് ഖില റായ് പിത്തോറ. ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപ് അന്നത്തെ ഭരണാധികാരികൾ ശക്തമായ കോട്ടകളാൽ ചുറ്റപ്പെട്ട ഒരു നഗരം ഇവിടെ സ്ഥാപിച്ചിരുന്നു. ഇന്ന് അതേ ചരിത്രപ്രധാനമായ നഗരസമുച്ചയത്തിൽ ആത്മീയവും പവിത്രവുമായ ഒരധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം അടിവരയിട്ടു. ഇവിടെ വരുന്നതിനുമുമ്പ് ഈ ചരിത്ര പ്രദർശനം വിശദമായി കണ്ടിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ നമുക്കിടയിൽ ഉണ്ടാകുന്നത് എല്ലാവരെയും അനുഗൃഹീതരാക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തിരുശേഷിപ്പുകൾ ഇന്ത്യയിൽ നിന്ന് കടത്തികൊണ്ടുപോയതും പിന്നീട് തിരികെ വന്നതും വലിയ പാഠങ്ങളാണ് നൽകുന്നത്. അടിമത്തം രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല, അത് നമ്മുടെ പൈതൃകത്തെക്കൂടി നശിപ്പിക്കുന്നു എന്നതാണ് ആ പാഠം. ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകളുടെ കാര്യത്തിലും ഇത് സംഭവിച്ചു. അടിമത്തത്തിന്റെ കാലഘട്ടത്തിൽ അവ കൊണ്ടുപോവുകയും ഏകദേശം നൂറ്റമ്പത്തഞ്ചു വർഷത്തോളം രാജ്യത്തിന് പുറത്ത് ഇരിക്കുകയും ചെയ്തു. അത് കൊണ്ടുപോയവർക്കും അവരുടെ പിൻഗാമികൾക്കും ഇവ കേവലം നിർജീവമായ പുരാവസ്തുക്കൾ മാത്രമായിരുന്നു. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ ഈ തിരുശേഷിപ്പുകൾ ലേലം ചെയ്യാൻ അവർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തിരുശേഷിപ്പുകൾ നമ്മുടെ ആരാധനാമൂർത്തിയുടെ ഭാഗവും സംസ്കാരത്തിന്റെ അവിഭാജ്യ ഘടകവുമാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. അതിനാൽ ഇവയുടെ പരസ്യലേലം അനുവദിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ഗോദ്‌റെജ് ഗ്രൂപ്പിന്റെ സഹകരണത്തോടെ, ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട ഈ തിരുശേഷിപ്പുകൾ സ്വന്തം കർമ്മഭൂമിയിലേക്കും ധ്യാനഭൂമിയിലേക്കും മഹാബോധി ഭൂമിയിലേക്കും മഹാപരിനിർവാണ ഭൂമിയിലേക്കും തിരിച്ചെത്തിയതിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി.
 
"ഭഗവാൻ ബുദ്ധന്റെ ജ്ഞാനവും അദ്ദേഹം കാണിച്ചുതന്ന മാർഗവും മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടതാണ്,” പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വികാരം ആവർത്തിച്ച് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത കാലത്തായി ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ എവിടെയൊക്കെ യാത്ര ചെയ്തോ അവിടെയെല്ലാം ഭക്തിയുടെയും വിശ്വാസത്തിന്റെയും അലയൊലികൾ ഉയർന്നതായി അദ്ദേഹം നിരീക്ഷിച്ചു. തിരുശേഷിപ്പുകൾ തായ്‌ലൻഡിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചപ്പോൾ ഒരു മാസത്തിനുള്ളിൽ നാൽപ്പത് ലക്ഷത്തിലധികം ഭക്തർ ദർശനത്തിനെത്തിയെന്ന് ശ്രീ മോദി പറഞ്ഞു. വിയറ്റ്നാമിൽ ജനവികാരം കണക്കിലെടുത്ത് പ്രദർശന സമയം നീട്ടേണ്ടി വന്നുവെന്നും ഒമ്പത് നഗരങ്ങളിലായി ഏകദേശം 1.75 കോടി ജനങ്ങൾ തിരുശേഷിപ്പുകൾക്ക് ആദരമർപ്പിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മംഗോളിയയിൽ ഗന്ദൻ മഠത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം കാത്തുനിന്നതായും, ബുദ്ധന്റെ നാട്ടിൽ നിന്ന് വന്നവരായതുകൊണ്ട് മാത്രം ഇന്ത്യൻ പ്രതിനിധികളെ സ്പർശിക്കാൻ പലരും ആഗ്രഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയിലെ കൽമീകിയ മേഖലയിൽ കേവലം ഒരാഴ്ചയ്ക്കുള്ളിൽ ഒന്നര ലക്ഷത്തിലധികം ഭക്തർ തിരുശേഷിപ്പുകൾ ദർശിച്ചു; ഇത് അവിടുത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം വരുമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നടന്ന ഈ പരിപാടികളിൽ സാധാരണ പൗരന്മാരായാലും ഭരണത്തലവന്മാരായാലും ആദരവോടെ ഒത്തുചേർന്നുവെന്നും, ഭഗവാൻ ബുദ്ധൻ എല്ലാവരുടേതുമാണെന്നും എല്ലാവരെയും ബന്ധിപ്പിക്കുന്നുവെന്നും ശ്രീ മോദി പരാമർശിച്ചു.

തന്റെ ജീവിതത്തിൽ ഭഗവാൻ ബുദ്ധന് ആഴത്തിലുള്ള സ്ഥാനമുണ്ടെന്നും അതിനാൽ താൻ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജന്മനാടായ വഡ്‌നഗർ ബുദ്ധമത പഠനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നുവെന്നും ഭഗവാൻ ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരനാഥ് തന്റെ കർമ്മഭൂമിയാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക പദവികൾ ഇല്ലാതിരുന്ന കാലത്തും താൻ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എന്ന നിലയിൽ ലോകമെമ്പാടുമുള്ള ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ ലുംബിനിയിലുള്ള വിശുദ്ധ മായാദേവി ക്ഷേത്രത്തിൽ പ്രണാമമർപ്പിച്ചത് അതുല്യമായ  അനുഭവമായിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി. ജപ്പാനിലെ ടോ-ജി ക്ഷേത്രത്തിലും കിങ്കാകു-ജിയിലും ബുദ്ധ സന്ദേശങ്ങൾ കാലാതീതമാണെന്ന്  തനിക്ക് തോന്നിയതായി ശ്രീ മോദി അനുസ്മരിച്ചു. ബുദ്ധമത ഗ്രന്ഥങ്ങൾ ഏഷ്യയിലുടനീളം വ്യാപിച്ച ചൈനയിലെ സിയാനിലുള്ള ജയന്റ് വൈൽഡ് ഗൂസ് പഗോഡ സന്ദർശിച്ചതും ഇന്ത്യയെ അവിടെ ഇന്നും സ്മരിക്കപ്പെടുന്നതും അദ്ദേഹം പരാമർശിച്ചു. മംഗോളിയയിലെ ഗന്ദൻ മഠം സന്ദർശിച്ചപ്പോൾ ബുദ്ധന്റെ പൈതൃകവുമായി ജനങ്ങൾക്കുള്ള ആഴമേറിയ വൈകാരിക ബന്ധത്തിന് താൻ സാക്ഷിയായെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ അനുരാധപുരയിലുള്ള ജയ ശ്രീ മഹാബോധി ദർശിച്ചത് അശോക ചക്രവർത്തിയും ഭിക്ഷു മഹിന്ദയും സംഘമിത്രയും വിതച്ച പാരമ്പര്യവുമായുള്ള ബന്ധമായിരുന്നു. തായ്‌ലൻഡിലെ വാട്ട് ഫോ, സിംഗപ്പൂരിലെ ബുദ്ധ ടൂത്ത് റെലിക് ടെമ്പിൾ എന്നിവിടങ്ങളിലെ സന്ദർശനം ബുദ്ധന്റെ പ്രബോധനങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് ആഴത്തിലാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

താൻ എവിടെ പോയാലും അവിടെനിന്നും ഭഗവാൻ ബുദ്ധനുമായുള്ള പൈതൃകത്തിന്റെ ഒരു അടയാളം തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈന, ജപ്പാൻ, കൊറിയ, മംഗോളിയ എന്നിവിടങ്ങളിൽ ബോധി വൃക്ഷത്തിന്റെ തൈകൾ താൻ കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആറ്റംബോംബ് വിതച്ച വിനാശത്തിന് ഇരയായ ഹിരോഷിമയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു ബോധി വൃക്ഷം നിൽക്കുമ്പോൾ അത് മാനവരാശിക്ക് നൽകുന്ന സന്ദേശം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഒരാൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

രാഷ്ട്രീയം, നയതന്ത്രം, സമ്പദ്‌വ്യവസ്ഥ എന്നിവയിലൂടെ മാത്രമല്ല, ആഴത്തിലുള്ള പരസ്പര ബന്ധങ്ങളിലൂടെയും ഇന്ത്യ ഒന്നായി ചേർന്നിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഭഗവാൻ ബുദ്ധന്റെ ഈ പൈതൃകം അടിവരയിടുന്നത്.  മനസ്സിലൂടെയും വികാരങ്ങളിലൂടെയും വിശ്വാസത്തിലൂടെയും ആത്മീയതയിലൂടെയും ഇന്ത്യ ഇഴചേർന്നിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. "ബുദ്ധഭഗവാന്റെ പുണ്യാവശിഷ്ടങ്ങളുടെ സംരക്ഷകർ മാത്രമല്ല, അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ ജീവിക്കുന്ന വാഹകരുമാണ് നാം ഇൻഡ്യാക്കാർ ", പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. പിപ്രാഹ്വ, വൈശാലി, ദേവ്‌നി മോറി, നാഗാർജുനകൊണ്ട എന്നിവിടങ്ങളിൽ കാണപ്പെടുന്ന ബുദ്ധഭഗവാന്റെ തിരുശേഷിപ്പുകൾ ബുദ്ധന്റെ സന്ദേശത്തിന്റെ ജീവിക്കുന്ന സാന്നിധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രത്തിലൂടെയും ആത്മീയതയിലൂടെയും, ഒരുപോലെ  ഇന്ത്യ ഈ തിരുശേഷിപ്പുകൾ  പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

 ലോകമെമ്പാടുമുള്ള ബുദ്ധമത പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിന് ഇന്ത്യ നിരന്തരം സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നേപ്പാളിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ഒരു പുരാതന സ്തൂപം തകർന്നപ്പോൾ, അതിന്റെ പുനർനിർമ്മാണത്തിന് ഇന്ത്യ പിന്തുണ നൽകിയതായി അദ്ദേഹം എടുത്തുപറഞ്ഞു. മ്യാൻമറിലെ ബാഗാനിലുണ്ടായ ഭൂകമ്പത്തിനുശേഷം, പതിനൊന്നിലധികം പഗോഡകളുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലും ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും കണ്ടെത്തലും സംരക്ഷണവും തുടർച്ചയായി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ വാദ്‌നഗർ ബുദ്ധമത പാരമ്പര്യത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്നും, മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബുദ്ധമതവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ചരിത്രാവശിഷ്ടങ്ങൾ അവിടെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് സർക്കാർ അവയുടെ സംരക്ഷണത്തിലും ഇന്നത്തെ തലമുറയെ അവയുമായി ബന്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ഏകദേശം 2500 വർഷത്തെ ചരിത്രത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്ന ഒരു മനോഹരമായ മ്യൂസിയം അവിടെ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ബുദ്ധമത കാലഘട്ടത്തിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രം ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയതായും അതിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ഇപ്പോൾ ത്വരിതപ്പെടുത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് പതിനൊന്ന് വർഷമായി ബുദ്ധമത കേന്ദ്രങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാൻ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ബോധ് ഗയയിൽ ഒരു കൺവെൻഷൻ സെന്ററും ധ്യാന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. സാരാനാഥിൽ ധമേക് സ്തൂപത്തിൽ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ബുദ്ധ തീം പാർക്കും ഒരുക്കിയിട്ടുണ്ട്. ശ്രാവസ്തി, കപിലവസ്തു, കുശിനഗർ എന്നിവിടങ്ങളിലും ആധുനിക സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഒരു ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും, സാഞ്ചി, നാഗാർജുൻ സാഗർ, അമരാവതി എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി പുതിയ സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ എല്ലാ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളും തമ്മിൽ മികച്ച ബന്ധം ഉറപ്പാക്കുന്നതിനായി ഇന്ന് രാജ്യത്ത് ഒരു ബുദ്ധിസ്റ്റ് സർക്യൂട്ട് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അതുവഴി ലോകമെമ്പാടുമുള്ള ഭക്തർക്കും തീർത്ഥാടകർക്കും വിശ്വാസത്തിന്റെയും ആത്മീയതയുടെയും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

"ബുദ്ധമത പൈതൃകം സ്വാഭാവിക രീതിയിൽ തന്നെ ഭാവി തലമുറകളിലേക്ക്  എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ശ്രമം", ശ്രീ മോദി പറഞ്ഞു. ആഗോള ബുദ്ധമത ഉച്ചകോടിയും വൈശാഖം, ആഷാഢ പൂർണിമ തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളും ഈ ചിന്താഗതിയിൽ അധിഷ്ഠിതമായാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭഗവാൻ ബുദ്ധന്റെ അഭിധർമ്മം, അദ്ദേഹത്തിന്റെ വാക്കുകൾ, അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങൾ  എന്നിവ യഥാർത്ഥത്തിൽ പാലി ഭാഷയിലായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാലി ഭാഷ സാധാരണക്കാർക്ക് പരിചിതമാക്കാന് നാം പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാരണത്താൽ പാലിക്ക് ഒരു ക്ലാസിക്കൽ ഭാഷയുടെ പദവി നൽകിയിട്ടുണ്ടെന്നും, അത് ബുദ്ധ ധർമ്മത്തെ അതിന്റെ യഥാർത്ഥ സത്തയിൽ മനസ്സിലാക്കാനും വിശദീകരിക്കാനും എളുപ്പമാക്കുമെന്നും ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അടിവരയിട്ടു.

 ഭഗവാൻ ബുദ്ധന്റെ ജീവിതത്തെ സംബന്ധിച്ച തത്ത്വചിന്തകൾ അതിർത്തികളും ഭൂമിശാസ്ത്രപരമായ പ്രദേശികതകളും മറികടന്ന് ലോകത്തിന് ഒരു പുതിയ പാത കാണിച്ചുകൊടുക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധന്റെ ധർമ്മോപദേശങ്ങളിൽ നിന്നുള്ള ചില വരികൾ അദ്ദേഹം പാരായണം ചെയ്തു. "അത്ത ദീപോ ഭവ" എന്ന ഭഗവാൻ ബുദ്ധന്റെ കാലാതീതമായ സന്ദേശം ആത്മാഭിമാനവും സ്വാശ്രയത്വവും ഉൾക്കൊള്ളുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, സംഘർഷങ്ങളുടെ മേൽ ഐക്യം സ്ഥാപിക്കുകയും, ആശയങ്ങളിലൂടെയും കാരുണ്യത്തിലൂടെയും ആഗോള ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന ഇന്ത്യയുടെ തത്വശാസ്ത്രത്തെ എടുത്തുകാണിച്ചു. 21-ാം നൂറ്റാണ്ടിൽ, തർക്കങ്ങൾ നിലനിൽക്കുന്നിടത്ത് സംഭാഷണവും സമാധാനവും പ്രോത്സാഹിപ്പിച്ചും മനുഷ്യത്വത്തിന്റെ ശത്രുക്കളെ ശക്തമായി പ്രതിരോധിച്ചും ഇന്ത്യ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. 'സർവജൻ ഹിതായ, സർവജൻ സുഖായ' എന്ന ആശയത്തിൽ പ്രതിജ്ഞാബദ്ധനായ അദ്ദേഹം, പ്രദർശനം കാണാനെത്തുന്നവർ ഈ മഹത്തായ ആശയവുമായി ബന്ധപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

 ശ്രീ ബുദ്ധന്റെ ഈ തിരുശേഷിപ്പുകൾ ഇന്ത്യയുടെ പൈതൃകമാണെന്നും ഒരു നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം അവ രാജ്യത്ത് തിരിച്ചെത്തിയെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. രാജ്യമെമ്പാടുമുള്ള ആളുകൾ ഈ പുണ്യാ പുരാവസ്തുക്കൾ കാണാൻ വരണമെന്നും, ഭഗവാൻ ബുദ്ധന്റെ ആശയങ്ങൾ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാപേരും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ, കുട്ടികൾ എന്നിവർ ഈ പ്രദർശനം തീർച്ചയായും കാണണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. നമ്മുടെ ഭൂതകാലത്തിന്റെ മഹത്വത്തെ നമ്മുടെ ഭാവിയുടെ സ്വപ്നങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാധ്യമമാണ് ഈ പ്രദർശനമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യമെമ്പാടുമുള്ള ആളുകളോട് ഈ പ്രദർശനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു. ഈ അഭ്യർത്ഥനയോടെ, ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവർക്കും തന്റെ ആശംസകൾ നേർന്നു.

 കേന്ദ്രമന്ത്രിമാരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെകാവത്, ശ്രീ കിരൺ റിജിജു, ശ്രീ രാംദാസ് അഠാവാലെ, ശ്രീ റാവു ഇന്ദർജിത് സിംഗ്, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് സക്സേന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 പശ്ചാത്തലം

ഒരു നൂറ്റാണ്ടിലേറെക്കാലത്തിനുശേഷം തിരികെ എത്തിച്ച പിപ്രാഹ്വയുടെ തിരുശേഷിപ്പുകളും, ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിന്റെയും കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന്റെയും ശേഖരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പിപ്രാഹ്വയിൽ നിന്നുള്ള അവശിഷ്ടങ്ങളും പുരാവസ്തുക്കളും ഒരുമിപ്പിച്ചുകൊണ്ടുള്ള ആദ്യ പ്രദർശനമാണ് ഇത്. 

1898-ൽ കണ്ടെത്തിയ പിപ്രാഹ്വ അവശിഷ്ടങ്ങൾ, ആദ്യകാല ബുദ്ധമതത്തെക്കുറിച്ചുള്ള പഠനത്തിൽ ഒരു കേന്ദ്ര സ്ഥാനം വഹിക്കുന്നു. ഭഗവാൻ ബുദ്ധനുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ തിരു ശേഷിപ്പുകളാണ് ഇവ. ഈ പുരാവസ്തു ശേഖരം പിപ്രാഹ്വയെ പുരാതന കപിലവസ്തുവുമായി ബന്ധപ്പെടുത്തുന്നു. ഭഗവാൻ ബുദ്ധൻ പരിത്യാഗി ആകുന്നതിന് മുൻപ് തന്റെ ആദ്യകാല ജീവിതം ചെലവഴിച്ച സ്ഥലമായാണ് പിപ്രാഹ്വ പ്രദേശം അറിയപ്പെടുന്നത്.

 ഭഗവാൻ ബുദ്ധന്റെ ഉദ്ബോധനങ്ങളുമായുള്ള ഇന്ത്യയുടെ ആഴമേറിയതും നിരന്തരവുമായ ബന്ധത്തെ ഈ പ്രദർശനം എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ ആത്മീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സുസ്ഥിരമായ സർക്കാർ പരിശ്രമം, സ്ഥാപനപരമായ സഹകരണം, നൂതനമായ പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെയാണ് ഈ തിരുശേഷിപ്പുകൾ സമീപകാലത്ത് തിരിച്ചുകൊണ്ട് വരാൻ  സാധിച്ചത്.

 പ്രത്യേകമായ പ്രമേയത്തെ അധിഷ്ഠിതമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സാഞ്ചി സ്തൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുനർനിർമ്മിച്ച മാതൃകയാണ് ഇതിന്റെ കേന്ദ്രഭാഗത്ത്. ദേശീയ ശേഖരങ്ങളിൽ നിന്നുള്ള ആധികാരിക അവശിഷ്ടങ്ങളും തിരിച്ചെടുത്ത രത്നങ്ങളും പ്രദർശനത്തിൽ ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്. പിപ്രാഹ്വയുടെ പുനർസന്ദർശനം, ഭഗവാൻ ബുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രീകരണങ്ങൾ, പ്രത്യക്ഷമായതിലെ അദൃശ്യമായത്: ബുദ്ധമത ഉദ്ബോധനങ്ങളുടെ സൗന്ദര്യാത്മക ഭാഷ,
 ബുദ്ധമത കലയുടേയും, പ്രബോധനങ്ങളുടേയും, ആശയങ്ങളുടേയും കാല ദേശാന്തരങ്ങൾ കടന്നുള്ള പ്രയാണം,  പുരാവസ്തുക്കളുടെ തിരിച്ചുവരവ്: തുടർശ്രമം. എന്നിവയാണ് മറ്റ് വിഭാഗങ്ങൾ.

 പൊതുജനങ്ങളുടെ ആസ്വാദനം മെച്ചപ്പെടുത്തുന്നതിനായി, ഇമ്മേഴ്‌സീവ് ഫിലിമുകൾ, ഡിജിറ്റൽ പുനർനിർമ്മാണങ്ങൾ, വ്യാഖ്യാനങ്ങളുടെ ചലച്ചിത്ര പ്രദർശനങ്ങൾ, മൾട്ടിമീഡിയ അവതരണങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ ഒരു ദൃശ്യ- ശ്രവ്യ ഘടകം ഈ പ്രദർശനത്തെ പിന്തുണയ്ക്കുന്നു. ഭഗവാൻ ബുദ്ധന്റെ ജീവിതം, പിപ്രാഹ്വ തിരുശേഷിപ്പുകളുടെ കണ്ടെത്തൽ, ദേശാന്തരങ്ങളിലൂടെയുള്ള അവയുടെ പ്രയാണം, അവയുമായി ബന്ധപ്പെട്ട കലാ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് ഈ ഘടകങ്ങൾ  ഏവർക്കും മികച്ച ഉൾക്കാഴ്ചകൾ നൽകുന്നു.

-SK-

(रिलीज़ आईडी: 2211171) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada