വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ത്യാ ഗവൺമെന്റിന്റെ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു
ഈ വർഷത്തെ കലണ്ടറിന്റെ പ്രമേയം: “ഭാരതം@2026: സേവനം, സദ്ഭരണം, സമൃദ്ധി”
प्रविष्टि तिथि:
31 DEC 2025 2:25PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ഇന്ത്യാ ഗവൺമെന്റിന്റെ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. ഈ കലണ്ടർ തീയതികളുടെയും മാസങ്ങളുടെയും വാർഷിക പ്രസിദ്ധീകരണം മാത്രമല്ലെന്നും, മറിച്ച്, ഇന്ത്യയുടെ പരിവർത്തന യാത്രയെ പ്രതിഫലിപ്പിക്കുന്ന, ഭരണസംവിധാനത്തിന്റെ മുൻഗണനകൾ എടുത്തുകാട്ടുന്ന, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ ദൃഢനിശ്ചയം പുതുക്കുന്ന മാധ്യമമാണെന്നും മന്ത്രി പറഞ്ഞു.

കലണ്ടറിന്റെ “ഭാരതം@2026: സേവനം, സദ്ഭരണം, സമൃദ്ധി”എന്ന പ്രമേയം, സ്വത്വത്തിൽ അഭിമാനിക്കുന്നതും, കരുത്തുറ്റ സ്ഥാപനങ്ങളുള്ളതും, ദീർഘകാല ലക്ഷ്യങ്ങളിൽ വ്യക്തതയുള്ളതുമായ ഇന്ത്യയെയാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ജനകേന്ദ്രീകൃത ഭരണം, മെച്ചപ്പെട്ട സേവനവിതരണം, പ്രക്രിയകൾ ലളിതമാക്കുന്നതിനും പൗരന്മാർക്കും ഭരണസംവിധാനത്തിനുമിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പരിഷ്കാരങ്ങൾ എന്നിവയിൽ വേരൂന്നിയ ദേശീയ ആത്മവിശ്വാസത്തിന്റെ ചൈതന്യത്തെ കലണ്ടർ ഉൾക്കൊള്ളുന്നുവെന്ന് മന്ത്രി പറഞ്ഞു.
2025-ൽ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനൊപ്പം വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ 2025-ലെ ഘടനാപരമായ നടപടികൾക്ക് സാധിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി ഇളവ്, ജിഎസ്ടി 2.0 യുക്തിസഹമാക്കൽ, നാല് തൊഴിൽ കോഡുകളുടെ നടപ്പാക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സംരംഭങ്ങൾ എന്നിവ ഉൽപ്പാദനക്ഷമതയ്ക്കും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഏവരെയും ഉൾക്കൊള്ളുന്ന അഭിവൃദ്ധിക്കും ഗതിവേഗം പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ഗവൺമെന്റ് കലണ്ടർ യഥാർത്ഥത്തിൽ ഗവണ്മെന്റിന്റെ മുൻഗണന വ്യക്തമാക്കുകയും രാജ്യത്തിന്റെ മുൻഗണനകളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ശക്തമായ ആശയവിനിമയ സങ്കേതമായി പരിണമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു. "ഭാരതം@2026: സേവനം, സദ്ഭരണം, സമൃദ്ധി" എന്ന പ്രമേയമുള്ള 2026-ലെ കലണ്ടർ, പരിഷ്കരണം, ഉൾച്ചേർക്കൽ, അഭിലാഷങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ ആത്മവിശ്വാസമുള്ള വളർച്ചയെ എടുത്തുകാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2026-ലെ കലണ്ടറിൽ ദേശീയ പുരോഗതിയുടെ പ്രധാന സ്തംഭങ്ങളെ ചിത്രീകരിക്കുന്നതും മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നതുമായ പന്ത്രണ്ട് വ്യത്യസ്ത പ്രതിമാസ പ്രമേയങ്ങൾ ഉൾപ്പെടുന്നു. വിവിധ മേഖലകളിലെ സ്വയംപര്യാപ്തത എടുത്തുകാട്ടുന്ന 'ആത്മനിർഭർതാ സേ ആത്മവിശ്വാസ്' (ജനുവരി); കർഷകർ വഹിക്കുന്ന മുഖ്യപങ്കിനെ അടിവരയിടുന്ന 'സമൃദ്ധ് കിസാൻ, സമൃദ്ധ് ഭാരത്' (ഫെബ്രുവരി); ആധുനിക ഇന്ത്യയുടെ ശിൽപ്പികളായി സ്ത്രീകളെ ആഘോഷിക്കുന്ന 'പുതിയ ഇന്ത്യയ്ക്കായി നാരീശക്തി' (മാർച്ച്); ലളിതവൽക്കരണത്തിലൂടെയുള്ള ഭരണപരിഷ്കാരങ്ങളിലും ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'സരളീകരൺ സേ സശക്തീകരൺ (ഏപ്രിൽ); സായുധസേനയുടെ ധൈര്യത്തെയും ത്യാഗത്തെയും ആദരിക്കുന്ന 'വീരതാ സേ വിജയ് തക്': ഓപ്പറേഷൻ സിന്ദൂർ (മെയ്); ഏറ്റവും ദുർബലരായവരുടെ ക്ഷേമത്തിനും അന്തസ്സിനും ഊന്നൽ നൽകുന്ന 'സ്വസ്ഥ് ഭാരത്, സമൃദ്ധ് ഭാരത്' (ജൂൺ); 'വഞ്ചിതോം കാ സമ്മാൻ' (ജൂലൈ); യുവാക്കളുടെ ഊർജവും ഭൗതിക-ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ വികാസവും പ്രതിനിധാനം ചെയ്യുന്ന 'യുവശക്തി, രാഷ്ട്രശക്തി' (ഓഗസ്റ്റ്); 'ഗതി, ശക്തി, പ്രഗതി' (സെപ്റ്റംബർ); ഇന്ത്യയുടെ നാഗരിക മൂല്യങ്ങളെയും ഏവരെയും ഉൾക്കൊള്ളുന്ന പുരോഗതിയെയും ആവർത്തിച്ചുറപ്പിക്കുന്ന 'പരമ്പര സേ പ്രഗതി തക്' (ഒക്ടോബർ); 'സബ്കാ സാത്ത്, സബ്കാ സമ്മാൻ' (നവംബർ); ഉത്തരവാദിത്വവും വിശ്വസനീയവുമായ ആഗോള പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് എടുത്തുകാണിക്കുന്ന 'വിശ്വബന്ധു ഭാരത്' (ഡിസംബർ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കലണ്ടർ 13 ഇന്ത്യൻ ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ഡയറക്ടർ ജനറൽ (CBC ) ശ്രീമതി കാഞ്ചൻ പ്രസാദ് പറഞ്ഞു. ഭാഷാപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളിലുള്ള എല്ലാ പൗരന്മാരുമായി ബന്ധപ്പെടാനുള്ള ഗവണ്മെന്റിന്റെ കാഴ്ചപ്പാടിനെ കലണ്ടറിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്നു. അഡീഷണൽ സെക്രട്ടറി (വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം) ശ്രീ. പ്രഭാത്, ഡയറക്ടർ ജനറൽ (പിഐബി) ശ്രീമതി അനുപമ ഭട്നാഗർ, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ പുതുവത്സരാശംസകൾ നേരുകയും, സമൃദ്ധവും ഏവരെയും ഉൾക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഇന്ത്യയിലേക്കുള്ള സുപ്രധാനമായ മറ്റൊരു ചുവടുവയ്പായിരിക്കും 2026 എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
2026-ലെ ഇന്ത്യാ ഗവൺമെന്റ് കലണ്ടർ ഡൗൺലോഡ് ചെയ്യുന്നതിന്, QR കോഡ് സ്കാൻ ചെയ്യൂ:

*****
(रिलीज़ आईडी: 2210320)
आगंतुक पटल : 6