റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

റെയില്‍വേ മന്ത്രാലയം: വര്‍ഷാന്ത്യ അവലോകനം 2025

प्रविष्टि तिथि: 28 DEC 2025 3:30PM by PIB Thiruvananthpuram

കേന്ദ്രീകൃത ശ്രമങ്ങള്‍, നൂതനാശയങ്ങള്‍, തദ്ദേശീയവത്കരണം എന്നിവ ഇന്ത്യന്‍ റെയില്‍വേയെ ലോകോത്തര ശൃംഖലയാക്കി മാറ്റാന്‍ സഹായിക്കുന്നു. സാധാരണക്കാരെ കേന്ദ്രബിന്ദുവാക്കി നിലനിര്‍ത്തിക്കൊണ്ട്, ലോകോത്തര റെയില്‍ശൃംഖല എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ റെയില്‍വേ ഈ വര്‍ഷം ഗണ്യമായ മുന്നേറ്റം കൈവരിച്ചു. 2025 ന് തിരശ്ശീല വീഴാനൊരുങ്ങവേ, 2026 ലെ പുതുവര്‍ഷത്തില്‍ പൊതുജനങ്ങളുടെ റെയില്‍ യാത്രാനുഭവത്തിന് കൂടുതല്‍ സുഖസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു.

താങ്ങാനാവുന്ന ചെലവില്‍ വേഗതയേറിയതും സുരക്ഷിതവും സുഖകരവുമായ യാത്ര

· 2025 ഡിസംബര്‍ 26 വരെ, ഇന്ത്യന്‍ റെയില്‍ ശൃംഖലയിലുടനീളം ആകെ 164 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. താമസിയാതെ എത്തുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാത്രി യാത്രയെ പരിവര്‍ത്തനം ചെയ്യും

· 2025 കലണ്ടര്‍ വര്‍ഷത്തില്‍, 13 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ അവതരിപ്പിച്ചു, അവ പ്രവര്‍ത്തനക്ഷമമാണ്.

· ഭുജ്  അഹമ്മദാബാദ്, ജയ്‌നഗര്‍  പട്‌ന എന്നിവയ്ക്കിടയിലായി 2 നമോ ഭാരത് റാപ്പിഡ് റെയില്‍ സര്‍വീസുകള്‍ ആരംഭിച്ചു

· 2025ല്‍ ഇന്ത്യന്‍ റെയില്‍വേ 43,000ത്തിലധികം പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. 2025ല്‍ മഹാ കുംഭമേളയ്ക്കായി 17,340 പ്രത്യേക സര്‍വീസുകളും ഹോളി പരിഗണിച്ചു 1,144 പ്രത്യേക സര്‍വീസുകളും,12,417 വേനല്‍ക്കാല അധിക സര്‍വീസുകളും , ഛഠ് പൂജയ്ക്ക് 12,383 ഉം സര്‍വീസുകളും പ്രത്യേകമായി നടത്തി.

റെയില്‍ ട്രാക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍

· 2025 ഏപ്രില്‍ 1 നും നവംബര്‍ 30 നും ഇടയില്‍, ഇന്ത്യന്‍ റെയില്‍വേ 900 കിലോമീറ്ററിലധികം പുതിയ പാതകള്‍ കമ്മിഷന്‍ ചെയ്തു.

· ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍, ഗോള്‍ഡന്‍ ഡയഗണല്‍, മറ്റ് ബി റൂട്ടുകളുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 599 ട്രാക്ക് കിലോമീറ്ററില്‍ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. കൂടാതെ, 4,069 ട്രാക്ക് കിലോമീറ്ററില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിഞ്ഞു.

· റെയില്‍വേ ശൃംഖലയുടെ വൈദ്യുതീകരണം പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ഏറ്റെടുത്തു. ഇതുവരെ, ബ്രോഡ് ഗേജ് ശൃംഖലയുടെ ഏകദേശം 99.2% വൈദ്യുതീകരിച്ചു. യുകെ (39%), റഷ്യ (52%), ചൈന (82%) എന്നിവയുടെ വൈദ്യുതീകരണ നിലവാരത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് ഈ നേട്ടം.

· 2025 ല്‍, ഇന്ത്യന്‍ റെയില്‍വേ 1,161 ആര്‍ഒബികളുടെയും ആര്‍യുബികളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി, സുരക്ഷയും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തി. സമാന്തരമായി, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഗേറ്റ് കീപ്പര്‍ ഉള്ള ലെവല്‍ ക്രോസിംഗുകള്‍ (എംഎല്‍സി) ഇല്ലാതാക്കുന്നത് തുടരുന്നു. 2025-26 കാലയളവില്‍ (നവംബര്‍ വരെ) 268 എംഎല്‍സികള്‍ നീക്കം ചെയ്തു.

· 2025-26 സാമ്പത്തിക വര്‍ഷത്തില്‍ (2025 നവംബര്‍ വരെ) 4,224 ല്‍ അധികം എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മ്മിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 18% കൂടുതലാണിത്.

 നാഴികക്കല്ലായ പദ്ധതികള്‍  

· ഹിമാലയത്തിലൂടെയുള്ള 272 കിലോമീറ്റര്‍ പദ്ധതിയായ ഉധംപൂര്‍–ശ്രീനഗര്‍–ബാരാമുള്ള റെയില്‍ ലിങ്ക് (USBRL) 2025ല്‍ പൂര്‍ത്തീകരിച്ച് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

· വടക്കുകിഴക്കന്‍ റെയില്‍ ലിങ്ക്: ബൈറാബി–സായ് രംഗ് പാത: മിസോറാമിലെ 51 കിലോമീറ്റര്‍ ബൈറാബി–സായ് രംഗ് ബ്രോഡ്‌ഗേജ് പാത 2025 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്തു. ഇത് ഐസ്വാളിനെ ഇന്ത്യയുടെ റെയില്‍ ഭൂപടത്തില്‍ ആദ്യമായി ഉള്‍പ്പെടുത്തി.

· 2025 ഏപ്രില്‍ 6ന് ഉദ്ഘാടനം ചെയ്ത പുതിയ പാമ്പന്‍ പാലം, ഇന്ത്യയിലെ ആദ്യത്തെ ലംബ ദിശയിലുള്ള ലിഫ്റ്റ് റെയില്‍വേ കടല്‍ പാലമാണ്.

സുരക്ഷ

· 2004-14 കാലയളവില്‍ ഉണ്ടായ ട്രെയിന്‍ അപകടങ്ങളുടെ എണ്ണം 1711 ആയിരുന്നു (പ്രതിവര്‍ഷം ശരാശരി 171). ഇത് 2024-25ല്‍ 31 ആയും 2025-26ല്‍ (നവംബര്‍, 2025 വരെ) 11 ആയും കുറഞ്ഞു.

 · 738 റൂട്ട് കിലോമീറ്ററുകളില്‍ കവച് പതിപ്പ് 4.0 കമ്മീഷന്‍ ചെയ്തു.

• സ്‌റ്റേഷനുകളിലും ട്രെയിനുകളിലും നിരീക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ശക്തിപ്പെടുത്തുന്നു. സ്‌റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ഇതുവരെ 1,731 സ്‌റ്റേഷനുകളിലും 11,953 കോച്ചുകളിലും സിസിടിവി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 പുനര്‍നവീകരിച്ച സ്‌റ്റേഷനുകളില്‍ മെച്ചപ്പെട്ട യാത്രാ അനുഭവം

· അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതി വഴി റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍ നവീകരണം നടത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നവീകരണ സംരംഭങ്ങളിലൊന്നായ ഈ പരിപാടിയുടെ കീഴില്‍ ഇന്നുവരെ, 1,337 സ്‌റ്റേഷനുകള്‍ നവീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

· രാജ്യവ്യാപകമായി 2,626 റെയില്‍വേ സ്‌റ്റേഷനുകള്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാക്കിമാറ്റിക്കൊണ്ട് ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ് ഇന്ത്യന്‍ റെയില്‍വേ നടത്തി. ആകെ 898 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷി കമ്മീഷന്‍ ചെയ്തു. ഏകദേശം 70% ട്രാക്ഷന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇത് ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും വൈദ്യുതി ചെലവ് കുറയ്ക്കുകയും കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ റെയില്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

· യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഇന്ത്യന്‍ റെയില്‍വേ 6,117 സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനങ്ങള്‍ നല്‍കുന്നു.

 · ആന്‍ഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ യാത്രാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സമഗ്ര ഏകജാലക സംവിധാനമായ റെയില്‍വണ്‍ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി.

· ഐആര്‍സിടിസി വെബ്‌സൈറ്റിലോ ആപ്പിലോ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ ജനറല്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ.

സാമ്പത്തിക ഇടനാഴികള്‍

· 11.17 ലക്ഷം കോടി രൂപയുടെ ചെലവ് വരുന്ന 03 സാമ്പത്തിക ഇടനാഴികള്‍ക്ക് കീഴില്‍ 434 പദ്ധതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 434 പദ്ധതികളും പ്രധാനമന്ത്രി ഗതിശക്തി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

· രണ്ട് പ്രത്യേക ചരക്ക് ഇടനാഴികള്‍ (DFC) അതായത് ലുധിയാന മുതല്‍ സോണഗര്‍ വരെയുള്ള പൂര്‍വ സമര്‍പ്പിത ചരക്ക് ഇടനാഴി (EDFC) (1337 Km) ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ടെര്‍മിനല്‍ (JNPT) മുതല്‍ ദാദ്രി വരെയുള്ള പശ്ചിമ സമര്‍പ്പിത ചരക്ക് ഇടനാഴി (WDFC) (1506 Km) എന്നിവ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കി (102 km വൈതര്‍ണ-JNPT മുംബൈ സെക്ഷന്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു).

കശ്മീര്‍ താഴ്‌വരയിലെ ചരിത്രത്തില്‍ ആദ്യമായി, അനന്ത്‌നാഗ് ഗുഡ്‌സ് ടെര്‍മിനലില്‍ ഒരു ഭക്ഷ്യധാന്യ ചരക്ക് തീവണ്ടി എത്തി. പഞ്ചാബിലെ അജിത്വാള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏകദേശം 1,384 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വഹിച്ചുകൊണ്ട് ട്രെയിന്‍ പുറപ്പെട്ടു. ഇത് ജമ്മു & കശ്മീരിലെ അനന്ത്‌നാഗ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള പ്രഥമ റെയില്‍ അധിഷ്ഠിത ഭക്ഷ്യധാന്യ വിതരണ സംവിധാനമായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഇവിടെയുള്ള ലിങ്കില്‍ ക്ലിക്കുചെയ്യൂ https://www.pib.gov.in/PressReleasePage.aspx?PRID=2209199&reg=3&lang=1

***


(रिलीज़ आईडी: 2209624) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Odia , Tamil , Kannada