പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് തറക്കല്ലിട്ടു
അസം വികസനത്തിന്റെ പുതിയ ഗതിവേഗം കൈവരിച്ചിരിക്കുന്നു: പ്രധാനമന്ത്രി
ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളിൽ കർഷക ക്ഷേമത്തിനാണ് മുൻഗണന നൽകുന്നത്: പ്രധാനമന്ത്രി
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരെ പിന്തുണയ്ക്കുന്നതിനുമായി 'പിഎം ധൻ ധാന്യ കൃഷി യോജന', 'ദൽഹാൻ ആത്മനിർഭരത മിഷൻ' തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
'സബ്കാ സാഥ് സബ്കാ വികാസ്' എന്ന ദർശനത്താൽ നയിക്കപ്പെടുന്ന ഞങ്ങളുടെ പരിശ്രമങ്ങൾ ദരിദ്രരുടെ ജീവിതത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി
प्रविष्टि तिथि:
21 DEC 2025 2:57PM by PIB Thiruvananthpuram
അസമിലെ ദിബ്രുഗഢിലുള്ള നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. ഈ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചാവോലുങ് സുഖാഫയെയും മഹാവീർ ലചിത് ബർഫുകനെയും പോലുള്ള മഹാരഥന്മാരുടെ മണ്ണാണിതെന്ന് അനുസ്മരിച്ചു. ഭീംബർ ദെയുരി, ഷഹീദ് കുശാൽ കുൻവാർ, മോറൻ രാജാവ് ബോദൗസ, മാലതി മെം, ഇന്ദിര മിരി, സ്വർഗദിയോ സർബാനന്ദ സിംഗ്, വീര നായിക സതി സാധനി എന്നിവരുടെ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. വീര്യത്തിന്റെയും ത്യാഗത്തിന്റെയും ഈ മഹത്തായ അസമിലെ ഉജാനി എന്ന പവിത്രമായ മണ്ണിന് മുന്നിൽ താൻ ശിരസ്സ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തനിക്ക് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നത് കാണാമെന്നും അവർ തന്നോട് അങ്ങേയറ്റത്തെ സ്നേഹം പ്രകടിപ്പിക്കുകയാണെന്നും ശ്രീമോദി നിരീക്ഷിച്ചു. അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു, അവർ നൽകുന്ന സ്നേഹവും അനുഗ്രഹവും അസാധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിലെ തേയിലത്തോട്ടങ്ങളുടെ സുഗന്ധവും വഹിച്ചുകൊണ്ടാണ് നിരവധി സഹോദരിമാർ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പരാമർശിച്ചു. ഈ സുഗന്ധം അസമും താനുമായുള്ള ബന്ധത്തിൽ ഒരു പ്രത്യേക അനുഭൂതിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടെ സന്നിഹിതരായ എല്ലാവരെയും അദ്ദേഹം വണങ്ങുകയും അവരുടെ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ന് അസമിനും വടക്കുകിഴക്കൻ മേഖലയ്ക്കും ചരിത്രപരമായ ദിനമാണെന്ന് പ്രസ്താവിച്ച ശ്രീ മോദി, ഈ മേഖലയിൽ വ്യവസായ പുരോഗതിയുടെ പുതിയ അധ്യായം കുറിച്ചുകൊണ്ട് നംരൂപിന്റെയും ഡിബ്രുഗഡിന്റെയും ദീർഘകാല സ്വപ്നം സഫലമായതായി അഭിപ്രായപ്പെട്ടു. അല്പം മുമ്പ് താൻ അമോണിയ-യൂറിയ വളം പ്ലാന്റിന് ഭൂമിപൂജ നിർവഹിച്ചതായും, ഡിബ്രുഗഡിൽ എത്തുന്നതിന് മുമ്പ് ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തതായും അദ്ദേഹം എടുത്തുപറഞ്ഞു.
അസം ഇപ്പോൾ വികസനത്തിന്റെ പുതിയ ഗതിവേഗം കൈവരിച്ചിരിക്കുകയാണെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് കാണുന്നത് തുടക്കം മാത്രമാണെന്നും അസമിനെ ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അഹോം രാജവംശത്തിന്റെ കാലത്തുണ്ടായിരുന്ന അസമിൻ്റെ കരുത്തും അതിൻ്റെ പങ്കും അദ്ദേഹം എടുത്തു പറയുകയും വികസിത ഭാരതത്തിൽ അസം അത്രതന്നെ ശക്തമായ പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പുതിയ വ്യവസായങ്ങളുടെ തുടക്കം, ആധുനിക അടിസ്ഥാന സൗകര്യ വികസനം, സെമികണ്ടക്ടർ നിർമ്മാണം, കൃഷിയിലെ പുതിയ അവസരങ്ങൾ, തേയിലത്തോട്ടങ്ങളുടെയും തൊഴിലാളികളുടെയും പുരോഗതി, വിനോദസഞ്ചാര മേഖലയിലെ വർദ്ധിച്ചുവരുന്ന സാധ്യതകൾ എന്നിവ അടിവരയിട്ട അദ്ദേഹം, എല്ലാ മേഖലകളിലും അസം മുന്നേറുകയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ആധുനിക വളം നിർമ്മാണശാലയ്ക്ക് ആശംസകൾ നേർന്ന ശ്രീ മോദി, ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെർമിനലിന് ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ കീഴിൽ, വ്യവസായത്തിന്റെയും കണക്റ്റിവിറ്റിയുടെയും യോജിച്ച പ്രവർത്തനം അസമിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണെന്നും വലിയ സ്വപ്നങ്ങൾ കാണാൻ യുവാക്കളെ പ്രചോദിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ അന്നദാതാക്കളായ കർഷകർക്ക് നിർണ്ണായക പങ്കുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കർഷകരുടെ താൽപ്പര്യങ്ങൾക്കാണ് ഗവൺമെൻ്റ് പ്രഥമ പരിഗണന നൽകുന്നതെന്നും കർഷക സൗഹൃദ പദ്ധതികൾ എല്ലാവരിലേക്കും വ്യാപിപ്പിക്കുകയാണെന്നും വ്യക്തമാക്കി. കാർഷിക ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം കർഷകർക്ക് വളത്തിന്റെ തുടർച്ചയായ ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ യൂറിയ പ്ലാന്റ് ഭാവിയിൽ ഈ ലഭ്യത ഉറപ്പാക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വളം പദ്ധതിക്കായി ഏകദേശം 11,000 കോടി രൂപ നിക്ഷേപിക്കുമെന്നും ഇതിലൂടെ പ്രതിവർഷം 12 ലക്ഷം മെട്രിക് ടണ്ണിലധികം വളം ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം പ്രാദേശികമായി നടക്കുന്നത് വഴി വിതരണം വേഗത്തിലാകുമെന്നും ചരക്ക് നീക്കത്തിനുള്ള ചിലവ് കുറയുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
നംരൂപ് യൂണിറ്റ് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സ്വയംതൊഴിൽ സാധ്യതകളും സൃഷ്ടിക്കുമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ നിരവധി ആളുകൾക്ക് പ്രാദേശികമായി സ്ഥിരമായ ജോലികൾ ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇതിനോടനുബന്ധിച്ചുള്ള അറ്റകുറ്റപ്പണികൾ, വിതരണം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയും യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം കർഷകക്ഷേമ പ്രവർത്തനങ്ങൾ എന്തുകൊണ്ടാണ് തങ്ങളുടെ ഗവൺമെൻ്റ് അധികാരത്തിൽ വന്നതിനുശേഷം മാത്രം സംഭവിക്കുന്നത് എന്ന് ശ്രീ മോദി ചോദിച്ചു. നംരൂപ് പണ്ടുമുതൽക്കേ വളം ഉൽപ്പാദനത്തിന്റെ കേന്ദ്രമായിരുന്നുവെന്നും, ഒരുകാലത്ത് ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്ന വളം വടക്കുകിഴക്കൻ മേഖലയിലെ പാടങ്ങളെ ഫലഭൂയിഷ്ഠമാക്കുകയും കാർഷികോൽപാദനത്തെ സഹായിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വളത്തിൻ്റെ ലഭ്യത വെല്ലുവിളിയായിരുന്നപ്പോൾ പോലും നംരൂപ് കർഷകർക്ക് ഒരു പ്രതീക്ഷയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. എങ്കിലും, കാലക്രമേണ പഴയ പ്ലാന്റുകളിലെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടുവെന്നും മുൻ ഗവൺമെൻ്റുകൾ ഇതിൽ ശ്രദ്ധ ചെലുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൽഫലമായി നംരൂപ് പ്ലാന്റിലെ പല യൂണിറ്റുകളും അടച്ചുപൂട്ടുകയും, ഇത് വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള കർഷകരെ ദുരിതത്തിലാക്കുകയും അവരുടെ വരുമാനത്തെ ബാധിക്കുകയും കൃഷിയിലെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയും ചെയ്തു. മുൻ ഭരണകൂടങ്ങൾ സൃഷ്ടിച്ച ഈ പ്രശ്നങ്ങൾ ഇന്ന് കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ പരിഹരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അസമിലെന്നപോലെ തന്നെ മറ്റു പല സംസ്ഥാനങ്ങളിലെയും വളം ഫാക്ടറികൾ അടച്ചുപൂട്ടിയിരുന്നതായി പ്രധാനമന്ത്രി പരാമർശിച്ചു. അക്കാലത്ത് കർഷകർ നേരിട്ടിരുന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു; യൂറിയയ്ക്കായി കർഷകർക്ക് നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരികയും, കടകൾക്ക് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തേണ്ടി വരികയും, കർഷകർ ലാത്തിച്ചാർജിന് ഇരയാവുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഈ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ് ചെയ്തതെന്നും എന്നാൽ ഇന്നത്തെ ഗവൺമെൻ്റ് അവ പരിഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ഭരണകാലത്ത് വളം ഫാക്ടറികൾ അടച്ചുപൂട്ടിക്കൊണ്ടിരുന്നപ്പോൾ, നിലവിലെ ഗവൺമെൻ്റ് ഗോരഖ്‌പൂർ, സിന്ദ്രി, ബറൗണി, രാമഗുണ്ടം എന്നിവിടങ്ങളിൽ നിരവധി പ്ലാന്റുകൾ ആരംഭിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ഈ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരിശ്രമങ്ങളുടെ ഫലമായി യൂറിയയുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
2014-ൽ രാജ്യം 225 ലക്ഷം മെട്രിക് ടൺ യൂറിയ മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്, എന്നാൽ ഇന്ന് ഉത്പാദനം ഏകദേശം 306 ലക്ഷം മെട്രിക് ടണ്ണിലെത്തിയിരിക്കുന്നു. ഇന്ത്യക്ക് പ്രതിവർഷം 380 ലക്ഷം മെട്രിക് ടൺ യൂറിയ ആവശ്യമാണെന്നും ഈ വിടവ് നികത്താൻ ഗവൺമെൻ്റ് അതിവേഗം പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കർഷകരുടെ താൽപ്പര്യങ്ങളിൽ ഗവൺമെൻ്റ് അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്അദ്ദേഹം എടുത്തു പറഞ്ഞു. വിദേശത്തുനിന്ന് ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന യൂറിയ പോലും കർഷകർക്ക് ബാധ്യതയാകാൻ അനുവദിക്കില്ലെന്നും ആ ചിലവ് സബ്‌സിഡിയിലൂടെ ഗവൺമെൻ്റ് വഹിക്കുമെന്നും ശ്രീ മോദി വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് ഒരു ബാഗ് യൂറിയക്ക് ഏകദേശം 3,000 രൂപ ഗവൺമെൻ്റ് നൽകുമ്പോൾ, ഇന്ത്യൻ കർഷകർക്ക് ഒരു ബാഗ് യൂറിയ വെറും 300 രൂപയ്ക്കാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കർഷക സഹോദരീ സഹോദരന്മാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ ബാക്കി തുക ഗവൺമെൻ്റ് വഹിക്കുകയാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. യൂറിയയുടെയും മറ്റ് വളങ്ങളുടെയും ഉപയോഗം നിയന്ത്രിച്ചുകൊണ്ട് മണ്ണ് സംരക്ഷിക്കണമെന്ന് അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു.
വിത്തു മുതൽ വിപണി വരെ തങ്ങളുടെ ഗവൺമെൻ്റ് കർഷകർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. കൃഷി ആവശ്യങ്ങൾക്കുള്ള പണം നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിനാൽ അവർക്ക് വായ്പകൾക്കായി അലയേണ്ടി വരുന്നില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഇതുവരെ 4 ലക്ഷം കോടിയോളം രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നല്കിയതായും അദ്ദേഹം പറഞ്ഞു. ഈ വർഷം മാത്രം കർഷകരെ സഹായിക്കുന്നതിനായി 35,000 കോടി രൂപയുടെ രണ്ട് പദ്ധതികൾ ആരംഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'പിഎം ധൻ ധാന്യ കൃഷി യോജന', 'ദൽഹാൻ ആത്മനിർഭർതാ മിഷൻ' എന്നിവ കാർഷിക മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കർഷകരുടെ ഓരോ ആവശ്യവും മുൻനിർത്തിയാണ് ഗവൺമെൻ്റ് പ്രവർത്തിക്കുന്നതെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, പ്രതികൂല കാലാവസ്ഥ കാരണം വിളകൾ നശിക്കുമ്പോൾ വിള ഇൻഷുറൻസ് പദ്ധതിയിലൂടെ കർഷകർക്ക് പിന്തുണ നൽകുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംഭരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായും അദ്ദേഹം എടുത്തുപറഞ്ഞു. കർഷകർ ശക്തരാകുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാൻ കഴിയൂ എന്ന് ഗവൺമെൻ്റ് ഉറച്ചു വിശ്വസിക്കുന്നുവെന്നും, അതിനായുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഇപ്പോഴത്തെ കേന്ദ്ര ഗവൺമെൻ്റ് നിലവിൽ വന്ന ശേഷം കന്നുകാലി വളർത്തുന്നവരെയും മത്സ്യത്തൊഴിലാളികളെയും കിസാൻ ക്രെഡിറ്റ് കാർഡ് (KCC) സൗകര്യത്തിൽ ഉൾപ്പെടുത്തിയതായും, ഇതിലൂടെ അവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് 10 ലക്ഷം കോടിയിലധികം രൂപയുടെ സഹായം ലഭിച്ചതായി അദ്ദേഹം എടുത്തു പറഞ്ഞു. ജൈവവളങ്ങളുടെ ജിഎസ്ടി കുറച്ചത് കർഷകർക്ക് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ഗവൺമെൻറ് പ്രകൃതി കൃഷിയെ സജീവമായി പ്രോത്സാഹിപ്പിക്കുകയാണെന്നും, 'നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്' ആരംഭിച്ചതിലൂടെ ലക്ഷക്കണക്കിന് കർഷകർ ഇതിനകം ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞതായും ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം 10,000 കാർഷികോല്പാദക സംഘടനകൾ സ്ഥാപിതമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ഓയിൽ പാം സംബന്ധിച്ച ഒരു മിഷൻ ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ടെന്നും, ഇത് ഇന്ത്യയെ ഭക്ഷ്യ എണ്ണയിൽ സ്വയംപര്യാപ്തമാക്കുക മാത്രമല്ല, ആ മേഖലയിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഈ മേഖലയിൽ വലിയൊരു വിഭാഗം തേയിലത്തോട്ടം തൊഴിലാളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അസമിലെ ഏഴര ലക്ഷം തേയിലത്തോട്ടം തൊഴിലാളികൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ സൗകര്യമൊരുക്കിയത് തങ്ങളുടെ ഗവൺമെൻ്റാണെന്ന് വ്യക്തമാക്കി. ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ടതിലൂടെ, ഈ തൊഴിലാളികൾക്ക് ഇപ്പോൾ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്നതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തേയിലത്തോട്ടം മേഖലകളിൽ സ്കൂളുകൾ, റോഡുകൾ, വൈദ്യുതി, വെള്ളം, ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ഗവൺമെൻ്റ് വിപുലീകരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
'സബ്കാ സാഥ് സബ്കാ വികാസ്' എന്ന മന്ത്രവുമായി ഗവൺമെൻറ് മുന്നോട്ട് പോവുകയാണെന്നും ഈ കാഴ്ചപ്പാട് ദരിദ്രരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നതായും ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇത്തരം പരിശ്രമങ്ങൾ മൂലം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നും രാജ്യത്ത് ഒരു പുതിയ മധ്യവർഗം ഉയർന്നുവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത കാലത്തായി പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം നിരന്തരം മെച്ചപ്പെട്ടതിനാലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന പുതിയ കണക്കുകൾ പുറത്തുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ് ഗ്രാമങ്ങളിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളിൽ പത്തിൽ ഒരാൾക്ക് മാത്രമേ ബൈക്ക് ഉണ്ടായിരുന്നുള്ളൂ എങ്കിൽ, ഇന്ന് ഗ്രാമങ്ങളിലെ പകുതിയോളം കുടുംബങ്ങൾക്ക് സ്വന്തമായി ബൈക്കോ കാറോ ഉണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മൊബൈൽ ഫോണുകൾ മിക്കവാറും എല്ലാ വീടുകളിലും എത്തിയിട്ടുണ്ടെന്നും, ഒരുകാലത്ത് ആഡംബരമായി കരുതിയിരുന്ന റഫ്രിജറേറ്ററുകൾ ഇപ്പോൾ സാധാരണമായി ഗ്രാമീണ അടുക്കളകളിൽ പോലും ഇടംപിടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മാർട്ട്ഫോണുകളുടെ വ്യാപനത്തിനിടയിലും ഗ്രാമങ്ങളിൽ ടെലിവിഷൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാറ്റങ്ങൾ താനേ ഉണ്ടായതല്ലെന്നും, രാജ്യത്തെ പാവപ്പെട്ടവർ ശാക്തീകരിക്കപ്പെട്ടതുകൊണ്ടും ഉൾനാടൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പോലും വികസനത്തിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതുകൊണ്ടുമാണ് സാധ്യമായതെന്നും ശ്രീ മോദി എടുത്തു പറഞ്ഞു.
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും തങ്ങളുടെ ഗവൺമെൻറുകൾ പാവപ്പെട്ടവർക്കും, ആദിവാസികൾക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും വേണ്ടിയുള്ളതാണെന്നും അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും പതിറ്റാണ്ടുകൾ നീണ്ട അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. അസമിന്റെ സ്വത്വത്തിനും സംസ്കാരത്തിനുമാണ് ഗവൺമെൻ്റ് എപ്പോഴും മുൻഗണന നൽകുന്നതെന്നും അസമീസ് അഭിമാനത്തിന്റെ പ്രതീകങ്ങൾ എല്ലാ വേദികളിലും ഉയർത്തിക്കാട്ടുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുകൊണ്ടാണ് ഗവൺമെൻറ് അഭിമാനപൂർവ്വം മഹാവീർ ലച്ചിത് ബർഫുകന്റെ 125 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചതെന്നും, ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷിച്ചതെന്നും, അസമിന്റെ കലകളും കരകൗശല വസ്തുക്കളും ഗമോസയും ആഗോളതലത്തിൽ അംഗീകാരമുള്ളതാക്കി മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡൽഹി സന്ദർശിച്ചപ്പോൾ അസമിന്റെ കട്ടൻ ചായ വലിയ അഭിമാനത്തോടെ അദ്ദേഹത്തിന് സമ്മാനിച്ച കാര്യവും പ്രധാനമന്ത്രി പരാമർശിച്ചു.
അസമിന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്ന എല്ലാ ശ്രമങ്ങൾക്കും മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത് പ്രതിപക്ഷത്തിനാണ് ഏറ്റവും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെൻ്റ് ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകിയപ്പോൾ പ്രതിപക്ഷം അതിനെ പരസ്യമായി എതിർത്തതും, 'മോദിയെ വാഴ്ത്തുന്ന കലാകാരന്മാർക്കാണ് ഭാരതരത്ന നൽകുന്നത്' എന്ന് അവരുടെ ദേശീയ അധ്യക്ഷൻ പരിഹസിച്ചതും അദ്ദേഹം അനുസ്മരിച്ചു. അസമിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് സ്ഥാപിച്ചപ്പോഴും പ്രതിപക്ഷം അതിനെ എതിർത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളോളം തേയിലത്തോട്ടം തൊഴിലാളികളായ സഹോദരങ്ങൾക്ക് ഭൂമിയുടെ അവകാശം നിഷേധിച്ചത് പ്രതിപക്ഷ ഗവൺമെൻറാണെന്നും എന്നാൽ തങ്ങളുടെ ഗവൺമെൻ്റ് അവർക്ക് ഭൂമിയുടെ അവകാശവും മാന്യമായ ജീവിതവും നൽകിയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. തങ്ങളുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നതിനായി അസമിലെ വനങ്ങളിലും ഭൂമിയിലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പ്രതിപക്ഷം ഇന്നും ദേശവിരുദ്ധ ചിന്താഗതി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസമിനെയോ അവിടുത്തെ ജനങ്ങളെയോ അവരുടെ സ്വത്വത്തെയോ കുറിച്ച് പ്രതിപക്ഷത്തിന് യാതൊരു ആശങ്കയുമില്ലെന്നും അവർക്ക് അധികാരം മാത്രമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമവിരുദ്ധ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയാണ് ഇഷ്ടപ്പെടുന്നതെന്നും അവരെ ഇവിടെ താമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനെ പ്രതിപക്ഷം എതിർക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്ട്രീയത്തിൽ നിന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്നും അസമിനെ സംരക്ഷിക്കണമെന്നും ശ്രീ മോദി ആവശ്യപ്പെട്ടു. അസമിന്റെ സ്വത്വവും അഭിമാനവും കാത്തുസൂക്ഷിക്കാൻ തങ്ങളുടെ പാർട്ടി ഒരു കവചം പോലെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കിഴക്കൻ ഇന്ത്യയുടെയും വടക്കുകിഴക്കൻ മേഖലയുടെയും പങ്ക് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. കിഴക്കൻ ഇന്ത്യ രാജ്യത്തിന്റെ വികസനത്തിന്റെ വളർച്ചാ യന്ത്രമായി മാറുമെന്ന് അദ്ദേഹം ആവർത്തിച്ചു. പുതിയ നംരൂപ് യൂണിറ്റ് ഈ മാറ്റത്തിന്റെ പ്രതീകമാണെന്നും, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വളം അസമിലെ പാടങ്ങളിൽ മാത്രമല്ല, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വളം ആവശ്യകതയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രധാന സംഭാവനയാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നംരൂപ് പോലുള്ള പദ്ധതികൾ വരുംകാലങ്ങളിൽ വടക്കുകിഴക്കൻ മേഖലയെ സ്വയംപര്യാപ്ത ഭാരതത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്നും അത് ശരിയായ അർത്ഥത്തിൽ 'അഷ്ടലക്ഷ്മി'യായി നിലകൊള്ളുമെന്നും പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. പുതിയ വളം പ്ലാൻ്റിൻ്റെ പേരിൽ അദ്ദേഹം ഒരിക്കൽ കൂടി എല്ലാവർക്കും അഭിനന്ദനമറിയിച്ചു.
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
അസമിലെ ദിബ്രുഗഢിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (BVFCL) പരിസരത്ത് പുതിയ അമോണിയ-യൂറിയ വളം പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവ്വഹിച്ചു.
കർഷക ക്ഷേമത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതി, ഏകദേശം 10,600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെയാണ് നടപ്പിലാക്കുന്നത്. ഇത് അസമിന്റെയും അയൽ സംസ്ഥാനങ്ങളുടെയും വളം ആവശ്യകതകൾ നിറവേറ്റുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ, ഈ പദ്ധതി വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. വ്യവസായ പുനരുദ്ധാരണത്തിന്റെയും കർഷക ക്ഷേമത്തിന്റെയും ആണിക്കല്ലായി ഈ പദ്ധതി നിലകൊള്ളുന്നു.
***
SK
(रिलीज़ आईडी: 2207276)
आगंतुक पटल : 5